നേതി നേതികളുടെ വിരുന്ന് - 3
'ഞാനാവുന്ന കാലം' മനുഷ്യ മസ്തിഷ്ക പരിണാമ ഗാഥകളാണ്. മനുഷ്യനിൽ എത്തുന്നതോടെയല്ലാതെ 'ഞാൻ' എന്ന കഥയിൽ കഥയില്ലെന്നാണോ? ആകാം. തത്വചിന്താപരമായി ഞാൻ എന്നത് എത്രതന്നെ മിഥ്യാബോധമായിട്ടുള്ള ഒന്നായിരുന്നാലും, അത്തരമൊരു മിഥ്യാബോധമുണ്ടാവാൻ തന്നെ നൈപുണ്യങ്ങൾ ഏറെ ആവശ്യമായിട്ടുണ്ട്. ഞാൻ എന്ന ബോധമില്ലാത്ത ഏതെങ്കിലും ഒരാളുണ്ടെങ്കിൽ അയാളിൽ വേണ്ടത്ര ബുദ്ധിവികാസം ഉണ്ടായിട്ടില്ല എന്ന് മാത്രമേ അർത്ഥമുള്ളൂ.
ഇതുവരേക്കും പരിണമിച്ചു വന്നിട്ടുള്ള എല്ലാ ശേഷികൾക്കും അർത്ഥസംഗതമായ ഒരു തലം കൈവരുന്നത് അവ മനുഷ്യ മസ്തിഷ്‌കത്തിൽ ഏകോപിപ്പിക്കപ്പെടുമ്പോഴാണ്. പ്രധാനമായ എല്ലാ ഘടകങ്ങളും ഉണ്ടായിവന്നുവെങ്കിലും നിസ്സാരങ്ങളെന്നു തോന്നിയേക്കാവുന്ന ചില സംഗതികൾ ഈ സ്റ്റേജിലാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. മൊബൈലിലോ ലാപ്ടോപ്പിലെ മറ്റോ ഏതെങ്കിലും ആപ്പ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്തതിനു ശേഷം, completed എന്ന് കാണിച്ചതിന് ശേഷവും ചില finishing steps ഉണ്ടാവും. നിസ്സാരങ്ങളെന്നു തോന്നുമെങ്കിലും അവയില്ലെങ്കിൽ ഡൌൺലോഡ് ചെയ്യപ്പെട്ട ഈ സോഫ്റ്റ് വെയറുകളൊന്നും പ്രവർത്തിച്ചുവെന്നു വരില്ല. ( FOXP2 എന്ന ഭാഷാ ജീൻ കൈവന്നിട്ടും ഭാഷാപരമായ കഴിവുകൾ നിയാണ്ടർത്തലുകൾക്ക് ഇല്ലാതെപോയത് അങ്ങനെയത്രേ. FOXP2 പ്രവർത്തിക്കണമെങ്കിൽ അനുബന്ധിയായി മറ്റു ചിലതുകൂടി വേണമായിരുന്നു. ഹോമോസാപിയൻസ് തീർത്തും ഒരു വ്യത്യസ്ത വർഗ്ഗമായത് അങ്ങനെയാണ്).
'ഞാനാവുന്നതിനു മുൻപുള്ള കാല'ഘട്ടത്തിൽ ആവശ്യമുള്ള മിക്കവയും ഉണ്ടായിവന്നുവെങ്കിലും, അവയെ ഏകോപിപ്പിക്കുവാൻ കുറേക്കൂടി സങ്കീർണ്ണവും ആഴവും വിസ്തൃതിയുമുള്ള ഒരു വേദിക ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണെന്ന് വേണം മനുഷ്യ മസ്തിഷ്‌കം എന്ന വിസ്മയം വികസിച്ചുവന്നത്. ‘ഞാനാവാൻ’ തുടങ്ങിയത് അവ്വിധമത്രേ!.
അവയുടെ വിവരണങ്ങൾ തികച്ചും സാങ്കേതികം എന്ന് പറയാവുന്നത്. അതീവ കൗതുകത്തോടെ വായിച്ചുപോകാവുന്നവ. വിസ്മയങ്ങളോടെ കടന്നുപോവുക എന്നതിൽക്കവിഞ്ഞ് ഒരു വായനക്കാരന് യാതൊന്നും ചെയ്യാനില്ലാത്തതുപോലെ. പരിണാമസംബന്ധിയായി ചിലപ്പോൾ വേറെ ചില അഭിപ്രായങ്ങളോ മറ്റോ തോന്നാൻ മാത്രം സാങ്കേതിക ജ്ഞാനം ഉള്ളവർക്ക് ആ നിലക്ക് പങ്കെടുക്കാം, അത്ര തന്നെ.
ഞാൻ എന്ന തോന്നലിന്റെ മറ്റു ചില വശങ്ങൾ ഒരുപക്ഷേ ഈ കൃതിയുടെ പരിധിയിൽ വരുന്നില്ലെങ്കിലും, സന്ദർഭവശാൽ ഓർത്തുപോകുന്നത് പങ്കുവെക്കട്ടെ:
പീറ്റർ ഓസ്‌പെൻസ്‌കിയും മറ്റും അഭിപ്രായപ്പെടുന്നതിനനുസരിച്ച്, അകത്തെ ഞാൻ എത്രത്തോളം വ്യാപ്തിയാർജ്ജിക്കുന്നുവോ, ബാഹ്യവസ്തുക്കളിൽ ഉണ്ടെന്നു തോന്നിക്കുന്ന ‘ഞാൻ’ അത്രക്കും ദുർബലമായിരിക്കുമത്രേ! അതുപോലെത്തന്നെ തന്നിലുള്ള ഞാൻ വേണ്ടത്ര ഞാനായിട്ടില്ലെങ്കിൽ, ശരിക്കും ഞാൻ ഇല്ലാത്ത വസ്തുക്കളിൽ പോലും ഞാൻ ഉണ്ടെന്നു തോന്നിപ്പോകും.
ഉദാഹരണത്തിന്, ആദ്യമായി മസ്തിഷ്‌കം കിട്ടിയെന്നു പറയപ്പെടുന്ന നമ്മുടെ പരപ്പൻ പുഴുവിനെ സംബന്ധിച്ച്, താൻ മുന്നോട്ടിഴയുന്ന ഓരോ ഇഞ്ചും, തനിക്കു നേരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജീവനുള്ള അതിനിഗൂഢമായ ഒരു പ്രതിഭാസമായിരിക്കും. ഓസ്‌പെൻസ്‌കി പറയുന്നത് ഈ പരപ്പൻ പുഴു, ഒച്ച് തുടങ്ങിയ ജീവികൾ 'one dimensional'
ജീവികളാണെന്നാണ്. അതായത് തനിക്കാണ് ആദ്യമായി മസ്തിഷ്‌കം ഉണ്ടായതെന്ന് വിചാരിക്കുന്നത് പോകട്ടെ, താൻ മുന്നോട്ടിഴയുകയാണ് എന്നറിയാൻ പോലുമുള്ള, പേരിനൊരു ഞാൻ പോലും അതിനകത്തില്ലെന്ന് പറയാം. എന്നാൽ മനുഷ്യനേക്കാൾ മസ്തിഷ്കപരമായി താഴെത്തട്ടിലുള്ള ഒരു ജീവിയുടെ കണ്ണിൽ, ഒച്ച് കാര്യഗൗരവമുള്ള ഒരു ജീവിയാകും. ഒരുപക്ഷേ, ബാലമാസികകളിലെ തേരട്ടയും പുഴുവുമെല്ലാം എമണ്ടൻ കഥാപാത്രങ്ങളാകുന്നത് ഇനിയും മസ്തിഷ്‌കം വികസിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കാണെന്നത് സ്വാഭാവികം മാത്രം.അതേസമയം 'two dimensional' ജീവികളായിട്ടുള്ള നമ്മുടെ സാധാരണ മൃഗങ്ങളെ സംബന്ധിച്ച് വൃത്താകൃതിയിലുള്ള നിശ്ചലമായ ഒരു ഡിസ്ക്കിന്റെ അരികിനെ അനുഭവപ്പെടുക, അതൊരു ചലിക്കുന്ന വസ്തുവായാണ്. ഇനി അത് ചലിക്കാൻ കൂടി തുടങ്ങിയാൽ, ആ മൃഗം അതനുഭവിക്കുക ഈ ഡിസ്ക് ജീവനുള്ള / ഞാൻ ഉള്ള ഒരു ജീവിയായിട്ടാകുമത്രേ! പൂച്ചക്കുട്ടികൾക്കു നേരെ ഒരു ഈർക്കിലോ മറ്റോ ചലിപ്പിച്ചാൽ അവർ പ്രതികരിക്കുന്നത് അതൊരു ജീവനുള്ള എന്തോ ആയിട്ടാണ്. അതേ പൂച്ചകൾ വളർന്നതിനുശേഷം, ആ ഈർക്കിലുകളെ തീരെ ഗൗനിക്കുക പോലുമില്ല. അവയിലെ മസ്തിഷ്ക വികാസം കൂടുതൽ ഡിമെൻഷനുകളെ കൈകാര്യം ചെയ്യാൻ പ്രാപ്തി നേടിയിരിക്കുന്നു.
എന്നാൽ 'three dimensional' അനുഭവ ശേഷിയുള്ള നാം മനുഷ്യർക്ക് (രാജശേഖരൻ നായർ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾക്കനുസരിച്ചു പറയുകയാണെങ്കിൽ, ഞാനെന്നഭാവത്തിലെത്തിയ മനുഷ്യമസ്തിഷ്കത്തിന്) ആ ഡിസ്ക്കിന്റെ അരികിനെ അപ്പുറത്തേക്ക് മാഞ്ഞുപോകുന്ന ഒരു വൃത്താകൃതിയെന്നും, അത് ചലിക്കാൻ തുടങ്ങിയാൽ അത് കറങ്ങുന്നു എന്നും മാത്രമായിരിക്കും അനുഭവപ്പെടുക. ആ ഡിസ്കിന് ജീവൻ / ഞാൻ ഉണ്ടെന്നു നമുക്ക് തോന്നണമെങ്കിൽ അതിന് സമയം തുടങ്ങിയ മറ്റു ഡിമെൻഷനുകളിലുള്ള ചില സവിശേഷതകൾ കൂടി കൈവരേണ്ടതുണ്ട്.
ഇനി നമ്മിലുള്ള ഞാൻ കുറേക്കൂടി വ്യാപ്തമാവുകയാണെങ്കിലോ - ഞാനെന്ന ഭാവമതു നിറയുന്ന നേരം - സമയത്തിൽ ചലിക്കുന്ന ഒരു ത്രിമാന ജീവിയെപ്പോലും, 'ജീവനുണ്ടെന്നു പറയാമെന്നേയുള്ളൂ' എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക (ഓസ്‌പെൻസ്‌കി ഇതിന് കൃത്യമായ ഗണിതഭാഷകൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെ അത് അധികപറ്റാവുകയേയുള്ളൂ). വേണമെങ്കിൽ നമ്മുടെ ബുജികൾ പറയാറുള്ളതുപോലെ വെറും 'യന്ത്രസമാന ജീവിതം'.
(അധിക വായനക്ക് - Tertium Organum by Peter Ouspensky)
കഹളിനെപ്പോലെത്തന്നെ - Raymon Cajal - രാജശേഖരൻ നായർ കാര്യമായി പരിചയപ്പെടുത്തുന്ന മറ്റൊരു ന്യൂറോളജിസ്റ്റുണ്ട് : പ്രൊഫെസ്സർ മക്‌ഡൊണാൾഡ് ക്രിച് ലി. The Divine Banquet of Brain എന്ന അദ്ദേഹത്തിന്റെ രചനയുടെ പേരുതന്നെ അദ്ദേഹത്തിന്റെ ക്രിയാരംഗങ്ങൾ മന്ത്രികസ്പർശമുള്ളതാണെന്ന് തോന്നിപ്പിക്കും. ആ കൃതിയെപ്പറ്റി വന്ന നിരൂപകർ നടത്തിയ ഒരു പരാമർശം എനിക്കും പങ്കുവെക്കാതിരിക്കാൻ സാധിക്കുന്നില്ല: " We must admit that the Divine Banquet of the Brain was, and still is, a feast with dishes that remain elusive in the blending, and with sauces whose ingredients are even now a secret”.
ക്രിച് ലി യുടെ മാന്ത്രിക സ്പർശങ്ങൾ എന്ന അധ്യായത്തിൽ സ്പർശം എന്ന ഏറ്റവും പ്രധാന സംവേദനത്വത്തെപ്പറ്റി കാര്യമായിത്തന്നെ പറയുന്നുണ്ട്. അറിയുക എന്ന വൃത്തി സ്പർശിക്കുക എന്ന വാക്കിന് പര്യായമാവുന്ന ഒരുപാടു സന്ദർഭങ്ങളുണ്ട് നമുക്ക്. കണ്ണുകളെക്കൊണ്ടും ഹൃദയം കൊണ്ടുമൊക്കെ നാം സ്പർശിക്കുക തന്നെ ചെയ്യുന്നു. കണ്ണുകളിൽ വന്നു വീഴുന്ന പ്രകാശം ചില സവിശേഷ കോശങ്ങളെ സ്പർശിക്കുക തന്നെയാണ്. ഒരുപക്ഷേ ഇംഗ്ലീഷ് ഭാഷയിൽ touch എന്ന പദം കുറേക്കൂടി വ്യാപകമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു.
ഞങ്ങളുടെ ഒരു മലയാള അദ്ധ്യാപകൻ, തമാശക്കാണെങ്കിലും കൂടെക്കൂടെ നടത്താറുള്ള ഒരു പ്രയോഗമുണ്ട്: 'നാരായണഗുരുവിന്റെ ചേലാഞ്ചലത്തിൽ തൊട്ടിട്ടുള്ള ഇന്നയാളുടെ മകളുടെ ഭർത്താവിന്റെ വിരലിൽ ഞാൻ ഈ കൈകൊണ്ട് തൊട്ടിട്ടുണ്ട്.' ആ പറച്ചിലിന്റെ ട്രോൾ എലമെന്റ് ഞങ്ങളുടെ തലക്കു മുകളിലൂടെ പാഞ്ഞുപോവുകയായിരുന്നെങ്കിലും ഞങ്ങൾ ഒന്നടങ്കം ചിരിക്കാറുണ്ട്.
ഏറ്റവും വലിയ അവയവം ചർമ്മമാണെന്നു പറയുമ്പോൾ, ഏറ്റവും പ്രാമുഖ്യമുള്ള സംവേദനം സ്പർശമാകാതെ വയ്യല്ലോ. പലപ്പോഴും നാം അത് ഓർക്കാറില്ലെന്നു മാത്രം. 'നമ്മുടെ ശരീരം ഒരു ചർമ്മത്തെ ചുക്കിച്ചുളുക്കി വെച്ചിരിക്കുന്നതാണ്, അതിന് നാം പൊതുവെ വിചാരിക്കാറുള്ള പോലെ അകവും പുറവുമൊന്നുമില്ല' എന്ന് ഓഷോ പറഞ്ഞതുകേട്ടപ്പോൾ ബോധ്യപ്പെടാൻ ഒരു നിമിഷം അധികമെടുത്തു. ഏറിയാൽ 22 ചതുരശ്ര അടി വിസ്തീർണ്ണമേ അതിനുള്ളൂ എന്ന് കേൾക്കുമ്പോഴും വിശ്വസിക്കാനാവുന്നില്ല - ഇത് കണക്കു കൂട്ടിയവർ വെറും തൊലിപ്പുറമെയുള്ള തൊലിയെ മാത്രമേ എടുത്തിട്ടുണ്ടാവൂ.
ഏതായാലും കോരിത്തരിപ്പുണ്ടാകുന്ന ഒരു സ്പർശത്തെ സ്പർശിക്കുന്നുണ്ട് നൂറ്റിപ്പതിനാലാമതു പേജിൽ: " എത്രയോ മില്യൺ കൊല്ലങ്ങൾക്കു മുൻപ് ഏതൊക്കെയോ ഏകകോശജീവികളുടെ തൊലിപ്പുറത്തുണ്ടായ പ്രകാശം അനുഭവിക്കുന്ന ഇടം പരിണമിച്ചാണ് കണ്ണുകളുണ്ടായത്! രൂപഭാവവ്യത്യാസങ്ങൾ അനേകമുണ്ടായെങ്കിലും അതും ചർമ്മജന്യം തന്നെ. വിരൽത്തുമ്പുകളിലെ തൊലികൊണ്ടും കാണാനാവും എന്ന് അന്ധന്മാർ അവകാശപ്പെടുകയാണെങ്കിൽ അന്ധാളിക്കണ്ട". 'മെയ്യ് കണ്ണാവുക' എന്ന പ്രയോഗം നടത്തിയ കളരിഗുരുക്കന്മാർ നിസ്സാരമല്ലാത്ത ആദരവ് അർഹിക്കുന്നു. അകത്തൊരിത്തിരി പ്രകാശം വീഴുമ്പോൾ അകക്കണ്ണ് തുറക്കുമെന്ന് കേൾക്കുന്നതിൽ ഒരു ന്യൂറോളജിക്കൽ പശ്ചാത്തലമെങ്കിലുമുണ്ടെന്ന് ഇനിമുതൽ ഓർക്കാവുന്നതാണ്.
ഡോ. രാജശേഖരൻ നായർ ഒരു പാട് ചരിത്ര സംഭവങ്ങളെ , ഒരു സംഗീതികയിലെന്നപോലെ മനോഹരമായി കോർത്തിണക്കിക്കൊണ്ട് പങ്കുവെക്കുന്നുണ്ട്. അവ ഒരേ സമയം വൈദ്യരംഗത്തിന്റെ ചരിത്രവും ബോധം എന്ന പ്രഹേളികയുടെ 'ദേഹപർവം' മനുഷ്യൻ മനസ്സിലാക്കിയെടുത്തതിന്റെ ആകസ്മിക കഥകളുമാണ്. പെരയ്റ്റൽ ലോബ്, ടെമ്പറൽ ലോബ് തുടങ്ങി അതിപ്രധാനമായ ധാരാളം മസ്തിഷ്ക കേന്ദ്രങ്ങളെപ്പറ്റിയും, അവയിൽ സംഭവിക്കുന്ന നിസ്സാരങ്ങളായ അസ്ക്യതകൾ, നമ്മുടെ ബോധധാരയിൽ വരുത്തിക്കൂട്ടുന്ന ഗുലുമാലുകളെപ്പറ്റിയുമെല്ലാം ധാരാളം വിവരണങ്ങളുണ്ട്. പലപ്പോഴും കേടുപാടുകളിലൂടെയാവും ചില് മസ്തിഷ്ക കേന്ദ്രങ്ങളെപ്പറ്റിയും മറ്റും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവുക.
നമുക്ക് ഇതുവരേക്കും സംഭവിച്ചിട്ടില്ലാത്ത - ഭാഗ്യവശാൽ - പല അസുഖങ്ങളെപ്പറ്റിയും വായിച്ചറിയുക കൗതുകകരമാണ്. ഇടതും വലതും തിരിച്ചറിയാനാവാതാവുക (വോട്ടർമാരെപ്പോലെ?), നാലുംമൂന്നേഴെന്നു കണക്കുകൂട്ടി പറയാൻ കഴിയാതാവുക, അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പറ്റുമെന്നിരിക്കെ അവയെ എഴുതാൻ സാധിക്കാതെ വരിക.
മുല്ലാ നസിറുദ്ധീനോട് ഒരിക്കൽ ഒരു ഡോക്ടർ ചോദിച്ചു, 'തനിക്ക് എത്ര ഭാഷകൾ എഴുതാനും വായിക്കാനും അറിയാം?' മുല്ല പറഞ്ഞു, 'ഒരുപാട് ഭാഷകൾ എഴുതാനറിയാം, വായിക്കാനറിയില്ല'.
ഡോക്ടർക്ക് അതിശയമായി. അങ്ങനെയൊരു അസുഖത്തെപ്പറ്റി അയാൾ കേട്ടിട്ടില്ലായിരുന്നു. ഒരുപക്ഷേ Agraphia without alexia യുടെ വിപരീതം. അയാൾ ഒരു കഷ്ണം പേപ്പർ എടുത്തു നീട്ടിക്കൊണ്ടു മുല്ലയോടു പറഞ്ഞു, 'ഒന്നെഴുതിക്കാണിക്ക്'. മുല്ല ആ കടലാസ്സിൽ, വായിൽ തോന്നിയ പോലെ കറകുറ വരച്ചുകൂട്ടി.
ഡോക്ടർ പറഞ്ഞു, 'ഇതേതു ഭാഷയാടോ? താനൊന്നു വായിക്കൂ'.
മുല്ലാ നസിറുദ്ധീൻ പറഞ്ഞു, 'ഞാൻ ആദ്യമേ പറഞ്ഞില്ലേ, എനിക്ക് എഴുതാൻ മാത്രമേ അറിയൂ, വായിക്കാൻ അറിയില്ലെന്ന്?'
ഇനിയും ധാരാളം രോഗങ്ങളുണ്ട് : ഏതേതു വിരലുകലാണെന്നു അറിയാനാവാതെ വരിക. താൻ തനിക്കു തന്നെ ശത്രുവാകുക- Alien phenomena. എന്നിങ്ങനെ. (അങ്ങനെയെല്ലാം പറഞ്ഞാൽ, പാർട്ടി വട്ടം പോലെ ഒരു താത്വിക അവലോകനം നടത്തിയാൽ Alien പ്രതിഭാസമുള്ളവരാണ് ഭൂരിപക്ഷം എന്ന് പറയേണ്ടി വരും!)
എന്റെ അറിവിൽ ഏകദേശം ഇതുപോലൊരു കേസുണ്ടായിട്ടുണ്ട് - പാലക്കാടുള്ള ഒരു ചന്ദ്രേട്ടൻ കിടപ്പിലായി കുറേകഴിഞ്ഞപ്പോൾ, ഒരു ദിവസം ആളുടെ നേർ പകുതി ഭാഗം മറ്റൊരു വ്യക്തിയായി. പുള്ളി അങ്ങേർക്കൊരു പേരും കൊടുത്തു - പ്രഭാകരൻ. പിന്നീടുള്ള ദിവസങ്ങൾ മുഴുവനും ചന്ദ്രനും പ്രഭാകരനും തമ്മിലുള്ള വഴക്കു തീർക്കാനേ നേരമുണ്ടാവാറുള്ളൂ, പരിചരിക്കാൻ നില്ക്കുന്നയാൾക്ക്!
അതിനേക്കാൾ തമാശ തോന്നിയിട്ടുള്ളത്, ഫേസ്ബുക്കിൽ വിരാജിക്കുന്ന Alien പ്രതിഭാസക്കാരെയാണ്. ചിലർ രണ്ടും മൂന്നും അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ട്, അങ്ങോട്ടുമിങ്ങോട്ടും കമെന്റുകളിലൂടെ വാഗ്വാദവും അടിപിടിയുമായി രസിക്കുന്നുണ്ടത്രേ!
പെറൈറ്റൽ ലോബിന്റെ അതീവപ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് - ഒരുവേള അദ്ദേഹം അതിനെ വിളിക്കുന്നത് ദൈവസംബന്ധിയായ വിചാരങ്ങളുടെ ഉറവിടം, അഥവാ ശ്രീകോവിൽ എന്നാണ് - ഡോ. രാജശേഖരൻ നായർ ഒരു അർദ്ധവിരാമിടുന്നുണ്ട്; അനുബന്ധമായി മറ്റു ചിലതുകൂടി പറയാൻ വേണ്ടി. 'ഞാനാകാൻ' സന്നാഹങ്ങൾ ഒരുപാട് വേണമത്രേ. എന്നാൽ കേവലം വിശ്വാസങ്ങൾ പടച്ചുവിടുന്ന ഒരു മസ്തിഷ്ക ഖണ്ഡം അല്ല ഈ പറഞ്ഞ പെറൈറ്റൽ ലോബ് എന്ന സൂചനകൾ, ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നത് വെറും നാഡീഞരമ്പുകളുടെ യാന്ത്രികമായ ഏകോപനങ്ങളിലേക്കല്ല എന്ന് ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെത്തന്നെ മനോഹരമായ വാക്കുകൾ കേൾക്കുക:
“സംവേദനങ്ങൾ കൊണ്ടുത്തരുന്ന പ്രചോദനങ്ങൾ തമ്സ്കരിക്കപ്പെടുമ്പോഴേ പെറൈറ്റൽ ലോബിന്റെ തനതു കഴിവുകൾ അറിയൂ. ബഹിർപ്രജ്ഞകളെല്ലാം തടഞ്ഞ്, അന്ത:പ്രജ്ഞകൾ പോലും അമർത്തപ്പെടുമ്പോൾ, നിനച്ചിരിക്കാതെ അജ്ഞേയമായ പ്രജ്ഞകൾ സ്വയം ഭൂവായി അവിടെ വരുമെന്നും അതിന്റെ ഉജ്ജ്വല ദീപ്തി സ്വം എന്നതിന്റെ അസ്തിത്വം തന്നെ ശിഥിലമാക്കി, അതിന്റെ ഇടങ്ങളുടെ പരിധികൾ ചിദ്രമാക്കി, ഉള്ളിലെ ഓർമ്മകളുടെ കെട്ടുകളഴിച്ച് സ്വതന്ത്രമാക്കി, അവയെ സർവ്വവ്യാപിയായ പ്രപഞ്ചസ്‌മൃതിയുടെ ഭാഗമായി ലയിപ്പിക്കുമെന്നും ബോധങ്ങളുടെ അതിരുകൾ അളിഞ്ഞുവീണു നിർവാണത്തോളം പ്രാപിപ്പിക്കുമെന്നറിയണമെങ്കിൽ ഇനിയും കഥകൾ പലതും പറയണം. ആ ഭാവ കല്പനകളെ ഞാൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും സ്വം എന്നും, ആത്മാവെന്നുമുള്ള സങ്കല്പങ്ങളെ സ്പർശിക്കേണ്ടി വരും. അതിനു പേരയ്റ്റൽ ലാബിന്റെ മാത്രമല്ല, മറ്റു പല ഭാഗങ്ങളുടെയും കാര്യങ്ങൾ പറഞ്ഞിട്ടീ പറ്റൂ. അതുകൊണ്ടു ഞാൻ ഇവിടെ ഒരു അർദ്ധവിരാമമിടുന്നു.” P-141
ഈ ഞാനും ഒരു അർദ്ധവിരാമമിടട്ടെ, അടുത്ത ബ്ലോഗിലേക്കായി.
..incredible.. and..marvelous.. ✨👍💐
ReplyDeleteThank you 💕
Delete👍
ReplyDelete💕💕
Delete👍
ReplyDelete💕💕
Delete🌺🌺🌺🌺🌺🌺🌺🌺
ReplyDelete💞💞💞
Delete💕❤️
ReplyDelete💕💕
Delete