ഗുരുനിർമ്മാണം
ഓഷോ പങ്കുവെച്ച ഒരുകഥയുണ്ട്. ഏതെങ്കിലും പുരാണത്തിൽ നിന്നും കണ്ടെടുത്തതാകാം. ഒരിക്കൽ ഒരു രാജകുമാരിയുടെ സ്വയംവരം നടക്കുകയായിരുന്നു. നിരവധി രാജകുമാരന്മാരും മറ്റും പങ്കെടുക്കാൻ എത്തിയിരിക്കുന്നു. ഈ സ്വയംവരത്തിനു പക്ഷേ ഒരു സവിശേഷതയുണ്ട്. അക്രമകാരികളായ നൂറുകണക്കിന് മുതലകളുള്ള, നീളത്തിലുള്ള ഒരു വലിയ കുളമുണ്ടായിരുന്നു കൊട്ടാരവളപ്പിൽ. മുതലകളുടെ വായിൽ അകപ്പെടാതെ, കുളം നീന്തിക്കടന്ന് അപ്പുറത്തെത്തുന്ന വീരശൂരപരാക്രമിയായ പുരുഷനെ, അയാൾ രാജകുമാരനാകട്ടെ അല്ലാതിരിക്കട്ടെ, ഈ രാജകുമാരി വരിക്കും; ഇതായിരുന്നു വ്യവസ്ഥ.
കായികാഭ്യാസികളും പരാക്രമികളും ശക്തരിൽ ശക്തരുമായ ധാരാളമാളുകൾ, അവരിൽ മിക്കവരും സുന്ദരകോമളന്മാരായ രാജകുമാരന്മാരാണ്, ഓരോരുത്തരായി മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. നൂറുകണക്കിനാളുകൾ ഈ മത്സരം കാണാൻ ചുറ്റും കൂടിനില്പുണ്ട്. മുന്നിൽ നടക്കുന്നതൊന്നും അത്ര സുഖമുള്ള കാഴ്ചയല്ല. എന്തെന്നാൽ കുളത്തിലേക്ക് ചാടുന്ന മിക്കവരും അപ്പുറത്തു വന്നു കയറുന്നത് കൈകാലുകൾ നഷ്ടപ്പെട്ടുകൊണ്ടാണ്. ദേഹമാസകലം മുറിവുകളും ചോരയും. അപൂർവം ചിലർ അപ്പുറത്തെത്തുന്നുപോലുമില്ല. അവരെല്ലാം മുതലകളുടെ മൃഷ്ടാന്നമായി മാറിക്കൊണ്ടിരിക്കുന്നു. മുതലക്കുളം അക്ഷരാർത്ഥത്തിൽ ചോരക്കുളമായി മാറിയിരിക്കുന്നു. മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചുറ്റും കൂടി നില്ക്കുന്നവരുടെ ആർപ്പുവിളികളും മറ്റുമായി ബഹളം നിറഞ്ഞ അന്തരീക്ഷം.
അങ്ങനെയിരിക്കേ കാഴ്ചകൾ കാണാൻ എത്തിയിരുന്ന ഒരാൾ, തിക്കിലും തിരക്കിലും പെട്ട് കുളത്തിലേക്കു വീണു. അയാൾ അലറിനിലവിളിച്ചുകൊണ്ട് കൈകാലിട്ടടിച്ച് എങ്ങെനെയോ ഒരുവിധം അപ്പുറത്തെത്തി. കുറച്ചു പോറലുകളും മറ്റും ഉണ്ടായിരുന്നുവെങ്കിലും കാര്യമായ പരിക്കൊന്നും ഏറ്റില്ലായിരുന്നു. രാജാവും പരിവാരങ്ങളും അയാളെ അതീവ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ടുപോയി മണ്ഡപത്തിലിരുത്തി. രാജപുത്രി വന്ന് വരണമാല്യം ചാർത്തുകയും ചെയ്തു. ഇയാളുടെ മുഖത്തുനിന്നും പക്ഷേ ഭയം മാഞ്ഞിരുന്നില്ല. ഒരു നിമിഷം കൊണ്ട് തന്റെ ജീവിതം ഏതെല്ലാം അവസ്ഥകളിലൂടെയാണ് കടന്നുപോയതെന്ന് അയാൾക്ക് വിശ്വസിക്കാനാവുന്നില്ല. തനിക്കു വന്നു ചേർന്ന സൗഭാഗ്യത്തിലായിരുന്നില്ല അയാളുടെ ശ്രദ്ധ. സംഗീതവും ആരവങ്ങളും നിറഞ്ഞ ആ ശുഭ മുഹൂർത്തത്തിലും അയാൾ ഉറക്കെ ചോദിക്കാൻ ശ്രമിച്ചത് ഒരൊറ്റ സംഗതിയായിരുന്നു, 'ഏതു നെറികെട്ടവനാടാ എന്നെ കുളത്തിലേക്ക് തള്ളിയിട്ടത്?'
നമുക്കിടയിലെ ഗുരുക്കന്മാരുടെ കാര്യമെടുത്താൽ, അവരിൽ മിക്കവരുടേയും അവസ്ഥ മേല്പ്പറഞ്ഞ കഥയിലേതുപോലെയാണ്. ഏതവനാടാ എന്നെ ഗുരുവാക്കിയത്?! എന്ന് അവരുടെ മുഖത്തുണ്ട്. ഇനി, മുഖഭാവങ്ങളെ ഒളിപ്പിക്കാൻ മാത്രം മണ്ടനാണെങ്കിൽ, അയാളുടെ ചേഷ്ടകളിലതുണ്ട്. അതുമല്ലെങ്കിൽ അയാളിലെ വാക്കുകളിൽ അതുണ്ട്. അതൊന്നുമല്ലെങ്കിൽ അയാളുടെ ശ്വാസത്തിൽ ആ അവിശ്വാസ്യതയുണ്ട്. നാം പക്ഷേ അയാളിലെ അവിശ്വാസ്യതയെ കാണാൻ കൂട്ടാക്കുന്നില്ല. എന്തെന്നാൽ, അത്രക്കും വ്യഗ്രതയോടെയായിരുന്നു നാം അയാളെ ഗുരുവാക്കിയത്.
നാം മനുഷ്യരിൽ ഗുരുവാകാനുള്ള ത്വര മിക്കപ്പോഴുമുണ്ട്. ഒരുപക്ഷേ, ഈ ഭൂമിയിൽ രണ്ടുപേർ മാത്രമുള്ള ഒരവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെങ്കിൽ, അതിൽ ഒരാൾ മറ്റേയാളുടെ ഗുരുവാകാൻ ശ്രമിച്ചിട്ടുണ്ടാകും. എന്നാൽ അതിനേക്കാൾ ഉറപ്പുള്ളത്, അതിൽ ഒരാൾ മറ്റെയാളെ മനസ്സാ വാചായെങ്കിലും ഗുരുവാക്കിയിട്ടുണ്ടാകും എന്നതാണ്. മറ്റൊരാളെ ഗുരുവാക്കാനുള്ള ത്വരയാണ് നമ്മിൽ പ്രബലമായിട്ടുള്ളത്.
ഗുരുവാകാൻ ശ്രമിക്കുന്നയാൾക്ക് കുറച്ചെങ്കിലും ജാഗ്രത പുലർത്തിയേ തീരൂ. അയാൾക്ക് മിക്കപ്പോഴും ഉണർന്നിരുന്നേ തീരൂ, താൻ പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയെങ്കിലും. എത്രയൊക്കെ പ്രശസ്തിയും ആദരവും അതിനു പിന്നിൽ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഗുരുവാകുക എന്നത് അത്ര എളുപ്പപ്പണിയല്ലതന്നെ.
അതേസമയം, ആരെയെങ്കിലും പിടിച്ച് ഗുരുവാക്കാൻ നാം തക്കം പാർത്തിരിക്കുകയാണ്. ഉത്തരവാദിത്തം (ഓരോ നിമിഷത്തിന്റേയും) ഏറ്റെടുക്കാൻ നാം അത്രക്കും വിമുഖരാണ്. 'തമസ്സല്ലോ സുഖപ്രദം' എന്നത് ഈ അവസരത്തിലെങ്കിലും അക്ഷരാർത്ഥത്തിൽ സത്യമാണ്. ആരിലെങ്കിലും എന്തിലെങ്കിലും ഭാരമേല്പിച്ച് വെറുതെയിരിക്കാനുള്ള ഒരവസരവും നാം പാഴാക്കാറില്ല.
ഇത്തരം ഗുരുനിർമ്മാണ തല്പരരിൽ ഒരിക്കലും ശിഷ്യത്വം (opening of the heart) ഉണ്ടാവുകയില്ല, ഗുളികചെപ്പേന്തിയ ശിഷ്യർ തങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുമെങ്കിലും. യഥാർത്ഥ ശിഷ്യത്വം ഒരാളിൽ ഉണർന്നുവരുമ്പോൾ, തനിക്കകത്തെ ഗുരു, the inner guide, പ്രത്യക്ഷപ്പെടുകയായി. ബാഹ്യമായ എന്തും, വ്യക്തിയോ വസ്തുവോ ഗ്രന്ഥമോ സംഗീതമോ എന്തും, ആ inner guide നെ പ്രതിനിധാനം ചെയ്തേക്കാമെന്നു മാത്രം. ശിഷ്യത്വത്തിന്റെ ആത്യന്തികമായ അർത്ഥം സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നാണ്; എന്നു മാത്രമാണ്.
ഓഷോ 'gurudom' എന്ന വാസനയെ നഖ:ശിഖാന്തം എതിർത്തപ്പോൾ ഈ രണ്ടു പ്രവണതകളേയും ഒരേ പ്രാധാന്യത്തോടെയാണ് പരാമർശിച്ചുപോന്നിട്ടുള്ളത്: ഗുരു ചമയാനുള്ള താല്പര്യവും, മറ്റൊരാളെ ഗുരുവാക്കാനുള്ള താല്പര്യവും. രണ്ടും ഒരേപോലെ അപരോന്മുഖമായിട്ടുള്ളതാണ്; തന്നിൽ നിന്ന് തന്നെ, ജീവിതത്തിൽ നിന്നുതന്നെ ഓടിയൊളിക്കാനുള്ള പ്രവണത.
ഈ രണ്ടു പ്രവണതകളും സമൂഹജീവിതത്തിന്റെ മറ്റൊരു മേഖലയിലും നമുക്ക് എളുപ്പം കാണാൻ കഴിയും. നേതാവ് ചമയാനുള്ള താല്പര്യവും അതിലുമുപരി ആരെയെങ്കിലും നേതാവായി വാഴിക്കാനുള്ള താല്പര്യവും. നമുക്ക് താല്പര്യം 'ധീരതയോടെ നയിച്ചോളൂ' എന്ന് അല്പം പോലും ജാള്യതയില്ലാതെ വിളിച്ചുകൂവാനാണ്; നമുക്ക് താല്പര്യം എറാൻമൂളികളായവരെ നയിക്കുന്നുവെന്നു വരുത്തി നേതാവാകാനാണ്; ധീരതയോടെ തനിച്ചു നടന്നുപോകാനല്ല.
ഇത്തരം ഒളിച്ചോട്ടപ്രവണതകളെയെല്ലാം ചേർത്താണ് - ഗുരുവാകാനും ഗുരുവിനെ നിർമ്മിക്കാനും നേതാവാകാനും നേതാവിനെ വാഴിച്ചെടുക്കാനുമുള്ള കുല്സിത പ്രവണതകൾ - ഓഷോ, 'പൊളിറ്റിക്സ്' എന്ന് പ്രയോഗിച്ചത്. രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും വളരെ കടുത്ത ഭാഷയിൽത്തന്നെ ഓഷോ വിമർശിക്കുകയും കളിയാക്കുകയും ചെയ്തപ്പോൾ, അത് കേവലം പാർട്ടിക്കാരേയും ഭരണകർത്താക്കളേയും ഉദ്ദേശിച്ചല്ല; അദ്ദേഹം ലക്ഷ്യമാക്കിയത് തീർത്തും നിരുത്തരവാദപരമായി, കുതന്ത്രങ്ങൾ മെനഞ്ഞ്, ഓടിയൊളിക്കാനുള്ള പ്രവണതകളുമായി കഴിയുന്ന നമ്മിലെ നമ്മളെയാണ്.
മോങ്ങാനിരിക്കുന്നവന്റെ തലയിൽ വീണ തേങ്ങയായി ഒരു ഗുരു ജനിക്കുമ്പോൾ, ഇച്ഛിച്ചതും കല്പിച്ചതും പാലെന്ന് വരുമ്പോലെ ഒരു നേതാവ് ഉയർന്നു വരുമ്പോൾ ഓർക്കുക, നാം നമ്മുടെ ഒളിച്ചോട്ടങ്ങളെ സാക്ഷാത്ക്കരിക്കുകയാണ്.




