Featured Post

Friday, April 26, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 7


                                 നേതി നേതികളുടെ വിരുന്ന് - 2

ഇരുനൂറ്റി എഴുപതു മില്യൺ വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളും

- പാൻജിയക്കാലം - തുടർന്നുവന്ന ചാവുകാലങ്ങളുമെല്ലാം

ചേർന്ന് ജീവിവർഗങ്ങളുടെ പരിണാമങ്ങളും പുതിയ ജീവികളുടെ

പിറവികളുമെല്ലാം എങ്ങനെയാണ് സംഭവിച്ചതെന്ന്

ഒരവലോകനം നടത്തുന്നുണ്ട്, രാജശേഖരൻ നായർ. വിശേഷിച്ചും മസ്തിഷ്ക്ക ജീവികളുടെ രൂപ - ബോധ - പരിണാമങ്ങൾ. പിന്നെയും പിന്നെയും ചാവുകാലങ്ങൾ. പിന്നെയും പിന്നെയും വ്യത്യസ്തമായ സ്പീഷ്യസുകളുടെ ഉദയം. കിശോരകൗതുകങ്ങളോടെ, കണ്ണിമയ്ക്കാതെ വായിച്ചുപോകും നാം ഈ പേജുകൾ. ഇതിനിടയിൽത്തന്നെ അദ്ദേഹം സ്പർശിച്ചുപോകുന്ന ഒന്നാണ് സ്മൃതി എന്ന വാക്ക് (പിന്നീട് പിന്നീട് അവസാന അധ്യായങ്ങളിലേക്കെത്തുമ്പോഴേക്കും സകലതും സ്മൃതിലയമാണ്. ഏറ്റവും അവസാനത്തെ അധ്യായത്തിന്റെ പേരുപോലും 'മഹാസ്മൃതി'യെന്നാണ്).

ഏറ്റവും ആദ്യത്തെ ജീവ കണിക പോലും വർത്തിക്കുന്നത് അതിനു മുൻപത്തെ സ്മൃതിയുടെ ഭാഗമെന്നോണം. ജീവനില്ലാത്ത പദാർത്ഥ കണികകൾ പോലും സ്മൃതികളുടെ സ്പന്ദനമാണ്. ആ സ്മൃതിയുടെ നീൾച്ചയെന്നോണമാണ് അടുത്ത പടി പരിണാമം തന്നെ. ഓരോ പരിണാമ സന്ധിയിലും ഏതെങ്കിലും ഒരു സവിശേഷത- സംവേദനത്വത്തിന്റെ കാര്യത്തിലാകട്ടെ, ചലന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാകട്ടെ, അതിജീവന ശേഷിയുടെ കാര്യത്തിലാകട്ടെ, പ്രത്യുല്പാദന ശേഷിയുടെ കാര്യത്തിലാകട്ടെ - ചേർക്കപ്പെടും. പിന്നീട് ചേർക്കപ്പെട്ട സവിശേഷതയുടെ കൂടുതൽ ബഹിർസ്പുരണങ്ങളായി. അങ്ങനെയങ്ങനെ പല ജീവികളേയും മറ്റു പല ജീവികളുടേയും സങ്കലനങ്ങൾ ആയിത്തന്നെ കാണാൻ പറ്റുമായിരിക്കും. ഇത്തരം സവിശേഷതകളെല്ലാം സസ്യവർഗ്ഗങ്ങളിലും പക്ഷിവർഗ്ഗങ്ങളിലും മൃഗജാതികളിലുമെല്ലാം സമാന്തരമായി വികസിച്ചുവെന്നാണ് തോന്നുന്നത്. പരിണാമ യാത്രയുടെ കൃത്യമായ രേഖീകരണങ്ങൾ നടത്തപ്പെട്ട പഠനങ്ങളെപ്പറ്റി എനിക്കറിവില്ല. പക്ഷേ ഈയടുത്തുവായിച്ച ചില ശാസ്ത്ര ലേഖനങ്ങളിൽ, ഓരോ ബില്യൺ വർഷങ്ങളിലും ചില സ്പീഷിസുകൾ ഒരുമിച്ചു ചേർന്ന് ഒരൊറ്റ സ്പീഷിസായി മുന്നോട്ടുപോകുന്നതായി നിരീക്ഷിക്കപ്പെട്ടു കണ്ടിട്ടുണ്ട്. 

ആദ്യത്തെ ഈ അധ്യായങ്ങളിൽ വ്യക്തിപരമായി ഏറെ കൗതുകം പകർന്ന ഒന്നാണ് ഗ്രന്ഥകാരനെ കുഴക്കിയെന്നു പറയുന്ന ഒരു ചോദ്യത്തെ പറ്റിയുള്ള പരാമർശം. മനുഷ്യ മസ്തിഷ്‌കം എങ്ങനെയാണ് / എന്തിനാണ് ഇടതും വലതുമെന്ന രീതിയിൽ രണ്ടായി തിരിഞ്ഞതെന്ന ചോദ്യത്തെത്തുടർന്ന്

റെയ്മണ്ട് കഹൾ എന്ന പ്രസിദ്ധ ന്യൂറോളജിസ്റ്റിന്റെ കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുന്നു അദ്ദേഹം. ഒരുപക്ഷേ പ്രകൃത്യാ ആപത്ക്കരമായ ഒരു ജീവിതത്തിലൂടെ കടന്നുപോകാൻ നിർബന്ധിതമായ മനുഷ്യ ജീവിക്ക് നേരിട്ട് വരുന്ന വെല്ലുവിളികളല്ലാതെ ഇരു വശത്തുനിന്നുമുള്ള അപകടങ്ങളെ നേരിടണമെങ്കിൽ കൂടുതൽ കാര്യക്ഷമമായ surveillance ആവശ്യമായി വന്നതിന്റെ ഭാഗമായാണത്രെ, മനുഷ്യന്റെ രണ്ടു പള്ളകളിലും രൂപീകൃതമായ സവിശേഷ ന്യൂറോൺ സങ്കേതങ്ങൾ പടിപടിയായി ചുമലുകൾക്കടുത്തേക്കും പിന്നീട് മസ്തിഷ്ക്കത്തിലേക്കും സ്ഥാനം മാറിയത്. കണ്ണുകൾ ആ പരിണാമദിശകളെ സ്വാധീനിച്ച പ്രധാന ഘടകമായി. കാഴ്ചയുടെ സാങ്കേതികത്വത്തിന്റെ കീഴ്‌മേൽ മറിഞ്ഞ രൂപസംവിധാനങ്ങൾക്കനുസരിച്ച്, അതിനെ കൂടുതൽ കാര്യക്ഷമമാക്കാൻ മസ്തിഷ്ക്കത്തിലെ ഇടതു ഭാഗം വലതു ശരീരത്തേയും തിരിച്ചും നിയന്ത്രിക്കാൻ തുടങ്ങിയത്രേ!

ഒരുപക്ഷേ സംവേദനത്വത്തിന്റെ ഒരുവലിയ പരിമിതിയെ, ഒരു മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ട്, അതോ രണ്ടു തലത്തിൽ പങ്കിട്ടുകൊണ്ട് , മറികടന്നതാണോ? അതിനുശേഷമുള്ള കാഴ്ച കേവലം കാഴ്ചയല്ല, നോട്ടമാണ് എന്നാണോ?

ഹേയ്റോഗ്ലിഫിസിലെ 'ഹോറസിന്റെ കണ്ണ്' നെ പറ്റി മേധാനന്ദ എഴുതിയ കുറച്ചു വരികൾ ഓർമ്മയിൽ വരുന്നു:

“A new level of seeing opens progressively,

Not only behind but above everything.

The forces, the presences abiding in the universe,

Reveal themselves to us: we can perceive the neteru (divinity),

the movers of the flags of all beings, and above them

the unity of seeing and being.


Our seeing becomes sovereign.

Each event is unique,

independent of stereotypes and name giving.

Each sight enters into the mysterium magnum of being

and we see as RE sees.

We can say,’I see’.

The eye is healed.

The festival of seeing begins.


One step further

and seeing becomes creating.”

                                                  -  THE WAY OF HORUS

(നിസ്സാരമായ ഒരു സംശയം മെയിലിൽ ഉന്നയിച്ചപ്പോൾ വളരെ വിശദമായി മറുപടി തരാൻ സന്നദ്ധനായ ഡോ. രാജശേഖരൻ നായർക്ക് പ്രത്യേകം നന്ദി. Santiago Raymon Cajal എന്ന അസാധാരണ വ്യക്തിത്വത്തെ അറിയാൻ സാധിച്ചതിനും. ഏറെ അസാധാരണത്വവും rebelliousness -ഉം നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി പേരിനൊന്നു പരിചയപ്പെട്ടപ്പോൾ ഇദ്ദേഹം ന്യൂറോളജിയിലെ സാൽവദോർ ദാലിയാണല്ലോ എന്നാണ് മനസ്സിൽ തോന്നിയത്. പിന്നീടാണ് ഓർത്തത് രണ്ടുപേരും സ്പെയിൻകാർ ആണല്ലോ എന്ന്).

drawings by Raymon Cajal

ഒരുവേള നമുക്ക് തോന്നും ഈ പരിണാമമെന്നത് ഒരു തരം പൊതിയഴിക്കൽ - unfolding - ആണെന്ന്. അല്ലെങ്കിൽ കൂമ്പിനിന്ന ഇതളുകൾ പതിയെപ്പതിയെ വിടർന്നുവരുന്നതുപോലെയാണെന്ന്. അതോ, കൂമ്പി നില്ക്കുന്ന ഒരു മൊട്ടിന് ചുറ്റും നിത്യേനയെന്നോണം ചേർക്കപ്പെടുന്ന ഇതളുകളോ? അങ്ങനെയങ്കിൽത്തന്നേയും ഏതോ അപരിചിതമായ ഒരു സ്ഥലകാലത്തിൽ നിന്നും പൊടുന്നനെയെന്നോണം പ്രത്യക്ഷപ്പെടുന്നവയൊന്നുമല്ല അവ. ചുറ്റിലും നൃത്തം വെച്ചുകൊണ്ടിരിക്കുന്ന സ്ഥലകാലസമുദ്രത്തിന്റെ ഏതൊക്കെയോ അലകൾ ഈ പൂമൊട്ടിനെ വെറുതെയൊന്ന് സ്പർശിച്ചുപോകുന്നതാണ്; നമുക്കവ എത്ര തന്നെ അഗോചരമെങ്കിലും. 

അവബോധപരമായ പരിണാമ ചരിത്രങ്ങളുടെ സംഗ്രഹമൊന്നുമല്ലെങ്കിലും, ജലം മുതൽ, ആകാശം മുതൽ, മറ്റു ഭൂതങ്ങൾ മുതൽ, ജൈവപരിണാമത്തിൽ സംഭവിച്ചിട്ടുള്ള ഒട്ടധികം വർഗ്ഗങ്ങളെ, സസ്യലതാദികളായാലും, ഷഡ്പദങ്ങളായാലും ഉരഗങ്ങളായാലും മനുഷ്യനടക്കമുള്ള മൃഗജാതികളായാലും സകലതും പിരമിഡുകളിന്മേലുള്ള ഹെയ്‌റോഗ്ലൈഫ്സിൽ (Hieroglyphs) ഇടം പിടിച്ചിട്ടുണ്ട്. ഓരോരോ വർഗ്ഗങ്ങളിലും പ്രബലമായിട്ടുള്ള അവബോധ സവിശേഷതയാണ് - awareness potential - ആ ഉൾക്കാഴ്ചാ സന്ദേശങ്ങളിൽ ലിപികളായി വർത്തിച്ചത്.

'ഞാനാവുന്ന കാലം' തുടങ്ങുന്നത് വ്യതിരിക്തമായി

flat worm
'ചിന്തകൾ' എന്ന് വിളിക്കാവുന്നവ രൂപപ്പെടുന്നതോടെയാണ്. അതിനും എത്രയോ കാലങ്ങൾക്കു മുൻപ് മസ്തിഷ്ക്കം എന്ന് വിളിക്കാവുന്ന ശരീരഭാഗങ്ങൾ രൂപപ്പെട്ടിരുന്നുവെങ്കിലും - മസ്തിഷ്ക്കം സമ്മാനിക്കപ്പെട്ട ആദ്യ ജീവി നമ്മുടെ 'പരപ്പൻ
Various parasitic
flatworms from
Haeckel's
Kunstformen der Natur
(1904)
പുഴു'വാണത്രേ! ആ അഹങ്കാരം പക്ഷേ അവന്റെ മുഖത്തില്ല കേട്ടോ! - ഇന്ന് നാം ഭാഷ എന്ന് വിളിക്കുന്ന വിധമുള്ള വിനിമയ ശേഷി ജീവികൾക്ക് കൈവന്നിട്ടില്ലായിരുന്നു. നിയാണ്ടർത്തലുകളിൽ ദർപ്പണ കോശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിമിതമായിരുന്നുവെന്നു പറയുന്നു.

പിന്നെപ്പിന്നെ അതുക്കും മേലെ, ചിന്തിക്കുന്ന മാനവന്റെ വരവായി. ഒരു ഒന്നൊന്നര ചിന്തകനാണവൻ. രാജശേഖരൻ നായർ ഓർമ്മപ്പെടുത്തുന്നു, അവന്റെ ശരിക്കുമുള്ള പേര് Homosapiens  sapiens എന്നാണത്രെ!- ആവർത്തിച്ച് ചിന്തിക്കുന്നവൻ. എന്നുവച്ചാൽ ആ സ്ഥിതിയിൽ നിന്നും പേരിനൊരു മാറ്റം വരുത്തേണ്ട അവസ്ഥ ഇന്ന് വരേയ്ക്കും സംജാതമായിട്ടില്ലെന്ന് സാരം. വേണമെങ്കിൽ രണ്ടോ മൂന്നോ sapiens പിന്നാലെ ചേർക്കാം.

Drawings of Cajal

ചിന്തിക്കാൻ തുടങ്ങുക എന്നാൽ അവനിൽ ഭാഷാനൈപുണ്യങ്ങൾ കിളിർക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് തന്നെ അർത്ഥം. വൈവിധ്യം നിറഞ്ഞ എല്ലാത്തരം ചോദനകളും ആവേഗങ്ങളുമെല്ലാം വളരെ വ്യത്യസ്തമായ ഒരു തരത്തിൽ പ്രകടിപ്പിക്കാനും സൂക്ഷിക്കാനും സാധ്യമെന്നു വന്നിരിക്കുന്നു. ഒരുപക്ഷേ ഇതുവരേക്കും സ്മൃതി എന്ന് വിളിക്കാവുന്നവയെ ഓർമ്മയെന്നു വിളിക്കാവുന്ന തരത്തിൽ വാക്കുകളിലും അർത്ഥങ്ങളിലുമായി സൂക്ഷിക്കാവുന്നതാണിപ്പോൾ. FOXP2 എന്ന് വിളിക്കുന്ന ഭാഷാജീൻ, അതിന്റെ മറ്റു അനുബന്ധ ജീനുകൾ, മിറർ ന്യൂറോണുകൾ എന്നിവയെല്ലാം ചേർന്നാണ് ഹോമോസാപിയനുകളിൽ ഈ ഭാഷാസിദ്ധി കൈവന്നതത്രേ. ഈ മുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനില്ക്കാനാവാതെയത്രേ പ്രധാനമായും നിയാണ്ടർത്താലുകൾ തിരോഭവിച്ചത്. 

ഇനിയുള്ള പേജുകൾ അധികവും 'ഞാനാവുന്ന കാല'ത്തെപ്പറ്റിയാണ്. ഈ പുസ്തകത്തിലെ ഏറ്റവും കൂടുതൽ പേജുകൾ അദ്ദേഹം നീക്കിവെച്ചിരിക്കുന്നത് - 224 പേജുകൾ - ഞാനാവുന്നകാലത്തെപ്പറ്റി പറയാനാണ്.

ഞാൻ ഞാനാവുന്നത്‌ ഭാഷയിലൂടെയാണോ? അതോ യഥാർത്ഥ

ഞാൻ - അങ്ങനെയൊരു ഞാൻ ഉണ്ടെങ്കിൽ - അത്ര തന്നെ യഥാർത്ഥമല്ലാത്ത, തോന്നൽ മാത്രമായ, ഒരു ഞാനിലേക്ക് ഇടകലർന്നില്ലതാവുന്നതോ? ഭാഷയിലൂടെയാണ്, പ്രധാനമായും മസ്തിഷ്ക പരിണാമത്തിന്റെ അതിപ്രധാനമായ അടുത്ത ഘട്ടം ആരംഭിക്കുന്നതെങ്കിൽ...ഒരുപക്ഷേ അപ്പോഴാകും നാം പൊതുവെ മനസ്സ് എന്ന് വിളിക്കുന്ന epiphenomenon സംജാതമായത്. സ്മൃതിക്ക്‌ ചുറ്റും ഓർമ്മകൾ എന്ന കടന്നൽകൂട്ടം നേർത്ത ഒരു മുഖപടം പോലെ…

എഴുത്തിനിടയിൽ സ്വാഭാവികമായി വന്നുപോയതാണെങ്കിലും, 'കേദാർനാഥിലെ കാക്കകൾ' എന്ന യാത്രാ  പുസ്തകത്തിൽ ഒരിടത്ത് ‘the non-existent I’ എന്ന് പ്രയോഗിച്ചുപോയതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്, ഇന്നും. മറ്റൊരു സന്തോഷം കൂടിയുണ്ട് - ആ കൊച്ചു പുസ്തകം അടുത്തുതന്നെ ഇംഗ്ലീഷിൽ ഇറങ്ങാൻ പോകുന്നു എന്നത്.

'ഞാനാവുന്ന കാലം' എന്ന് വായിക്കുമ്പോഴൊക്കെയും നിശ്ശബദ്ധമായി ഓർക്കും - (ഇല്ലാത്ത) ഞാൻ ആവുന്ന കാലം. 




No comments:

Post a Comment