Featured Post

Tuesday, April 23, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 6



നേതി നേതികളുടെ വിരുന്ന് - 1


Only one koan matters

- you


സെൻ ഗുരുവായിരുന്ന ഇക്കിയു (Ikkyu) ആയിരുന്നു ഇങ്ങനെ എഴുതിയിട്ടത്. 

ഈ വരികളോട് തീർത്തും സത്യസന്ധത പുലർത്തിയ ഒരു koan

തന്നെയായിരുന്നു ഇക്കിയുവിന്റെ ജീവിതം. `ഞാൻ എന്ന ഭാവം` എന്ന ഈ കൃതിയുടെ പശ്ചാത്തലത്തിൽ you എന്നതിന് പകരം `I` എന്ന് ചേർത്ത് ആ വരികൾ വായിച്ചുകൂടേ എന്ന് തോന്നാവുന്നതാണ്.:  only one koan matters, I. ഇക്കിയു എന്തുകൊണ്ടാകാം 'I'എന്നതിന് പകരം 'you' എന്ന് എഴുതിച്ചേർത്തത്?

ഞാനാണോ നീയാണോ ആദ്യമുണ്ടായത്? ന്യൂറോളജിക്കാർ പറയുന്നതെന്തുമാകട്ടെ, ആത്മീയതയിൽ, ചുറ്റുപാടുമുള്ള അനേകം 'നീ'കളാണ് ഒരുവനിൽ 'ഞാൻ' നെ ഉരുവപ്പെടുത്തുന്നതത്രേ. Ikkyu തന്റെ ശിഷ്യരോട്‌ അതൊരു koan ആയി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ, `നീ` എന്നത് (the other), ഒരു `perceptual aberration` അല്ലെങ്കിൽ പ്രായോഗികമായി അനിവാര്യമായ ഒരു illusion ആണെന്ന തിരിച്ചറിവിനെയായിരിക്കണം, ആ koan -ന്റെ സാക്ഷാത്കാരമായി ഉദ്ദേശിച്ചിട്ടുണ്ടാവുക. ഒരല്പം ബുദ്ധിയുള്ളവർ അപരനെ വിട്ട് തന്നെത്തന്നെ (ഞാൻ) സ്വീകരിച്ചിരിക്കും, ധ്യാനാത്മകമായ തന്റെ ആത്മപര്യവേക്ഷണങ്ങൾക്ക്.



                      *                     *                     *                       *


ഞാൻ എന്ന അഭാവത്തെപ്പറ്റിയാണ് (the non- existent I) 'ഞാൻ എന്ന ഭാവം'

മുഴുവനും. ഞാൻ എന്ന് അറിയുമ്പോഴോ പറയുമ്പോഴോ കേൾക്കുമ്പോഴോ,

ഒരു ന്യൂറോളജിസ്റ്റ്, താൻ ഏതു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ആ

വാക്കിനെ സ്വാംശീകരിക്കുന്നതെന്ന് പങ്കുവെക്കുകയാണ് ഈ

ബൃഹദ്ഗ്രന്ഥത്തിൽ. ന്യൂറോളജിക്കു മുന്നേ ആരംഭിച്ച് ന്യൂറോളജിയെ കടന്നുപോകുന്ന ഒളിവെട്ടങ്ങൾ….ഇതൊരു ബൃഹദ്ഗ്രന്ഥമാകുന്നത്

അങ്ങനെയാണ്, പേജുകളുടെ എണ്ണം കൊണ്ടല്ല; വിശദാംശങ്ങളുടെ സമൃദ്ധികൊണ്ടുമല്ല.


ഞാനാകുന്നതിനു മുമ്പുള്ള കാലം, ഞാനാവുന്ന കാലം, ഞാനെന്ന ഭാവം, ഞാനെന്ന ഭാവമതു നിറയുന്ന നേരം, ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം, അഖിലം ഞാനിതെന്ന വഴി, എന്നിങ്ങനെ ആറു ഭാഗങ്ങളായി ലേഖനങ്ങളെ തരം തിരിച്ചിട്ടുണ്ട്. 'ഞാൻ എന്ന അഭാവം' എന്ന ഒരു ശീർഷകം ഇല്ലാതിരുന്നിട്ടുകൂടി (പ്രയോഗപരമായ ഒരു ചാരുതക്കുവേണ്ടിയെങ്കിലും), സർവ്വാന്തര്യാമിയായ 'ഞാൻ'നെ പറ്റിയാണ് പറയുന്നതെങ്കിലും, അഖിലത്തിലേക്ക് അതില്ലാതാവുന്നതിന്റെ ഉൾക്കാഴ്ചാശകലങ്ങൾ മിന്നിമറയുന്നുണ്ട് അവസാന അദ്ധ്യായങ്ങളിൽ; ഹരിനാമകീർത്തനസൗഖ്യം പോലെ. തെളിനീർ തടാകങ്ങളിൽ മുങ്ങിത്താണും ഒഴുകിരസിച്ചും കഴിഞ്ഞിരുന്ന ജലപക്ഷി തന്റെ ചിറകിലെമ്പാടുമുള്ള ജലകണങ്ങളെ മുഴുവനും കുടഞ്ഞുകളഞ്ഞുകൊണ്ട് പൊടുന്നനെ ആകാശത്തേക്ക് പറന്നുപൊങ്ങുന്നതുപോലെ.

ന്യൂറോളജിയിൽ നിന്നും, അതിന്റെ സാങ്കേതിക നാഡീ-ഞരമ്പ് സങ്കീർണ്ണതകളിൽ നിന്നും, അവയുടെയെല്ലാം അർത്ഥസാഫല്യങ്ങളെ (meaningfulness) ആരായുകയാണ് ഡോ. രാജശേഖരൻ നായർ; ആത്മീയം എന്ന് വിളിച്ചുപോകാൻ ഏവരേയും പ്രലോഭിപ്പിക്കും വിധം. ആ ഭാഗങ്ങളിൽ അദ്ദേഹം പുലർത്തുന്ന വിനയത്തെ `ഒരു ന്യൂറോളജിസ്റ്റിന്റെ ധീരത` അല്ലെങ്കിൽ `വൈയക്തികമായ സത്യസന്ധത`എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം. 

ഒരു സാധാരണ വായനക്കാരനുപോലും ഏറെ ആഹ്ളാദകരമായ വിധം വായിച്ചുപോകാമെന്നതോടൊപ്പം, ഗവേഷണവിദ്യാർത്ഥികൾക്കു പോലും ഉപയുക്തമായ വിധം അതീവ വിശദാംശങ്ങളോടെയും കൃത്യതകളോടെയുമാണ് അദ്ദേഹം വിഷയത്തെ അവതരിപ്പിക്കുന്നത്; ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്വാഭാവിക രചനാരീതിയെന്നു പറയാം. അത്തരം സംഗതികൾക്കിടയിൽ കയറിവന്ന് ഒരഭിപ്രായം പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല, അതിനുള്ള യോഗ്യതയും ഇതെഴുതുന്നയാൾക്കില്ല. എന്നിട്ടും ഈയൊരു കുറിപ്പിന് പിന്നിലുള്ള വികാരം സന്തോഷം മാത്രമാണ്, നാം കടന്നുപോകുന്ന ഈ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ- mysterious എന്ന് തന്നെ വായിക്കുക - ഒരനുഭവത്തെപ്രതി, അതിന്റെ പ്രായോഗിക പരിണാമങ്ങളെ ഇത്രയും അടുത്തറിയാൻ സാധിക്കുന്നതിലുള്ള കൃതാർത്ഥത. ഈ ഗ്രന്ഥത്തിലെ ഓരോ വരിയും ഒരു സാധാരണ വായനക്കാരനിലുണർത്തിയ അനുരണനങ്ങൾ.

(ഈ പുസ്തകം പുറത്തുവന്ന അന്നു രാത്രി തന്നെ, ഒരു സുഹൃത്ത് മുഖേന

ഡി സി യിൽ നിന്നും ഒരു കോപ്പി സംഘടിപ്പിച്ച് രണ്ടുമൂന്നു ദിവസം

കൊണ്ട് വായിച്ചുതീർത്തതാണ്. ഒരു തിരുവണ്ണാമല യാത്രക്കിടയിലായിരുന്നു അതെന്നത് ഏറെ സൗകര്യപ്പെടുകയും ചെയ്തു. അപ്പോഴാണ് നിർബന്ധമായും വായിച്ചിരിക്കണമെന്ന് രാജശേഖരൻ നായർ സൂചിപ്പിച്ച രണ്ടു പുസ്തകങ്ങൾ വായിച്ചിട്ടു തന്നെ കാര്യം എന്ന് ഒരല്പം അഹങ്കരിച്ചത് - NO MAN ALONE and DEATH OF THE SOUL. രണ്ടും സംഘടിപ്പിച്ചു വരുമ്പോഴേക്കും രണ്ടു മാസം തീർന്നു. അതിൽ ഒരെണ്ണമേ ഇനിയും വായിച്ചിട്ടുള്ളൂ എന്നത് വേറെ കാര്യം. അടുത്തതും കൂടി വായിച്ചിട്ടാകാം എഴുത്ത് എന്ന് വിചാരിച്ചു വിചാരിച്ചു ദിവസം കുറെ പോയി. എഴുതാൻ ശ്രമിച്ചപ്പോഴൊക്കെ മിക്കപ്പോഴും വഴിതെറ്റാൻ തുടങ്ങി. രാജശേഖരൻ നായരുടെ ഭാഷാ സവിശേഷതകൾ, ആത്മകഥാപരമായ പരാമർശങ്ങളുണർത്തുന്ന കൗതുകങ്ങൾ, ന്യൂറോളജിക്കലായ ഉൾക്കാഴ്ചകൾ, ദാർശനികമായ പരാമർശങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ധാരകളായി ഈ പുസ്തകം നമ്മെ മോഹിപ്പിച്ചുകൊണ്ടു 'മാരീച നടനം' നടത്തും. അങ്ങനെയങ്ങനെ ദാ ഇപ്പോൾ തുടങ്ങാം എന്ന് വെച്ചപ്പോഴേക്കും ഇദ്ദേഹം മറ്റു രണ്ടു പുസ്തകങ്ങൾ കൂടി എഴുതിക്കഴിഞ്ഞിരിക്കുന്നു!!)

4500 ബില്യൺ വർഷങ്ങൾക്കു മുൻപുള്ള ഹേഡിയൻ യുഗത്തിൽ -Hadean Eon- നിന്നും ഡോ. രാജശേഖരൻ നായർ പറഞ്ഞു തുടങ്ങുന്നു. സകലതും ഉരുകിയൊലിച്ച് കുഴമ്പു പരുവത്തിൽ കിടക്കുന്ന ഭൂമിയെന്ന ഒരു ഊഹാപോഹം. 'പ്രാക്തന യൂഷം' എന്ന് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ള ആ Primordial Soup -ൽ പ്രധാന ചേരുവകളെല്ലാം ആകസ്മിതകളാണ്. ('പ്രോടീൻ കണികകൾ ആകസ്മികമായി ജീവന്റെ ആധാരമായ ന്യൂക്ളിയിക് ആസിഡുകളായി' - P 29. ആകസ്മികതയുടെ ദിവ്യമുഹൂർത്തങ്ങൾ ധാരാളമുണ്ട് ഈ കൃതിയിൽ, ബോധപരിണാമത്തിന്റെ ഘോഷങ്ങളായി).

തികച്ചും വ്യക്തിപരമായ ഒരു കൗതുകം ഇവിടെ പങ്കു വെക്കട്ടെ:

മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു, 'ഞാനൊരു ശാസ്ത്രജ്ഞനാകും' എന്നോ മറ്റോ പേരുള്ള ഒരു കുഞ്ഞു പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടുതന്നത്. സി. ജി. ശാന്തകുമാർ കുട്ടികൾക്ക് വേണ്ടി എഴുതിയത്. കണ്ടാൽ ഒരു ബ്രെഡ് സ്‌ലൈസ് എന്നേ തോന്നൂ. അത് വായിച്ചതിൽ പിന്നെയാണെന്നു തോന്നുന്നു, ഈ ശാസ്ത്രജ്ഞനെന്നാൽ ഊണും ഉറക്കവുമുപേക്ഷിച്ച്, ഉപകരണങ്ങൾ തിങ്ങി നിറഞ്ഞ ഒരു ലബോറട്ടറിയിലിരുന്ന് കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കോരിയൊഴിച്ച് കൂട്ടിക്കലർത്തി പുതിയതെന്തോ കണ്ടെത്താൻ പണിപ്പെടുന്ന ഒരാളാണെന്ന ധാരണ ഉള്ളിലുറച്ചു. അക്കാലങ്ങളിൽ തികട്ടി വന്നിരുന്ന ഒരു വിചാരമാണ്, 'ഇക്കാണുന്ന സകലതും ഒരുമിച്ചെടുത്ത് ഒരു വലിയ പാത്രത്തിലിട്ട് തിളപ്പിച്ച് ഇളക്കികൊണ്ടിരുന്നാൽ എങ്ങനെയിരിക്കും?' സകലതും എന്ന് പറഞ്ഞാൽ മണ്ണും കല്ലും മാവിന്റെ ഇലകളും വാഴക്കുടപ്പനും കമ്മ്യൂണിസ്റ്റ് പച്ചയും തെങ്ങോലയും പിന്നെ അടുക്കളക്കകത്തുള്ള പാത്രങ്ങളും അഴയിൽ ഉണക്കാനിട്ടിരിക്കുന്ന തുണികളും പെൻസിലും മായ്ക്കാനുള്ള റബറും മറ്റും മറ്റും. എന്നാലും സൂപ്പാക്കി മാറ്റാനുള്ള പദാർത്ഥങ്ങളുടെ എണ്ണം അത്രയൊന്നും മുന്നോട്ടു പോയില്ല. ആ വിചാരമാകട്ടെ കുറെ നാൾ കഴിഞ്ഞപ്പോൾ മങ്ങി മങ്ങി പോകാനും തുടങ്ങി. പിന്നീടെപ്പോഴോ ഒരു തോന്നലുണ്ടായി, വാനശാസ്ത്ര സംബന്ധിയായ എന്തോ വായിച്ചതിനു ശേഷമാകണം, നമ്മൾ അറിയുന്ന ഈ പ്രപഞ്ചം ഇപ്പോഴും കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്ന കുഴമ്പു പരുവമുള്ള ഒരു സംഭവം തന്നെയാണെന്ന്. നക്ഷത്രങ്ങൾ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന തീക്കുണ്ഡങ്ങൾ. കത്തിക്കരിഞ്ഞതും കനൽപോലെ തിളങ്ങുന്നതുമൊക്കെയായി അസംഖ്യം ഗ്രഹങ്ങളും മറ്റും. ഇവയൊക്കെയും ഒരു വലിയ പാത്രത്തിൽ കിടന്ന് ചുറ്റിത്തിരിയുകയാണ്, ആരോ ഒരാൾ ഒരു വലിയ ചട്ടുകം കൊണ്ട് - ആർക്കിമിഡീസ് ഉദ്ദേശിച്ചതിലും വലിയ ചട്ടുകം - വലിയ വേഗത്തിൽ ഇളക്കിക്കൊണ്ടേയിരിക്കുന്നപോലെ. 


മനസ്സിന് വിസ്മയങ്ങളെ അതേപടി അധികനേരം പിടിച്ചുനിർത്താൻ കഴിയില്ല. ഭാരക്കൂടുതലുള്ള ഒരു വസ്തുവിനെ ഏറെ നേരം പൊക്കിപ്പിടിച്ചുനില്ക്കാൻ പറ്റാതെ വരുമ്പോൾ, എവിടെയെങ്കിലും ഒരിടത്ത് ഇറക്കിവെച്ച് ആശ്വാസം കണ്ടെത്തുന്നതുപോലെ, മനസ്സ് അതിന്റെ വയ്യായ്ക തീർക്കുന്നത് ഏതെങ്കിലും ഒരു കാരണത്തെ തേടിപ്പിടിച്ച് വിസ്മയങ്ങളെയപ്പാടെ ഇറക്കിവെച്ചുകൊണ്ടാണ്. തീർപ്പുകളും ഉപസംഹാരങ്ങളുമാണ് മനസ്സിന്റെ അത്താണികൾ. അങ്ങനെയാണ് 'അണ്ഡകടാഹ'മെന്ന ഈ ചെമ്പിൽ, കോടിക്കണക്കിന് സൂര്യചന്ദ്രാദികളെയിട്ട് എമണ്ടൻ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുന്ന ദേഹണ്ണക്കാരനെ 'ദൈവം തമ്പുരാൻ' എന്നൊരു പേര് കൊടുത്തുകൊണ്ട് മിണ്ടാതിരിക്കാൻ ശ്രമിച്ചത്. ശരിക്കും ഉലകനായകൻ. പ്രപഞ്ചത്തിന്റെ 'ഞാൻ'. പോകപ്പോകെ വിസ്മയവീചികൾ മനസ്സിന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ വന്നപ്പോഴാണറിയുന്നത് ചട്ടുകത്തിനു പിന്നിൽ അങ്ങനെയൊരു ദേഹണ്ണക്കാരനില്ലെന്ന്! ഉണ്ടായിരുന്നെങ്കിൽത്തന്നെ അങ്ങേര്‌ എവിടെ കാലുറപ്പിക്കും എന്ന് ചോദിക്കാനുള്ള ബുദ്ധിയൊന്നുമുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും പക്ഷേ സംഗതികളൊക്കെ മേല്പറഞ്ഞ രീതിയിൽത്തന്നെ, അതിമനോഹരമായി  കുഴഞ്ഞുമറിഞ്ഞുകൊണ്ടേയിരിക്കുന്നു, ഇടതടവില്ലാതെ. വെറുതെ. അതെ, അപ്പോഴാണ് ശരിക്കും വിസ്മയമെന്നത് അതിന്റെ സഹസ്രദളങ്ങൾ വിടർത്തുന്നത്. The ethereal beauty of Unknowability, not the vague assessment of known / unknown conclusions. ഓഷോയാണ് ഏറെ അസന്ദിഗ്ധമായി പറഞ്ഞത് - ‘There is no God, only godliness is there’.

ദൈവികതയെന്ന സർഗാത്മകതയെ, ഏതോ സിംഹാസനത്തിൽ, നീണ്ട വെള്ളത്താടിയും സർവ്വജ്ഞാന സന്നാഹങ്ങളുമായി സകലതിനേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഗംഭീരൻ ദൈവത്തിലേക്ക് വെട്ടിയൊതുക്കാൻ സ്വാഭാവികമായ ബുദ്ധികുറവും ഭീരുത്വവുമൊക്കെയേ വേണ്ടൂ. ദൈവമെന്ന അപക്വ ഉപസംഹാരത്തെ, ബ്രഹ്മം, ശക്തി, അസ്തിത്വം, ശാസ്ത്രീയമെന്നു തോന്നിക്കുന്ന ‘ഊർജ്ജം’, മഹാവിസ്ഫോടനം തുടങ്ങിയ പേരുകളെക്കൊണ്ടെല്ലാം മാറ്റിപ്രയോഗിച്ചതുകൊണ്ട് വിശേഷിച്ചൊരു മാറ്റവും വരാനില്ല. ഭാഷാപരമായ അന്തസ്സിന്റെ പ്രശ്നം മാത്രമാണത്. ഫലത്തിൽ ഒന്ന് തന്നെ. നാസ്തികാദി ബുദ്ധിജീവികൾ സഹതാപാർഹരാകുന്നത് അങ്ങനെയാണ്.

സകലതിനും കേന്ദ്രീകൃതമായ ഒരു കർത്താവിനെ, അല്ലെങ്കിൽ ഒരു കർത്തൃത്വ ശക്തിയെ സങ്കല്പിച്ചെടുക്കുക എന്നത് എത്രത്തോളം പ്രബലമായ ഒരു ന്യൂറോളജിക്കൽ ശീലമാണോ, അത്രത്തോളം തന്നെ പ്രബലമായ ഒരു ശീലമായിത്തന്നെയാണ് ഒരു ജൈവ പ്രതിഭാസത്തിൽ 'ഞാൻ എന്ന ഭാവം' ഉരുവാകുന്നത്. ഒരു പക്ഷേ അങ്ങനെയൊരു ഭാവമില്ലായിരുന്നുവെങ്കിൽ നാം അതിനെ 'ജീവി' എന്ന് അറിയുമായിരുന്നുവോ എന്ന് സംശയമാണ്. ജീവനില്ലാത്തവയിൽ പോലും അതിന്റെ ആകൃതിഭാവങ്ങളെ പ്രതി ഒരു 'ഞാൻ' ആരോപിച്ചുകൊടുക്കുമ്പോഴാണ് അവക്കും ജീവനുണ്ടോ എന്ന് നാം സംശയിച്ചുപോകുന്നത്. അങ്ങനെയാണ് നാം പാറകൾക്കും പർവ്വതങ്ങൾക്കും മറ്റും ജീവൻ വെപ്പിക്കുന്നത്.

നേരെ തിരിച്ചും സാധ്യമാണ്. എത്ര സങ്കീർണ്ണമായ ജീവിയേയും, മനുഷ്യനെത്തന്നെയും, കേവലം ക്രിയാനിർവ്വഹണങ്ങളുടെ സംഘാതമായി മാത്രം കാണാൻ ശ്രമിക്കുക. ആ പ്രവർത്തനങ്ങൾ തമ്മിൽ എങ്ങനെയോ സംഭവിക്കുന്ന ഏകോപനമാണ്, അതിനു പിന്നിൽ സകലതിനെയും അറിഞ്ഞുകൊണ്ട് ബോധപൂർവ്വമുള്ള ഏകോപനമൊന്നുമല്ല നടക്കുന്നത്. ഞാൻ എന്ന ഭാവത്തെപ്പറ്റി ബോധവാനാകാൻ തുടങ്ങിയ നാളുകൾ മുതൽത്തന്നെ ഒരുപക്ഷേ അതിനെ നിഷേധിച്ചുകൊണ്ട് മേല്പറഞ്ഞതുപോലെ നോക്കിക്കാണാനുള്ള ശ്രമങ്ങളും നടന്നുപോന്നിട്ടുണ്ട്. ഈ രണ്ടു തരത്തിലുമുള്ള സമീപനങ്ങൾ ഇന്നും സജീവമാണ്. ന്യൂറോളജിക്കാരും പറയുന്നത് എല്ലാ നാഡീഞരമ്പുകളേയും വകഞ്ഞുമാറ്റിച്ചെന്നപ്പോൾ അവിടെങ്ങും 'ഞാൻ'-ന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നാണ്. ഇക്കിയു എന്ന സെൻ ഗുരുവിനെപ്പോലെ ന്യൂറോളജിക്കാർ, 'ഞാൻ' എന്നത് എക്കാലത്തേയും ഏറ്റവും സങ്കീർണ്ണമായ പ്രഹേളികയാണെന്ന് - koan - കൃത്യമായി പറയുന്നുണ്ടോ ആവോ!

പ്രപഞ്ചത്തിന് ഒരു കേന്ദ്രമുണ്ടോ എന്നത് മനുഷ്യന് എന്നുമുള്ള ഒരു സംശയമാണ്. സംശയമുന്നയിക്കുന്നവനും തന്നിലൊരു കേന്ദ്രമുണ്ടോ എന്ന് എക്കാലവും സംശയിച്ചുപോന്നിട്ടുണ്ട്. നേരെചൊവ്വേ അന്വേഷിച്ചു ചെന്നവർ പങ്കു വെച്ചിട്ടുള്ളത് അങ്ങനെയൊരു കേന്ദ്രമില്ലെന്നാണ്, പ്രപഞ്ചത്തിനും മനുഷ്യനും. അവരുടെ പങ്കുവെക്കലുകൾ കൊണ്ട് അന്വേഷികളായവർക്ക് കൗതുകം പകർന്നേക്കാം എന്നതിൽക്കവിഞ്ഞ് പ്രയോജനമെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. എന്തെന്നാൽ അത് തികച്ചും വൈയക്തികമായ -individual- ഒരു ഗ്രാഹ്യമാണ്. അവർ പറയുന്നത് സത്യമാണെന്നു തോന്നുമെങ്കിലും മറ്റൊരാളെ സംബന്ധിച്ച് അത് വെറും knowledge പരുവത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ. ഈയടുത്ത് BIGTHINK-ൽ വായിച്ചതോർക്കുന്നു- ശാസ്ത്രജ്ഞർ പിന്നെയും ചോദിക്കുന്നു, പ്രപഞ്ചത്തിന് ഒരു കേന്ദ്രം സാധ്യമാണോ എന്ന്. ബോധ്യപ്പെടുത്താവുന്ന രീതിയിലുള്ള പുതിയ തരം ഭൗതിക യുക്തികൾ നിരത്തുന്നുണ്ടെങ്കിലും, അവസാനം അങ്ങനെയൊരു കേന്ദ്രം സാധ്യമല്ലെന്ന് ഉപസംഹരിക്കുമ്പോൾ, നമുക്കെന്തോ, ബാലിശമെന്നു തോന്നിപ്പോകും.

 Where is the center of the Universe? Here, there, and everywhere

മനുഷ്യനായാലും ഈ പ്രപഞ്ചത്തിനായാലും കേന്ദ്രമെന്നൊന്ന് ഇല്ല എന്ന് കേൾക്കുമ്പോൾ, നമുക്ക് അത്രക്കങ്ങു പിടിക്കാത്തത് കേന്ദ്രത്തോട് നാം അത്രക്കും അഡിക്ടഡ് ആയിപ്പോയതുകൊണ്ടാണ്. കേന്ദ്രോന്മുഖമല്ലാതുള്ള ഒരു നിമിഷവും നമ്മുടെ ഓർമ്മയിലില്ല. 



6 comments: