Osho wings Osho waves

Featured Post

Tuesday, September 29, 2020

ആത്മീയത എന്ന നുണ

                                              



'പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കഥകളെക്കൊണ്ടാണ്; ആറ്റങ്ങളെക്കൊണ്ടല്ല.' എന്ന പ്രസ്താവനയെ (Muriel Rukeyser-അമേരിക്കൻ കവയിത്രി) കുറച്ചു കൂടി ആത്മാർത്ഥമായി

പരിശോധിച്ചാൽ ഇങ്ങനെ മാറ്റിപ്പറയേണ്ടിവരും, '(നാം നമ്മുടെ) പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് നുണകളെക്കൊണ്ടാണ്; സത്യത്താലല്ല.' ഓർക്കുക, യഥാർത്ഥ പ്രപഞ്ചം എന്നൊന്നില്ല. 'നമ്മുടെ പ്രപഞ്ചം' മാത്രമേയുള്ളൂ. 'നാം', 'ഞാൻ' എന്നിടത്തുനിന്നാണ് നമ്മുടെ പ്രപഞ്ചസൃഷ്ടി തുടങ്ങുന്നതു തന്നെ. ഈ ഞാൻ തന്നെയാണ് 'സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും'. പക്ഷേ കുഴപ്പമാരംഭിക്കുന്നത് എവിടെനിന്നെന്നുവെച്ചാൽ, ഈ 'ഞാൻ' ഒരു വലിയ നുണയാണെന്നതാണ്.


ഒരു പക്ഷേ പ്രജ്ഞ, അവബോധം (awareness) എന്ന നിലയിലേക്ക് പരിണമിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ നുണ കൂടുതൽ വേരൂന്നുകയുണ്ടായെങ്കിലും, അപ്പോൾ മുതൽ തന്നെ ഇത് വെറും നുണയാണോ അല്ലയോ എന്ന സംശയവും ഉണ്ടായിവന്നു എന്നുവേണം മനസ്സിലാക്കാൻ. മനുഷ്യൻ നടത്തിയിട്ടുള്ള ഏതൊരു സർഗാത്മക പ്രവൃത്തിയും ആത്യന്തികമായി ഞാൻ എന്ന നുണയുടെ മേലുള്ള സംശയമുന്നയിക്കലായിരുന്നു. എന്തുകൊണ്ടെന്നാൽ, അതുവരേക്കുമുള്ള 'ഞാനി'ന്റെ മുകളിൽ കയറിനിന്നുകൊണ്ടാണ് ഏതൊരു സർഗാത്മക പ്രവർത്തിയും സംഭവിച്ചിട്ടുള്ളത്, സംഭവിക്കുന്നത്.


ആ സംശയത്തിന്റെ ചിഹ്നങ്ങളാണ് ഉപനിഷത്തിലെ 'നേതി നേതി' കൾ മുതൽ ഉള്ളിയടർത്തുന്നതിന്റെ ഉപമകൾ വരെ. (കുട്ടികൾക്ക് വേണ്ടിയുണ്ടാക്കിയതാണെങ്കിലും എന്നെ സംബന്ധിച്ച് ഈ കടങ്കഥ ഏറെ ഹൃദ്യവും അർത്ഥവത്തുമാണ്: അകത്താരാ അകത്താരാ,

അടുക്കളേലമ്മിണിക്കുട്ടി. ആയിരം അറതുറന്നകത്തെത്തിനോക്കീപ്പോ, 

അറയില്ല മറയില്ല, ആളുമില്ല).


ഉണ്ടെന്നു തോന്നുന്ന ഞാൻ, നിരവധി തലങ്ങളിലുള്ള ശരീര- മനോ വ്യാപാരങ്ങളുടെ ഫലമായുണ്ടാവുന്ന ഒരു പ്രതീതി മാത്രമാണ് എന്ന് മനസ്സിലാക്കപ്പെടുന്നു. ആധുനികരായ ന്യൂറോളജിസ്റ്റുകളാവട്ടെ പണ്ടുമുതല്ക്കുള്ള സത്യാന്വേഷകരാവട്ടെ, എല്ലാവരും ഈ ഒരു കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്- ഞാൻ എന്നുള്ളത് ഒരു പ്രതീതി മാത്രമാണ്; അത് 'ഇല്ലാത്ത ഞാൻ ' (non-existent I) ആണ് എന്ന കാര്യത്തിൽ. 


ന്യൂറോളജിസ്റ്റുകൾ 'ഞാൻ' എന്ന തോന്നലിനെ ആദ്യം മസ്തിഷ്ക്കത്തിലേക്കു ചുരുക്കുന്നു. പിന്നെ മസ്തിഷ്‌കത്തിൽ തന്നെ ചെറിയ ഒരു ഭാഗത്തേക്ക്. അതിനുശേഷം ആ കുഞ്ഞു പ്രദേശം, മൊത്തം നാഡീ-മനോ -ശരീര വ്യവസ്ഥയുമായി ഏതെല്ലാം തരത്തിൽ ഇടപെടലുകൾ നടത്തുന്നുവെന്നും അങ്ങനെയാണ് ഞാൻ എന്ന പ്രതീതി ജനിക്കുന്നതെന്നുമൊക്കെ കണ്ടെത്തി സമാധാനിക്കുകയാണ് ഒരു ന്യൂറോളജിസ്റ്റ്. അതേസമയം സത്യാന്വേഷിയെന്നു വിചാരിച്ചു നടക്കുന്നവരാകട്ടെ നിർവാണാഷ്ടകത്തിലേതുപോലെ (ശങ്കരൻ), ' ഞാൻ മനസ്സോ ബുദ്ധിയോ അഹങ്കാരമോ ചിത്തമോ ഒന്നുമല്ല; ഞാൻ കണ്ണ് മൂക്ക് തുടങ്ങിയ അഞ്ച് ഇന്ദ്രിയങ്ങളുമല്ല; ഞാൻ ഭൂമി  വായു തുടങ്ങിയ അഞ്ചു ധാതുക്കളുമല്ല ' എന്നിങ്ങനെ വകഞ്ഞു വകഞ്ഞ് അവസാനം ഞാൻ ശുദ്ധ ബോധമാണ് എന്ന് ഉപസംഹരിച്ചുകളയുന്നു. ഞാൻ വിചാരിക്കുന്നില്ല നിർവാണാഷ്ടകം ചൊല്ലിയപ്പോൾ ശങ്കരൻ അതവിടെ ഉപസംഹരിച്ചുവെന്ന്. എന്നാൽ അതിനെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവർ കേവലം വാചികമായ, ആശയതലത്തിലുള്ള ഉപസംഹാരമാണ് നടത്തുന്നത്; ശാസ്ത്രജ്ഞരായാലും സ്ഥിതിയിതുതന്നെ. ഉപസംഹാരങ്ങൾ എല്ലായ്പ്പോഴും നുണയായി ഭവിക്കുന്നത് കേവലം പ്രയോഗസമർത്ഥ്യത്തിലെ പോരായ്മകളെക്കൊണ്ടല്ല, ആത്യന്തികമായുള്ള വൈരുധ്യത്തെക്കൊണ്ടാണ്. കേവല വർത്തമാനം - the eternal present - മാത്രമായിരിക്കുന്ന ഈ അസ്തിത്വത്തിൽ ഉപസംഹാരമെന്നത് അസാധ്യമാണ്. എന്നാൽ പ്രയോഗികതയിലാകട്ടെ അതിന് താല്ക്കാലികമായി അതീവ പ്രാധാന്യമുണ്ട് താനും.


ഞാൻ എന്നത് ഒരു ഉപസംഹാരമാണ്. പ്രായോഗികമായിട്ടുള്ള ഒരു സൗകര്യം മാത്രമാണത് (fact but not the truth). ആ അർത്ഥത്തിൽ അത് അനിവാര്യവുമാണ്‌. എന്നാൽ പ്രായോഗികതയിൽ - ജൈവികമായുള്ള അതിജീവനം എന്ന് മനസ്സിലാക്കുക - ഊന്നിക്കൊണ്ടുള്ള ഒരു വ്യവസ്ഥയിൽ ഞാൻ എന്നതിനെ ആത്യന്തിക യാഥാർഥ്യമായി തോന്നാനുള്ള സാധ്യതയാണ് മുന്തി നില്ക്കുന്നത്. പ്രതീതിക്കാണ് പ്രാമുഖ്യം. ഈ പ്രഹേളികയെയാണ് സെൻ ഗുരുവായിരുന്ന Ikkyu ഇങ്ങനെ പ്രകാശിപ്പിച്ചത്:  

   

only one koan matters 

                            - you.


ഉപസംഹാരത്തിനു വഴങ്ങാത്ത - അതിരുകളില്ലാത്ത - ഒന്നിനെ വെട്ടി മുറിച്ച്‌, അതിനെ 'ഞാൻ നീ' അല്ലെങ്കിൽ 'അത് ഇത് ' അതുമല്ലെങ്കിൽ 'അകം പുറം' എന്നിങ്ങനെ രണ്ടാക്കി ഉപസംഹരിക്കുന്ന പ്രഹേളിക തന്നെയായിരുന്നു ഹരിനാമകീർത്തനകാരന്റെ 'രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ട'ലും. ആ വഴിക്കു നോക്കിയാൽ നാം ഉണ്ടാക്കിയെടുത്തിട്ടുള്ള എല്ലാ നാമങ്ങളും (nouns) മേല്പറഞ്ഞ ഇണ്ടലിനെ വർധിപ്പിക്കുന്നതാണ്. ഏതൊരു നാമവും ഒരു പ്രതിഭാസത്തെ അതിന്റെ ക്രിയാത്മകമായ അസ്തിത്വത്തിൽ നിന്നും അടർത്തിമാറ്റി വ്യാജമായ (virtual) ഒരു ഉണ്മക്ക് ഇടം കൊടുക്കുന്നു. നാം പിന്നെ പിന്തുടരുക ആ വ്യാജ പതിപ്പിനെയാണ്. ഓഷോ അതുകൊണ്ടാണ് ഓർമ്മപ്പെടുത്തുന്നത് ഒരു വൃക്ഷത്തെ tree എന്നല്ല വിളിക്കേണ്ടത്, treeing എന്നായിരിക്കണമെന്ന്. ഒരു പുഴയെ river എന്നല്ല, rivering എന്നായിരിക്കണമെന്ന്. 

എല്ലാ നാമങ്ങളും കൂടുതൽ അടുത്തുനിൽക്കുന്നത് നുണയോടാണ്.


ഞാൻ എന്ന് ഒരാൾ വ്യവഹരിക്കാൻ തുടങ്ങുന്നത് ഏതു പ്രതീതിയാലാണോ, അതേ പ്രതീതികൊണ്ടുതന്നെയാണ് ഒരു വസ്തുവിൽ, ഒരു ജീവിയിൽ, അതിന്റെ  വൈയക്തികമായ നിലനിൽപ്പിന് ഒരു കേന്ദ്രമുണ്ടെന്ന് തീർപ്പു കല്പിക്കുന്നതും ആ കേന്ദ്രത്തെ ആത്മാവ് എന്ന് വിളിക്കുന്നതും. നമ്മുടെ വ്യവഹാരത്തിൽ വരുന്ന സകലതിനും സംശയമേതും കൂടാതെ നാം ഒരാത്മാവിനെ സംഭാവന ചെയ്യുന്നു. അങ്ങനെയാണ് ഇക്കാണുന്ന പ്രപഞ്ചത്തിനും ഒരാത്മാവുണ്ട്, ഒരു നാഥനുണ്ട് എന്നൊക്കെ വിചാരിച്ചു സമാധാനിക്കുന്നത്.





ആത്മാവ് എന്നൊന്ന് ഉണ്ടോ ഇല്ലയോ എന്നത് തികച്ചും വ്യത്യസ്‌തമായ ഒരു വിഷയമാണ്. ഇവിടെ അത് നുണയായിരിക്കുന്നത് ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കൽപ്പിച്ചു എന്നതുകൊണ്ടല്ല; അറിയാത്ത ഒന്നിനെ അറിയുന്നതായി ഭാവിക്കുന്നു എന്നതിനാലാണ്. ആ നുണയുടെ പുറത്താണ് ബാക്കിയുള്ളതെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ആത്മാവ് പരിശുദ്ധമാണ്, ആത്മാവ് നശിക്കുന്നില്ല,  അനേകം ആത്മാവുകളെ കവർന്നു നില്ക്കുന്ന ഒരു പരമാത്മാവുണ്ട്, ആ പരമാത്മാവുമായി വിലയിക്കലാണ് ഓരോ ആത്മാവിന്റെയും ലക്‌ഷ്യം, ആത്മാവ് മാത്രമാണ് സത്യം, ബാക്കിയെല്ലാം നുണയാണ്, സത്യത്തെ കണ്ടെത്താൻ വേണ്ടിയാണ് നാം ജനിച്ചിരിക്കുന്നത് എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര നുണകൾ നാം പണിതുകൂട്ടിയിട്ടുണ്ട്. അതിനു ശേഷം, ആ ആത്മാവിനെ പരമാത്മാവിൽ എങ്ങനെ വിലയിപ്പിക്കാം, എങ്ങനെ ദൈവത്തെ കണ്ടെത്താം, അതിനുള്ള മാർഗ്ഗ നിർദേശങ്ങൾ, അത്തരം മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കികൊണ്ട് മതങ്ങൾ, പിന്നെ അവയെ പ്രചരിപ്പിക്കാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനുമായുള്ള പുരോഹിത സന്നാഹങ്ങൾ, പിന്നെ അതുപോലുള്ള മറ്റു നുണകളുമായുള്ള വിയോജിപ്പുകളും വൈരങ്ങളും പോരാട്ടങ്ങളും…... നുണകൾ വൈറസ്സുകളെപ്പോലെ എല്ലായ്പ്പോഴും പെരുകിക്കൊണ്ടേയിരിക്കുന്നു. വലിയൊരളവിൽ നമ്മുടെ ചരിത്രമെന്നത് നുണകളുടെ ചരിത്രമാണ്; ആ ചരിത്രം തന്നെയും വലിയൊരളവിൽ നുണയുമാണ്!


വിശാലമായ അർത്ഥത്തിൽ ആത്മ സംബന്ധിയായ അന്വേഷണാദി ചെയ്തികളെയെല്ലാം (നുണയെ അടിസ്ഥാനമാക്കി നാം മെനഞ്ഞെടുത്ത ചെയ്തികൾ) ചേർത്ത് നാം ആത്മീയത എന്ന് പറഞ്ഞു പോരുന്നു. ആത്മീയത എല്ലായ്പ്പോഴും വളരെ ജാഗരൂകമാണ്, അതൊരിക്കലും നുണയാണെന്ന് തെളിയിക്കപ്പെടാതിരിക്കാൻ വേണ്ടി. അതുകൊണ്ടുതന്നെ , സ്നേഹം, നന്മ, ഭൂതദയ, സമഭാവന, പരോപകാരം, മതേതരത്വം തുടങ്ങി എല്ലാവിധ പൈങ്കിളി മൂല്യങ്ങളേയും ചേർത്തുപിടിച്ചുകൊണ്ട് അത് സത്യത്തിന്റെ മേക്കപ്പിട്ടു നില്ക്കും. ആത്മീയത എന്ന നുണ മറ്റു പരശ്ശതം നുണകളെ ജനിപ്പിക്കും. അതിന് സ്വസ്ഥമായി അടങ്ങിയിരിക്കാനാവില്ല. അതെല്ലായ്‌പ്പോഴും മത്സരത്തിലും പോരാട്ടത്തിലുമാണ്. അതെല്ലായ്‌പ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത് വിജയത്തെപ്പറ്റിയാണ്. പക്ഷേ ഉള്ളിനുള്ളിൽ നുണയാണെന്നുള്ള മിന്നൊളി നമ്മെക്കൊണ്ട് പറയിക്കുക 'സത്യമേവ ജയതേ' എന്നാണ്. ജയാപജയങ്ങളുടെ ലോകത്ത് സത്യത്തിനെന്തു കാര്യം?


'FROM PERSONALITY TO INDIVIDUALITY' എന്ന പുസ്തകത്തിൽ ഓഷോ മനോഹരമായ ഒരു കഥ പങ്കുവെക്കുന്നുണ്ട്:

സത്യത്തേയും നുണയേയും ഒരുമിച്ച് ഭൂമിയിലേക്കയച്ച ദിവസം, അവർ അവരുടെ ആദ്യരാത്രി ആഘോഷിക്കുകയായിരുന്നു. പക്ഷേ സത്യത്തെ കണ്ടതും നുണ വല്ലാതെ അമ്പരന്നുപോയി. എന്തെന്നാൽ അവൾക്ക് (നുണക്ക്) കാലുകൾ ഇല്ലായിരുന്നു. അവൾ എന്ത് ചെയ്തെന്നു വച്ചാൽ, സത്യം നല്ല ഉറക്കത്തിലായ നേരത്ത്, സത്യത്തിന്റെ രണ്ടു കാലുകളും മുറിച്ചെടുത്തുകൊണ്ട് ഓടിമറഞ്ഞു.

അന്നുമുതൽ, മോഷ്ടിച്ചെടുത്ത കാലുകളിൽ നുണ ഓടിക്കൊണ്ടിരിക്കുകയാണത്രേ. സത്യമാകട്ടെ, അവന്റെ മോഷണം പോയ കാലുകൾക്കുവേണ്ടി നുണയുടെ പിന്നാലെ ഓടാൻ ശ്രമിക്കുന്നു. കാലുകൾ നഷ്ടപ്പെട്ട  അവനു പക്ഷേ നുണയെ എങ്ങനെ കണ്ടെത്തി പിടിക്കാനാവും?


സത്യം, എത്ര വലിയ സത്യമായാലും നിസ്സഹായനാണ്. നുണയാകട്ടെ, നുണയായിരുന്നിട്ടും വലിയ ശക്തിശാലിയാണെന്ന് വിചാരിക്കുന്നു. ഓഷോ പറയുന്നു, 'ഞാൻ വിചാരിക്കുന്നില്ല സത്യത്തിന് അതിന്റെ കാലുകൾ എന്നെങ്കിലും മടക്കികിട്ടുമെന്ന്. ഒന്നാമതായി, അവൻ എങ്ങനെയാണ് നുണയെ പിടിക്കാൻ പോകുന്നത്? നുണ അവനേക്കാൾ എത്രയോ മുൻപിലാണ്!’. 


നമ്മുടെ ജീവിതത്തെ മൊത്തമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം തന്നെ ഉണ്ടാക്കിയെടുത്ത നുണകളാണ്. ഒരുതരം 'back seat driving' ആണത്. സ്റ്റീയറിങ് നമ്മുടെ കയ്യിലാവാം, പക്ഷേ പോകേണ്ട വഴികൾ നിശ്ചയിച്ചിരിക്കുന്നത് പിൻസീറ്റിലിരിക്കുന്നയാളാണ്. 


ആത്മീയത നുണയായിരിക്കുന്നത് പിൻസീറ്റിലിരിക്കുന്ന മറ്റു ചില ധാരണകൾ അതിനെ നിയന്ത്രിക്കുന്നു എന്നതിനാലാണ്. നാം നമ്മിൽ നിന്നുതന്നെ വ്യത്യസ്തമായ ഒരു ജീവിതം ജീവിക്കാൻ ശ്രമിക്കുന്നു. നമ്മുടെ തോന്നലുകൾ ആദ്യമേതന്നെ ശരിയെന്നും തെറ്റെന്നും നല്ലതെന്നും ചീത്തയെന്നും ഭൗതികമെന്നും ദൈവികമെന്നുമെല്ലാം നാം ലേബലിട്ടു വെച്ചിരിക്കുന്നു. നമ്മുടെ ദൈനം ദിനചെയ്തികളെ പിന്നെ നാം ആ ലേബലുകളുമായി ഒത്തുനോക്കുന്നു. അടുത്ത ശ്രമം അതിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനാണ്. അത് എങ്ങനെ പരിഹരിക്കാം എന്നതിനും മുൻകൂട്ടി വെച്ചിട്ടുള്ള മാർഗങ്ങളുണ്ട്. അവ നിർദ്ദേശിക്കാനും ഉപദേശിക്കാനുമെല്ലാം വിശുദ്ധഗ്രന്ഥങ്ങളേയോ ആചാര്യന്മാരെയോ നേതാക്കളേയോ നാം തന്നെ അനുവദിച്ചുകൊടുത്തിട്ടുണ്ട്. നമുക്ക് ഉപദേശം ലഭിക്കുന്നു നാം ജീവിക്കേണ്ടത് വിശേഷപ്പെട്ട ചില കർമ്മങ്ങൾ ചെയ്തുകൊണ്ടാണെന്ന്. നമുക്ക് ഉപദേശം ലഭിക്കുന്നു നമുക്ക് സമാധാനമില്ലാത്തത് നാം ചില തെറ്റുകൾ ചെയ്തുപോയതുകൊണ്ടാണെന്ന്. ഇനി പറയത്തക്ക തെറ്റുകൾ കണ്ടെത്താനായില്ലെങ്കിൽ കൂടി നാം പരസ്പരം പറ്റിക്കാനായി കടമെടുത്തിട്ടുള്ള മറ്റൊരു ആശയമുണ്ട്- അഹന്ത. മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ കുറ്റബോധം ഏറ്റവും എളുപ്പം ഫലിക്കാനുള്ള ഒറ്റമൂലിയാണ് അഹന്ത. അവബോധപരമായി തീരെ താഴേക്കിടയിലുള്ളവരിൽ പാപബോധമായിരുന്നുവെങ്കിൽ, സംസ്കാരസമ്പന്നർക്കിടയിൽ അത് അഹന്തയാണ്. (ഞാൻ, ആത്മാവ് എന്നീ പ്രതീതികളുടെ ഒരു വികലമായ പതിപ്പുമാത്രമാണ് അഹന്തയും. നാം പക്ഷേ അവയെ സത്യമായെണ്ണുന്നു.)

നമ്മിൽ കുറ്റബോധത്തിന്റെ വിത്തുകൾ വേഗത്തിൽ മുളയെടുത്ത് പടർന്നുപന്തലിക്കുകയായി. പിന്നെ അതിനെ പലിശ സഹിതം മറികടക്കാനായി നാം പരോപകാരം, സേവനം, കാരുണ്യം എന്നീ മൂല്യങ്ങളെ അനുകരിക്കുകയായി. വെറും അനുകരണമെന്നതുകൊണ്ടു തന്നെ അവയും ഫലത്തിൽ നുണയാണ്. ഉള്ളിനുള്ളിൽ നമുക്കറിയാം പുറമെ  നാം കാരുണ്യം പൊഴിക്കുകയാണെങ്കിലും അകത്ത് ദേഷ്യവും അസംതൃപ്തികളും സംശയങ്ങളും തിളക്കകുകയാണെന്ന്. അപ്പോൾ പിന്നെ അവയെ അമർത്തിവെക്കുവാൻ പ്രാർത്ഥനകളായി, ജപങ്ങളായി, ഗ്രന്ഥപാരായണങ്ങളായി ....  നുണകൾ നമ്മെ അന്വേഷണമെന്ന ഒരു വലിയ പ്രഹേളികയിലേക്ക് തള്ളിവിടുന്നു. നുണയെ സംബന്ധിച്ച് ഇവയെല്ലാം അതിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്.


ഇത്രയും പറയുമ്പോൾ സ്വാഭാവികമായും നമ്മിലുണരുന്ന ഒരു സംശയമുണ്ട്- ഇക്കാലമത്രയും മനുഷ്യൻ ഉണ്ടാക്കിയെടുത്തിട്ടുള്ള ശാസ്ത്രവും കലയും കവിതയും മറ്റു തലങ്ങളിലുള്ള അനേകം ഉൾക്കാഴ്ചകളും അനേകം കൃതികളും ആത്മീയ അറിവുകളും  ....സകലതും നുണയാണോ? അവ ഫലശൂന്യമാണോ?


ഓഷോ പറഞ്ഞ ആ കഥയുടെ അനുബന്ധമായി അദ്ദേഹം ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നുണ്ട്: ഏതൊരു നുണയിലും സത്യത്തിന്റെ എന്തെങ്കിലുമൊരംശം ഉണ്ടാവാതിരിക്കില്ല. ഈ കഥയുടെ കാര്യത്തിലാണെങ്കിൽ,  നുണയുടെ കാലുകൾ സത്യത്തിന്റേതാണ്! മനുഷ്യരാശി ഉണ്ടാക്കിയെടുത്തു എന്നു നാം പറയുന്ന ഈ ജ്ഞാനസമ്പത്തെല്ലാം മോഷ്ടിച്ചെടുത്ത സത്യത്തിന്റെ കാലുകളാണ്. അവയെ ഉപയോഗപ്പെടുത്തണമെങ്കിൽ ആ കാലുകൾ നമ്മുടേതല്ലെന്നറിഞ്ഞുകൊണ്ട് അവയെ സത്യത്തിനു തിരിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അവയെ അപ്പാടെ നിരാകരിച്ചുകൊണ്ട് നാം മറ്റു ചില നുണകളിൽ അകപ്പെടേണ്ടതില്ല.


നാം കട്ടെടുത്തിട്ടുള്ള ഈ കാലുകളത്രയും, ഈ ജ്ഞാന സാഗരമത്രയും, knowledge ആണ്. അവ നമ്മുടെ 'knowing' ആകുന്നില്ല. നമ്മുടെ സ്വന്തം knowing ആകാത്തേടത്തോളം ഫലത്തിൽ അവ നുണതന്നെയാണ്, ഫലശൂന്യമാണ്‌.

അപ്പോൾ നാമിനി എന്താണ് ചെയ്യേണ്ടത്? 

കട തുറക്കുമ്പോൾ, ആദ്യമായി ഡിജിറ്റൽ വെയിങ് മെഷീനുകളിൽ 'zero calibration' ഉറപ്പു വരുത്തുന്നതുപോലെ, ഇടക്കൊക്കെ നമുക്ക് നമ്മുടെ സിസ്റ്റത്തേയും കാലിബ്രേറ്റ് ചെയ്യാവുന്നതാണ്. അതിനു പക്ഷേ വീണ്ടും യാതൊന്നും പുറമെ നിന്നും കടം കൊണ്ടേക്കരുത്. ആ കാലിബ്രേഷൻ നടത്തേണ്ടത് സത്യസന്ധതയെന്ന സഹജാവബോധം കൊണ്ടായിരിക്കണം - simple common sense.


ആ സഹജാവബോധം പ്രയോഗിക്കപ്പെടുമ്പോഴാണ് നാം കരുതലോടെ പൊതിഞ്ഞുകെട്ടി വെച്ചിട്ടുള്ള നുണയുടെ ഉള്ളിത്തോലുകൾ ഓരോരോ പാളികളായി അടർന്നുവീഴാൻ തുടങ്ങുക. അപ്പോഴാണ്‌, നാം നമ്മിലുള്ള സകലതിനേയും അതേപടി അംഗീകരിക്കാൻ തുടങ്ങുക- കോപത്തേയും കാപട്യത്തേയും അത്യാഗ്രഹത്തെയും അഹന്തയേയും അക്രമവാസനയെയും അഭിലാഷങ്ങളേയും ആസക്തികളെയുമെല്ലാം. സഹജമായി ജീവിക്കാൻ തുടങ്ങുമ്പോഴാണ് ജീവിത സന്ദർഭങ്ങളിൽ നാം സത്യസന്ധമായി പങ്കുചേരാൻ തുടങ്ങുക. അപ്പോൾ വീണ്ടും വീണ്ടും നമ്മിലെ നുണകളുടെ കട്ടിപിടിച്ച ആവരണങ്ങളെപ്പറ്റി നാം കൂടുതൽ കൂടുതൽ ബോധവാനാവുകയും അവയെ അനായാസം പൊളിഞ്ഞുപോകാൻ അനുവദിക്കുകയും ചെയ്യും. പൊളിയുടെ പാളികളെല്ലാം ഓരോന്നായി അടർന്നുപോയിപ്പോയി അവസാനം കണ്ടെത്താനായി ആരുമുണ്ടാവില്ലത്രേ. 'I AM' എന്നതിലെ 'amness' മാത്രം അവശേഷിച്ചേക്കാമത്രേ!.


നമുക്ക് ഏറെ പരിചിതമായിട്ടുള്ള പദങ്ങളെക്കൊണ്ടുതന്നെ ഈ സമീപനത്തെ ഒരു പേരിട്ടുവിളിക്കണമെങ്കിൽ, അങ്ങനെ നിർബന്ധമെങ്കിൽ മാത്രം, ഇതിനെയാണ് ആത്മീയമായി ജീവിക്കുക എന്ന് പറയുക; ആത്മീയതയിൽ ജീവിക്കലല്ല. (ഓർമ്മപ്പെടുത്തട്ടെ, ഒരു നുണയെ തുണ്ടം തുണ്ടമാക്കി അതിൽ ചില തുണ്ടം സത്യമാണ് എന്ന് പറയുന്നതുപോലെയാണ് മതാതീത ആത്മീയത, നവ ആത്മീയത, സ്ത്രൈണ ആത്മീയത, പൗരസ്ത്യ ആത്മീയത, ഇടതുപക്ഷ ആത്മീയത എന്നീ ആധുനിക പ്രയോഗങ്ങൾ. ഇവയെല്ലാം തന്നെ വെറും സാമൂഹികതയിൽ മുങ്ങി നില്ക്കുന്നവയാണ്. എത്രതന്നെ വൈയക്തികമെന്നു- individual - തോന്നിക്കുന്ന പദപ്രയോഗങ്ങൾ നടത്തിയാലും അവയൊന്നും തന്നെ സമൂഹമെന്ന പ്രഥമ കെട്ടുപാടുകളിൽ നിന്നും വിടുതൽ നേടിയിട്ടില്ല.) സത്യസന്ധമായി - തന്നോടുതന്നെ - ജീവിക്കുക എന്ന് മാത്രമേ അതിനർത്ഥമുള്ളൂ. ആത്മീയത എന്നത് സമൂഹം കല്പിച്ചുവെച്ചിട്ടുള്ള ഒരു കൂട്ടം നിർവ്വചനങ്ങളാണ്. ആത്മീയമായി ജീവിക്കലാകട്ടെ, അതാത് നിമിഷത്തെ മുൻ നിർത്തിക്കൊണ്ടുള്ള ഒരാളുടെ പ്രതികരണങ്ങളാണ്. ആത്മീയത ഒരാൾക്ക് മൃതമായിട്ടുള്ള സുരക്ഷിതത്വം നല്കുന്നുവെങ്കിൽ, സത്യസന്ധമായ ജീവിതം സാഹസികതകൾ നിറഞ്ഞതാണ്. അതിന്റെ പൂർണ്ണമായുള്ള ഉത്തരവാദിത്തം തന്നിൽ മാത്രം നിക്ഷിപ്തമാണ്.


പൂർണ്ണമായ ഉത്തരവാദിത്തത്തിന്റെ ഏതൊരു നിമിഷവും നമുക്ക് പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ മഹാകാശം സമ്മാനിക്കുന്നു. അപ്പോഴാണ് നാമറിയുക, എണ്ണമറ്റ പ്രതീതികളിൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു എന്നതുപോലും നമ്മുടെ മറ്റൊരു പ്രതീതിയായിരുന്നെന്ന്. സ്വാഭാവികമായും നമുക്ക് തോന്നാവുന്ന മറ്റൊരു സംഗതിയുണ്ട്: ഇവിടെ പരാമർശിക്കപ്പെടുന്ന ഈ പ്രതീതികൾ, ഇല്യൂഷൻസ്, മിഥ്യാവബോധങ്ങൾ, നുണകൾ ഇവയൊക്കെ ഒരാളുടെ ജീവിതത്തിൽ സ്വയമേ സംഭവിച്ചുപോകുന്നവയല്ലേ? അതിനയാളെ കുറ്റപ്പെടുത്താനൊക്കുമോ?


തീർച്ചയായും അയാളെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, അയാൾക്ക് അയാളെത്തന്നെ ന്യായീകരിക്കാനാവില്ല. വളർച്ച എന്നതുതന്നെ അർത്ഥമാക്കുന്നത് മിഥ്യാപടലങ്ങളെ മറികടക്കുക എന്നതാണ്. സംവേദനത്വം ഒരുക്കുന്ന അതേ ഇന്ദ്രിയങ്ങളാണ് മിഥ്യാബോധവും സൃഷ്ടിക്കുന്നതെന്നിരിക്കെ, എല്ലാ ഇന്ദ്രിയങ്ങളുടേയും സംവേദനങ്ങൾ ഏകോപിക്കപ്പെടുമ്പോൾ, തീർത്തും വ്യത്യസ്തമായ ഒരു ഗ്രാഹ്യം സംഭവിക്കുന്നു. പക്ഷേ  ഈ ഗ്രാഹ്യത്തിന് ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്ന് പങ്കുചേരുക- participation- എന്നതാണ്. ഇതിനെ മറ്റൊരു രീതിയിൽ 'encountering oneself' എന്നും പറയാം. എല്ലാ രജ്ജു സർപ്പ വിഭ്രാന്തികളും സമീപസ്ഥമായ എൻകൗണ്ടറിങ്ങിലൂടെ മാഞ്ഞുപോകുന്നു. കേവലം ഇന്ദ്രിയചോദനകളിൽ ഒതുങ്ങിനില്ക്കാത്ത സങ്കീർണ്ണമായ മാനങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ multi-dimensional ആയിട്ടുള്ള participation ജീവിതം ആവശ്യപ്പെടുന്നുണ്ട്; total. ബാഹ്യമായ ചുറ്റുപാടുകളും സമൂഹവും അയാളെ പിടിച്ചുവെക്കാൻ ശ്രമിക്കുന്നതും നിയന്ത്രിക്കുന്നതും വഴിതെറ്റിക്കുന്നതുമെല്ലാം ജീവിതത്തിനോടുള്ള സമ്പൂർണ്ണമായ പങ്കുചേരലിനെയാണ്. എന്നിട്ടും പക്ഷേ ഉത്തരവാദിത്തം അയാളുടേത് മാത്രമാണ്. എന്തുകൊണ്ടെന്നാൽ ആത്യന്തികമായി ഈ പങ്കുചേരലും സ്വതന്ത്രനാവലുമെല്ലാം ഉള്ളിനുള്ളിൽ നടക്കേണ്ടവയാണ്. ‘I celebrate myself’ എന്ന് നമുക്കുവേണ്ടി മറ്റൊരാൾക്ക് പറയാനാവില്ലല്ലോ.


നാം ഒരിക്കലും സ്വതന്ത്രരല്ലാതിരുന്നിട്ടില്ല. ആനന്ദമെന്ന അവസ്ഥ നമ്മിൽ നിന്നും ഒരിക്കലും മാറിനിന്നിട്ടില്ല, അസ്തിത്വപരമായി അത് സാധ്യവുമല്ല. നമ്മുടെ ഈ അന്വേഷണവും സാധനകളുമെല്ലാം ഒരു തെറ്റിദ്ധാരണയുടെ, ഒരു നുണയുടെ പേരിൽ തുടങ്ങിപ്പോന്നവയായിരുന്നു. അതൊരു നുണയായിരുന്നെന്നും വെറും പ്രതീതിയായിരുന്നെന്നും തിരിച്ചറിയപ്പെടുന്ന നിമിഷം ഒരാൾ സ്വാതന്ത്ര്യത്തിന്റെ അപാരതയറിയുന്നു. ഉള്ളിന്റെയുള്ളിൽ നാമത് അറിയുന്നുണ്ട്; അതേപ്പറ്റി നാം ബോധവാന്മാരല്ലെന്നേയുള്ളൂ. (ഇതെഴുതുന്ന ആൾ അടക്കം.) അതറിയുന്ന ആ പ്രതിഭാസത്തെയാണ് നാം ജീവൻ എന്ന് വിളിച്ചുപോരുന്നത്. 


അതീവ സരളവും അതേസമയം അതിഗഹനവുമായ ഇത്തരം ഉൾക്കാഴ്ചകൾ സെന്നിലാണ് ഏറ്റവും മനോഹരമായി അവതരിപ്പിക്കപ്പെട്ടു കണ്ടിട്ടുള്ളത്. ഇത്തരം തിരിച്ചറിവുകളെ ത്വരിപ്പിക്കുന്നതിനായി ഗുരുക്കന്മാർ ചില തമാശകൾ ഉപയോഗപ്പെടുത്താറുണ്ട്. ചിലപ്പോളവ ‘കുലുമാല്’ പിടിച്ച ചോദ്യങ്ങളായിരിക്കും. അവയെയാണ് പൊതുവെ കൊവാനുകൾ (koan) എന്ന് വിളിക്കാറ്. 


ഒരിക്കൽ റികോ എന്ന ശിഷ്യൻ ഗുരു നാൻസനോട്, കുട്ടിത്താറാവിന്റെ കൊവാനെപ്പറ്റി പറയാനാവശ്യപ്പെട്ടു. ആ കൊവാൻ ഇങ്ങനെയായിരുന്നു: ഒരിക്കൽ ഒരാൾ ഒരു താറാക്കുഞ്ഞിനെ ഒരു കുപ്പിക്കുള്ളിലാക്കി. കുപ്പിയുടെ കഴുത്തിലൂടെ അതിനു ഭക്ഷണവും വെള്ളവും കൊടുത്തുകൊണ്ട് അതിനെ പാലിച്ചുപോന്നു. കുറേനാളുകൾക്കു ശേഷം താറാക്കുഞ്ഞു വളർന്നു വലുതായപ്പോൾ അതിനു പുറത്തേക്കിറങ്ങാൻ പറ്റാതായി. ചോദ്യമെന്തെന്നാൽ, കുപ്പിയെ പൊട്ടിക്കാതെയും താറാക്കുഞ്ഞിനെ കൊല്ലാതെയും അതിനെ എങ്ങനെ പുറത്തേക്കെടുക്കാം?


അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം നാൻസെൻ അലറിവിളിച്ചു, 'റികോ !'

റികോ പരിഭ്രമത്തോടെ തലയുയർത്തി നോക്കി.

നാൻസെൻ ഉച്ചത്തിൽ കയ്യടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു,' നോക്കൂ, താറാക്കുഞ്ഞ് പുറത്താണ് !'


താറാക്കുഞ്ഞ് കുപ്പിക്കകത്ത് അകപ്പെട്ടിരിക്കുകയാണെന്നും അതിനെ പുറത്തെടുക്കുക എന്നത് വളരെ വിഷമം പിടിച്ച പണിയാണെന്നുമുള്ള നമ്മുടെ തെറ്റിദ്ധാരണകളെ ഒരു സ്ഫടികപാത്രം പൊട്ടിച്ചുകളയുന്നത്ര ലാഘവത്തോടെയും പൊടുന്നനെയും ഉടച്ചുകളയുകയാണ് നാൻസെൻ. മനുഷ്യൻ കാലാകാലങ്ങളായി ചെയ്തുപോരുന്ന എല്ലാത്തരം ആത്മീയാഭ്യാസങ്ങളേയും മഹാവിഡ്ഢിത്തം എന്ന് വിളിക്കുന്ന മൂർച്ചയേറിയ സത്യസന്ധതയും സുതാര്യതയും ആ കൊവാനിലുണ്ട്. 'the goose is out' എന്ന പ്രയോഗം സെന്നിന്റെ ലോകത്തു മാത്രമല്ല, ജീവിതസംബന്ധിയായ എല്ലാ പ്രഹേളികകളേയും ധീരമായി അഭിമുഖീകരിക്കുന്നു.

ആത്യന്തികമായി ഒരാൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ഓഷോയുടെ ഉത്തരം ഇങ്ങനെയായിരുന്നു:


                                                         "just  be".

                                                                                                                    

                                                   


                                                                

                                                    







 















Sunday, September 13, 2020

ഉണർവിലേക്കുള്ള പടവുകൾ - 10

                                                            


   മനോദ്വന്ദ്വങ്ങൾ


പണത്തെ നിർവ്വചിക്കുമ്പോൾ പറയാറുള്ളത് 'money is what money does' എന്നാണ്. എന്താണ് മനസ്സ് എന്ന് ചോദിച്ചാലും അതുപോലെത്തന്നെ പറയേണ്ടിവരും - mind is what mind does. 'ഞാൻ' എന്ന തോന്നലിൽ തുടങ്ങി, ഈ ലോകം, ജീവിതം എന്നിങ്ങനെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്തും മനസ്സിലൂടെയാണ് സംഭവിക്കുന്നത്. നമ്മുടെ വിചാരങ്ങൾ, വികാരങ്ങൾ, പ്രതികരണങ്ങൾ, അനുഭൂതികൾ തുടങ്ങി 'ഞാൻ' എന്നതുപോലും നമ്മുടെ മനസ്സാണ് എന്നുവരെ തോന്നിപ്പോകാവുന്നത്ര ഇണങ്ങിച്ചേരലാണ് ആ പ്രതിഭാസവുമായി നമുക്ക് സംഭവിച്ചിരിക്കുന്നത്. ഈ ശരീരം പോലും മനസ്സിന്റെ ഒരു ഭാഗമായി, അതിനു പ്രവർത്തിക്കാനുള്ള ഒരു ചട്ടക്കൂട് എന്ന നിലയിലാണ് പൊതുവെ നാം പെരുമാറിപ്പോരുന്നത്; വാസ്തവം നേരെ തിരിച്ചാണെങ്കിലും. 


മനസ്സെന്നത് എന്താണെന്ന് കൃത്യമായി പറയാൻ ഒരാൾക്ക് സാധിച്ചെന്നു വരില്ല. എന്നാലും, മനസ്സ് അപരിചിതമായിട്ടുള്ള ആരും തന്നെയില്ല. മസ്തിഷ്ക്കമാണ് മനസ്സിന്റെ ഇരിപ്പിടം എന്ന് തോന്നിപ്പോയേക്കാമെങ്കിലും, നമ്മുടെ ശരീരവ്യവസ്ഥയിൽ ആകപ്പാടെ നിറഞ്ഞുനില്ക്കുന്ന മനസ്സെന്ന ഒരു വലിയ പ്രവർത്തന ശൃംഖലയുടെ ഏകീകരണം മാത്രമാണ് മസ്തിഷ്ക്കം നിർവ്വഹിക്കുന്നത്. ഏതായാലും, വന്നുപോയിക്കൊണ്ടിരിക്കുന്ന വികാര വിചാരങ്ങളെല്ലാം നമ്മുടെ മനസ്സിന്റെ ഭാഗമാണ്. കേവലം ഒരു അവയവത്തെ ആശ്രയിച്ചല്ലാതെ, നമ്മുടെ ശരീരത്തിലെ എല്ലാ വ്യവസ്ഥകളേയും ഏകീകരിച്ചുകൊണ്ട് നടന്നുപോരുന്ന ഒരു പ്രക്രിയയായാണ് നാം മനസ്സിനെ മനസ്സിലാക്കുന്നത്. 


Mind എന്ന വാക്ക് 'minding' എന്നായിരുന്നു വേണ്ടതെന്ന് ഓർമ്മിപ്പിച്ചപ്പോൾ ഓഷോ ഉദ്ദേശിച്ചത്, എവിടെയോ ഒരിടത്ത് മറഞ്ഞിരിക്കുന്ന മനസ്സ് എന്ന അവയവത്തിന്റേത് ചലിച്ചുകൊണ്ടിരിക്കുന്ന പ്രകൃതമാണ് എന്നായിരുന്നില്ല. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് നിരന്തരം ഊയലാടിക്കൊണ്ടിരിക്കുന്ന ഒരു ചലനമാണ് മനസ്സ് എന്ന് ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. നമ്മുടെ മൊത്തം നാഡീവ്യവസ്ഥയുടെ പ്രഥമ പ്രവർത്തനങ്ങളെയല്ല ഇവിടെ മനസ്സ് എന്ന് അർത്ഥമാക്കുന്നത്. ആ വ്യവസ്ഥകളുടെ പ്രവർത്തന സാധ്യതകളുടെ (functioning potential) ഭാഗമായി വികസിതമായിട്ടുള്ള ഓപ്ഷനുകൾ സൃഷ്ടിക്കുന്ന ചില മിഥ്യാ പ്രവണതകളുണ്ട്. അവ യഥാർത്ഥ നാഡീവ്യവസ്ഥയുടെ ഭാഗമായിരിക്കെത്തന്നെ, ആ വ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ താളം തെറ്റിക്കാൻ പ്രാപ്‌തമായി വരുന്നു. പൊതുവെ, മനസ്സ് എന്നോ മാനസികമായ ബുദ്ധിമുട്ടുകളെന്നോ പറയുമ്പോൾ നാം അർത്ഥമാക്കുന്നത് ഈ മിഥ്യാ ത്വരകളെയാണ്- illusory impulses.(നാഡീവ്യവസ്ഥകളുടെ പ്രഥമ പ്രവർത്തനങ്ങളെ വേർതിരിച്ചറിയാനായി  MIND എന്നും നമ്മുടെ വിചാര വികാരങ്ങളുടെ കേളീരംഗമായ മനസ്സിനെ 'mind' എന്നും പരാമർശിക്കാറുണ്ട്.)  ഓർക്കുക, illusion സത്യമല്ലായിരിക്കാം, എന്നാൽ വസ്തുതയാണ്. Fact but not truth.


മനസ്സിന്റെ ഊയലാട്ടങ്ങൾ ദ്വന്ദ്വങ്ങളിലാണ്; ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക്; ഭൂതത്തിൽ നിന്നും ഭാവിയിലേക്ക്, ഓർമ്മകളിൽ നിന്നും ഭാവനകളിലേക്ക്, അല്ലെങ്കിൽ ആഗ്രഹങ്ങളിലേക്ക്; നിരാശയിൽ നിന്നും പ്രതീക്ഷയിലേക്ക്; സ്ഥിരതയിൽ നിന്നും അസ്ഥിരതയിലേക്ക്; ആസക്തിയിൽ നിന്ന് വൈരാഗ്യത്തിലേക്ക്; കാർക്കശ്യത്തിൽ നിന്ന് അലസതയിലേക്ക് എന്നിങ്ങനെ. (OCD യും ഡിപ്രെഷനുമെല്ലാം ഈ അവസ്ഥകളുടെ ഏറ്റവും പ്രത്യക്ഷമായ വെളിപ്പെടലുകളാണ്). ഇതിനെ ഊയലാട്ടങ്ങൾ -swinging- എന്ന് പറഞ്ഞത്, അത് അതിനു തോന്നും പടി പ്രവർത്തിക്കുന്നു എന്നതിനാലാണ്; ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് മാറാൻ പാടില്ല എന്ന് ഉദ്ദേശിച്ചുകൊണ്ടല്ല. 


നമ്മുടെ ജീവിതസന്ദർഭങ്ങൾ എല്ലായ്പ്പോഴും ദ്വന്ദ്വങ്ങളെ ആധാരമാക്കിക്കൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. വൈരുധ്യാത്മകം. കഴിഞ്ഞകാലസംബന്ധിയായിത്തന്നെയാണ് നമ്മുടെ ഭാവി രൂപപ്പെടുന്നത്. വിശ്രാന്തിയാണ് നമ്മെ വേണ്ടവിധം ചലനാത്മകമാക്കുന്നത്. ചലനാത്മകതയാണ് നമ്മുടെ വിശ്രാന്തികളെ കാമ്പുള്ളതാക്കുന്നത്. ഏതെങ്കിലും ഒരു ധ്രുവത്തിൽ മാത്രമായി ജീവിതത്തിനു നിലകൊള്ളാനാവില്ല. അതാതു നിമിഷത്തെ ആവശ്യത്തെപ്രതി മാറിക്കൊണ്ടേയിരിക്കണം. ഡാർവിൻ 'അർഹതയുള്ളവയുടെ അതിജീവനം' എന്ന് പ്രയോഗിച്ചപ്പോൾ, ആ അർഹത നിശ്ചയിക്കുന്നത് പൊരുതിനില്ക്കാനുള്ള ശക്തിയല്ലെന്നു കൂടി അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. അതിജീവനത്തിനു അർഹമാവുന്നത് മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള സന്നദ്ധതയുള്ളവരത്രേ!


എന്നാൽ, 'മാറ്റം മാത്രമാണ് മാറാതെയുള്ളത്' എന്ന പ്രയോഗത്തെയോർത്തുകൊണ്ട് (ഒരു ക്ളീഷേ പ്രയോഗമാണെങ്കിലും) മാറ്റത്തിനോട് ആർത്തികാണിക്കാം. അപ്പോൾ സത്യത്തിൽ സംഭവിക്കുന്നത്, മനസ്സിന്റെ ഒരു പ്രവണത സ്ഥിരപ്പെടുക എന്നത് മാത്രമാണ്; മാറുകയല്ല. ഏതു മാറ്റത്തിനോടും എല്ലായ്പ്പോഴും മുഖം തിരിക്കുകയുമാവാം. അപ്പോഴും മനസ്സിന്റെ ഒരു പ്രവണത



സ്ഥിരപ്പെടുക മാത്രമാണ്. CONSISTENCY & CHANGE -രണ്ടും മനസ്സിന്റെ ശാഠ്യങ്ങളാകാം. രണ്ടും ബോധപൂർവ്വമായ സഹജ പ്രതികരണവുമാകാം- spontaneous. തീർപ്പാക്കേണ്ടത് നാം തന്നെയാണ്, നമ്മുടെ മനസ്സല്ല.


സാധാരണയായി സംഭവിക്കുന്നത്, നമ്മുടെ ശരീര-ബോധേന്ദ്രിയ വ്യവസ്ഥക്ക് കടക വിരുദ്ധമായിട്ടായിരിക്കും മനസ്സ് നിലകൊള്ളുക. നമ്മുടെ അവബോധം എവിടെ മാറ്റം ആവശ്യപ്പെടുന്നുവോ, മനസ്സ് വന്ന് അതിന് ഇടങ്കോലിടും. മനസ്സ് അപ്പോൾ സ്ഥിരതയെപ്പറ്റിയോ നിശ്ചലതയെപ്പറ്റിയോ പറഞ്ഞുകൊണ്ടുവരും. നമ്മുടെ ഇന്ദ്രിയങ്ങളിലെല്ലാം അത് വൈമുഖ്യം നിറയ്ക്കും. ഇനി മാറിയേ പറ്റൂ എങ്കിൽ ഒരല്പം കൂടി കഴിഞ്ഞാകാം എന്ന് വിലപേശും. അതുവരേക്കും മുഷിഞ്ഞു വല്ലാതായ സാഹചര്യങ്ങളെത്തന്നെ മനോഹാരിതയുടെ ശാന്തിതീരമാക്കി അവതരിപ്പിക്കും.


മാറാൻ പാടില്ലാത്ത സന്ദർഭമാണെങ്കിലോ, അതപ്പോൾ മാറ്റത്തിന്റെ അനിവാര്യതയെ ഒരു വേദന കണക്കെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. മാറിയാൽ ഉണ്ടാവാൻ പോകുന്ന സ്വാസ്ഥ്യത്തെപ്പറ്റി വാഴ്ത്തിക്കൊണ്ടിരിക്കും. മാറാതിരിക്കുന്നത് സ്വന്തം ഭീരുത്വമായും കഴിവില്ലായ്മയായും നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പറഞ്ഞ വാക്കിൽ ഉറച്ചു നില്ക്കുന്നത് വലിയ മാന്യതയായും ധീരതയായും അവതരിപ്പിക്കും. മറ്റൊരു സന്ദർഭത്തിൽ, 'വാക്കല്ലേ മാറ്റാനൊക്കൂ' എന്ന് ആശ്വസിപ്പിക്കുകയും ചെയ്യും. രണ്ടു സന്ദർഭങ്ങൾക്കും അനുയോജ്യമായ വേണ്ടുവോളം കഥകളും ഉദ്ധരണികളും കണ്ടെത്തുകയും ചെയ്യും.

സ്ഥിരതയും അസ്ഥിരതയും ജീവിതമെന്ന പ്രതിഭാസത്തിലെ അതിപ്രധാന ഏകകങ്ങളായിരിക്കേ, അതിനെ തിരിച്ചറിയുന്ന ദൗത്യം മനസ്സിനെ എങ്ങനെ ഏല്പിക്കാതിരിക്കാം എന്നതാണ് കാതലായ പ്രശ്നം. ധ്യാനത്തിലേക്കു പ്രവേശിക്കുക, അല്ലെങ്കിൽ ഉണർന്നെണീക്കുക എന്നതുകൊണ്ടൊക്കെ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഇത് തന്നെയാണ്. 

ഒന്നാമതായി ചെയ്യാനുള്ളത്, മനസ്സ് എന്നൊരു വ്യാജ പ്രതിഭാസം (mind), നമുക്കകത്തും പുറത്തുമായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് ഗ്രഹിക്കുക എന്നതാണ്. രണ്ടാമതും മൂന്നാമതും അവസാനമായുമൊക്കെ ചെയ്യാനുള്ളതും ഇതു തന്നെ. മനസ്സ് എന്ന പ്രവൃത്തിയെ കഴിയുമ്പോഴെല്ലാം തിരിച്ചറിയുക. അതിനു വിശേഷിച്ച് യാതൊന്നും ചെയ്യേണ്ടതായിട്ടില്ല. അങ്ങനെയൊന്നുണ്ടെന്ന് ഓർക്കുക മാത്രമേ വേണ്ടൂ. ഓരോ തവണ ഓർമ്മിക്കുമ്പോഴും സംഭവിക്കുന്നത്, അത് നമ്മിൽ നിന്നും ദൂരെമാറി സംഭവിച്ചുകൊണ്ടിരിക്കുന്ന എന്തോ ഒരു സംഗതിയാണെന്നു ബോധ്യം വരലാണ്. നമ്മിൽ നിന്നും അകലെയായി സംഭവിക്കുന്ന ഏതു സംഗതിയിലും നമുക്കെന്തു കാര്യം? നമ്മുടെ മനസ്സെന്നത് നമ്മുടേതല്ലതന്നെ! ജനിച്ചുവീഴുമ്പോൾ നമ്മിൽ MIND മാത്രമേയുള്ളൂ; പിന്നീട് ശീലിച്ചെടുത്തതത്രേ mind! - ഒരു ന്യൂറോളജിക്കൽ ഹാബിറ്റ്!  mind-നെ നാം ആർജ്ജിച്ചെടുത്തതാണെന്ന കാര്യം മറന്നേ പോയിരിക്കുന്നു, ചിരപരിചിതത്വം കൊണ്ട്. ആ വസ്തുത ഓർക്കാൻ സാധിക്കുകയാണെങ്കിൽ, അതിന്റെ പ്രവൃത്തികളോട് നാം കാര്യമായി  പ്രതികരിക്കാൻ പോയേക്കില്ല, അനുകൂലിച്ചും പ്രതികൂലിച്ചും. കുറച്ചുകൂടെ മുന്നോട്ടുപോയാൽ നാം അതിനെ കണക്കിലെടുക്കുക കൂടി ചെയ്തേക്കില്ല. സ്വാഭാവികമായും, സ്ഥിരതയും അസ്ഥിരതയും (മറ്റ് ഏത് ദ്വന്ദ്വങ്ങളും) തിരിച്ചറിയുകയും അതിനെ അധികരിച്ചുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമായി മാറും.

 

മനസ്സിന്റെ ഈ ഊയലാട്ടങ്ങളെ ഗൗനിക്കാതെ, നാം നമ്മിൽത്തന്നെ ഉണർവോടെ നിലകൊള്ളുമ്പോൾ...അപ്പോഴും ഇതേ വൈകാരിക ധ്രുവങ്ങളെത്തന്നെയാവും നമുക്ക് അഭിമുഖീകരിക്കേണ്ടി വരിക. എവിടെയാണ് സ്ഥിരമായി നിലകൊള്ളേണ്ടതെന്നും എവിടെയാണ് മാറ്റത്തെ സ്വാഗതം ചെയ്യേണ്ടതെന്നും നാം തീരുമാനിക്കും. ഓരോ സന്ദർഭത്തിലും ഏതളവിലാണ് പങ്കുകൊള്ളേണ്ടതെന്നും പിൻവാങ്ങേണ്ടതെന്നും നാം തീരുമാനിക്കും. ഒരുപക്ഷേ, നമ്മുടെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തോന്നിയാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങളെ ഏറ്റുവാങ്ങുന്നതിൽ നിന്നും നാം ഓടിയൊളിച്ചേക്കില്ല. മാത്രവുമല്ല, ആ തീരുമാനങ്ങളെ തിരുത്തുന്നതിൽ നാം അമാന്തിക്കുകയുമില്ല. അതേ സമയം, മനസ്സിനെ ആശ്രയിച്ചുകൊണ്ട് നാം തീരുമാനങ്ങളെടുക്കുകയാണെങ്കിൽ, മിക്കപ്പോഴും അത് അസ്ഥാനത്താവാനാണ് സാധ്യത. അഥവാ അത് അങ്ങനെയല്ലെന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അത് മനസ്സിന്റെ കഴിവുകൊണ്ടല്ല, അജ്ഞാതമായ മറ്റേതോ കാരണങ്ങൾ കൊണ്ട് നാം അങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേർന്നുവെന്നേയുള്ളൂ. 


എല്ലാ ദ്വന്ദ്വങ്ങളേയും ഒരേപോലെ നോക്കിക്കാണുകയും, മനസ്സിനെ ആശ്രയിക്കാതെ സഹജമായ അവബോധത്താൽ നാം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതിനെയാണ് വിവേകവൃത്തി എന്ന് പറയുന്നത്. വിവേകം എന്നത്, ഇടയ്ക്കു വല്ലപ്പോഴും പ്രത്യക്ഷപ്പെടുകയും മറഞ്ഞുപോവുകയും ചെയ്യുന്ന എന്തോ ഒരു കഴിവല്ല. തീർത്തും സഹജമായിട്ടുള്ള ഒരു തെളിമയാണത്. ഇടമുറിയാതെ തുടർന്നുകൊണ്ടേയിരിക്കുന്ന ഉണർവ്വ്. മനസ്സിന്റെ മിഥ്യാ ഭ്രമങ്ങളിൽ മറഞ്ഞുകിടന്നാൽ പോലും ഒരിക്കലും അത് ഇല്ലാതാവുന്നില്ല. ആ നൈരന്തര്യതയെ വീണ്ടും തൊട്ടറിയുക മാത്രമേ വേണ്ടതുള്ളൂ, അതിനെ സൃഷ്ടിച്ചെടുക്കേണ്ടതായിട്ടില്ല. 


ആ നൈരന്തര്യതയിൽ -continuum- ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച്, മനസ്സ് എങ്ങനെയാണ് ഒരു വിഷയമാകുന്നത്? അപ്പോൾ പിന്നെ മനസ്സിനെ നേർവഴിക്കു നടത്തേണ്ടുന്നതിന്റെ ആവശ്യകത എവിടെയാണ്? മനസ്സിനെ നിശ്ശബ്ദമാക്കേണ്ടി വരുന്നതെവിടെയാണ്? ഉണർവെന്ന നൈരന്തര്യതയിൽ, ദ്വന്ദ്വങ്ങൾ മാഞ്ഞുപോകുന്നു. ഉണർവെന്ന നൈരന്തര്യതയിൽ, മാറ്റത്തിന്റെ അലകൾ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും സഹർഷം സ്വാഗതം  ചെയ്യപ്പെടുന്നു; ആഴക്കടലിന്റെ പ്രാചീനമൗനത്തോടൊപ്പം.





Thursday, August 27, 2020

പ്രസക്തിമാഹാത്മ്യത്തിന്റെ ദുരവസ്ഥകൾ

 

മഹാത്മാക്കളുടെ ജീവിത ദർശനങ്ങളെപ്പറ്റി ഇടയ്ക്കിടെ കേട്ടുവരുന്ന ഒരു പ്രയോഗമുണ്ട്,'.....അദ്ദേഹത്തിന്റെ  ദർശനങ്ങളുടെ പ്രസക്തി ഏറ്റവും വർധിച്ചിരിക്കുന്ന ഒരു സമയമാണിത്', അല്ലെങ്കിൽ, ‘മറ്റെന്നത്തെക്കാളും ഇന്ന് അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രസക്തമായിരിക്കുന്നു'. നാരായണ ഗുരുവിന്റെ കാര്യത്തിലാണെങ്കിൽ, ചതയദിനാഘോഷങ്ങൾക്കും സമാധി ദിനത്തിനും ശിവഗിരി ഘോഷയാത്രാ സമാപനത്തിനുമെല്ലാം നമ്മുടെ മത-രാഷ്രീയ മാർപാപ്പമാർ എല്ലാ വർഷവും ഉരുക്കഴിക്കുന്ന പല്ലവിയാണിത്. ഗാന്ധി, മാർക്സ്, വിവേകാനന്ദൻ, അംബേദ്‌കർ തുടങ്ങി അനേകം മഹത് വ്യക്തിത്വങ്ങളുടെ കാര്യത്തിലും, അവരുടെ പ്രസക്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപാർട്ടികളാണെങ്കിൽ, തോറ്റവരും ജയിച്ചവരും ഒരുപോലെ ഇതുതന്നെ പാടിക്കൊണ്ടിരിക്കുന്നു - ഇടതുപക്ഷത്തിന്റെ പ്രസക്തി, വലതുപക്ഷത്തിന്റെ പ്രസക്തി, മതേതരത്വത്തിന്റെ പ്രസക്തി എന്നിങ്ങനെ. 'സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു' എന്ന വാർത്തപോലെ ഇവരുടെയൊക്കെ ദർശന പ്രസക്തി എന്നും നേട്ടത്തിൽ മാത്രം ക്ലോസ് ചെയ്യപ്പെടുന്നു!

എന്നാൽ, പ്രസക്തി വർദ്ധനവിൽ നിർവൃതി കൊള്ളുന്നവർ, മനപ്പൂർവ്വം വിസ്മരിക്കുന്ന ഒന്നുണ്ട്: ഈ ഉദ്‌ഘോഷങ്ങളൊക്കെയും നിശബ്ദമായി അടിവരയിടുന്നത് അവർ വിളിച്ചു കൂവുന്ന ദർശനത്തിന്റെ ഫലശൂന്യതയെയാണെന്ന്. വർഷാവർഷം ഇവ്വിധം പ്രസക്തി വർദ്ധിക്കേണ്ടിവരുന്ന ഒരു ദർശനമാകട്ടെ, മഹാത്മാവാകട്ടെ, പ്രസ്ഥാനമാവട്ടെ, വർഷാവർഷം പരിഹാസ്യമാവുക മാത്രമാണ് സംഭവിക്കുന്നത്. 
പ്രസക്തി-മാഹാത്മ്യം വിളിച്ചുകൂവുന്നവർക്ക് അറിയാത്തതല്ല ഈ വൈപരീത്യം. പക്ഷേ, മത-രാഷ്ട്രീയ മാഫിയകൾ പ്രവർത്തിക്കുന്നത് അങ്ങനെയാണ്. സകലതിനേയും ഇടം മാറ്റി പ്രതിഷ്ഠിച്ചുകൊണ്ടും അനുയോജ്യമല്ലാത്ത അനുമോദനങ്ങൾ കല്പിച്ചുകൊടുത്തുകൊണ്ടും അവർ ഉത്തരവാദിത്തത്തിൽ നിന്നും വഴുതിമാറും. ഏതൊന്നിനെയാണോ പ്രസക്തിയുടെ പേരിൽ പ്രശംസിക്കുന്നത്, അതിന് ഏറ്റവും എതിരായി പ്രവർത്തിച്ചുപോന്നിട്ടുള്ളവർ, ഫലത്തിൽ അതിനെ കു-പ്രസക്തമാക്കി നിലനിറുത്തിപ്പോരുന്നവർ, അവർ തന്നെയാണ് ഈ പൊന്നാടയണിയിക്കൽ ഭംഗിയായി നിർവ്വഹിച്ചുപോരുന്നത്. It’s a great conspiracy.
സ്വയം തൊഴിൽ ഉറപ്പാക്കിയ പഴയ ആ രണ്ടു സുഹൃത്തുക്കളെപ്പോലെ- ഒരാൾ രാത്രി തെരുവിലിറങ്ങി നടന്ന് വീടുകളുടെ ജനലുകളില്ലെല്ലാം ടാർ തേച്ചുവെക്കും, പിറ്റേന്ന് ടാർ വൃത്തിയാക്കാനുണ്ടോ എന്ന് മറ്റെയാൾ അന്വേഷിച്ചിറങ്ങും!- സ്വന്തം തൊഴിലുറപ്പാണ് ഈ മാഫിയയുടെ ലക്ഷ്യം. അതിന് പ്രസക്തമാവുന്നത് ഗാന്ധിയെങ്കിൽ ഗാന്ധി, മാർക്‌സെങ്കിൽ മാർക്സ്, നാരായണഗുരുവെങ്കിൽ നാരായണഗുരു. അത്ര തന്നെ. 
തങ്ങളുടേതല്ലാത്ത ഏതു മേഖലയിലേക്കും ഇറങ്ങിച്ചെന്നെന്നു വരുത്തി അവർ എവിടെയും തങ്ങളുടെ അധീശത്വം ഉറപ്പു വരുത്തും. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ കാണാനാകും അവർ ഇറങ്ങിച്ചെല്ലുകയല്ല ചെയ്യുന്നത്; അവർ ചെയ്യുന്നത് എന്തിനേയും ഏതിനേയും തങ്ങളുടെ മാഫിയാ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയെന്നതാണ്. അതേ പദാവലികളുപയോഗിച്ചുകൊണ്ട് അവർ ആ വിഷയത്തെ നേരിട്ടെന്നുവരും. തങ്ങൾ നടത്തിയ അതിക്രമണങ്ങളെ അവർ മൂടിവെക്കുന്നത് അങ്ങനെയാണ്.

നിഷ്ഫലമായ ജയഭേരികൾ
 
നമുക്കിവിടെ ഏറ്റവും പരിചിതമായ ഉദാഹരണങ്ങളിലൊന്ന് നാരായണഗുരുവാണ്:
നാരായണ ഗുരുവിനെ ഒരു സാമൂഹ്യ പ്രസക്തനിലേക്കു വെട്ടിച്ചുരുക്കിക്കൊണ്ട് അവതരിപ്പിക്കുന്നവരോട് - 'കർമ്മ നിരതനായ ജ്ഞാനി' എന്ന് വിശേഷിപ്പിച്ച റൊമെയ്ൻ റോളങ് അടക്കം - തല്ക്കാലം രാജിയായിക്കൊണ്ട് അവർ പറയുന്ന പ്രസക്തിയെന്തെന്ന്
ROMAIN ROLLAND


വെറുതെയൊന്നു നോക്കാം. നാരായണ ഗുരു തന്റെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യങ്ങളെ സംഗ്രഹിച്ചുകൊണ്ടാണ് വിദ്യാഭ്യാസം മുതൽ സാങ്കേതിക പരിശീലനം വരെയുള്ള എട്ടോളം ലക്ഷ്യങ്ങളെ ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി പറഞ്ഞുകൊടുത്തത് എന്ന് വിചാരിക്കാമെന്നു തോന്നുന്നു. ജാതിഭേദം, മതദ്വേഷം, മദ്യപാനം ഇത്യാദി ദൂഷ്യങ്ങളും തീർത്ഥാടന ലക്ഷ്യസാക്ഷാത്ക്കാരത്തിലൂടെ സ്വയമേ കുറഞ്ഞുവന്നേക്കുമെന്ന് അദ്ദേഹം വിചാരിച്ചുകാണും.  

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കിൽ, സാക്ഷരതയും പൊതുവിദ്യാഭ്യാസവും കുറച്ചു മെച്ചപ്പെട്ടെങ്കിലും, ഉന്നത വിദ്യാഭ്യാസരംഗത്ത്, കേരളീയർ പിന്നിലാണെന്നാണ് കേട്ടു കേൾവി. ഇതെല്ലാം സ്ഥിതിവിവരക്കണക്കനുസരിച്ചുള്ളവയാണ്. ഇപ്പറഞ്ഞത് തെറ്റാണെങ്കിലും ശരിയാണെങ്കിലും നാരായണ ഗുരു ഉദ്ദേശിച്ച വിദ്യാഭ്യാസം കേവലം certificate-oriented ട്രെയിനിങ് ആയിരിക്കില്ലെന്ന് ഉറപ്പാണ്. വിദ്യാഭ്യാസ ചന്തയുടെ ഭാഗമായി നിലകൊള്ളാൻ ഒരു കൂട്ടം കച്ചവടക്കാർക്ക് നാരായണഗുരുവിന്റെ പേരുപയോഗിക്കാൻ സാധിച്ചു എന്നതിൽകവിഞ്ഞ പ്രയോജനമെന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. മൂല്യവത്തായ ഒരു ജീവിതത്തെ - a meaningful life - രൂപപ്പെടുത്താൻ സഹായകമായിട്ടില്ലാത്ത വിദ്യാഭ്യാസം എന്ത് വിദ്യാഭ്യാസമാണ്? 
കുറച്ചുദിവസം വൃത്തിയും വെടിപ്പും നിഷ്കർഷിക്കപ്പെട്ടാൽ അത് ഒരുവന്റെ ദൈനം ദിന ജീവിതത്തിലേക്ക് ആർജ്ജിക്കപ്പെടും എന്നും സ്വാഭാവികമായി 'സ്വച്ഛമായിട്ടുള്ള' ഒരു സമൂഹം ഉരുത്തിരിയുമെന്നും തോന്നിയതിന്റെ ഭാഗമായാണ് തീർത്ഥാടനത്തിൽ 'വൃത്തി' ഒരു പ്രധാന വിഷയമായത്. എന്നാൽ നൂറു വർഷത്തിനിപ്പുറം 'വൃത്തി' ഇന്നുമൊരു അടിസ്ഥാനപ്രശ്നമായി നിലകൊള്ളുന്നു. നൂറു ശതമാനം സാക്ഷരത നേടിയെന്ന് ഊറ്റം കൊള്ളുന്ന ഒരു ജനതക്ക് കാര്യക്ഷമമായ ഒരു മാലിന്യ നിർമ്മാർജ്ജന പദ്ധതി പോലും ഇതുവരേക്കും കൊണ്ടുവരാനായിട്ടില്ല
രോഗം വരാതെ സൂക്ഷിക്കുന്നതിൽ കൈകളുടെ ശുചിത്വം ഏറ്റവും പ്രധാനമെന്നറിഞ്ഞ്,(ഒന്നരവർഷം മുൻപ് ഈ ലേഖനം എഴുതുമ്പോൾ, സാനിറ്റൈസറും കൈകഴുകലും അവശ്യ ഘടകങ്ങളുടെ പട്ടികയിലേക്ക് കടന്നിരുന്നില്ല.) ബോധവൽക്കരണത്തിന്റെ ഭാഗമായി 'ഹാൻഡ് വാഷ് സോപ്പ്' പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ, 'മലയാളിയുടെ പുകഴ്‌പെറ്റ ശുചിത്വം' എന്ന വീമ്പിളക്കി എതിർത്തവരാണ് നാം. മറ്റു സംസ്ഥാനങ്ങളിലെ ശൗചാലയം ഇല്ലാത്ത മനുഷ്യർ പോലും ശൗചത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുമ്പോൾ, മലയാളികൾ മിക്കവരും സോപ്പ് ഉപയോഗിക്കാറില്ല! ഇന്ന് നാം അത് ചെയ്യുന്നുണ്ടെങ്കിൽ അതിനു കാരണം ഹാൻഡ്‌വാഷ് ഉല്പ്പന്നങ്ങളുടെ മാർക്കറ്റിങ് മികവ് മാത്രമാണ്. (ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര ഗവൺമെൻറ് കേരളത്തിൽ നിർമ്മിച്ച് കൊടുത്ത ശൗചാലയങ്ങളുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായിരുന്നു എന്നത് ഒരു രസത്തിനെങ്കിലും ഓർക്കാവുന്നതാണ്.) പലതരം പനികളും മറ്റു സാംക്രമിക രോഗങ്ങളും ഏറ്റവും കുറഞ്ഞു നിന്ന മഴക്കാലം കഴിഞ്ഞ വർഷത്തെ (2018)  പ്രളയത്തിനായിരുന്നു, നിപക്കു ശേഷം. മറ്റു പല ദുരിതങ്ങളും സൃഷ്ടിക്കപ്പെട്ടെങ്കിലും പ്രളയത്തിൽ കേരളം ഒരു വിധം വൃത്തിയാക്കപ്പെട്ടുവെന്നതാണ് സത്യം !. നമുക്കിടയിൽ ഇപ്പോൾ ഉണ്ടെന്നു വിചാരിക്കുന്ന ഈ വൃത്തി പോലും, ബോധപൂർവ്വം ആർജ്ജിച്ചെടുത്തതിനേക്കാൾ പ്രവാസ പരിചയത്തിന്റെ സ്വാധീനം മാത്രമാണ്. 
മൊത്തം ജീവിതശൈലിയെ നാം വിദേശങ്ങളിൽ (പ്രത്യേകിച്ചും ഗൾഫ് നാടുകൾ) നിന്നും പകർത്തിയെങ്കിലും, പുറം പൂച്ചിന്റെ ഭാഗമായുള്ള അനുകരണമായിട്ടെങ്കിലും മാലിന്യ സംസ്കരണം നമുക്ക് വിദേശത്തു നിന്നും പകർത്താനായില്ല എന്നത്, സ്വച്ഛ സുന്ദരതയെപ്പറ്റിയുള്ള നമ്മുടെ അവബോധത്തിലെ കാര്യമായിട്ടുള്ള പോരായ്മകളെയാണ് കാണിക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപേ അത് തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടുകൂടിയാണ് നാരായണ ഗുരു കുറച്ച് ക്ഷേത്രപതിഷ്ഠകൾ നടത്തിയത്. അയിത്തോച്ചാടനത്തിന്റെ ആദ്യപടിയായി വൃത്തിയേയും വെടിപ്പിനേയും അദ്ദേഹം എടുത്തുപറഞ്ഞതും.
അടുത്തതായി നാരായണ ഗുരു ഉൾപ്പെടുത്തിയത് ധാർമ്മികത അല്ലെങ്കിൽ ഭക്തിയെയായിരുന്നു. ധർമ്മനിഷ്ഠയെന്നത് ഏതെങ്കിലും വ്യായാമത്തിന്റേതുപോലുള്ള ചിട്ടവട്ടങ്ങളല്ലെന്നും, സഹജാവബോധത്തിന്റെ ഭാഗമായുള്ള ശ്രദ്ധയാണെന്നും- the spontaneous living - ധരിക്കാൻ കഴിയാഞ്ഞ ഒരു ജനത, അതിനെ നാട്ടുനടപ്പ് ഭക്തിയായി സ്വീകരിക്കുകയും ആ ഭക്തിയെ അന്ധമായിട്ടുള്ള ആചാരങ്ങളിലേക്ക് വെട്ടിച്ചുരുക്കുകയും ചെയ്തുവെന്നത് ഇനിയും ചരിത്രം പോലുമായിട്ടില്ല.
സംഘടിച്ചു ശക്തരാവുക എന്നതിന് രാഷ്ട്രീയമായ ശക്തിപ്രകടനം എന്ന് മാത്രമായി അർത്ഥാന്തരം സംഭവിച്ചു. വോട്ടു ബാങ്കിന്റെ കണ്ണികളാവുക എന്നതിനപ്പുറം എന്തിനുവേണ്ടി സംഘടിക്കണം എന്ന് ആർക്കും ഒരു നിശ്ചയവും ഉണ്ടായില്ല.
കൃഷിയുടെ കാര്യമാണെങ്കിൽ, കേരളനാട്ടിൽ ഇപ്പോൾ കേരം അത്രയൊന്നും തിങ്ങുന്നില്ല. യന്ത്ര സഹായമുള്ളതുകൊണ്ടും ബംഗാളികൾ പണിക്കുവരാൻ തുടങ്ങിയതുകൊണ്ടും മാത്രം അല്പം നെൽക്കൃഷി നടന്നുപോകുന്നു. ഇരുപതു വർഷത്തിന് ശേഷം ഇപ്പോഴുള്ള നെൽപ്പാടങ്ങളുടെ പകുതിയേ കാണൂ എന്ന് പറയപ്പെടുന്നു.
പിന്നെ വ്യാപാരം. ശുഭകരമല്ലാത്ത വ്യാപാരങ്ങളാണ് വളർന്നു വികസിച്ചത്. ഒന്ന് സ്വർണ്ണ വ്യാപാരം. കേരളത്തെ സംബന്ധിച്ച് ഈ ലോഹം ഇന്ന് അപകടകരമായ ഒരു മഞ്ഞ വ്യാധിയാണ്.  പിന്നെ, അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന മദ്യവ്യവസായം. 2018 - 19 കാലയളവിൽ 14508 കോടി രൂപയുടെ മദ്യവില്പന നടത്തിക്കൊണ്ട് 'മദ്യം തൊട്ടവനെ പോലും നാറും' എന്ന് മുന്നറിയിപ്പ് നടത്തിയ നാരായണഗുരുവിന്റെ കേരളം ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നു. കേരള ഗവൺമെന്റിന്റെ 'സകലാശ്രയം' ഈ മദ്യവില്പനയാണ്! സർക്കാരിന്റെ തന്നെ കാർമ്മികത്വത്തിൽ നടക്കുന്ന മറ്റൊരു വ്യവസായം കൂടിയുണ്ട്- ലോട്ടറി വ്യാപാരം. നവോത്ഥാന വനിതാ മതിലിനെ ഓർമ്മിപ്പിക്കും വിധം കേരളത്തിലെ റോഡുകളിലെമ്പാടും സ്ത്രീ പുരുഷന്മാർ ലോട്ടറിടിക്കറ്റുകളുമായി വില്പനക്ക് വരി നില്ക്കുന്നു. വ്യാപാരത്തോടൊപ്പം മലയാളിയുടെ ധാർമ്മികാവബോധത്തേയും ഈ ലോട്ടറി താല്പര്യം ചോദ്യം ചെയ്യുന്നുണ്ട്. ഏകദേശം 10000 കോടി രൂപയാണ് ഒരു വർഷം പ്രബുദ്ധകേരളത്തിൽ നിന്നും ഖജനാവിലേക്കെത്തുന്നത്; അല്ലെങ്കിൽ സർക്കാർ വാറ്റിയെടുക്കുന്നത്.
ഇനി ജാതിക്കാര്യം. കേരളത്തിൽ വിപ്ലവത്തിന് മുളയെടുക്കാൻ പാകത്തിൽ സമൂഹത്തിലെ ജാതിവ്യവസ്ഥയെ ഉഴുതുമറിച്ച് പരുവപ്പെടുത്തിയെടുത്തത് നാരായണഗുരുവാണെന്ന് വിലയിരുത്തി തങ്ങളുടെ രാഷ്ട്രീയ സ്ഥാനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്ന വിപ്ലവജന്മികളുണ്ട്. കേരളത്തിൽ സംഭവിച്ചുവെന്ന് പറയപ്പെടുന്ന വിപ്ലവമെന്തെന്നു ചികഞ്ഞാൽ മനസ്സിലാവുക അതു കേരളോത്ഭവത്തെയും വെല്ലുന്ന ഐതിഹ്യമാണെന്നായിരിക്കും. സാമൂഹ്യാന്തരീക്ഷത്തിൽ നാമമാത്രമായ ചില മെച്ചപ്പെടലുകൾ( improvements) ഉണ്ടായിട്ടുണ്ടെന്നല്ലാതെ, റിവൊല്യൂഷൻ എന്ന് പറയാവുന്ന തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നറിയാൻ ഒരു നൂറ്റാണ്ടിന്റെ മുഴുവൻ ചരിത്രത്തിലേക്ക് ഊളിയിടേണ്ടതില്ല; നാം ഓരോരുത്തരും നമ്മുടെ ഉള്ളിലേക്ക് ഒന്നൊളികണ്ണിട്ടു നോക്കിയാൽ മതി - ജാതിയും മതവും അധികാരക്കൊതികളും പ്രത്യയശാസ്ത്രങ്ങളും ഉപഭോഗാർത്തികളുമെല്ലാം ചേർന്ന്, തിളച്ചുമറിഞ്ഞു ആവിയും പുകയും വമിച്ചുകൊണ്ടിരിക്കുന്ന ആ പർവ്വതാഗ്നിയിലേക്ക്.

നമ്മുടെ പ്രസക്തി മാനദണ്ഡങ്ങൾ വിപരീതങ്ങളാൽ അങ്കനം ചെയ്യപ്പെട്ടവയാണ്. ഗാന്ധിയുടെ പ്രസക്തി ഉയരണമെങ്കിൽ ഗോഡ്‌സെ കടന്നുവരണം. അതുവരേക്കും ഗാന്ധിയെന്ന് ഉച്ചരിച്ചിട്ടില്ലാത്തവർ പോലും ഗാന്ധി സ്മൃതികളെക്കൊണ്ടും അഹിംസാവാഴ്ത്തുക്കളെക്കൊണ്ടും പുളകമണിയും. ദളിതർ ആക്രമിക്കപ്പെടുകയോ ഭരണഘടനാലംഘനമെന്നു വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും വാർത്ത വരികയോ വേണം, അംബേദ്ക്കർ അവതാരപുരുഷനാവും. നടേശമുഖത്തുനിന്ന് എന്തെങ്കിലും വിടുവായത്തമെഴുന്നള്ളണം, ധർമ്മപരിപാലന യോഗലക്ഷ്യങ്ങൾ ഉണർത്തപ്പെടുകയായി. സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ മാത്രമാണ് നാം സ്ത്രീസമത്വത്തിനുവേണ്ടി മുറവിളി കൂട്ടുക. മുതലാളിത്തമെന്നത് ലോകമെങ്ങും പടർന്നുകഴിഞ്ഞിട്ടും, അടക്കാനാവാത്ത ഒരു പ്രലോഭനം പോലെ ചിലപ്പോഴെങ്കിലും 'മാർക്സ് എന്നത്തേക്കാളും പ്രസക്തനായിരിക്കുന്നു' എന്ന് മുഴങ്ങിക്കേൾക്കാറുണ്ട്. ഓണമെത്തുമ്പോൾ, മാവേലി നാടുവാണ കാലത്തെ സമത്വസുന്ദര കേരളസ്തുതി പോലെയാണ് നമ്മുടെ കാര്യങ്ങളത്രയും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ നാരായണ ഗുരു തികഞ്ഞ പരാജയമാണെന്ന് പറയേണ്ടി വരും. ഈ പ്രസക്തി വാദ്യക്കാർ പക്ഷേ വിളിച്ചു പറയുക ഗുരുവിന്റെ പ്രസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ്! നാരായണഗുരു തികഞ്ഞ പരാജയമാണെന്ന് ഇവിടെ കുറിക്കാത്തത്, ജയപരാജയങ്ങൾ എണ്ണപ്പെടുന്ന ഒരു തലത്തിലല്ല നാരായണഗുരു നില കൊണ്ടിരുന്നത് എന്നതിനാലാണ്. സമൂഹത്തിലെ ചലനങ്ങളിൽ അദ്ദേഹം ഒരു രാസത്വരകം മാത്രമായാണ് വർത്തിച്ചിരുന്നത്; ഫല-നിഷ്ഫലങ്ങളിൽ വിറളി പിടിച്ചിരുന്ന ഒരു സാമൂഹ്യ പ്രതിബദ്ധനായിട്ടിരുന്നില്ല. റൊമെയ്ൻ റൊളാങ് വിളിച്ചതുപോലെ 'കർമ്മനിരതനുമല്ല'. ഗുരു സമൂഹത്തിലുണ്ടാക്കിയ ചലനങ്ങൾ വെറുമൊരു സാമൂഹ്യപ്രസക്തന്റെ ആദർശാധിഷ്ഠിത പ്രവർത്തനങ്ങളായിരുന്നില്ല. ഈ പ്രപഞ്ചത്തെയാകമാനം സാക്ഷീബോധമെന്ന് സാക്ഷാത്ക്കരിച്ച ഒരു സാന്നിധ്യം മാത്രമായി ഗുരു നമുക്കിടയിലൂടെ കടന്നുപോയപ്പോഴുണ്ടായ സ്വാഭാവിക അലയൊലികൾ മാത്രമായിരുന്നു അവ. വർത്തമാനത്തിനോട് മാത്രം പ്രതിബദ്ധനായിരിക്കുന്ന ഒരാൾക്കെവിടെയാണ് ജയവും പരാജയവും?
അപ്പോൾ പിന്നെ ഈ പ്രസക്തി ധോരണികളുടെ ഗൂഢാർത്ഥമെന്താണ്?

റിച്ചാർഡ് ബാകിന്റെ മിശിഹാ നടത്തുന്ന ഒരോർമ്മപ്പെടുത്തലുണ്ട്: 
                                                 THE BEST WAY TO AVOID RESPONSIBILITY
                                                 IS TO SAY,
                                                 ‘I HAVE GOT RESPONSIBILITIES.’

ഒരേസമയം തങ്ങളുടെ പ്രസക്തി ഉറപ്പുവരുത്തലും, വരുത്തിവെച്ച ദുരവസ്ഥകളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുള്ള മുഖപടം സൃഷ്ടിക്കലും.  
വളരെ വലിയ കൊട്ടാരത്തിൽ കഴിയുന്ന ഒരാൾ ഇടക്കെപ്പോഴെങ്കിലും പിന്നാമ്പുറത്തെ വരാന്തയിൽ പ്രത്യക്ഷപ്പെട്ടുവെന്നു വെക്കുക. അയാൾ താമസിക്കുന്നത് ആ വരാന്തയിലാണ് എന്ന് വിളിച്ചു പറയുന്നതുപോലെയാണ് നാരായണ ഗുരുവിന്റെ ജീവിതം സമൂഹത്തിലെ പ്രശ്നങ്ങളിലിടപ്പെട്ടുകൊണ്ടായിരുന്നു എന്ന് വിചാരിക്കുന്നത്. അദ്ദേഹം കഴിഞ്ഞിരുന്നത് നിർമമതയുടെ ( non-attachment ), ശുദ്ധബോധത്തിന്റെ, ഊർജ്ജനടനങ്ങളിലായിരുന്നു എന്ന് ഊഹിക്കയെങ്കിലും ചെയ്യണമെങ്കിൽ ധ്യാനത്തിന്റെ പാതയിലേക്ക് ഒരു പദമെങ്കിലും എടുത്തുവെക്കാൻ ശ്രമിച്ചിട്ടുണ്ടാകണം. ആ ഊർജ്ജതലത്തിൽ, അരുണാചലത്തിൽ നിന്നും പുറത്തുകടക്കാതെ ധ്യാനനിരതനായി മാത്രം കഴിഞ്ഞുകൂടിയിരുന്ന രമണമഹർഷിയും, ഭാരതമൊന്നാകെ സഞ്ചരിച്ചുകൊണ്ടു ജീവിച്ച ശങ്കരനും, നിജാനന്ദം വിലസിക്കഴിഞ്ഞ ചട്ടമ്പിസ്വാമിയും ഒരേപോലെ 'കർമ്മനിരതരാണ്'; ഒരേപോലെ നിശ്ചലരുമാണ്. സ്ഥിതപ്രജ്ഞതയെന്നത് സാമൂഹ്യമായ 'വിവരാവകാശ' പരിധിയിൽ വരുന്നതല്ലെന്നോർക്കുക; വൈയക്തികമായി മാത്രം പങ്കിടുകയും അനുഭവിക്കുകയും സാധ്യമായ ഒന്നാണത്‌. 
അദൃശ്യമായ പല രീതികളിലും നാം മേല്പ്പറഞ്ഞ ഉപജാപത്തിന്റെ ഭാഗമാവുന്നുണ്ട്; നമുക്ക് പരിചിതമായ, നമ്മുടെ ചിന്തകൾക്ക് മേൽക്കോയ്മ നേടാൻ സാധ്യമായ, ഏതെങ്കിലും പട്ടികയിലേക്ക് ഗുരുവിനെ വലിച്ചിഴച്ചുകൊണ്ട്. അങ്ങനെയാണ് നാരായണ ഗുരു ശങ്കരന്റെ ചാർച്ചക്കാരനാവുന്നത്; അങ്ങനെയാണ് ഗുരു അദ്വൈതിയും വിശിഷ്ടാദ്വൈതിയുമാകുന്നത്; അങ്ങനെയാണ് ഗുരു ഭക്തവേദാന്തിയാവുന്നത്; അങ്ങനെയാണ് ഗുരു ശൈവസിദ്ധാന്തിയാവുന്നത്; അങ്ങനെയാണ് ഗുരു 'അശരണ ജനത’യുടെ നവോത്ഥാന കവിയാവുന്നത്‌. മായാവതിയും sdpi-യും നാരായണ ഗുരുവിന്റെ ചിത്രം അവരുടെ പോസ്റ്ററുകളിൽ അച്ചടിക്കുന്നതുപോലെത്തന്നെയാണിതും.

മനനവൈകല്യങ്ങൾ 

നാരായണ ഗുരുവിനെ അറിയുക എന്നതിനർത്ഥം അദ്ദേഹത്തിന്റെ കൃതികൾ ഹൃദിസ്ഥമാക്കുകയും ഒരു മനന വിദഗ്ദനാവുകയുമാണ് എന്ന് വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. ഒരു 'വർക്കലസ്വാമി' ഗണത്തിലേക്ക് കുടിയേറുക എന്നതിൽക്കവിഞ്ഞ യാതൊന്നും ഈ 'കൃതി-വൈദഗ്ദ്യം’ കൊണ്ട് ഉണ്ടാവാൻ പ്രയാസമാണ്. പൊതുകാര്യപ്രസക്തിയെന്നത് നാരായണഗുരുവിന്റെ ദുര്യോഗമാണ് എന്ന് വിലപിക്കുന്നവർ പോലും ഗുരുപ്രസക്തി തിരിച്ചറിയേണ്ടത് അദ്ദേഹത്തിന്റെ കൃതികളിലൂടെ മാത്രമാണെന്ന് ഊന്നിപ്പറയുമ്പോൾ, വീണ്ടും നമുക്ക് തെറ്റിപ്പോകുന്നു; അവർ ആ പറയുന്നത് തികഞ്ഞ ആത്മാർത്ഥതയോടെയായിരുന്നാൽ പോലും. അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന്യം കുറച്ചുകണ്ടുകൊണ്ടല്ല ഇതുപറയുന്നത്. അവ പക്ഷേ വെറും നിമിത്തങ്ങളാണ്, just excuses. അപൂർവ്വ സുന്ദരങ്ങളായ വഴിയോരക്കാഴ്ചകൾ. നമുക്ക് വിഷയമാവേണ്ടത് അദ്ദേഹം നടന്ന ബോധ പന്ഥാവുകളാണ്. 

ആ കാഴ്ചഭംഗികൾ നമ്മുടേതെന്നപോലെ ആസ്വദിക്കണമെങ്കിൽ അദ്ദേഹം സഞ്ചരിച്ച അതേ വഴികളിലൂടെ (ഞാനതിനെ ധ്യാനം എന്നുതന്നെ വിളിക്കാൻ ഇഷ്ടപ്പെടുന്നു; ആത്മീയത, ആദ്ധ്യാത്മികത, സന്ന്യാസം എന്നീ പദങ്ങളെക്കാളും) നാമും നടന്നു നോക്കേണ്ടതുണ്ട്. അതിൽക്കുറഞ്ഞ യാതൊന്നും മതിയാകാതെ വരും. ഇനി വരുന്ന ആശയക്കുഴപ്പം, എന്താണ് ധ്യാനം എന്നതിലാണ്. ചിരകാലമായി ധ്യാനം എന്ന വാക്കിനു ചുറ്റിലും അടിഞ്ഞുകൂടിയിട്ടുള്ള സങ്കൽപ്പ മാറാലകളിൽ പെട്ടുകിടക്കാതെ, ധ്യാനം എന്നതിനെ വെറും സാമാന്യ ബോധം, common sense, എന്ന ശുദ്ധ സമീപനത്തിലൂടെയാണ് നാരായണ ഗുരു നടന്നു മുന്നേറിയത്. 'common sense' എന്നതിന് പൊതു സമീപനം എന്നല്ല അർത്ഥമാക്കുന്നത്; സ്വാഭാവിക പരിജ്ഞാനം എന്നാണ്. സ്വാഭാവികതയെന്നത് പൊതുവായി കാണപ്പെടുന്ന ഒന്നല്ല. common sense-ൽ  മാത്രമാണ് ജീവിതത്തിനു സമഗ്ര സ്വഭാവം-totality- കൈവരുന്നുള്ളൂ. നാരായണ ഗുരുവിന്റെ ജീവിതത്തിലെ സമഗ്രതയെ സമഗ്രമായി സ്വീകരിക്കാൻ നമുക്കാകാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഏതെങ്കിലും ഒരു ഗണത്തിൽ പെടുത്താൻ നാം വ്യഗ്രത കാണിക്കുന്നത്. ഒരു പക്ഷേ ഈ അടിസ്ഥാന സമീപനത്തെ - the very fundamental approach - ഇനിയും തെറ്റി

ധരിക്കാൻ ഇടയുണ്ടെന്നു കരുതിയിട്ടാണോ നടരാജ ഗുരുവും നിത്യയും, 'നിഗൂഢാത്മകവാദി' (the mystic) എന്ന പേര് നാരായണ ഗുരുവിൽ നിന്നും കഴിയാവുന്നത്ര അകന്നു നില്ക്കണം എന്ന് ശ്രദ്ധ വെച്ചത്?

മിസ്റ്റിസിസം, മിസ്റ്റിക് എന്നീ വാക്കുകൾ ഒരുപക്ഷേ അവയുടെ ഉത്ഭവ സാഹചര്യങ്ങളിൽ നിന്നും മാറി, വളരെ വേഗം തന്നെ തികച്ചും പ്രായോഗികതയിലേക്ക് ചുവടുറപ്പിച്ചിട്ടുണ്ട്. മിസ്റ്ററി എന്ന വാക്കിന് ദുരൂഹത എന്നതിനേക്കാളും ഉപസംഹരിക്കപ്പെടാത്തത്, തീർപ്പുകല്പിക്കാനാവാത്തത് എന്നിങ്ങനെയുള്ള സുതാര്യതയാണുള്ളത്. അങ്ങനെയാണ് നെയ്ത്തുകാരനായി കഴിഞ്ഞ കബീർ ദാസും ചെരിപ്പുകുത്തിയായിരുന്ന രേയ്ദാസും മിസ്റ്റിക്കുകളെന്ന് അറിയപ്പെടുന്നത്. ഋഷി എന്ന് മനസ്സിലാക്കുകയാവും എളുപ്പം. പച്ചമലയാളത്തിൽ ഒരു ഗണത്തിലും പെടാതെ നില്ക്കുന്നയാൾ എന്നർത്ഥം. നാരായണ ഗുരുവിനെ ഒരു മിസ്റ്റിക് എന്ന്
വിളിക്കണമെന്നുള്ള ശാഠ്യമല്ല. എന്നാൽ, മിസ്റ്റിക് തലം എന്ന് പൊതുവെ  അറിയപ്പെടുന്ന NO-MIND എന്ന അവസ്ഥയിലൂടെയല്ലാതെ നാരായണ ഗുരുവിനെ സമീപിക്കാനാവില്ല എന്ന് ഓർമ്മിക്കുക മാത്രമാണിവിടെ.

ധ്യാനം കിളിർത്തുവരുന്നത് ഓരോ വ്യക്തിയിലും തീർത്തും അവന്റേതുമാത്രമായ ഒരു രീതിയിലായിരിക്കുമെങ്കിലും ധ്യാനം പങ്കുവെക്കപ്പടുന്നത് കഴിയാവുന്നത്ര ശാസ്ത്രീയ സ്വഭാവത്തോടുകൂടിയായിരിക്കണം. എങ്കിൽ മാത്രമേ ധ്യാനത്തിന് മതവും ആചാരങ്ങളും പ്രമാണങ്ങളും ആചാര്യന്മാരും ദൈവങ്ങളും തമ്മിലുള്ള അവിഹിതവേഴ്ചകളിൽ നിന്നൊഴിവാകാനും, ഭൂമിയുടെ ഏതു കോണിലുള്ളവനും ഭയാശങ്കകളേതുമില്ലാതെ പങ്കെടുക്കാവുന്ന ഒരാഘോഷമായി  ധ്യാനത്തെ പരിപാലിച്ചു നിർത്താനും സാധ്യമാകൂ.
നടരാജ ഗുരുവും ഗുരു നിത്യയും, നിത്യയെങ്കിലും, ധ്യാനത്തെ സാമ്പ്രദായിക ആത്മീയ പരിസരത്തുനിന്നും വിടുവിച്ചുകൊണ്ടുള്ള പ്രായോഗിക ഗ്രാഹ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. (ഗുരു നിത്യയുടെ വ്യക്തി ജീവിതത്തിൽ അത്തരം സമീപനം വേണ്ടുവോളമുണ്ടാകാം, എന്നാൽ വളരെ അടുത്തിടപഴകിയിരുന്ന സൗഹൃദ വലയത്തിനപ്പുറം ആ സമീപനങ്ങൾ ശക്തി പ്രാപിച്ചിരുന്നുവെന്നു തോന്നിയിട്ടില്ല.) ഗുരുകുല പരിസരങ്ങളിൽ കണ്ടുവരുന്ന മനനങ്ങൾ കേവലം മനോ-വ്യായാമങ്ങൾ മാത്രമാണ് മിക്കവർക്കും. അതുകൊണ്ടു തുറക്കാതെ പോയത് നാരായണ ഗുരുവിലേക്കുള്ള ഒരു വലിയ കവാടമാണ്; കേവലം വാക്-വ്യായാമങ്ങൾക്കപ്പുറം. 

ഗുരുവിന്റെ കൃതികൾക്ക് നാം പുതിയ പുതിയ മനന- വ്യാഖ്യാനങ്ങൾ ചമച്ചുകൊണ്ടിരിക്കും. പക്ഷേ നാല് ഇഷ്ടികകൾ ചേർത്ത് ഹോമകുണ്ഡമുണ്ടാക്കി മന്ത്രം ചൊല്ലി സമിത്തുക്കളും നെയ്യും അർപ്പിച്ചില്ലെങ്കിൽ ഇന്നും എന്തോ ഒരു വല്ലായ്കയാണ്! അഞ്ചാറു വർഷങ്ങൾക്ക് മുൻപ് വർക്കല ഗുരുകുലത്തിലെ ഒരു പ്രഭാതം ഓർമ്മ വരുന്നു. സുഹൃത്തുക്കളോടൊപ്പം ഒരു കൗതുകത്തിന് മാത്രമായി സന്ദർശിച്ചതായിരുന്നു അവിടം. ബുക്സ്റ്റാൾ തുറക്കാൻ സമയമായിട്ടില്ലാഞ്ഞതിനാൽ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. അപ്പോഴാണ് അവിടത്തെ മണ്ഡപത്തിൽ നടക്കുന്ന പതിവ് ഹോമം കാണാൻ സാധിച്ചത്. അതുവരേക്കും വൃത്തിയായി കിടന്നിരുന്ന ഒരു ഇടം, ഹോമത്തിനു ശേഷം, പൊടിയും ചകിരിനാരുകളും പോളിത്തീൻ കവറുകളും ധാന്യങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസുകളും തീപ്പെട്ടി കൊള്ളികളും മറ്റും ചേർന്ന് അലങ്കോലമായി എന്നതാണ് സത്യം. അതിൽ പങ്കെടുത്തിരുന്നവരുടെ കാര്യം എന്തുമാവട്ടെ, എന്നാൽ പ്രധാന സാന്നിധ്യമായിരുന്ന മുനി നാരായണ പ്രസാദിന് അതിൽ യാതൊരു അസ്വാഭാവികതയും തോന്നിയില്ല എന്നത് ഞങ്ങളിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു. ഹോമമന്ത്രം മനനമാകുമ്പോൾ ആദ്യം കൊഴിഞ്ഞുപോകേണ്ടത് ഇഷ്ടികയും സമിത്തുക്കളുമൊക്കെയല്ലേ? ചുരുങ്ങിയ പക്ഷം അത് നടത്തപ്പെടുന്ന സൗന്ദര്യപശ്ചാത്തലമെങ്കിലും മാറേണ്ടതല്ലേ? സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും(totality) ഭാഗമായി ഉണ്ടാ വേണ്ടിയിരുന്ന മിനിമം ശ്രദ്ധയെങ്കിലും അതിനുണ്ടാവേണ്ടതല്ലേ? 
ഒരുപക്ഷേ, സാഹചര്യങ്ങൾക്കതീതമായി

'കിളികളെയഞ്ചുമരിഞ്ഞു....അകം വിളങ്ങി' നില്ക്കുന്ന ആളാകാം മുനി നാരായണപ്രസാദ്‌. പക്ഷേ അദ്ദേഹത്തിനറിയാവുന്നതാണ് ഈ വരുന്ന ആളുകളൊന്നും തന്നെ ആ തലത്തിലെത്തിയിട്ടില്ലാത്തവരാണെന്ന്. ഹോമം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവണമെങ്കിൽ, ഒരു പ്രവർത്തിയിൽ എങ്ങനെ total ആകാം എന്നതിനുള്ള ഒരു മാർഗ്ഗദർശനമായി അതിനെ മാറ്റുക എന്നതാണ്. അല്ലാത്തപക്ഷം ഒരാളുടെ പ്രകൃതത്തിൽ കയറിക്കൂടിയിട്ടുള്ള 'habitual unawareness'-നെ ദിവ്യ പരിവേഷം നല്കി ഒന്നുകൂടി ദൃഢപ്പെടുത്തുക മാത്രമാണ് സംഭവിക്കുന്നത്. ഇത് മനസ്സിലാകാത്ത വ്യക്തിയല്ല മുനി നാരായണപ്രസാദ്‌. പിന്നെന്തുകൊണ്ട് അത് തിരുത്തപ്പെടുന്നില്ല, എന്ന് ചോദിച്ചാൽ....തല്ക്കാലം ദൗർഭാഗ്യകരം എന്നേ പറയാനാവൂ. അതിപുരാതന കാലത്ത് മനുഷ്യൻ സൃഷ്ടിച്ചെടുത്ത മനോഹരമായ ഒരു 'self hypnosis technique' ആയ ഹോമത്തെ, ആധുനിക കാലത്തിനനുസൃതമായി എടുത്തുമാറ്റാനോ പരിഷ്‌ക്കരിക്കാനോ നാം ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം. 
വാക്കുകളെ അവയുടെ വംശോല്പത്തികളും മൂലധാതുക്കളും ചികഞ്ഞു പിടിച്ച് അർത്ഥം കണ്ടെത്തി സംതൃപ്‍തിയടയുന്ന മനനകലക്കുള്ള പോരായ്മയെന്തെന്നാൽ, ഒന്ന്, അത് പലപ്പോഴും 'അറിഞ്ഞു' എന്ന വ്യാജമായ -pseudo - ഒരു പ്രതീതിയുണ്ടാക്കും. രണ്ട്, മനസ്സിന്റെ പഴകിപ്പതിഞ്ഞ പൊഴികളിലൂടെത്തന്നെ നാം ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും, പുതിയ പദാവലികളും ശാസ്ത്ര പിൻബലങ്ങളും മനഃശാസ്ത്ര ചിന്തകരുടെ ഉദ്ധരണികളുമായി. മൂന്ന്, മനസ്സെന്ന knowledge bank വികസിച്ചുകൊണ്ടേയിരിക്കും. അവബോധ കൂർമ്മതയുടെ അഭാവത്തിൽ ഈ knowledge bank, അറിയുക-knowing എന്ന ജീവന്റെ പ്രാഥമിക ധർമ്മത്തെ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുക. 
(സാന്ദർഭികമായി പറയട്ടെ, ഗുരുവിന്റെ 'അറിവ്' എന്ന കൃതിയെ - 'a masterpiece of contemplative workmanship unrivalled in literature anywhere' എന്ന് നടരാജഗുരു എടുത്തുപറഞ്ഞ കൃതി - ഇംഗ്ളീഷിലേക്ക് മൊഴി മാറ്റിയപ്പോൾ, gnosis എന്നാണ് വിളിച്ചതെന്നാണ് ഓർമ്മ. പേര് എന്തുമാകട്ടെ, ആ കൃതിയിൽ ആദ്യന്തം പ്രയോഗിക്കപ്പെട്ടിട്ടുള്ളത് തത്വചിന്തയിലെ gnosis അല്ല; knowing ആണ്. knowing എന്നതിന് സമമായി, അറിയുക എന്ന ഒരു തലവാചകം അനുചിതമല്ലെന്നറിയാം. എന്നാൽ knowledge ഉം knowing ഉം തമ്മിൽ വേർതിരിച്ചറിയപ്പെടുമ്പോൾ, ആ കൃതിക്ക് വരുന്ന അവാച്യമായ ഒരു ഊർജ്ജമുണ്ട്, സ്ഫടിക സുതാര്യമായത്. ഈയുള്ളവന് പക്ഷേ ഈ 'knowing' ലഭ്യമായത് നാരായണ പരിസരത്തു നിന്നല്ല എന്നത് എടുത്തുപറയേണ്ടി വരുന്നു.) 

'അറിവില്ലെന്നാലില്ലീ --
യറിയപ്പെടുമെന്നതുണ്ടിതെന്നാലും 
അറിവൊന്നില്ലെന്നാലീ --
യറിവേതറിവിന്നതില്ലറിഞ്ഞീടാം.'
(അറിവ് ഒന്നിനെയും ആശ്രയിക്കാതെ സ്വതന്ത്രമായി എന്നും നിലനില്ക്കുന്നു; എന്നാൽ അറിയപ്പെടുന്നതുവരെ മാത്രമേ പ്രപഞ്ചത്തിനു സ്ഥിതിയുള്ളൂ.)
നാരായണ ഗുരുവിനെ പഠിക്കുന്നതിന്റെ ഭാഗമായിട്ടല്ലാതെ, 'അറിവ് ' എന്ന പേരിലുള്ള  കൃതി പഠിക്കുന്നതിന്റെ ഭാഗമായിട്ടല്ലാതെ, സ്വതന്ത്രമായി നിലനില്ക്കുന്ന അറിവിനെ ഒരു നൊടിനേരത്തേക്കെങ്കിലും അനുഭവിക്കാനുള്ള ഒരു സാഹചര്യം ഒരു വ്യക്തിക്ക് ലഭ്യമായാൽ, നാം അറിയുന്നതുകൊണ്ടു മാത്രം ഉണ്ടായിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം എന്ന് ഒരാൾക്കു അനുഭവിക്കാനുള്ള സന്ദർഭമുണ്ടായാൽ, അതാണ് അറിവ് എന്ന കൃതിയിലെ ഈ ശ്ലോകം മുന്നോട്ടുവെക്കാനുള്ള ഏറ്റവും യോജ്യമായ മുഹൂർത്തം. അപ്പോൾ മാത്രമാണ് നാരായണഗുരു ഒരു 'enchanting invitation' ആകുന്നത്. ഗുരു തല്പരരായിട്ടുള്ളവർ ശരിക്കും ചെയ്യേണ്ടത് ഇത്തരം മുഹൂർത്തങ്ങൾ കൂടുതൽ കൂടുതൽ സൃഷ്ടിച്ചെടുക്കുക എന്നതാണ്. സാമ്പ്രദായികതയുടെ ദീർഘകാല ധൂളീപടലങ്ങൾ വീണുകിടക്കുന്ന പൂജാദി കർമ്മങ്ങളെ ആശ്രയിച്ച് ചുറ്റിത്തിരിഞ്ഞു സമയം കളയുന്നതേക്കാൾ, ഫലവത്തായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമാവുന്ന ശാസ്ത്ര സങ്കേതങ്ങൾ - മനഃശാസ്ത്രം, ന്യൂറോളജി, തുടങ്ങിയ നിരവധി മേഖലകൾ- തന്ത്ര, യോഗ, സെൻ(zen) തുടങ്ങിയ നിരവധി പരിശീലനങ്ങൾ, ആധുനിക ശാസ്ത്ര പശ്ചാത്തലത്തിൽ വേണ്ടവിധം  ഉപയോഗപ്പെടുത്തിക്കൊണ്ട് കുറേക്കൂടി സാമാന്യ ബോധത്തോടെ നമുക്ക് മനോവ്യാപാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്. അപ്പോഴാണ് നാരായണഗുരു തുടങ്ങിയ ഏതു ഗുരുക്കന്മാരുടെയും ഉൾക്കാഴ്ചകൾ നമ്മുക്ക് വഴിവിളക്കുകളാവുന്നത്.
മെഡിറ്റേഷൻ റ്റെക്നിക്കുകൾ എന്ന് അറിയപ്പെടുന്ന എന്തും മെഡിറ്റേഷൻ, ധ്യാനം എന്തെന്ന് അനുഭവിപ്പിക്കാനുള്ളവയല്ല; ധ്യാനം എന്തല്ല എന്ന് മനസ്സിലാക്കിപ്പിക്കാനുള്ളവയാണ്. സംഭവിക്കുന്നത് നേതി-നേതികളാണ്. അനുഭവസത്യത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള പ്രമാണാനുമാനങ്ങൾ.
ധ്യാനത്തെപ്പറ്റിയുള്ള മനനം പോലും ധ്യാനമാവുന്നില്ലെന്നോർക്കുക.
എന്നാൽ, 'ആൾദൈവ കോലാഹലങ്ങളുടെ' വാർത്താ ധൂർത്തുകളിൽ അകപ്പെട്ട് ധ്യാനത്തെ പുച്ഛിച്ചുതള്ളുന്നവർ, ഓർത്തുവെക്കേണ്ടതുണ്ട്, മനനവിദഗ്ധരിൽ ഒട്ടുമിക്കപേർക്കും 'ദർശനമാല' വെറും ദർശനനൂലാമാലയാണെന്ന്. 



unconscious evolution മനുഷ്യനിൽ അവസാനിക്കുന്നുവെന്നും അവനു  ലബ്ധമായിട്ടുള്ളത് conscious evolution-ലേക്കുള്ള സ്വാതന്ത്ര്യമാണെന്നും ഓർമ്മപ്പെടുത്തുന്നുണ്ട് ഓഷോ (PSYCHOLOGY OF ESOTERIC).
ഓരോരുത്തരും അവരവരുടെ ആത്മാവിനെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട് എന്ന് ഗുർജിയെഫ്. ബോധപൂർവ്വമുള്ള അത്തരം ശ്രമങ്ങളെയാണ് ധ്യാനം എന്ന പേരിൽ പൊതുവെ പറഞ്ഞുപോരുന്നത്. 
മനസ്സിന്റെ മായികാപടലത്തിൽ നിന്നും ആത്മാംശത്തെ വേർതിരിച്ചറിയേണ്ടതുണ്ടെന്നും അതിനുവേണ്ടി ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ടെന്നും  തോന്നാത്ത ഒരാൾക്ക്, ഈ പാതയിൽ പദം വെക്കുന്നവർക്കുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലുകളാണ് - continuous reminders - ആത്മോപദേശശതകം എന്ന് എങ്ങനെയാണ് ബോധ്യപ്പെടുക? അങ്ങനെയല്ലാത്തവരെ സംബന്ധിച്ച് വെറും നല്ല നടപ്പിന് വേണ്ടിയുള്ള ഉപദേശങ്ങളായിരിക്കുമവ. അല്ലെങ്കിൽ വാചകക്കസർത്തിനിടക്ക് ഉദ്ധരണികളാക്കാനും കൊള്ളാം. പറഞ്ഞുവന്നത് ഇതാണ്. ധ്യാനപന്ഥാവിൽ മാത്രമേ നാരായണ ഗുരുവിനു പ്രസക്തിയുള്ളൂ. ആ പ്രസക്തി നമുക്കറിയാവുന്ന 'രാഷ്ട്രീയ പ്രസക്തിയോ' 'സാമൂഹ്യ പ്രസക്തിയോ' ഒന്നുമല്ല; അത് സൗരഭ്യം പരത്തി വിടർന്നു നില്ക്കുന്ന ഒരു പുഷ്പത്തിന്റേതുപോലുള്ള  existential significance ആണ്. അല്ലാതുള്ള എല്ലാ പ്രസക്തിവാഴ്ത്തുക്കളും ഒഴികഴിവുകളും കാപട്യങ്ങളും മാത്രമാണ്. 

'അപര'വ്യാധി
 
വൈയക്തികമായിട്ടുള്ള -individual- ഗ്രാഹ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തേടത്തോളം, സാമൂഹികതയിലേക്കുള്ള ആക്കം ഒരു വിലങ്ങുതടിയായി എല്ലായ്പ്പോഴും നമുക്ക് മുന്നിലുണ്ടായിരിക്കുന്നതായിരിക്കും. ബൗദ്ധികമായിട്ടുള്ള  മാറ്റത്തിന് വേണ്ടിവരുന്ന ഏതു ശ്രമത്തിൽ നിന്നും നാം ഓടിയൊളിക്കുക 'അപരത്വം' എന്ന ഈ ഒഴികഴിവിലൂടെയാകും. അതുകൊണ്ടാണ്,'അവനവനാത്മ സുഖത്തിനാചരിക്കുന്നവ'യേക്കാളും പ്രാധാന്യം നാം 'അപരന്റെ സുഖത്തിന്' നല്കിപ്പോരുന്നതും രണ്ടു സുഖങ്ങളും ഒരിക്കലും സംഭവിക്കാതെ പോകുന്നതും. അവനവനെന്ന ആത്മബോധവും അതിന്റെ സൗഖ്യവും പരമപ്രധാനമായിരിക്കുമ്പോൾ അപരന്റെ സുഖത്തിനായുള്ള അന്തരീക്ഷമൊരുങ്ങുക മാത്രമാണ്. അപരനിൽ ഊന്നിക്കൊണ്ടുള്ള എന്തും ഒരു തരം ഗൂഡാലോചനക്കു സമമാണ്- a self conspiracy. അഹന്തയുടെ വിനയ മേലങ്കിയുടെ കനം വർദ്ധിക്കാനേ അതുപകരിക്കൂ.
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന് വായിക്കുമ്പോൾ ഉള്ളിന്നുള്ളിൽ നാം ആശ്വസിക്കുകയാണ് ചെയ്യുന്നത്; ഏതുമതമായാലും അതിനെ വേണ്ടെന്നു വെക്കേണ്ടതില്ലല്ലോ എന്ന്. മാത്രവുമല്ല നാരായണഗുരുവിനെ ഒരു വിട്ടുവീഴ്ചക്കാരനാക്കുകയും ചെയ്യുന്നു. 'തനിക്കു മതമില്ലെന്നു' നാരായണഗുരു പറഞ്ഞതിന്റെ എത്രാമത്തെയോ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്കുപോലും ഗുരു ഉദ്ദേശിച്ചത് 'F**K YOUR RELIGION, BE HUMAN' എന്നാണെന്നോർക്കാൻ ധൈര്യം വരുന്നില്ല. ഫരിസേയരെ ചാട്ടകൊണ്ടടിച്ചോടിച്ച  ആശാരിച്ചെറുക്കനെപ്പോലെ, ‘നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്' എന്ന് പറഞ്ഞ നാരായണഗുരു ‘mind your own business’ എന്നുകൂടി ഉദ്ദേശിച്ചിരുന്നുവെന്ന് ധരിക്കാൻ, ഗുരുക്കന്മാർക്കും പെരുമാറ്റച്ചട്ടങ്ങൾ വിധിക്കുന്ന നമ്മുടെ സമൂഹ-സദാചാര മനസ്സുകൾ അനുവദിക്കുന്നില്ല. 'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്ന് വാശിപിടിച്ചപ്പോൾ, സഹോദരൻ അയ്യപ്പനെ ഒന്ന് മയപ്പെടുത്തിക്കൊണ്ടാണ് ഗുരു 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് പറഞ്ഞത്. നാം ഓരോരുത്തരും പക്ഷേ ഉറപ്പാക്കുന്നുണ്ട്, ആ ജാതിയും മതവും ദൈവവും ഏതായിരിക്കണമെന്ന്. 
ആധുനിക ധ്യാന സങ്കേതങ്ങളോട് മുഖം തിരിക്കുന്നവരും, നാരായണ ഗുരുവിനെ so called ആത്മീയ കെണിയിൽ നിന്നും (മതാതീത ആത്മീയതയടക്കം) മാറ്റി പ്രതിഷ്ഠിക്കുന്നില്ലെങ്കിൽ, അറിഞ്ഞുകൊണ്ടല്ലെങ്കിലും ഫലത്തിൽ പ്രസക്തി ഗൂഢാലോചനയുടെ പ്രചാരകരായി മാറുകയാണ്.

ദൈവദശക വിലാപങ്ങൾ 

പച്ച മലയാളത്തിൽ 'മനസ്സിനെ ഒരു വശത്തേക്ക് മാറ്റിവെക്കുക ആദ്യം' എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാത്ത യാതൊരു മനനവും ചുരുങ്ങിയത് മൂന്നു ഭാഷകളിലെങ്കിലും നിപുണനായിരുന്ന ഗുരുവിന്റെ കൃതികളുടെ അടുത്ത് വിലപ്പോവുകയില്ല. അതുകൊണ്ടാണ് ഗുരുതാല്പര്യം ഇന്നും 'നാരായണ മൂർത്തേ നാരായണ മൂർത്തേ' എന്ന വിലാപത്തിൽ ഒതുങ്ങി നിൽക്കുന്നത്.
ദൈവദശകത്തിന്റെ നൂറാം വർഷാഘോഷങ്ങളുടെ ഭാഗമായി നൂറ് ഭാഷകളിലേക്ക് ആ കൃതി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ആ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കപ്പെട്ടു. ആ പ്രാർത്ഥനയെ സംസ്ഥാനത്തിന്റെയോ മറ്റോ ഔദ്യോഗിക പ്രാർത്ഥനയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യങ്ങൾ ഉണർന്നുകേട്ടിരുന്നു. ആ ആവശ്യങ്ങൾ എവിടം വരെയായി എന്ന് അറിയില്ല. പരിതാപകരമായ വസ്തുത, അതിനു പിൻബലമായി പറയുന്നത് 'മതേതരത്വ'മാണെന്നതാണ്. രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഗൂഢ മധ്യസ്ഥതയിൽ, മതമേലാളൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പുമാത്രമാണ് മതേതരത്വമെന്ന ക്ളീഷേ എന്നിരിക്കേ, ദൈവദശകസ്തുതി വെറും അവഹേളനമായി അധഃപതിക്കുന്നു. ദൈവമെന്ന വാക്കുപോലും ഒരാളും 'മതേതരമായി' ധരിക്കുന്നില്ലെന്നോർക്കുക. അവരവർ കുടുങ്ങിക്കിടക്കുന്ന മതങ്ങൾക്കനുസരിച്ചേ ഓരോരുത്തരും ആ വാക്കിന്റെ അർത്ഥം ഗ്രഹിക്കൂ. ഇസ്ലാം വിശ്വാസിയായ ഒരാളെ സംബന്ധിച്ച് ദൈവമെന്ന പദം ഗ്രഹിക്കപ്പെടുന്നത് 'അല്ലാഹ്' എന്നാണ്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അത് 'കർത്താവ്' ആണ്, അല്ലെങ്കിൽ യേശുവാണ്.
നാരായണഗുരുവിന്റെ മറ്റു കൃതികളുമായി താരതമ്യപ്പെടുത്തിയാൽ, സ്തോത്രകാവ്യങ്ങളടക്കം, ഇത്തിരി മാറ്റു കുറഞ്ഞ കൃതിയായിട്ടാണ് ദൈവദശകത്തെ തോന്നിയിട്ടുള്ളത്. രണ്ടോ മൂന്നോ ശ്ലോകങ്ങൾ അതിമനോഹരം തന്നെ. എന്നാൽ, തുടക്കത്തിലുള്ള ഉപമകളും മറ്റും വെറും സാധാരണം, ഒരുപക്ഷേ ഗുരുവിന്റെ നിലവാരത്തിന് നിരക്കാത്തത്. നിർഭാഗ്യവശാൽ, ദൈവദശകസ്തുതിക്കാർ ആകൃഷ്ടരാവുന്നത് ഈ 'ആവി വൻ തോണി' കളിലാണ്. ഇത്തരക്കാരിലൊരാളാണ് രമേശ് നാരായണനിനെകൊണ്ട് ഇതിനെയൊരു വിലാപമാക്കി പാടിപ്പിച്ചത്. ദൈവദശകശാഠ്യങ്ങളത്രയും ശക്തി തെളിയിക്കാനുള്ള സംഘടനാപ്രവണതയിൽ കവിഞ്ഞ് മറ്റെന്തെങ്കിലുമാണെന്നു തോന്നുന്നില്ല. ഏതോ സന്ദർഭത്തിൽ, 'അതെഴുതിയ ആൾ ഇപ്പോഴില്ലല്ലോ' എന്ന് ഗുരു തന്നെ മറുപടി പറഞ്ഞതായി ഓർത്തുകൊണ്ട് സമാധാനിക്കുകയേ വഴിയുള്ളൂ. 

(നാരായണ ഗുരുവിന്റെ ചില കൃതികളെങ്കിലും- ആത്മോപദേശശതകം, ദർശനമാല , അറിവ്  എന്നിവ വിശേഷിച്ചും- ഓഷോയുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നാറുണ്ട്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ നാരായണ ഗുരു എന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിൽ, അപൂർവ്വ ചാരുതയാർന്ന, തീർത്തും നവ്യമായിട്ടുള്ള ഉൾക്കാഴ്ചകൾ ലഭ്യമാകുമായിരുന്നു നമുക്ക്.)

നർമ്മ പരിപാലനം 

രാഷ്ട്രീയ ഉപജാപത്തിന്റെ ഭാഗമായിട്ടല്ലാതെ, നാരായണ ഗുരുവിനെ ദൈവതുല്യനായി ആരാധിച്ചുവരുന്ന ഒരു കൂട്ടം ആളുകളുണ്ട്. താരതമ്യേന ഉപദ്രവം കുറഞ്ഞവരാണവർ. ഏതെങ്കിലും ഒരു കളിക്കോപ്പു വേണമെന്നേ അവർക്കുള്ളൂ. തൽക്കാലം കൈവശമുള്ളത് നാരായണ ഗുരുവായതിനാൽ അതുകൊണ്ടു കളിക്കുന്നുവെന്നേയുള്ളൂ. മടുക്കുമ്പോൾ ഇടക്കെങ്കിലും അവർ മറ്റൊരു കളിക്കോപ്പു കണ്ടെത്തുകയോ വേറൊരെണ്ണത്തിനെ ഉൾപ്പെടുത്തുകയോ ചെയ്യും. 
യുക്തിവാദിയെപ്പോലും ക്ഷേത്രപ്രതിഷ്ഠയാക്കുന്നത് സാർവ്വലൗകികമായിട്ടുള്ള ഒരു പ്രവണതയാണ്. ഈ പ്രവണതയോട് നേർക്കുനേർ യാതൊന്നും ചെയ്യാനാവില്ല. ചെയ്യേണ്ടതുമില്ല. നാരായണഗുരു  ഉണ്ടായിരുന്നെങ്കിൽ ഒരു 'നർമ്മ പരിപാലന യോഗം' സ്ഥാപിക്കുമായിരുന്നു. അത്രക്കുണ്ട് തമാശകൾ. ഒരുപക്ഷേ ധർമ്മപരിപാലന യോഗത്തെക്കാളും അത്യാവശ്യവും ആധുനികവുമായിട്ടുള്ളത് നർമ്മ പരിപാലനയോഗമാണ്. നർമ്മത്തിൽ നിന്നും ധ്യാനത്തിലേക്കുള്ളത് എളുപ്പവഴികളാണ്. മാത്രവുമല്ല, ഉറങ്ങിക്കിടക്കുന്നവർ ഉണർത്തപ്പെടുക മറ്റെന്തിനേക്കാളുമേറെ കൂട്ടച്ചിരികളെക്കൊണ്ടായിരിക്കും; സത്യസന്ധമായിട്ടുള്ള  പൊട്ടിച്ചിരികൾ.

വാർത്തയിലൊതുങ്ങുന്ന വർത്തമാനം 


ഏതൊരു മഹാത്മാവും, അവർ ശ്രദ്ധയൂന്നിയിട്ടുള്ളത് പ്രജ്ഞയുടെ വളർച്ചാപരിണാമങ്ങളിലാണെങ്കിൽ വിശേഷിച്ചും, എല്ലായ്പ്പോഴും തിരിച്ചറിയപ്പെട്ടിട്ടുള്ളത്, അവരുടെ ജീവിതകാലഘട്ടത്തിനു ശേഷമാണ്. സമൂഹത്തിൽ അപ്പോഴുണ്ടാകുന്ന തിരിച്ചറിവാകട്ടെ, ആ വ്യക്തി ജീവിച്ചിരിപ്പില്ല എന്ന ആശാസത്തിന്മേലാണുതാനും. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി എല്ലായ്പ്പോഴും ഒരു വെല്ലുവിളിയായിരിക്കും. അയാൾക്ക് മേലെ വ്യാഖ്യാനങ്ങൾ നടത്താനാവില്ല, അയാളുടെ നിലപാടുകളിൽ തീർപ്പു കല്പിക്കാനാവില്ല എന്നതുകൊണ്ടൊക്കെത്തന്നെ. അയാളുടെ മരണശേഷമായിരിക്കും PRIEST & POLITICIANS MAFIA അയാളിൽ പ്രസക്തി കണ്ടെത്തുന്നത്. ഈ പ്രസക്തിയെന്നത് വാർത്താമൂല്യത്തിൽ കവിഞ്ഞ ഒന്നുമല്ല. just news value. ജീവിച്ചിരിക്കേ, അയാൾക്ക്‌ ചുറ്റിലും സമൂഹാനുസാരിയായ ഒരു മാഫിയ ബലപ്പെടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയും അതിന്റെ ഭാഗമായതുകൊണ്ടായിരിക്കും.
ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് താമസിക്കേണ്ടി വരുമ്പോൾ- സമൂഹമെന്ന അവസ്ഥ - ഉടലെടുക്കുന്ന പ്രശ്‌നപരിഹാരത്തിന്, ഇതുവരെയുണ്ടായിട്ടുള്ള എല്ലാഗുരുക്കന്മാരെക്കാളും നൈപുണ്യം ശാസ്ത്ര സാങ്കേതിക മണ്ഡലം ആർജ്ജിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രവൈദഗ്ധ്യത്തെ നേരെ ചൊവ്വേ സ്വീകരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും തടയിടുന്നത് മേൽസൂചിപ്പിച്ച മാഫിയ മാത്രമാണ്. ഈ മാഫിയ താൽപര്യപ്പെടുന്നത് അവരെ 'logistics' വിദഗ്‌ധരായി അവതരിപ്പിക്കാനാണ്. computer algorithams പ്രാപിച്ച അപാരമായ വളർച്ച മാർക്സിനെപ്പോലും അപ്രസക്തമാക്കിക്കളഞ്ഞു, പിന്നെയാണ് 'there is no forest; only woods are there' എന്ന് ഓർമ്മപ്പെടുത്തിപ്പോന്ന ഗുരുക്കന്മാർ!

സമൂഹത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെടുന്ന യാതൊരു പ്രശ്നവും, പ്രകൃത്യാലുള്ള ദുരിതങ്ങളും ഇല്ലെന്നുവെക്കുക, എന്നിട്ടും പക്ഷേ ഈ ഭൂമിയിൽ താമസിക്കേണ്ടി വരുന്ന ഒരേയൊരു മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരുന്ന ചില വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികൾക്കു മുന്നിലാണ് ഈ ഗുരുക്കന്മാരൊക്കെയും നക്ഷത്ര ശൃംഗങ്ങളായി നിലകൊള്ളുന്നത്; നമ്മുടെ നടപ്പാതയിൽ ഒരു നിഴലിന്റെ പോലും പാടുവീഴ്ത്താതെ. 

'if you meet buddha on the way, kill him'
എന്ന് ഓർമ്മിപ്പിക്കുന്നത് വഴിയിലുള്ളവരോടാണ്, നടന്നുകൊണ്ടിരിക്കുന്നവരോടാണ്. ഭൂതകാലത്തിൽ കുത്തിയിരിക്കുന്നവർക്ക് സ്വയം സമാധാനിക്കാൻ പ്രസക്തിവാഴ്ത്തുക്കൾ കൂടിയേ തീരൂ.

ഓർമ്മകളുടെ മൃതസഞ്ചയത്തിൽ നീന്തിത്തുടിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന ബുദ്ധിജീവികൾ, നമ്മുടെ പ്രസക്തി നിശ്ചയിപ്പുകാർ, ഓർക്കാൻ പോലുമറയ്ക്കുന്ന മാനവചരിത്രത്തിന്റെ താളുകൾ മോടി പിടിപ്പിക്കാൻ, ഗുരുവിനെ, ഏതൊരു ഗുരുവിനേയും, ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ച്, ഗുരു അഗാധമാക്കികൊണ്ടിരിക്കുന്നത് ചരിത്രമാണ്; വർത്തമാനമല്ല.



                                             

                     















Thursday, August 13, 2020

ഉണർവിലേക്കുള്ള പടവുകൾ - 9

                                                            

painting by ROBERT GONSALVES


അതിർത്തി വിഭ്രാന്തികൾ  


ഭാരതീയ ദർശനങ്ങളിൽ കൂടെക്കൂടെ പറഞ്ഞുപോരാറുള്ള ഒരു ഉപമയുണ്ട്- മൺകുടത്തിനകത്തെ ആകാശം. ആത്മീയ പരിസരങ്ങളിൽ ഇപ്പോഴും ആ ഉപമ ഉദ്ധരിക്കപ്പെടാറുണ്ടെന്നു തോന്നുന്നു. എത്ര പുരാതനമായിട്ടുള്ളതാണെങ്കിലും, എന്നും ആധുനികമായി നിലകൊണ്ട് സംവദിക്കാനുള്ള സൂക്ഷ്മതയും സൗന്ദര്യവും അതിനുണ്ട് എന്നതുതന്നെയാണ് കാരണം; ദൈനം ദിന ജീവിതത്തിൽ അതിപ്പോഴും ഏറെ പ്രസക്തവുമാണ്.

ആകാശമെന്നാൽ, ഇടം - space. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു അതിർത്തിയെയാണ് നാം കുടം എന്ന ആകൃതിയായി അറിഞ്ഞുപോരുന്നത്. അങ്ങനെയൊരു അതിർത്തിയെ മെനഞ്ഞതുകൊണ്ടു മാത്രം, സാർവ്വികമായിട്ടുള്ള ഇടത്തെ നാം അകമെന്നും പുറമെന്നും വേർതിരിച്ചു പറയുന്നു. സ്പേസിന് സത്യത്തിൽ യാതൊരു വേർതിരിവുമുണ്ടായിട്ടില്ല. എന്നിട്ടും പക്ഷേ മൺകുടത്തെ പ്രതി വെറും പ്രായോഗികമായി, അതേ ഇടത്തെത്തന്നെ നാം രണ്ടാക്കി മാറ്റിയിരിക്കുന്നു. ഈ മൺപാത്രം ഉടഞ്ഞുപോയാലും സ്പേസിന് മാറ്റമൊന്നും വരുന്നില്ല. അപ്പോൾ നാം പക്ഷേ അതിനെയറിയുക 'വിശാലമായ ഇടം' എന്ന നിലയിലായിരിക്കും.
ഈ ഉപമ മലയാളത്തിൽ ഏറെ പരിചിതമായിട്ടുള്ളത് മറ്റൊരു വിധത്തിലാണ്- ഹരിനാമ കീർത്തനം വഴി. ഹരിനാമ കീർത്തനത്തിലെ പ്രയോഗം, 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരു ഇണ്ടലി'നെക്കുറിച്ചാണ്; അതേപ്പറ്റി മിണ്ടാതിരിക്കുകയാണത്രേ നല്ലത് ! അത്രക്കും ആഴത്തിലുള്ളതാണ് ആ വേർപിരിവുണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ടുകൾ.
അതീവ ഗഹനമായിട്ടുള്ള ഈയൊരു ഉൾക്കാഴ്ചയെ, നിർഭാഗ്യവശാൽ, തീർത്തും ഉപരിപ്ലവമായ തലത്തിലാണ് പൊതുവെ വ്യവഹരിച്ചുപോരുന്നത്. സമൂഹത്തെ സംബന്ധിച്ച്, 'ഒന്നായ നീ' എന്നാൽ, വിശ്വാസികളായിട്ടുള്ളവർ യാതൊരുണർവ്വും കൂടാതെ ഉരുവിട്ടുപോരുന്ന 'എല്ലാമായ ദൈവം, സർവ്വവും ദൈവമാകുന്നു, ദൈവം സർവ്വ വ്യാപിയാണ്, തൂണിലും തുരുമ്പിലും ദൈവമുണ്ട്' എന്നിങ്ങനെയുള്ള നാട്ടുനടപ്പ് പ്രസ്താവങ്ങൾ മാത്രമാണ്. അതിനപ്പുറം എന്തെങ്കിലും അനുഭവിക്കാൻ വിശ്വാസം എന്ന മറ (veil) അനുവദിക്കില്ല. ഒരുപക്ഷേ, 'ഒന്നായ നീ' എന്ന പ്രയോഗത്തെ വിശ്വാസികൾ അവരുടേതായി കവർന്നെടുക്കുകയാണ് ചെയ്തത്. ധ്യാനത്തിന്റെ, ഉണർവിന്റെ ഭാഷ, 'ഒന്നായ ഞാൻ' എന്ന് അറിയലാണ്; 'ഒന്നായ ഞാൻ' എന്ന് പറയുക പോലുമല്ല.
പ്രയോഗിക ജീവിതത്തിൽ മൺകുടത്തിന്റെ സ്ഥാനത്ത്, വിഭജനത്തിനു നിമിത്തമായി വർത്തിക്കുന്നത് നമ്മുടെ മനസ്സാണ്. അപാരമായ അവബോധ സമുദ്രത്തിൽ, മനസ്സ് വന്ന് അതിനെ തെറ്റെന്നും ശരിയെന്നും, നല്ലതെന്നും ചീത്തയെന്നും, ആത്മീയമെന്നും ഭൗതികമെന്നും, അകമെന്നും പുറമെന്നും, സ്വന്തമെന്നും അന്യനെന്നും അപരനെന്നുമെല്ലാം അതിവേഗം ഭിന്നിച്ചുകളയും. അതേ മനസ്സുതന്നെ നമ്മെ ശരീരം, മനസ്സ്, അവബോധം, ഹൃദയം(വികാര കേന്ദ്രം) എന്നിങ്ങനെ വിഭജിക്കുന്നു. അതേ മനസ്സുതന്നെ നമ്മെ പൂർണ്ണതയിൽ (whole) നിന്നും അടർത്തിമാറ്റിക്കൊണ്ട് 'ഞാൻ' എന്ന് നിർവ്വചിക്കുന്നു; ‘മനുഷ്യനും പ്രകൃതിയും’ എന്ന് പറയുന്നതുപോലെയൊരു തമാശയാണ് 'ഞാനും'. ഈ വിഭജനങ്ങളുടെ സ്വാധീനം എത്രത്തോളം ആഴത്തിലാണ് നമ്മിൽ പതിഞ്ഞുകിടക്കുന്നതെന്ന് ഒരേകദേശ ധാരണയെങ്കിലും ഉണ്ടാവുമ്പോൾ മാത്രമേ 'ഒന്നായ നിന്നെ രണ്ടെന്നു കണ്ടതുകൊണ്ടുള്ള പൊല്ലാപ്പുകൾ' ഉണർവിലേക്കുള്ള പടവുകളാവുന്നുള്ളൂ.
 തൊട്ടു മുന്നിലുള്ള മുറ്റത്തെ, (ലോക്ക് ഡൌൺ കാലമായതിനാൽ നിലത്തേക്കിറങ്ങാത്തവരാണെങ്കിൽ, സ്വന്തം മേശപ്പുറമായാലും മതി) ഒരു നിമിഷനേരത്തേക്ക് ഒന്ന് നോക്കിക്കാണുക. അതിനു ശേഷം ഒരിടത്ത് നീണ്ട ഒരു വര വരക്കുക. ഇനി അതേ ഇടത്തെ വീണ്ടും നോക്കിക്കാണുക. എത്ര പെട്ടെന്നാണ് അതേ ഇടത്തെ നാം അപ്പുറമെന്നും ഇപ്പുറമെന്നും അറിയുന്നത്! തൊട്ടു പിന്നാലെ ഉണ്ടായിവരുന്ന താരതമ്യങ്ങൾ നിരീക്ഷിക്കുക; അപ്പുറം അത്ര വൃത്തിയുള്ളതല്ല, അപ്പുറത്താണ് പച്ചപ്പ്‌ കൂടുതൽ, എല്ലായ്പ്പോഴും തന്റെ കാൽ വിരൽ ഉളുക്കിയിട്ടുള്ളത് അപ്പുറത്തു വെച്ചാണ്, അല്ലെങ്കിൽ ഇപ്പുറത്തിനോട് ഒരു വല്ലാത്ത മമത അങ്ങനെയങ്ങനെ ആ വിഭജന ചിന്തകൾ പടരുകയായി. ഒരൊറ്റ നിമിഷം മുൻപ് വരേയ്ക്കും നമുക്കത് ഒരൊറ്റ മുറ്റമായിരുന്നു. 
ഒരു വലിയ ചതുരത്തെ, നാലായി തിരിച്ചതിനു ശേഷം ഓരോന്നിനെയും നാം ബെഡ്‌റൂം, അടുക്കള, കുളിമുറി, ഡ്രോയിങ് റൂം എന്നിങ്ങനെ പേര് വിളിച്ചു കഴിഞ്ഞാൽ പിന്നീട് ഓരോ ഇടവും നമ്മിലുണ്ടാക്കുന്ന വികാര വൈജാത്യങ്ങൾ നിരീക്ഷിച്ചുനോക്കുക. ഓരോ മുറിയോടും നമ്മുടെ ആഭിമുഖ്യങ്ങൾ എങ്ങനെയാണെന്ന് നിരീക്ഷിക്കുക. രസാവഹമാണത്. ഒരേ സ്പേസിനെ നാം ഇഷ്ടിക കെട്ടി തിരിച്ചെന്നേയുള്ളൂ. ഇത്തരം വിഭജനങ്ങൾ, തന്റെ വ്യക്തിത്വത്തിന്റെ തീർത്തും അദൃശ്യമായ തലങ്ങളിൽ അനവരതം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരാൾക്ക് താൻ 'ഒരു ഒറ്റപ്പെട്ട ദ്വീപ്' ആയി തോന്നിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
ഈ വിഭജനങ്ങളൊന്നും മനസ്സിന്റെ ഒരു കുറ്റകൃത്യമെന്ന നിലയിലല്ല നോക്കിക്കാണേണ്ടത്; അതിന്റെ പ്രകൃതമെന്ന നിലക്കാണ്. മാത്രവുമല്ല, പ്രായോഗികമായി അതിനു പ്രസക്തിയുണ്ട് താനും. അപ്പോൾ പിന്നെ ഹരിനാമ കീർത്തനകാരൻ സൂചിപ്പിച്ച 'ഇണ്ടൽ' ഉണ്ടാവുന്നതെവിടെയാണ്? ഈ വിഭജനങ്ങളെയെല്ലാം, സത്യമായി ധരിക്കുന്നു നാം. അവ താൽക്കാലികമായ സൗകര്യങ്ങൾ (facilitation) മാത്രമാണെന്ന കാര്യം നാം ഓർക്കുന്നേയില്ല. അതിനേക്കാളുപരി ബോധതലത്തിൽ ഇത്തരം വിഭജനങ്ങൾ സംഭവിക്കുന്നുണ്ടെന്നുപോലും നാം മിക്കപ്പോഴും അറിയുന്നില്ല. അതുകൊണ്ടാണ് പ്രകൃതിയെന്നതുകൊണ്ട് നമുക്കുചുറ്റുമുള്ള സസ്യജാലങ്ങൾ എന്ന് നാം അർത്ഥം കൊടുക്കുന്നത്. അതുകൊണ്ടാണ് മൃഗങ്ങളും മനുഷ്യരും എന്ന് പറയുമ്പോൾ ആവശ്യത്തിലധികം ദൂരം അതിനകത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്. അതുകൊണ്ടാണ് സചേതനങ്ങളെന്നും അചേതനങ്ങളെന്നും നാം നിസ്സങ്കോചം പ്രസ്താവിച്ചുപോരുന്നത്.
എപ്പോൾ മുതലാണ് ഈ ഒന്നായ പ്രപഞ്ചത്തെ, ഒന്നായ അറിവിനെ, ഒന്നായ അവബോധത്തെ (cosmic consciousness), നാം വേറെ വേറെയായി അനുഭവിക്കാൻ തുടങ്ങിയത്? നാം കാണുന്ന ഒരു പുഷപ്ത്തിനു മുന്നിൽ, വിചാരങ്ങളുടെ ഒരു ചില്ലുമതിൽ വന്ന് കാഴ്ചയുടെ ആഴത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മുടെ കാതിൽ വന്നു വീണ കിളിക്കൊഞ്ചൽ, വിചാരങ്ങളുടെ അരിപ്പകൊണ്ട് വികലമാക്കപ്പെടുന്നു. നാം അറിഞ്ഞു തുടങ്ങിയ ഗന്ധങ്ങൾ, വിചാരങ്ങളുടെ കെണികളിൽക്കുടുങ്ങി മലിനമാക്കപ്പെടുന്നു. ഒരുപക്ഷേ ശുദ്ധമായ സംവേദനമെന്നത് നാം മറന്നേപോയിരിക്കുന്നു. നിസ്സാരമായ ജാഗ്രതക്കുറവുകൊണ്ടുണ്ടായതാണത്. അങ്ങനെവരുമ്പോൾ ഓരോ ഇന്ദ്രിയവും കൊണ്ടുവരുന്ന സംവേദനങ്ങൾ തമ്മിൽ സമന്വയിക്കപ്പെടുന്നില്ല. അവയെ അടിസ്ഥാനമാക്കിക്കൊണ്ട് നാം ഏർപ്പെടുന്ന ഓരോ പ്രവർത്തിയും തമ്മിൽ മേളിക്കപ്പെടുന്നില്ല. ഓരോ പ്രവർത്തിയും പരസ്പരം വിരുദ്ധമായിത്തന്നെ നിലകൊള്ളുന്നു. ഒരേ സത്തയായി നിലകൊള്ളേണ്ട ഈ 'ഞാൻ', നിരവധി ഭിന്നങ്ങളായി എങ്ങനെയോ കഷ്ടപ്പെട്ട് കഴിഞ്ഞുകൂടുകയാണ്. ബാലമാസികയിലെ 'വേറിട്ട പോത്ത്' എന്ന കഥാപാത്രത്തെപ്പോലെ. എല്ലാ അവയവങ്ങളും പരസ്പരം തൊട്ടിട്ടില്ല, എന്നിട്ടും പക്ഷേ ഒരേ ശരീരമെന്നപോലെ നിലനിൽക്കുന്ന ഒരു പോത്ത് (ആ കഥാപാത്രത്തെ ഭാവനചെയ്തയാൾ പ്രശംസയർഹിക്കുന്നുണ്ട്). അതുകൊണ്ടുത്തന്നെ ഈ പ്രവൃത്തികളിൽ നിന്നും ഉരുത്തിരിയേണ്ടിയിരുന്ന ആനന്ദം എന്ന അവസ്ഥ നമുക്ക് അന്യമായിപ്പോവുകയും ചെയ്യുന്നു. 
നമ്മുടെ ശരീരാതിർത്തികളെപ്പറ്റിയുള്ള അവബോധം (proprioception) തീരെ ശുഷ്ക്കമാണെന്ന് അറിയുന്നത് ധ്യാനത്തിലെ ഒരു പ്രധാന പടവാണ്. നമ്മുടെ അസ്തിത്വമെന്നത്, (നമ്മുടേത് മാത്രമല്ല, സകല അസ്തിത്വങ്ങളും) കേവലം ശരീരത്തിൽ നിന്നും ആരംഭിക്കുന്നതല്ല. എല്ലാ അതിരുകളും താല്ക്കാലികം മാത്രമാണ്. ഈ ഊർജ്ജലീലാപ്രപഞ്ചത്തിൽ എവിടെയാണ് തുടക്കവും ഒടുക്കവും? അതിനെ അതേപടി അനുഭവിക്കുക -knowing- എന്നതിനെയാണ് understanding എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ഗ്രാഹ്യം 'സാധാരണക്കാർക്കു വഴങ്ങാത്ത ആത്മീയ രഹസ്യമൊന്നുമല്ല'. വെറും സാമാന്യ ബുദ്ധിയാണത്. just common sense! 
സ്വാതന്ത്ര്യത്തിന്റെ ആകാശതന്തുക്കൾകൊണ്ട് നിർമ്മിതമായിട്ടുള്ള അവബോധം, പല പല തട്ടുകളാക്കി optional ആയാണ് സ്വരൂപിക്കപ്പെട്ടിരിക്കുന്നത്. ഈ options ഉപയോഗപ്പെടുത്താൻ നാം മറന്നു പോവുകയാണ്. പകരം, നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബോധത്തിന്റെ ആ തട്ടുകളെ വീണ്ടും വീണ്ടും ഖണ്ഡങ്ങളാക്കി പരിശോധിച്ചുനോക്കാനാണ്. ഈ പ്രവർത്തി ആത്മാർത്ഥമായി ചെയ്യുകയാണെങ്കിലും ഒരാൾ ഏകതയിലേക്കു എത്തിച്ചേർന്നേക്കാം. തന്നോടുതന്നെയുള്ള സത്യസന്ധതയാണ് മാനദണ്ഡമെന്നു മാത്രം. ഈ ദിശയിലുള്ള ശ്രമത്തെയാണ് സയൻസ് എന്ന് വിളിക്കുന്നത്.
എന്നാൽ, ഇതേ സംഗതികളെ knowing എന്നതിന് പകരം knowledge ആയി സ്വീകരിക്കുമ്പോൾ (സാംസ്കാരിക - രാഷ്ട്രീയ മതങ്ങളെല്ലാം ചേർന്ന് പരസ്പര ധാരണയിലൂടെ കഠിനപ്രയത്‌നം ചെയ്തുകൊണ്ടിരിക്കുന്നത്, knowing എന്നതിന്റെ എല്ലാ സാദ്ധ്യതകളേയും നിഷേധിച്ചുകൊണ്ട്, knowledge നെ പകരം വെക്കാനാണ്) സംഭവിക്കുന്നത് നേരെ തിരിച്ചാണ്. ഒന്നായിട്ടുള്ളതിനെ രണ്ടെന്നു കാണുകയല്ല ; രണ്ടായി അനുഭവിക്കുന്നതിനെ ഒന്നാണെന്ന് ചിന്തിച്ചുറപ്പിക്കാനുള്ള ശ്രമം മാത്രമാണത്. അതാകട്ടെ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല. ജീവിതത്തിന്റെ അനാരോഗ്യം തുടങ്ങുന്നത് അവിടെനിന്നാണ്. തിരുത്തപ്പെടേണ്ടത് ഒന്നാമത്തെ കാൽവെപ്പാണ്. അവബോധത്തിലേക്കു വരുന്നയൊരാൾ അപ്പോൾ 'ഒന്നായ നീ' എന്ന് ഉച്ചരിക്കുകയല്ല ചെയ്യുക, 'ഒന്നായ ഞാൻ' - അഖിലം ഞാനിതെന്ന തോന്നൽ-  എന്ന് അറിയുകയാണ്. അയാൾ ശാന്തമായി മനസ്സിലാക്കും 'ഒന്നായ എന്നെ'യാണ് ആവശ്യത്തെപ്രതി താൻ രണ്ടോ അതിലധികമോ ആയി ഖണ്ഡിച്ചു കാണുന്നതെന്ന്. 
പിന്നീടുള്ള അവസ്ഥയെയാണ് ആനന്ദമെന്നോ സ്വാസ്ഥ്യമെന്നോ സ്വാതന്ത്ര്യമെന്നോ വിളിക്കേണ്ടത്. 
ഒന്നായിട്ടുള്ളതിനെ ചില കഥയില്ലായ്മയുടെ പേരിൽ പലതായി അറിയുകയെന്ന മനുഷ്യന്റെ വിഡ്ഢിത്തത്തെ കളിയാക്കിക്കൊണ്ടാണെന്നു തോന്നുന്നു, മുല്ല നസിറുദീൻ തന്റെ ഖബറിടത്തിൽ ഏറെ അർത്ഥവത്തായ ഒരു installation ചെയ്‌തുവെപ്പിച്ചത് ! തുർക്കിയിലെ മുല്ല ഖബർ ഒരു മൈതാനമാണെന്ന് പറയപ്പെടുന്നു. അതിനു നടുവിൽ വെറുതെ നിൽക്കുന്ന ഒരു വാതിൽ കട്ടിള. രണ്ടു കതകുകളും അടച്ചു താഴിട്ടു പൂട്ടിയിരിക്കുന്നു. മുല്ല അതിന്റെ താക്കോൽ തന്റെ മൃതദേഹത്തോടൊപ്പം വെപ്പിച്ചുവത്രെ ! ചുറ്റും ചുമരുകളില്ല. തുറസ്സു മാത്രം. എന്നിട്ടും പക്ഷേ ശീലമൊന്നുകൊണ്ടുമാത്രം നാമതിനെ വേർതിരിച്ചു സംരക്ഷിച്ചിരിക്കുന്നു. ജീവിതത്തോട് നാം ചെയ്തുകൊണ്ടിരിക്കുന്ന കോപ്രായങ്ങൾക്ക് ഇതിനേക്കാൾ മികച്ച ഒരു ആവിഷ്ക്കാരം എളുപ്പമല്ല. വർഷത്തിലൊരിക്കൽ അവിടെ ഒത്തുകൂടുന്നവർ, ആർത്തുചിരിച്ചാഘോഷിക്കാറുണ്ടെന്നു കേൾക്കാൻ വലിയ സന്തോഷമാണ്.
ഈ സ്മാരകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നറിയില്ല. അത് സംവഹിക്കുന്ന സത്യം, അതേക്കുറിച്ചറിയുന്നതിനെ അപ്രസക്തമാക്കിക്കളയുന്നുവെന്നാണ് തോന്നിയിട്ടുള്ളത്.