Osho wings Osho waves

Featured Post

Wednesday, October 27, 2021

ഉണർവിലേക്കുള്ള പടവുകൾ - 22


ഉദാഹരണക്കെണികൾ


സ്‌കൂൾ ദിനങ്ങളിൽ കേട്ടിട്ടുള്ള ഒരു സാരോപദേശ കഥയുണ്ട്:

ഒരിടത്ത് നല്ലവനായ ഒരു മൗലവിയുണ്ടായിരുന്നു. അദ്ദേഹത്തിന് ഉടലോടെ പരലോകം സന്ദർശിക്കാൻ ഒരവസരമൊത്തു. പരലോകത്തെത്തിയതും അദ്ദേഹം നരകത്തിലേക്കാനയിക്കപ്പെട്ടു. ഇതുവരേക്കും കേട്ടതുപോലെയൊന്നുമായിരുന്നില്ല നരകം. ആളിക്കത്തുന്ന തീയും ഇളകിയാടുന്ന നൂൽപ്പാലവും കുത്തിമറിയുന്ന ഇഴജന്തുക്കളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. എല്ലാം ഒരു ന്യൂ ജി സെറ്റപ്പ്. വളരെ വലിയ പൂമുഖം. സ്വർഗ്ഗത്തിനും നരകത്തിനും ഒരേ റിസപ്ഷൻ. രണ്ടിനും ഒരേ പൂന്തോട്ടം. അല്പം ആശ്ചര്യത്തോടെ അകത്തേക്ക് ചെന്ന മൗലവി കണ്ടത് വീതി കുറഞ്ഞ ഒരു നീണ്ട തീൻമേശക്കിരുവശവും ആളുകൾ ഇരുന്ന് പ്രാകുന്നതാണ്. അവരുടെ മുഖം പട്ടിണികൊണ്ടും കോപം കൊണ്ടും വികൃതമായിരിക്കുന്നു. തീൻമേശയിലാകട്ടെ നിറയെ കൊതിയൂറും വിഭവങ്ങൾ. സ്വാദിഷ്ടങ്ങളായ വിവിധ തരം പഴങ്ങൾ. മനോഹരങ്ങളായ ചഷകങ്ങളിൽ മോഹിപ്പിക്കുന്ന പാനീയങ്ങൾ. ആരും പക്ഷേ അതെടുത്തു കഴിക്കുന്നില്ല. അപ്പോഴാണ് മൗലവി ശ്രദ്ധിച്ചത് അവർക്ക് മേശമേൽ നിന്നും ഭക്ഷണമെടുത്ത് കഴിക്കാൻ സാധിക്കുന്നില്ല. അവരുടെ കൈകളിൽ ഓരോ നീണ്ട വടി വെച്ച് കെട്ടിയിരിക്കുകയാണ്. വിരലുകൾ കൊണ്ട് ഭക്ഷണം എടുക്കാമെന്നല്ലാതെ വായിലേക്ക് കൊണ്ടുപോകാൻ കഴിയില്ല! ഈ പട്ടിണിക്കോലങ്ങൾ സ്വാദേറിയ വിഭവങ്ങൾക്ക് മുന്നിലിരുന്ന്‌ ആർത്തിപൂണ്ട് നരകിക്കുകയാണ്. നരകവാസികൾക്കുള്ള ശിക്ഷയാണത്രേ ഇത്!

എന്തൊക്കെയാണെങ്കിലും ഇതു കുറേ കടുത്തതായിപ്പോയി എന്ന് ഉള്ളിൽ പിറുപിറുത്തുകൊണ്ട് മൗലവി സ്വർഗ്ഗം കാണാൻ ചെന്നു. തൊട്ടപ്പുറത്തെ വാതിലാണ്. കയറിച്ചെന്നപ്പോൾ നരകത്തിൽ കണ്ട അതേ കാഴ്ച. നീണ്ടുകിടക്കുന്ന തീൻമേശ. നരകത്തിൽ കണ്ട അതേ വിഭവങ്ങൾ. അൽപ നിമിഷത്തിനു ശേഷം ആളുകൾ വന്നിരിക്കാൻ തുടങ്ങി. മൗലവിക്ക് ആശ്ചര്യമായി- അവരുടെ കൈകളിലും വടികൾ വെച്ച് കെട്ടിയിരിക്കുന്നു. 'പടച്ചോനെ, ഇവർക്കും അതേ ശിക്ഷയോ!', മൗലവി അറിയാതെ ചോദിച്ചുപോയി. പക്ഷേ ഇവരുടെ മുഖം വളരെ പ്രസന്നമാണ്. എല്ലാവരും സന്തോഷത്തിലാണ്. എല്ലാവരും ഇരുന്നുകഴിഞ്ഞപ്പോഴാണ് മൗലവിക്ക് കാര്യം പിടി കിട്ടിയത്. അവർക്ക് അവരുടെ കൈകൾ മടക്കാൻ പറ്റുന്നില്ലെങ്കിലും അവർ തൊട്ടെതിർവശത്തിരിക്കുന്നയാളുടെ വായിലേക്ക് ഭക്ഷണം വെച്ചുകൊടുക്കുന്നു. അവർ പരസ്പരം ഊട്ടുകയാണ്. അവർ നന്മ നിറഞ്ഞവരത്രേ! അതാണത്രേ അവരുടെ സന്തോഷത്തിനു കാരണം.


കഥ പറഞ്ഞ മാഷിനോട് അന്ന് ചോദിക്കാതെ പോയ ഒരു ചോദ്യം ഇന്ന് ഇവിടെ ചോദിക്കട്ടെ: ഇതിലെവിടെയാണ് കൊട്ടിഘോഷിക്കാൻ മാത്രമുള്ള നന്മ? നരകവാസികൾക്ക് കണ്ടെത്താനാവാതെ പോയ ഒരു ഉപായം സ്വർഗ്ഗത്തിലുള്ളവർക്ക് സാധിച്ചിരിക്കുന്നു. അവരെ അതിലേക്ക് നയിച്ചത് അവരുടെ നിസ്സഹായതയാണ്. അതിനെ മറികടക്കാനുള്ള അവരുടെ കഴിവിനെ വിവേകമെന്നോ കൗശലമെന്നോ മറ്റോ വിളിക്കാം. അതാണ് വേണ്ടതും. എന്നാൽ, നിസ്സഹായതയുടെ പേരിൽ- ആ നിസ്സഹായത അവരിലെ ശീലമാകട്ടെ, അവരിലെ ന്യൂറോളജിയാകട്ടെ, അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാകട്ടെ - തിന്മ ചെയ്തുപോരുന്നവരും നിസ്സഹായതയുടെ പേരിൽ നന്മ ചെയ്യുന്നവരും തമ്മിൽ ഗുണപരമായി -qualitatively- എന്ത് വ്യത്യാസമാണുള്ളത്? പരസ്പരമുള്ള ഒരു നീക്കുപോക്കിനെ നന്മ, സഹാനുഭൂതി എന്നിവയുടെ ഉദാഹരണമായി എടുത്തുകാണിക്കുന്നേടത്ത് കാര്യമായ പിഴവുണ്ട്. 


ഉദാഹരണവും പ്രതിരൂപവും - example & sample - നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയിട്ട് നാളേറെയായി. ഒരുപക്ഷേ ഭാഷയുടെ ഉത്ഭവം മുതല്ക്കേ. ഒരു വ്യക്തിയുടെ മാത്രം ജീവിതമെടുത്താൽ, ഓർമ്മ വെക്കുന്ന നാൾ മുതൽ അവന്റെ വളർച്ച നിശ്ചയിക്കുന്നതിൽ ഉദാഹരണവും പ്രതിരൂപവും മാതൃകയുമെല്ലാം വഹിച്ചുപോരുന്ന പങ്കിനെപ്പറ്റി അയാൾ വേണ്ടത്ര ബോധവാനാണെന്നു തോന്നുന്നില്ല. ഇവയിലെല്ലാം പൊതുവായിക്കിടക്കുന്ന അടിസ്ഥാന സ്വഭാവം അനുകരണത്തിന്റേതാണ്. മനുഷ്യന്റെ ബോധപരിണാമങ്ങളെല്ലാം അനുകരണത്തിന്റെ ചുമലിലേറിയാണ് നടന്നുവന്നിട്ടുള്ളത്. ഏതൊരു ഉദാഹരണവും കേവലം ഒരു ഉദാഹരണമല്ലത്രേ, നമുക്കകത്ത് അത് അനുകൂലമായോ പ്രതികൂലമായോ അതിസൗമ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് സാരം.
നമ്മുടെ വ്യക്തിത്വ-individuality- രൂപീകരണത്തിൽ അത്തരം ഉദാഹരണങ്ങളും താരതമ്യങ്ങളുമൊന്നും ഒരുപക്ഷേ ഉപദ്രവകരമായ സ്വാധീനം ചെലുത്തണമെന്നില്ല. അതേസമയം, വ്യക്തിയെ, അവന്റെ അവബോധത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ഉദാഹരണങ്ങളാവുമ്പോൾ, അവനിൽ അത് പ്രവർത്തിക്കുന്നത് ഒരു തരം ഹിപ്നോറ്റിക് നിർദ്ദേശം (Hypnotic suggestion) പോലെയാണ്. ചുരുങ്ങിയ പക്ഷം  അവന്റെ ധാരണകളെ വഴിതെറ്റിച്ചു വിടുകയെങ്കിലും ചെയ്യുന്നുണ്ട്. കുഞ്ഞുന്നാൾ മുതൽ കേട്ടുപോരുന്ന ചില ഉദാഹരണങ്ങൾ, എത്ര പ്രായമായവരിലും, ഏറെ സൂക്ഷ്മമായ തലത്തിൽ സ്വാധീനിച്ചുപോരുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ സ്വാധീനങ്ങൾ നിരുപദ്രവകരമാണെന്നോ, അപ്രധാനമാണെന്നോ തോന്നിയേക്കാം. ഒരുവേള, അവ ഉപകാരപ്രദമാണെന്നു വരെ തോന്നിച്ചേക്കാം. മതങ്ങളും ഉദ്ബോധനങ്ങൾ നല്കാനായി വെമ്പി നില്ക്കുന്നവരും, കണ്ണ് തെറ്റിയാൽ സഹായിച്ചുകളയും എന്നുള്ള 'നന്മ മരങ്ങളും' മനുഷ്യന്റെ ഭാഗദേയത്തെപ്പറ്റി വാ കീറി ഉപദേശിക്കുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ അത്തരം ഉദാഹരണങ്ങളെ പ്രകീർത്തിക്കാനേ വഴിയുള്ളൂ. എന്നാൽ, 'ഉണർവിലേക്ക്' വരുമ്പോൾ, ഉണരണമെന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം, ഇത്തരം ഉദാഹരണങ്ങൾ നമ്മിൽ പ്രബലമാക്കിപ്പോരുന്ന തെറ്റിധാരണകളെപ്പറ്റി, അവ നമ്മെ എങ്ങനെയെല്ലാമാണ് വഴി തെറ്റിച്ചു കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി ഓർത്തിരിക്കുന്നത് നല്ലതാണ്, കൗതുകകരമാണ്, അത്യാവശ്യമാണ്.

SUN by VANGOGUE
ചെറിയ ക്‌ളാസ്സുകളിൽ കേട്ടു ശീലിച്ചിട്ടുള്ള ഒന്നാണ്, സൂര്യന്റേയും മഴയുടേയും കാറ്റിന്റെയുമെല്ലാം ഉപമയും ഉദാഹരണങ്ങളും. സമഭാവന എന്നാൽ എങ്ങനെയായിരിക്കണമെന്ന് വിവരിക്കാൻ വേണ്ടിയാണ് ഈ ഉപമകൾ ഉപയോഗിക്കാറുള്ളത്. സൂര്യൻ പ്രകാശം ചൊരിയുന്നത് ഭേദഭാവനകൾ ഇല്ലാതെയാണത്രേ! മഴ പെയ്യുന്നതും ജാതി മത ഭേദങ്ങൾ കൂടാതെയാണത്രേ. പണ്ഡിതനെന്നോ
പാമരനെന്നോ നന്മ നിറഞ്ഞവനെന്നോ തിന്മകൾ  ചെയ്യുന്നവനെന്നോ നോക്കാതെ എല്ലാവർക്കും സമമായി ജലം വർഷിച്ചുകൊടുക്കുന്നു. കാറ്റിന്റെ കാര്യവും അങ്ങനെത്തന്നെ. മനുഷ്യൻ വെട്ടിമുറിച്ചു കല്പിച്ചുവെച്ചിട്ടുള്ള രാജ്യാതിർത്തികളെയൊന്നും കൂസാതെ സകലർക്കും സമമായി കുളിർ ചൊരിയും വിധമത്രേ കാറ്റിന്റെ ഗതിവിഗതികൾ! നമ്മൾ സൂര്യനെയും മഴയേയുമെല്ലാം കണ്ടു പഠിക്കണമെന്നാണ് വെപ്പ്. 

ഇത്തരം നിരുപദ്രവകാരികളായ ഉദാഹരണങ്ങൾ അവയുടെ ചാരപ്രവർത്തനം നടത്തുന്നത് യുക്തിയുടെ തലത്തിലല്ല. ആ തലത്തിൽ അത് അത്ര അപകടകാരിയുമല്ല, മഴയ്ക്ക് തനതായ വ്യക്തിത്വമില്ലെന്നും അത്തരമൊരു ഉപമയുടെ സാംഗത്യം അതല്ലെന്നും വ്യക്തമാണ്. എന്നിട്ടും പക്ഷേ, ഈ ഉദാഹരണങ്ങൾ നിസ്സാരമായ കുറ്റബോധത്തിന്റെ നരച്ച ധൂളികൾ വിതറിപ്പോകുന്നു- സമഭാവനയോടെ പ്രവർത്തിക്കാനായില്ലെങ്കിൽ തന്നിൽ എന്തോ കുഴപ്പമുള്ളതുപോലെയുള്ള ഒരു തോന്നൽ. സമഭാവനയെന്നത് കേവലം ഒരു ഭാവന മാത്രമാണെന്നും പ്രായോഗികജീവിതത്തിൽ ഒരിക്കലും സാധ്യമല്ലാത്തതും ആവശ്യമില്ലാത്തതുമാണെന്നറിയുന്നതാണ് വിവേകം. ഇനി ആവശ്യമായ ഒന്നാണെന്ന് തന്നെ വെക്കുക. മനസ്സ് എന്ന ഒരു പ്രതിഭാസമുള്ളേടത്തോളം സാധ്യമേയല്ലാത്ത ഒരു സംഗതിയാണത്. മഴയ്ക്കും സൂര്യനുമൊക്കെ മനസ്സുണ്ടായിരുന്നെങ്കിൽ എവിടെയാകുമായിരുന്നു അവരുടെ സമഭാവന? കാറ്റിന് ഒരു മനസ്സുണ്ടായിരുന്നെങ്കിൽ, അത് ഏതെല്ലാം രീതിയിലായിരുന്നു വീശിയടിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. ഏതായാലും ഒന്നു വ്യക്തമാണ്. സ്വന്തമായി മനസ്സും വികാരങ്ങളും വിവേകവും ഇല്ലാത്തവക്കു മാത്രമേ ഉപദേശകർ പറയുന്ന 'സമഭാവന' പറഞ്ഞു ഫലിപ്പിച്ചെടുക്കാനാവൂ. സമഭാവനയുടെ കാര്യത്തിൽ, ചോരയും നീരുമുള്ള ഒരൊറ്റ വ്യക്തിയേയും മാതൃകയായി മുന്നോട്ടു വെക്കാനാവില്ല. അതുകൊണ്ടാണ് ഉദാഹരണങ്ങൾക്കായി ജീവനില്ലാത്തവയെ കൂട്ടുപിടിക്കുന്നത്. അഥവാ വ്യക്തികളിൽ എവിടെയെങ്കിലും 'സമഭാവന' കണ്ടെത്തുന്നുവെങ്കിൽ അത് വെറും ഭാഗികമായിരിക്കും. അതിന്റെ ഉദ്ദേശ്യശുദ്ധി ഗൂഢമായിരിക്കും. മാത്രവുമല്ല, ആ ചെയ്തിയുടെ സമഗ്രമായ അവലോകനത്തിൽ ഈ 'സമഭാവന' ഇടം തിരിഞ്ഞു നില്പ്പുണ്ടാകും. 


ജീവിതത്തിൽ 'സമമായി' എന്തെങ്കിലും സാധ്യമാണെങ്കിൽ അത് 'ഉണർവ്' മാത്രമാണ്- being aware. അതിന്റെ പ്രതിഫലനമായിട്ടുള്ള പ്രവർത്തികളിൽ ഒരിക്കലും അത് അങ്ങനെയല്ല കാണപ്പെടുക. അങ്ങനെയാവുകയുമരുത്.

മനുഷ്യൻ കടന്നുപോകുന്ന സങ്കീർണ്ണമായ ജീവിതാവസ്ഥകളെ പരാമർശിക്കുമ്പോൾ പലയിടത്തും നാം അവനെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്നു. മൃഗങ്ങൾ പെരുമാറിപ്പോരുന്നതിനെ ഉദാഹരണമാക്കി, നാം അവയെ മാതൃകയാക്കണമെന്ന് ഉപദേശിക്കുന്നു. മൃഗങ്ങളെ നോക്കൂ, പക്ഷികളെ നോക്കൂ, അവ എത്ര സമാധാനത്തോടെയാണിരിക്കുന്നത്, അവ എത്ര ലാളിത്യത്തോടെയാണ് ജീവിക്കുന്നത്, അവർക്ക് ജാതി മത ഭേദങ്ങളില്ല, അവർ കൂട്ടിവെക്കുന്നില്ല, അവർ ആനന്ദതുന്ദിലർ എന്നിങ്ങനെയാണ് സമാധാന ഉപദേശികൾ ഹരം കൊള്ളുന്നത്. 'ഒരു നായക്കു പോലും ഇതൊക്കെ സാധ്യമാണ്, എന്നിട്ടാണോ ഒരു മനുഷ്യനായ നിങ്ങൾക്ക് ഇത് കഴിയാതെ പോകുന്നത്?' എന്നിങ്ങനെയാണ് ഉപദേശികൾ നമ്മെ കുറ്റപ്പെടുത്താറുള്ളത്. അസ്വസ്ഥത പേറുന്ന ഒരു സാധാരണ മനുഷ്യൻ ഇത്തരം ഉദാഹരണങ്ങളിൽ ആശ്വാസം കണ്ടെത്തുമ്പോൾ, ഓർക്കാതെ പോകുന്ന ഒരു സത്യമുണ്ട് - പക്ഷിമൃഗാദികളെല്ലാം തന്നെ ആനന്ദതുന്ദിലരായിരിക്കുന്നത് വൈയക്തികത (individuality) യെന്ന സ്വാതന്ത്ര്യത്തിന്റെ അഭാവത്തിലാണെന്ന്. 


അവയുടെ സമാധാനമെന്നത് അവയുടെ പരിമിതിയാണ്. അങ്ങനെയെല്ലാതാവാനുള്ള അവബോധമോ സ്വാതന്ത്ര്യമോ അവയ്ക്കില്ല. അവയിൽ നാം കാണുന്ന (നന്മയെന്നു നാം വാഴ്ത്തിപ്പാടുന്ന) ഗുണങ്ങളെല്ലാം നിശ്ചിതമായിട്ടുള്ള ന്യൂറോളജിക്കൽ വ്യവസ്ഥയുടെ പരിമിതിയാണ്. ലോഹം, പ്ലാസ്റ്റിക്കുകൾ എന്നിവക്ക് പകരം മജ്ജയും മാംസവും കൊണ്ട് നിർമിക്കപ്പെട്ട ജൈവ യന്ത്രങ്ങൾ. (പക്ഷിമൃഗാദികളെ സ്നേഹിക്കരുതെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. 'പഞ്ചതന്ത്രം' കഥകൾക്കപ്പുറത്ത് അവയെ ഉദാഹരിക്കുമ്പോൾ സൂക്ഷിച്ചുവേണം എന്നേയുള്ളൂ.)ഇത്തരം ഉദാഹരണങ്ങളിൽ വീണു പോകുമ്പോൾ, ഏറ്റവും അടിത്തട്ടിൽ, നമ്മുടെ മനോ-ശരീര വ്യവസ്ഥയിൽ അനുഗൃഹീതമായിട്ടുള്ള സ്വാതന്ത്ര്യം എന്ന മൂല്യത്തെ നാം അവഗണിക്കുകയാണ്; അതാവശ്യപ്പെടുന്ന ഉത്തരവാദിത്തത്തിൽ നിന്നും നാം രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

ഉദാഹരണങ്ങളെ കരുതിയിരിക്കുക.

അവ നമ്മുടെ സ്വാതന്ത്ര്യാവബോധത്തെ

കാർന്നു തിന്നാൻ ഇടയുണ്ട്! 




                                                      








  



Sunday, September 26, 2021

ഉണർവിലേക്കുള്ള പടവുകൾ - 21



                                                സഹജസ്വീകാരം

എന്താണ് സൗന്ദര്യം എന്നത് എക്കാലത്തേയും ഒരു വലിയ ചോദ്യമാണ്. എല്ലാ തത്വചിന്തകരും കവികളും കലാകാരന്മാരും മറ്റും അവരവരുടേതായ കാഴ്ചപ്പാടുകൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യരായ മനീഷികളാണെന്നു തോന്നുന്നു വ്യക്തിഗതമായ കാഴ്ചപ്പാടുകളെ മാറ്റിവെച്ചുകൊണ്ട് ആദ്യമായി  സത്യത്തോട് അടുത്തുനില്ക്കുന്ന ഒരു നിർവ്വചനത്തെ സമ്മാനിച്ചത് - 'accepting as it is'.

സൗന്ദര്യമാകട്ടെ, അതിനോട് ഒട്ടിച്ചേർന്നു കിടക്കുന്ന മറ്റു മൂല്യങ്ങളാകട്ടെ - സ്നേഹം, ശാന്തി, സമാധാനം, കരുണ എന്നിങ്ങനെ - എല്ലാത്തിനും മേല്പ്പറഞ്ഞ നിർവ്വചനം പ്രകാശം പകരുന്നുണ്ട്. എങ്ങനെയെന്നാൽ ഇപ്പറഞ്ഞ മൂല്യങ്ങളൊക്കെയും, അനുഭവിക്കുന്നയാളെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആനുഭൂതികതയാണ് - the very experiencing; അനുഭവത്തിനു നിമിത്തമാകുന്ന ബാഹ്യ ലോകത്തെ ആശ്രയിച്ചു നില്ക്കുന്നവയല്ല. ഇതേ ഉൾക്കാഴ്ചയെ, ഒരല്പം അടിയിലേക്ക് കൊണ്ടുപോയാൽ നാം അനുഭവിക്കുന്ന ഈ ലോകം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന് വരും ! ഇതനുഭവിച്ചവർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ പങ്കുവെച്ചതാണെങ്കിലും, കേവലം യുക്തിയെ അടിസ്ഥാനമാക്കിക്കൊണ്ടു മുന്നോട്ടുപോകുന്ന ശാസ്ത്രസങ്കല്പങ്ങൾ, വിശേഷിച്ചും ക്വാണ്ടം മെക്കാനിക്സ്, ഈയടുത്ത കാലത്തു മാത്രമാണ് ഈ സത്യത്തെ അവരുടെ ഗണിത വ്യായാമങ്ങളിലേക്ക് ഉൾപ്പെടുത്തിയത്. അതവിടെ നില്ക്കട്ടെ. നമുക്ക് നിത്യ ജീവിതത്തിലേക്ക് വരാം.


സാധാരണയായി നാം സൗന്ദര്യമെന്നറിയുന്നത്, ഒരു വസ്തുവിനെ സുന്ദരമെന്നറിയുന്നത്, അതിനോടുള്ള ഇഷ്ടത്തെയാണ്. അതിനോടുള്ള അനിഷ്ടത്തെ അഭംഗിഎന്നോ ചീത്തയെന്നോ തീർപ്പു കല്പിക്കുന്നു. ഒരു ആശയത്തിന്റെ കാര്യത്തിലായാലും മുന്നിൽ വന്നു പെടുന്ന വ്യക്തിയുടെ കാര്യത്തിലായാലും ഇതു തന്നെ സ്ഥിതി. അതായത് നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ ആണ് എന്തിനേയും ഏതിനേയും സുന്ദരമോ വിരൂപമോ എന്ന് വിലയിരുത്തുന്നത്. എന്നാൽ നമ്മുടെ ഇഷ്ടവും ഇഷ്ടക്കേടും ഒരു വലിയ ഭാഗവും ശീലത്തിന്റേതാണ് (ദു:ശീലത്തിന്റേതും). നാം കണ്ടു ശീലിച്ചവ, കേട്ടു ശീലിച്ചവ, രുചിച്ചു ശീലിച്ചവ, നല്ലതേതെന്നും ചീത്തയേതെന്നും നിരൂപിച്ചു ശീലിച്ചവ എന്നിങ്ങനെ. ആ ശീലത്തിന്റെ ഭാഗമായി, സുന്ദരമെന്നു ശീലിച്ച രൂപഭേദങ്ങളോട് ഇഷ്ടം തോന്നുകയും, കരുണ തോന്നേണ്ടതുണ്ടെന്നു ശീലിച്ചു വശായ സന്ദർഭങ്ങളോട് ഇഷ്ടം തോന്നുകയുമൊക്കെ സംഭവിക്കുന്നുണ്ട്. 


നാം ജനിച്ചുവളർന്നത് മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ, നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അവിശ്വസനീയമാം വിധം വ്യത്യസ്തങ്ങളാകുമായിരുന്നു.

ഈ ഇഷ്ടാനിഷ്ടങ്ങളെത്തന്നെയാണ് പൊതുവേ നാം സ്നേഹമെന്നും വെറുപ്പെന്നുമറിയുന്നത്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് നമ്മുടെ ശാന്തിയും സമാധാനവുമെല്ലാം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ് നമ്മിൽ കാരുണ്യത്തേയോ സ്നേഹത്തേയോ സൃഷ്ടിക്കുന്നത്. എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാകട്ടെ പരിചിതങ്ങൾക്കനുസരിച്ച്, ശീലങ്ങൾക്കനുസരിച്ച് നമ്മുടെ ശരീരഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്. അല്ലെന്നുണ്ടോ?

ഇഷ്ടപ്പെടുക എന്നതിന്റെ പിന്നിലുള്ള സങ്കീർണ്ണമായ ഹോർമോൺ ചേരുവകളോ, മറ്റു ഹിപ്നോട്ടിക് സ്വാധീനങ്ങളോ അത്രയൊന്നും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നാം രേഖപ്പെടുത്തുന്ന ലൈക്കുകളുടെ പിന്നിലെ കഥയില്ലായ്മകളെങ്കിലും നമുക്ക് എളുപ്പം ഓർത്തുനോക്കാവുന്നതാണ്. സത്യത്തിൽ ദൈനം ദിന ജീവിതത്തിൽ നാം പുലർത്തുന്ന അവബോധമില്ലായ്ക സമൂഹ മാധ്യമങ്ങളിൽ എളുപ്പം പ്രതിഫലിക്കപ്പെടുന്നുവെന്നേയുള്ളൂ.

നമ്മുടെ സൗന്ദര്യ ബോധ്യങ്ങളിൽ, നമ്മുടെ മറ്റു മൂല്യാവബോധങ്ങളിൽ നാം തീരെ ശുഷ്കരാണ്; നമ്മുടെ അത്തരം ബോധ്യങ്ങളേവയും വികലമാണ് 

- വൈകല്യമാർന്നത്, പൂർണ്ണമല്ലാത്തത് - സംശയലേശമെന്യേ.


‘Accepting as it is’ - അതേപടി സ്വീകരിക്കുക; ഭേദഭാവങ്ങൾ കൂടാതെ - എന്ന മന്ത്രം കിഴക്കിന്റെ പൊതുവായ ആത്മീയ സമീപനമായിരുന്നാലും, ചൈനയിലെ താവോ (tao) സമ്പ്രദായമാണ് ഈ സമീപനത്തെ സവിശേഷമായ ഒരു സാധനയായി വകഞ്ഞെടുത്തത്. ഭാരതത്തിലേയും ബുദ്ധമതത്തിലേയും താന്ത്രിക സാധനകൾ ഇതേ ഉൾക്കാഴ്ചയിൽ ഊന്നിയതാണെങ്കിലും, പ്രയോഗത്തിൽ അവ നിത്യജീവിതത്തിൽ നിന്നും ഏറെ ദൂരെ പോവുകയും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. താവോയിസത്തിന്റെ ആചാര്യനെന്ന പേരിൽ അറിയപ്പെടുന്ന - കാലക്രമേണ വന്നു കൂടിയ ഒന്നാണ് താവോയിസമെന്നതും

അതിന്റെ ആചാര്യനെന്നതുമെല്ലാം - ലാവോത്സു അത്തരം സവിശേഷമായ ഒരു 'ഇസ'ത്തെ ശീലിക്കുകയോ പ്രചരിപ്പിക്കുകയോ ആയിരുന്നില്ല. അദ്ദേഹം എല്ലാ വിപരീതങ്ങളേയും ആശ്ലേഷിച്ചുകൊണ്ട്, വിപരീതങ്ങൾ എന്നൊന്ന് ഇല്ലെന്ന് അറിഞ്ഞുകൊണ്ട്, ജീവിക്കുകയായിരുന്നു. തഥാത്വം (suchness) എന്ന വാക്കായിരിക്കാം 'താവോ'യിൽ ജീവിക്കുക എന്നതിനെ കൂടുതൽ കൃത്യമായി സൂചിപ്പിക്കുക. 

ജീവിതത്തിലെ ഏതൊരു സന്ദർഭത്തെ അഭിമുഖീകരിക്കുമ്പോഴും, എത്ര അബോധപരമായ തെരഞ്ഞെടുപ്പുകളാണ് (choosing) നാം നടത്തിപ്പോരുന്നത് ! അതുകൊണ്ടുതന്നെ ആ സന്ദർഭത്തിന്റെ സമഗ്രമായ, സമ്പൂർണ്ണമായ പ്രകൃതം - existential significance - നമുക്ക് ലഭ്യമാകാതെ പോകുന്നു. ഇപ്പറയുന്നത് ഗഹനമായ   എന്തെങ്കിലും സിദ്ധാന്തമഹിമയല്ല; കൊച്ചുകാര്യങ്ങളിൽ പോലും നമുക്ക് സംഭവിച്ചുപോകുന്ന ജാഗ്രതക്കുറവുകളാണ്. ഒരു വൃക്ഷത്തെ കാണുമ്പോഴേക്കും നാം ഉള്ളിൽ ഉരിയാടിപ്പോയിട്ടുണ്ടാകും, 'വല്ലാത്ത ഉയരം തന്നെ! ഇതിന് എത്ര പഴക്കം കാണുമോ ആവോ! ഭയങ്കര ഉറപ്പുണ്ടെന്ന് തോന്നുന്നു ഇതിന്റെ തടിക്ക്. അന്ന് അവിടെ കണ്ട മരം ഇത്രയ്ക്കു വരുമോ?’.

ഒരു വ്യക്തിയെ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു വസ്തുവിനെ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു വാർത്ത കേൾക്കുമ്പോഴേക്കും ഇങ്ങനെയാണ്. ഒരു വാക്കു കേൾക്കുമ്പോൾ പോലും ഇങ്ങനെയാണ്. അതിന്റെ അലകും പിടിയും മാറ്റി, അതിനെ അളന്നു നോക്കി വില നിശ്ചയിച്ച്, നമുക്കുണ്ടാകുന്ന പ്രയോജനമോ നഷ്ടമോ കണക്കാക്കി, അതിനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തിട്ടുണ്ടാകും. അതിനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിട്ടുണ്ടാകും. അതിൽ ശാന്തി കണ്ടെത്തുകയോ അതിൽ അസ്വസ്ഥപ്പെടുകയോ ചെയ്തിട്ടുണ്ടാകും. എന്നാൽ ഇതിനിടയിൽ അതിപ്രധാനമായ മറ്റൊന്ന് നമുക്ക് നഷ്ടപ്പെട്ടെന്ന കാര്യം മാത്രം നാം അറിയുന്നില്ല - സ്വാതന്ത്ര്യം.

‘Accepting as it is’, തഥാത്വം, നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഏതൊന്നിനെയും അതിന്റെ എല്ലാ പശ്ചാത്തലസ്വരൂപങ്ങളോടും കൂടി സ്വീകരിക്കുകയാണെങ്കിൽ, ശീലങ്ങളെപ്രതി തീർപ്പുകൾ കല്പിക്കാതിരിക്കുകയാണെങ്കിൽ, ആ സന്ദർഭം നമ്മെ അടിമയാക്കുന്നില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത ഏതൊരു സന്ദർഭവും നമ്മിൽ സ്നേഹത്തിന്റെ പൂമ്പൊടികൾ വിതറുന്നു. സ്നേഹത്തിന്റെ പൂമ്പൊടിയേൽക്കുമ്പോൾ സുന്ദരമാകാത്ത എന്തുണ്ട്? സൗന്ദര്യം ശാന്തിയേകിയില്ലെങ്കിൽ മറ്റൊന്നിനും അതിനാവില്ല. ‘Beauty will save the world’ എന്ന് ദസ്തെയെവ്സ്കി. 

അതേസമയം ഇപ്പറയുന്ന സ്നേഹവും സൗന്ദര്യവുമൊന്നും കേവലം ഹോർമോണുകളുടെ രസതന്ത്രമായിരിക്കില്ല. ആ മൂല്യങ്ങളെ അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളിലൂടെയാണെന്നു മാത്രം; ഇന്ദ്രിയങ്ങൾക്ക് അനുഭൂതികളുടെ പുറത്ത് വോട്ടവകാശമുണ്ടായിരിക്കില്ല അപ്പോൾ.


സകലതിനേയും അതേപടി സ്വീകരിക്കുകയെന്നാൽ, എതിർപ്പുകളുടേയും ചെറുത്തുനിൽപ്പുകളുടേയും പോരാട്ടങ്ങളുടേയുമെല്ലാം സ്ഥാനമെവിടെയാണ് പ്രായോഗിക ജീവിതത്തിൽ? 'തഥാത്വം' എന്നത് ദുർബലനാവുകയെന്നോ നിരുത്തരവാദിയാവുകയെന്നോ എല്ലാ അധിനിവേശങ്ങൾക്കും വഴങ്ങിക്കൊടുക്കുകയെന്നോ ആണോ? നേരെ തിരിച്ചാണ് സത്യം. ഇപ്പോഴത്തെ നമ്മുടെ എതിർപ്പുകളും മറ്റും ഊഹാപോഹങ്ങളെപ്രതിയുള്ള ഇരുട്ടിൽ തപ്പലുകൾ മാത്രമാണ്- just reactions. തഥാത്വത്തിന്റെ വഴിയിൽ, അവയെല്ലാം, ഉൾച്ചേർക്കപ്പെടുന്ന പ്രതിസ്പന്ദങ്ങളാണ് - responses. അവ നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നില്ല. അവ നമ്മെ കർത്താവെന്നും ക്രിയയെന്നും പ്രതിക്രിയയെന്നും വേർതിരിക്കുന്നില്ല. അവ നമ്മിലെ സ്നേഹത്തിനു മങ്ങലേല്പിക്കുന്നില്ല. നമ്മിലെ കരുണയുടെ ശോഭ കെടുത്തുന്നില്ല.

‘All inclusiveness’ എന്നത് അവാച്യമായ ശാന്തിമന്ത്രമത്രേ, the ultimate

understanding! പാക്കിസ്ഥാൻ കവിയും ഹാസ്യകാരനുമായിരുന്ന ഇബ്ന് - എ - ഇൻഷാ (Sher Muhammad Khan) പാടിയതുപോലെ:


(ആബിദ പർവീൺ ഈ ഗാനം മനോഹരമായി ആലപിച്ചിട്ടുണ്ട്: Sauda ho toh aisa ho)

'ഹൃദയം സ്നേഹത്താൽ നിറഞ്ഞു കവിയുമ്പോൾ,

പിന്നെ സർവ്വവും അവയുടെ സഹജതയിലാണ് സ്വീകരിക്കപ്പെടുന്നത്; 

സമുദ്രം സമുദ്രമായും മരുഭൂമി മരുഭൂമിയായും.

…………………

ഈ വേദനയിൽ ഇതെന്തൊക്കെയാണ്?! 

ദുഖവും ആനന്ദവും. 

അകത്തൊരു മുള്ളിരുന്നാൽ (അവബോധമെന്ന മുള്ള്), അതങ്ങനെയാണ്.

അതുണ്ടാക്കുന്ന നോവ് ! 

അത് നല്കുന്ന നിർവൃതി..'






                                                             






















Monday, August 30, 2021

ഉണർവിലേക്കുള്ള പടവുകൾ - 20



                                                              താദാത്മ്യ സമസ്യകൾ 

താദാത്മ്യമെന്നത് ഒരേ സമയം പ്രകീർത്തിക്കപ്പെടുകയും പഴിയേൽക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. സഹജീവി സ്നേഹത്തിന്റെ കാര്യത്തിൽ; സംഗീതം, സൗന്ദര്യം എന്നിവയുടെ കാര്യത്തിൽ എളുപ്പം താദാത്മ്യപ്പെടുന്നയാൾ കൂടുതൽ സഹൃദയൻ എന്നാണ് പരിഗണിക്കപ്പെടുന്നത്. അതേ സമയം ഭയം, കോപം, അസൂയ തുടങ്ങിയുള്ള അനേകം വൈകാരിക സന്ദർഭങ്ങളോട് താദാത്മ്യപ്പെടുക എന്നത് ദൗർബല്യമായോ കുഴപ്പമായോ കണക്കാക്കപ്പെടുന്നു. ജീവിതസന്ദർഭങ്ങളുമായി ഇഴുകിച്ചേർന്നു പോകാൻ കഴിയണം എന്ന് ഒരു വശത്ത് ഉപദേശിക്കപ്പെടുമ്പോൾ, മറുവശത്ത് പറയുന്നത് ജീവിതത്തെ എല്ലായ്‌പ്പോഴും സ്വയം മാറി നിന്ന് വീക്ഷിക്കണം എന്നാണ്. ഈ ഇഴുകിച്ചേരലും മാറിനില്ക്കലും എങ്ങനെയാണ് ഒത്തുപോവുക?

സത്യമായിട്ടും ഒത്തുപോവുകയില്ലതന്നെ. 

എന്നാൽ രണ്ടും ഒത്തുപോവുകയില്ലെന്ന സത്യത്തെ സൗകര്യപൂർവ്വം മറച്ചുവെച്ചുകൊണ്ട് രണ്ടു വശങ്ങളേയും മാറി മാറി സ്വീകരിച്ചിട്ടുള്ളതാണ് നമ്മുടെ ഇതുവരേക്കുമുള്ള ചരിത്രം. താദാത്മ്യം എന്ന് പേരിട്ടുകൊണ്ട്, സഹാനുഭൂതി,സർഗാത്മകത എന്നീ വാക്കുകളെ മറയാക്കി പിടിച്ചുകൊണ്ട്, ഒരു വശത്ത് ഇന്ദ്രിയ വിഷയങ്ങളിൽ അല്ലെങ്കിൽ സഹതാപമടക്കമുള്ള വൈകാരിക തിര തള്ളലിൽ നാം മുഖമടിച്ചു വീഴുന്നു. ഇന്ദ്രിയങ്ങളിൽ നിന്നും അകലം പാലിക്കുകയാണ് ജീവിത ലക്‌ഷ്യം എന്ന് തോന്നും വിധം പരിത്യാഗത്തിന്റെ കൃത്രിമ ചര്യകളെ ആശ്ലേഷിച്ച്, സ്നേഹം, ദയ, കാരുണ്യം എന്നീ വാക്കുകളുടെ മറവിൽ, മറുവശത്ത് നാം സഹന ജീവിതം നയിക്കുന്നു. രണ്ടിടത്തും സംഭവിക്കുന്നത് ഒന്നു തന്നെ: ബോധത്തിന്റെ സൂക്ഷ്മമായ ആ അകലം- the open corridor of pure knowing- പാലിക്കപ്പെടാതെ പോവുന്നു. ഈ രണ്ടു സമീപനങ്ങളും ആത്യന്തികമായി ജീവിതത്തെ ദുരിതമയമാക്കുക തന്നെയാണ് ചെയ്യുന്നത്.


അവബോധമെന്നത് നാം എന്ന ഉണ്മയെ (beingness) നമ്മുടേതെന്ന് കരുതിപ്പോരുന്ന ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും അവയുടെ ചെയ്തികളിൽ നിന്നും വ്യതിരിക്തമായി നില നിർത്തുന്ന സുതാര്യമായ ഒരു ഇടനാഴിയാണ്; ജൈവ സമ്പുഷ്ടമായത്, നിശബ്ദമായത്. അതിസൂക്ഷ്മമായ ഈ അകലത്തെ ഉണ്ടാക്കിയെടുക്കേണ്ടതല്ല; വീണ്ടെടുക്കേണ്ടതാണ്. അതൊരിക്കലും നഷ്ടമായിട്ടില്ല, അതിനെ അറിയാതെപ്പോകുന്നു എന്ന് മാത്രമേയുള്ളൂ. അതിന്റെ അഭാവത്തിൽ, ഒന്നുകിൽ നാം മറവിയിലെന്നോണം മുഴുകിപ്പോവുന്നു. അല്ലെങ്കിൽ നാം സർവ്വതിൽ നിന്നും പ്രതിഷേധമെന്നോണം മാറി നില്ക്കുന്നു.


റഷ്യൻ മിസ്റ്റിക് ആയിരുന്ന ജോർജ് ഗുർജിയെഫിനെ പറ്റി(George Ivanovich Gurdjieff) ഇങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്: ഗുർജിയെഫിന് ഒൻപതുവയസ്സുള്ളപ്പോഴായിരുന്നുവത്രേ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്. മരിക്കുന്നതിന് തൊട്ടു മുൻപ് അയാൾ ഗുർജിയെഫിനെ അടുത്ത് വിളിച്ച് ഒരുപദേശം കൊടുത്തുവത്രേ -' എന്നോട് ക്ഷമിക്കുക, നിനക്ക് നല്കാനായി ഈ വാക്കുകളല്ലാതെ യാതൊന്നുമില്ല. ഒരുപക്ഷേ ഇപ്പോൾ ഇത് നിനക്ക് മനസ്സിലായെന്നു വരില്ല. എന്നാലും ഈ വാക്കുകൾ ഓർത്തുവെക്കുക. ജീവിതത്തിൽ നിനക്കവ വല്ലാതെ ഉപകാരപ്പെടും.' ആ വാക്കുകൾ ഇങ്ങനെയായിരുന്നു, “ആരെങ്കിലും നിന്നോട് ദേഷ്യപ്പെടുകയോ നിന്നെ അധിക്ഷേപിക്കുകയോ ചെയ്‌താൽ, അയാളോട് പറയുക ഇരുപത്തിനാലു മണിക്കൂറിനു ശേഷം ഇതിനു ഞാൻ മറുപടി തരാം. ഇരുപത്തിനാലു മണിക്കൂറിനു ശേഷം നിനക്കെങ്ങനെയാണോ തോന്നുന്നത് അതുപോലെ പ്രവർത്തിക്കുക." വൈകാതെത്തന്നെ ഗുർജിയെഫ് ആ വാക്കുകളെ സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാൻ തുടങ്ങിയത്രേ. കോപത്തിന്റെയോ അധിക്ഷേപത്തിന്റേയോ സന്ദർഭത്തിൽ മാത്രമല്ല, സന്തോഷം, അത്ഭുതാദരങ്ങൾ തുടങ്ങി വൈകാരികതയുടെ എല്ലാ മുഹൂർത്തങ്ങളിലും
അദ്ദേഹമത് പ്രയോഗിച്ചുനോക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം വികസിപ്പിച്ചെടുത്ത അവബോധ സങ്കേതങ്ങളിൽ പിതാവ് സമ്മാനിച്ചിട്ടുപോയ ആ വാക്കുകൾ വലിയ പങ്കു വഹിക്കുകയുണ്ടായി. 



മുഴുകലും നിരോധവും -indulgence & inhibitions- അവബോധത്തിന്റെ അഭാവത്തിൽ കാട് കയറുമ്പോൾ, ബോധത്തിന്റെ സൂക്ഷ്മമായ അകലം, അറിയുക (knowing) എന്ന പ്രക്രിയക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നല്കുന്നു. അങ്ങനെയല്ലാത്തപ്പോഴാണ് - ഗഹനമായ ജീവിത സമസ്യകളെ വിട്ടുകളയുക- ദൈനം ദിന ജീവിതത്തിലെ നിസ്സാരമായ വാക്കുകളും പെരുമാറ്റങ്ങളുമെല്ലാം നമ്മെ അലോസരങ്ങളുടെ മുൾക്കാടുകളിൽ ബന്ധിച്ചുനിർത്തുന്നത്.

നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്, ഈ പ്രപഞ്ചത്തിന്റെ സങ്കീർണ്ണമായ പാരിസ്ഥിതിക പ്രശ്നങ്ങളോ, ലോകം മുഴുവനുമുള്ള രാഷ്ട്രീയ കുതന്ത്രങ്ങളോ, ഇനി വരുന്ന തലമുറക്ക് ഇവിടം വാസയോഗ്യമാണോ എന്ന ആശങ്കയോ ഒന്നുമല്ല. ജീവിതം ചാരം മൂടിയത് പോലെ മങ്ങിവരണ്ടിരിക്കുന്നത് പ്രധാനമായും നമ്മുടെ ഇന്ദ്രിയസംവേദനങ്ങളിൽ സംഭവിക്കുന്ന മേല്പറഞ്ഞ അവബോധമില്ലായ്ക കൊണ്ടാണ്. ആ അവബോധമില്ലായ്ക കൊണ്ടാണ് സകലതും നമ്മെ സംബന്ധിച്ച് അതിശയോക്തി (exaggeration) പുരണ്ടിരിക്കുന്നത് - സന്തോഷവും ദുഃഖവും മടുപ്പും സ്നേഹവും ദേഷ്യവുമെല്ലാം. അതുകൊണ്ടാണ് ചില ശബ്ദങ്ങളോടും നിറങ്ങളോടും ചേഷ്ടകളോടുമെല്ലാം മുൻവിധികളോടെ നാം പ്രതികരിച്ചുപോകുന്നത്. അതുകൊണ്ടാണ് ക്രിസ്തുമത വിശ്വാസിയായ ഒരാൾ മാർപാപ്പയേയോ മദർ തെരേസയേയോ വിമർശിക്കുന്നത് കേൾക്കുമ്പോൾ വല്ലാതെയാകുന്നത്. അതുകൊണ്ടാണ് ഗീതയും ഖുറാനുമെല്ലാം വിമർശിക്കപ്പെടുമ്പോൾ അതാതു ഗ്രന്ഥ വിശ്വാസികൾ മുറിപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യുന്നത്. അതുകൊണ്ടാണ് സ്വന്തം പാർട്ടിയേയോ നേതാവിനേയോ പറ്റിയുള്ള പുകഴ്ത്തലുകളിൽ പുളകം കൊള്ളുകയും കളിയാക്കലുകളിൽ മുഷ്ടി ചുരുട്ടുകയും ചെയ്യുന്നത്.

 

ഗുർജിയെഫിന്റെ പിതാവ് ഇരുപത്തിനാല് മണിക്കൂർ എന്നുദ്ദേശിച്ചത്, നമ്മുടെ കാതുകളിൽ വന്നുവീഴുന്ന ശബ്ദങ്ങളോടും (വാക്കുകളോടും) കണ്ണുകളിൽ പതിക്കുന്ന നിറവൈജാത്യങ്ങളോടുമെല്ലാം വന്നപാടെ ഒട്ടിപ്പിടിക്കുന്നതിനു പകരം ബോധപൂർവ്വമായ പ്രതികരണത്തിന് ആവശ്യമായ സാവകാശം നല്കുക എന്നാണ്. 'എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ'- ഇന്ദ്രിയങ്ങൾ വാരിവലിച്ചുകൊണ്ടിവരുന്ന ഈ സ്പന്ദങ്ങളുടെയൊന്നും ഉത്തരവാദി ഞാനല്ല- എന്ന് തിരിഞ്ഞുകിട്ടാൻ പലപ്പോഴും സമയമെടുക്കുന്നു. അതുകൊണ്ടാണ് പിന്നേക്കുവെക്കുന്ന പ്രതികാരങ്ങൾ പലതും കുറച്ചുസമയത്തിനുശേഷം മയപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നത്. ഇനിയും ഒരല്പം കൂടി സാവകാശമുണ്ടായാൽ ഈ ഇന്ദ്രിയസംവേദനങ്ങളൊന്നും എന്റെയല്ലെന്നല്ല, ഈ ഇന്ദ്രിയങ്ങളൊന്നും തന്നെ 'ഞാൻ' അല്ല എന്ന ബോധ്യം വരും. ഞാൻ എന്ന ഉണ്മയും, ശരീരം മനസ്സ് എന്നീ ഉപകരണങ്ങളും തമ്മിൽ ആദ്യമേ ഉണ്ടായിരിക്കുന്ന വ്യതിരിക്തത (distinction) കൂടുതൽ തെളിഞ്ഞു വരും. 

വാസ്തവത്തിൽ, ഇപ്പോഴാണ് നമ്മുടെ ഇന്ദ്രിയങ്ങളെ അവയുടെ കഴിവുകളുടെ പരമാവധിയിൽ ഉപയോഗിക്കാൻ നാം പ്രാപ്തരാവുന്നത്. ഇതുവരേക്കും നാം അവയുടെ താന്തോന്നിത്തങ്ങളിൽ അകപ്പെടുകയായിരുന്നു; കയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ തനിയെ ഡയൽ ചെയ്കയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നത് പോലെ. (സ്നേഹം, അനുകമ്പ എന്നീ വികാരങ്ങളാവുമ്പോൾ, ഈ താന്തോന്നിത്തങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുകയും നാം കൂടുതൽ കബ്ബളിപ്പിക്കപ്പെടുകയും ചെയ്യുന്നെന്ന് മാത്രം).



ഗുർജിയെഫിനോട് ഉപദേശിക്കപ്പെട്ട ഉപായങ്ങളേക്കാൾ ലളിതവും അടിസ്ഥാനപരവുമായ പ്രയോഗങ്ങളിലൂടെ മേല്പ്പറഞ്ഞ വേർതിരിവ് കൂടുതൽ സുതാര്യമാക്കാനാവും: നമ്മുടെ നിത്യ സംഭാഷണങ്ങളിൽ, നമ്മുടെ വിചാര ധാരാളിത്തങ്ങളിൽ 'ശരീരവും മനസ്സും ഞാനാണ്' എന്ന് യാതൊരു ശങ്കയുമില്ലാത്തവിധം പ്രയോഗിച്ചുപോരുന്നുണ്ട്. ബാലമാസികയിലെ കുസൃതിച്ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്ന കൗതുകത്തോടെ അത്തരം സന്ദർഭങ്ങളെ കണ്ടെത്തുകയും അവയെ തിരുത്തിപ്പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, വിശക്കുമ്പോൾ 'എനിക്ക് വിശക്കുന്നു' എന്ന് പറയുന്നതിന് പകരം ‘വയറിന് വിശക്കുന്നു’ എന്ന് പറഞ്ഞു നോക്കുക. 'ഞാൻ കോപം കൊണ്ട് വിറക്കുകയാണ്' എന്ന് അറിയുമ്പോൾ 'എന്റെ ശരീരം കോപം കൊണ്ട് വിറക്കുകയാണ്' എന്ന് ഉള്ളിൽ തിരുത്തുക, നിശബ്ദമായി. 'എനിക്ക് ഉറക്കം വരുന്നു' എന്ന് പറയുന്നതിന് പകരം 'ശരീരം ഉറങ്ങാൻ ആഗ്രഹിക്കുന്നു' എന്ന് അറിയുക. 'എനിക്ക് തീരെ സന്തോഷമില്ല' എന്ന് പറയുന്നതിന് പകരം 'മനസ്സിന് തീരെ സന്തോഷമില്ല' എന്ന് പറയുക. 'ഞാൻ മനസ്സല്ല ശരീരമല്ല' എന്ന് വാക്കാൽ ഓതിക്കൊണ്ടിരുന്നതുകൊണ്ടായില്ല. സത്യത്തിൽ അതങ്ങനെയാണ് എന്ന് ഓരോ നിമിഷവും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക.


മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും മാറി നിലകൊള്ളുക എന്നത് ഒരു knack ആണ്. കർക്കശമായി പരിശീലിച്ചെടുക്കേണ്ട ഒരു മല്പിടുത്തമല്ല. ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും മാറിനില്ക്കുമ്പോൾ പിന്നെ എവിടെയാണ് സ്നേഹവും അനുകമ്പയുമെല്ലാം? മാറി നില്ക്കാൻ സാധിക്കുമ്പോൾ മാത്രം സാധ്യമാവുന്നവയത്രേ സ്നേഹവും അനുകമ്പയുമൊക്കെ. അത് സാധ്യമാവും വരേക്കും കോമാളികളിച്ചുനടക്കാൻ നമുക്കേവർക്കും വേണ്ടത്ര സ്വാതന്ത്ര്യമുണ്ടെന്നു മാത്രം.



                                                   






Thursday, July 29, 2021

ഉണർവിലേക്കുള്ള പടവുകൾ - 19


അനിശ്ചിതത്വത്തിന്റെ നീർച്ചുഴികൾ


ഒരു സർദാർജി ഫലിതമുണ്ട്: ഒരിക്കൽ ഒരാൾ ഒരു സർദാർജിയോട് സമയം ചോദിച്ചുവത്രേ. സർദാർജി തന്റെ വാച്ചിൽ നോക്കി നില്ക്കുകയല്ലാതെ ഒന്നും മിണ്ടുന്നില്ല. മറ്റെയാൾ അക്ഷമനായിക്കൊണ്ട് ചോദിച്ചു, 'എന്തേ, വാച്ച് നില്ക്കുകയാണോ?' സർദാർജി പറഞ്ഞു,'അല്ല, അതിന്റെ ഒരു സൂചി ഓടിക്കൊണ്ടേയിരിക്കുകയാണ്. ഞാൻ സമയം പറയാമെന്നു വിചാരിക്കുമ്പോഴേക്കും അത് ഓടിപ്പോയിരിക്കും. ഈ വാച്ചു വെച്ചുകൊണ്ട് സമയം പറയാൻ പറ്റുമെന്ന് തോന്നുന്നില്ല!'

അനിശ്ചിതത്വത്തിന്റെ കാര്യത്തിൽ നാം എല്ലാ മനുഷ്യരും സർദാർജി-സമന്മാരാണ്; അയാളെപ്പോലെ എല്ലാവരും നിഷ്ക്കളങ്കരല്ലെങ്കിലും. സമയമറിയാൻ നാം നോക്കിയാലും ഇല്ലെങ്കിലും വാച്ചിലെ സൂചി ഓടിക്കൊണ്ടേയിരിക്കുന്നതുപോലെ, നാം ഇടപെടുമ്പോൾ മാത്രമല്ല, ജീവിതത്തിന്റെ സ്ഥായീഭാവം (ഇതൊരു വിപരീത പ്രയോഗമാണ്!) അനിശ്ചിതത്വമാണ്. സദാ ചലിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഏതാണ്ടൊരു സമയം ഊഹിച്ചെടുത്ത് നാം പെരുമാറിപ്പോരുന്നതുപോലെ, എത്രയൊക്കെ അനിശ്ചിതമാണെങ്കിലും, പലതിനേയും നിശ്ചിതമാണെന്നു കണക്കാക്കിക്കൊണ്ടാണ് നാം ജീവിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നത്, അതങ്ങനെയേ സാധിക്കൂ.


എന്നിട്ടും പക്ഷേ, അനിശ്ചിതത്വത്തെ നാം അപ്പാടെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഭാവനക്ക് പോലും വഴങ്ങാത്തത്ര
അതിവിസ്തൃതവും ഗഹനവുമായ നീർച്ചുഴികളെപ്പോലെയാണ് അനിശ്ചിതത്വം ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്നതെന്ന യാഥാർഥ്യം നാം സൗകര്യപൂർവ്വം മറക്കുകയും, ഇടപഴകുന്ന സകലതിനേയും സുനിശ്ചിതമാക്കാൻ ശാഠ്യം പിടിക്കുകയും ചെയ്യുന്നു. ജീവിതത്തെ ജൈവമാക്കുന്നത് അനിശ്ചിതത്വമാണെന്നത് നാം ഓർക്കുന്നേയില്ല. സകലവും നിശ്ചിതമായിരുന്നെങ്കിൽ, ഒരു കഷ്ണം കാൻവാസിൽ വരച്ചിട്ട, നിർജ്ജീവമായ ഒരു അമൂർത്ത ചിത്രമായി അവശേഷിക്കുമായിരുന്നു ഈ പ്രപഞ്ചം. അതേസമയം ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളുടേയും (suffering) മൂലകാരണമായിരിക്കുന്നത് അനിശ്ചിതത്വമാണു താനും. അതിനോളം ബുദ്ധിമുട്ടിക്കുന്ന യാതൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ചേർന്ന് ഒരനുഭവത്തെ ഉണ്ടാക്കിയെടുക്കുമ്പോൾ, അത് നൈമിഷികമായ ഒരു മിന്നിമറയലാണ്. ടി വി സ്‌ക്രീനിൽ വന്നുപോകുന്ന ഒരു ചിത്രം പോലെ. ചിലപ്പോഴെല്ലാം സാങ്കേതികമായ എന്തെങ്കിലും കുഴപ്പം മൂലം ചിത്രങ്ങൾ മാത്രം സാവകാശം ചലിക്കുകയോ അല്ലെങ്കിൽ അവ നിശ്ചലമാവുകയോ, പിക്സലുകളായി മങ്ങിത്തെളിയുകയോ ചെയ്യുമ്പോഴാണ് ഒന്നിന് പുറകെ ഒന്നായി ഒഴുകിക്കൊണ്ടിരിക്കുന്ന ഈ 'ചലച്ചിത്രത്തെ'പ്പറ്റി നാം ബോധവാന്മാരാകുന്നത്. അപ്പോഴേക്കും ഓഡിയോ സിഗ്നലുകൾ മുൻപേ പൊയ്ക്കഴിഞ്ഞിട്ടുണ്ടാകും. തെളിയുന്ന ചിത്രങ്ങളുമായി, അവയുടെ ചലനങ്ങളുമായി പിന്നാമ്പുറത്തുള്ള ശബ്‍ദവിന്യാസങ്ങൾ പൊരുത്തപ്പെടുന്നില്ല. പ്രേക്ഷകനെ സംബന്ധിച്ച് മുഷിച്ചിലായി, അസ്വസ്ഥതയായി. ടി വി ഓഫ് ചെയ്യാനോ അവിടെനിന്ന് എഴുന്നേറ്റുപോകാനോ അയാൾ തന്റെ സ്വാതന്ത്ര്യമുപയോഗിക്കുന്നു. എന്നാൽ അനിശ്ചിതത്വത്തിൽ നിന്നും എഴുന്നേറ്റുപോകാനോ അതിനെ ഇല്ലാതാക്കുവാനോ ജീവിതത്തിൽ സാധ്യമല്ല നമുക്ക്. നമ്മുടെ എല്ലാ ദുരിതങ്ങൾക്കും കാരണം അനിശ്ചിതത്വമാണ് എന്ന് പറയുമ്പോൾ, യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്, നാം അതിനെ ഇല്ലാതാക്കുവാനോ അതിന്റെ സ്വാധീനവലയത്തിൽ നിന്നും ഇറങ്ങിയോടുവാനോ ശ്രമിക്കുന്നുവെന്നാണ്; ക്ഷീണിച്ചു വശം കെടുന്ന പാഴ്ശ്രമങ്ങൾ. 

ഒരു സാധാരണ വ്യക്തിയുടെ ദൈനം ദിന ജീവിതത്തിലെ നിസ്സാരമായ ഒരു ചെയ്തി മുതൽ, മനുഷ്യ സംസ്ക്കാരത്തിന്റെ നാളിതുവരെയുള്ള ചരിത്രം വരേയ്ക്കും, അത് അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നതിലെ അവന്റെ വ്യത്യസ്ത സമീപനങ്ങളുടെ ആകെത്തുകയാണെന്നു കാണാം. മനുഷ്യൻ പൊതുവെ വിചാരിക്കുന്നത് ഭാവിയാണ് അനിശ്ചിതത്വത്തെ സൃഷ്ടിക്കുന്നതെന്നാണ്. വരാനിരിക്കുന്നവയെ മുൻകൂട്ടിയറിയാനായാൽ ജീവിതം സുനിശ്ചിതമായിരിക്കുമെന്ന് നാം ആശിച്ചുപോകുന്നു. ഭൂതകാലത്തെ ചുഴിഞ്ഞുനോക്കുന്നതും പദാർത്ഥ കണത്തെ പിളർത്തി ദൈവകണത്തെ കണ്ടെത്താൻ ശ്രമിക്കുന്നതുമെല്ലാം അതു വഴി നമ്മുടെ ഭാവിയെ കൂടുതൽ കൃത്യമായി വരുതിയിലാക്കാം എന്ന  മോഹത്തോടുകൂടിത്തന്നെയാണ്. പദാർത്ഥങ്ങളുടെ തലത്തിൽ, പ്രായോഗിക ജീവിതത്തിൽ അതിന് പ്രസക്തിയുണ്ടെങ്കിലും, ജീവിതമെന്ന വ്യക്ത്യനുഭവത്തിൽ ആ മോഹം വിലപ്പോവുന്നില്ല. രൂപഭേദങ്ങളോടെ, നിറഭേദങ്ങളോടെ, അനിശ്ചിതത്വമെന്ന മേഘക്കൂട്ടങ്ങൾ നമുക്ക് ചുറ്റിലും എല്ലായ്‌പ്പോഴും തങ്ങി നില്ക്കുക തന്നെ ചെയ്യുന്നു.

അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നതിലെ ആദ്യ പാഠം, നമ്മുടെ വർത്തമാനം (present) തന്നെയാണ് അനിശ്ചിതമായിരിക്കുന്നത് എന്ന് അറിയലാണ്. അപ്പോൾ, അതിനെ ഒഴിവാക്കാനുള്ള പാഴ്ശ്രമങ്ങൾ നമ്മുടെ പക്ഷത്തുനിന്നും കുറഞ്ഞു കുറഞ്ഞു വരും. രണ്ടാമത്, തിരകളോട് (അനിശ്ചിതത്വത്തിന്റെ) ഏറ്റുമുട്ടുന്നതിനുപകരം, അതിനുമീതേക്കൂടി തെന്നിത്തെന്നി പോകുന്ന (surfing) തിനുള്ള സാമർഥ്യം സ്വായത്തമാക്കുക എന്നതാണ്. പ്രായോഗിക ജീവിതത്തിൽ ഇതിനു പറയുന്ന പേരുകളാണ് participation, totality, celebration എന്നിങ്ങനെ.


അനിശ്ചിതത്വത്തിനു നേരെ സ്വാഭാവികമായി നമ്മിൽ ഉയരുന്ന ഒരു ചോദ്യം why? (എന്തുകൊണ്ട്?) എന്നാണ്. അനിശ്ചിതത്വത്തെ ഒരു ശത്രുതാ ഭാവത്തോടെ കാണുന്നതിന് പകരം, അത് നമ്മുടെ അവബോധത്തിന്റെ വിശേഷതകൊണ്ടാണെന്ന് (potential) അറിയുക. മനുഷ്യന്റെയത്ര ബുദ്ധി വികസിച്ചിട്ടില്ലാത്ത ജീവി വർഗ്ഗങ്ങളിൽ അനിശ്ചിതത്വം ഇല്ലാതിരിക്കുന്നത് അതുകൊണ്ടാണ്. വാസ്തവത്തിൽ അനിശ്ചിതത്വമെന്നത് ഈ സ്ഥല - കാല ഭൂമികയിൽ കുഴഞ്ഞുമറിയുന്ന ഒന്നിലധികം മാനങ്ങളെ (dimensions)പ്പറ്റി ഒരേസമയം നാം ബോധവാന്മാരാകുമ്പോൾ സംഭവിക്കുന്നതാണ്. (സമയം, സ്ഥലം, രൂപം, നിറം, സങ്കല്പങ്ങൾ, സദാചാരം, സമൂഹ ബിംബങ്ങൾ, വ്യക്തി ബന്ധങ്ങൾ, അന്തസ്സ് , അംഗീകരിക്കപ്പെടാനുള്ള ത്വര, സമ്പത്ത്, അഭിലാഷങ്ങൾ എന്നിങ്ങനെ എത്രയോ ജീവിത മാനങ്ങൾ !). എത്രയധികം മാനങ്ങൾ നമ്മുടെ ബോധപരിധിയിൽ കടന്നുവരുന്നുവോ നമ്മുടെ മുന്നിലുള്ള അനിശ്ചിതത്വം അത്രക്കും സങ്കീർണ്ണമായിരിക്കാം. നമ്മുടെ ബോധം ഭൗതികോന്മുഖമാവുമ്പോൾ അനിശ്ചിതത്വം കുറഞ്ഞുവരാനാണ് സാധ്യത. തിരിച്ചും. ആത്മീയ പാതയിലാണ് അനിശ്ചിതത്വം കൂടുതലുള്ളതെന്ന് പറഞ്ഞുപോരുന്നത് അതുകൊണ്ടാണ്.

                                                     

ജീവിതമെന്ന പ്രതിഭാസം അനിശ്ചിതത്വത്തിൽ മുങ്ങി നില്ക്കുന്നതാണെങ്കിൽ, അതിൽ അകപ്പെട്ട് നട്ടം തിരിയുകയെന്നേ വിധിച്ചിട്ടുള്ളൂ എന്നാണോ? ഭൂമി എല്ലായ്‌പ്പോഴും കറങ്ങിക്കൊണ്ടേയിരിക്കുന്നതിനാൽ (1600km/hr !) നിലത്തു കാൽ വെക്കാൻ പറ്റുന്നില്ല എന്ന് പറയുന്നതുപോലുള്ള അതിശയോക്തിയാകുമപ്പോൾ. സ്ഥിതി സങ്കീർണ്ണമാക്കുന്നത് നമ്മുടെ മനോ ദൃഷ്ടി (focus) മുഴുവനും ബാഹ്യമായതാണ്. ഒരൊറ്റ നിമിഷം മിഴിയടച്ചാൽ മതി. ബോധമെന്ന ഒരു നൈരന്തര്യതയുണ്ട് നമുക്കകത്ത്. അനിശ്ചിതമെന്നും സുനിശ്ചിതമെന്നും വേർതിരിക്കാനാകാത്ത ഇടമുറിയാത്ത ഒരവബോധം. ഒരു ഇലക്ട്രോണിക് ഉപകരണത്തെ recalibrate ചെയ്യുന്നതുപോലെ, ആ അവബോധ ധാരയുടെ സാന്നിധ്യത്തെ ഒന്നറിയുകയേ വേണ്ടൂ. അത്രയൊന്നും സാധിക്കുന്നില്ലെങ്കിൽ, താൻ ഉണ്ടായിരിക്കുന്നുവെന്നെങ്കിലും അറിയുക. അനിശ്ചിതത്തിനു വിപരീതമായി സുനിശ്ചിതത്വത്തെ കൂട്ടുപിടിക്കുന്നതല്ല ഇത്. ഈ നിമിഷം താൻ ജീവനോടെയിരിക്കുന്നവെന്നത് വ്യക്തതയാണ്, clarity, pure knowing. ഈ വ്യക്തതയെ ആധാരമാക്കിക്കൊണ്ട് ലളിതമായ ഒരു പ്രവൃത്തിയിലേക്ക് പദം വെക്കാം. അതിനെത്തുടർന്ന് അടുത്ത പ്രവൃത്തിയിലേക്ക്. അങ്ങനെയങ്ങനെ....അനിശ്ചിതത്വത്തേയും സുനിശ്ചിതത്വത്തേയും കൈവിട്ടുകൊണ്ട് സുതാര്യതയിലേക്ക് സമൂലമായ ഒരു ബോധ പരിവർത്തനം. 

വ്യക്തത കൈവരുമ്പോഴാണ് പ്രവൃത്തികളിൽ സ്നേഹപൂർവ്വം ഏർപ്പെടാനാവുക. ഇങ്ങനെ ഏർപ്പെടുന്നതിലുള്ള നൈപുണ്യം കൂടുന്നതിനനുസരിച്ച് നമുക്ക് ഒരേ സമയം ഇടപഴകാനാവുന്ന ജീവിത മാനങ്ങളുടെ വൈവിധ്യവും കൂടിവരും. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ഏതൊരു പ്രവൃത്തിയും, നൂൽ നൂൽക്കുന്നതു മുതൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വരെ, ഒരേപോലെ ലളിതമായ സർഗ്ഗപ്രക്രിയയാവുന്നത്. അല്ലാത്തപ്പോൾ കണ്ണുകളടച്ച് വെറുതെയിരിക്കുന്നതുപോലും കഷ്ടപ്പാട് നിറഞ്ഞ മറ്റൊരു പ്രവൃത്തി മാത്രമായിരിക്കും.







                                              


Thursday, June 17, 2021

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 3

    


'സ്വാത്മിക'ത്തിന് ഒരു കാലക്രമമൊക്കെയുണ്ടെന്നായിരുന്നു വിചാരിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ കടന്നുവരേണ്ടിയിരുന്നത് മറ്റൊരു പുസ്തകമായിരുന്നു. എന്തുചെയ്യാം, ഒരു നിഘണ്ടു ഇടയിൽ ചാടി വന്നു. ഇനിയിപ്പോൾ നിവൃത്തിയില്ല. 'സ്വാത്മിക'ത്തിന് അതിന്റേതായ  രീതികളുണ്ടത്രേ!

മുൻപേ വിചാരിച്ചുവെച്ചിട്ടുള്ളതുതന്നെയാണ് - എന്നെ സ്നേഹിച്ച ഒരു

Dr. R.K Nair
 ഭാഷാനിഘണ്ടു. ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ്   ഡിക്ഷ്ണറി - OED. പക്ഷേ വരി തെറ്റിച്ചു   കടന്നുവരാൻ പ്രേരണയായത് ഡോ. കെ.   രാജശേഖരൻ നായരുടെ ഒരു   ലേഖനമാണെന്നു തോന്നുന്നു. അതേപ്പറ്റി   വഴിയേ പറയാം.


 'ഡിഷ്ണറി' എന്ന് കേട്ട് തുടങ്ങുമ്പോൾ   വീട്ടിലുണ്ടായിരുന്നത് പിങ്ക് നിറത്തിൽ   ബയന്റിട്ടിട്ടുള്ള ഒരു   കട്ടിപ്പുസ്തകമായിരുന്നു. ഇംഗ്ലീഷ് - ഇംഗ്ലീഷ് -   ബംഗാളി നിഘണ്ടു. ഏറിയാൽ ഒരു   നാനൂറു പേജ്. സഹോദരിമാരുടെ ഉടമസ്ഥതയിലായിരുന്നു അതെപ്പോഴും. ഇംഗ്ളീഷ് വാക്കുകൾ വഴങ്ങാൻ തുടങ്ങിയപ്പോൾ, ആറിലോ ഏഴിലോ പഠിക്കുമ്പോൾ, ഈയുള്ളവനും ഇടക്കൊക്കെ അതൊന്നു മറിച്ചുനോക്കാറുണ്ട്. വാക്കുകളുടെ അർത്ഥം കണ്ടെത്താനായിരുന്നില്ല. (അതിനു മാത്രം അർത്ഥശങ്കയുള്ള വാക്കുകളുടെ പരിസരത്തൂടെ നോം ഉലാത്താറില്ല!). വെറുതേ ഒരു രസം. കനമുള്ള പുസ്തകങ്ങളോട് ഒരു സവിശേഷ താല്പര്യമുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്. കട്ടി കൂടിയ പുസ്തകത്തെ 'ഗ്രന്ഥം' എന്ന് വിളിക്കാൻ തോന്നുമായിരുന്നു. 'അറിവുകളപ്പടി ഗ്രന്ഥങ്ങളിലാണത്രേ! ചിന്ന പുസ്തകങ്ങളിൽ നിന്നും എന്തു കിട്ടാൻ!'.


ആ പുസ്തകത്തിന്റെ മുക്കാൽ ഭാഗമേ ഡിക്ഷണറിയായിരുന്നുള്ളൂ. ബാക്കിയുള്ള ഭാഗം അടിസ്ഥാന വ്യാകരണങ്ങളും കത്തെഴുത്ത്, ഉപന്യാസം എന്നിങ്ങനെയുള്ള ഭാഷാഭ്യാസങ്ങളും. എനിക്കിഷ്ടം കത്തുകളും ഉപന്യാസങ്ങളും നോക്കാനായിരുന്നു. എന്തെന്നാൽ അവയിൽ ഇടയ്ക്കിടെ ധാക്ക, ബംഗ്ലാദേശ്, കറാച്ചി എന്നീ വിദേശ പേരുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ആർമിയിലായിരുന്ന അച്ഛൻ ഒരു പാക് യുദ്ധത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എങ്ങനെയോ കൈവശം വന്നു ചേർന്നതായിരുന്നുവത്രേ ഈ ഡിക്ഷണറി. മിലിട്ടറിക്കാരുടെ സ്വതേയുള്ള ശീലമായിരുന്നതിനാൽ, യുദ്ധാനുഭവങ്ങളൊക്കെയും കേൾക്കാൻ രസം പകർന്നിരുന്നെങ്കിലും, അത്രയൊന്നും വിശ്വസിക്കാനാവുമായിരുന്നില്ല. എന്നെ സംബന്ധിച്ച് അച്ഛൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നതിനുള്ള ഏക തെളിവ് ഈ ഡിക്ഷണറി യായിരുന്നു!

കുറച്ചുകൊല്ലങ്ങൾക്കു ശേഷം ഒരു ഇംഗ്ലീഷ് - മലയാളം നിഘണ്ടു വീട്ടിൽ വന്നു കയറി. പഠനകാലം മുഴുവനും അതിനെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും അതിന്റെ കെട്ടിലും മട്ടിലും ഞാൻ തൃപ്തനായിരുന്നില്ല. നിഘണ്ടുവൊക്കെയാകുമ്പോൾ കാഴ്ചയിൽത്തന്നെ ഉണ്ടാവേണ്ടിയിരുന്ന ഒരു ആധികാരികതയുണ്ട്. ഇത് വെറും തട്ടിക്കൂട്ട് ലുക്ക്. എന്നാലും കുറച്ചു കൊല്ലത്തേക്ക് അത് വല്ലാതെ ഉപകാരപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ IGNOU -യുടെ ബി എ ഇംഗ്ലീഷ് കോഴ്സിന് ചേർന്നപ്പോഴാണ്, ഡിക്ഷണറി ഒരു കൊള്ളാവുന്ന പുസ്തകമാണല്ലോ എന്ന് തോന്നിത്തുടങ്ങിയത്. അതിന് കാരണമായത് കേരള വർമ്മ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ജി. എസ്. രാമകൃഷ്ണൻ സർ ആയിരുന്നു. കോഴ്‌സിന്റെ ഭാഗമായി ഞായറാഴ്ചകളിൽ മാത്രം ക്ളാസുകളുണ്ടാവാറുണ്ട്. 

ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹത്തിൽ മുങ്ങിനിന്നിരുന്ന ഒരാളാണ് രാമകൃഷ്ണൻ സർ. സ്‌കൂൾ തലം മുതൽ ഇംഗ്ലീഷ് ക്ളാസുകളൊന്നും തന്നെ ഇംഗ്ലീഷിലായിരുന്നില്ല. മിക്ക അധ്യാപകരും തങ്ങളുടെ ആധികാരികത്വം നിലനിർത്തിപ്പോന്നത് ഇംഗ്ലീഷിനെ ക്ലിഷ്ടമാക്കി നിലനിർത്തിക്കൊണ്ടായിരുന്നു. അവരിൽനിന്നൊക്കെ വ്യത്യസ്തമായി രാമകൃഷ്ണൻ സർ ആയിരുന്നു, ഭാഷയെ സമീപിക്കേണ്ടത് അതിന്റെ സങ്കീർണ്ണതയെയോ ലാളിത്യത്തേയൊ ആധാരമാക്കിക്കൊണ്ടല്ല, അതിന്റെ സൗന്ദര്യത്തെ മുൻനിർത്തിക്കൊണ്ടായിരിക്കണമെന്ന് കാണിച്ചുതന്നത്. വർത്തമാനം പറയാൻ കൊള്ളില്ലെങ്കിൽ പിന്നെന്തിനാണൊരു ഭാഷ? വർത്തമാനമായാൽ വശ്യതയുണ്ടാവണം. ഭാഷയെ സംബന്ധിച്ച് ഈ വശ്യത ഊർന്നു വരുന്നത്, അത് ഉതിർക്കുന്ന ശബ്ദ സമൂഹത്തിന്റെ ഊഷ്മളതകളിലൂടേയും അത് ദ്യോതിപ്പിക്കുന്ന മൗനത്തിന്റെ ഗഹനതയിലൂടെയുമാണ്. അതുകൊണ്ടുതന്നെ ഉച്ചാരണങ്ങളും മറ്റു പ്രയോഗ ശുദ്ധികളും (ശുദ്ധിയില്ലായ്മകളും) ഏറെ പ്രാധാന്യമർഹിക്കുന്നു. 

രാമകൃഷ്ണൻ സർ ഫൊണെറ്റിക്സ് പഠിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇംഗ്ലീഷ് ഭാഷയെ ഇത്രയും ഇഷ്ടപ്പെടില്ലായിരുന്നു. ഭാഷയെ ഇഷ്ടപ്പെടുക എന്നുവെച്ചാൽ ആ ഭാഷയിൽ പ്രാവീണ്യം നേടുക എന്നൊന്നുമല്ല. ചില നിമിഷങ്ങളിലെ അവാച്യമെന്നു തോന്നിപ്പോകുന്ന പലതും വിനിമയം ചെയ്യപ്പെടാൻ ആ ഭാഷ നമുക്ക് വഴിയൊരുക്കുന്നു എന്നാണ് - പ്രയോഗത്തിലായാലും ശ്രവണത്തിലായാലും.

ഗൊയ്‌ഥെ പറഞ്ഞത് "He who knows no foreign languages knows nothing of his own." എന്നായിരുന്നു. ഒരൊറ്റ വിദേശ ഭാഷയെങ്കിലും അറിയാത്ത ഒരാൾക്ക് സ്വന്തമെന്നു കരുതുന്ന ഭാഷയും അറിയില്ലെന്നാണോ? അതോ, അതിർത്തികളെ മറികടക്കാത്ത ഒരാൾക്ക് സ്വയം അറിയാനാവില്ലെന്നോ? ഒരാൾ ഏതളവു വരെ സ്വയം അറിഞ്ഞിട്ടുണ്ടെന്ന് അയാൾക്കേ അറിയൂ. എന്നാൽ രാമകൃഷ്ണൻ സാറിന്റെ കാര്യത്തിൽ നമുക്ക് ഉറപ്പിച്ചു പറയാനാകും, അതത്രയും സംഭവിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ഭാഷാപ്രണയത്തിലൂടെയാണെന്ന്. ഒരു ഭാഷാവിദഗ്ധനായല്ല രാമകൃഷ്ണൻ സർ മുന്നിൽ നിന്നിരുന്നത്, ഒരു ഭാഷാനിമഗ്നനായിട്ടായിരുന്നു; അടിമുടി ഭാഷയിൽ മുങ്ങിനിന്നിരുന്ന ഒരാൾ. പൂർണ്ണമായും ഭാഷയിൽ മുഴുകിനിൽക്കുമ്പോൾ, മുന്തി നില്ക്കുക ശബ്ദങ്ങളല്ല, നിശബ്ദതയാണ്. രാമകൃഷ്ണൻ സാറിന്റെ കാര്യത്തിൽ മുഖത്ത് ഒരു മന്ദസ്മിതം കൂടിയുണ്ടാവാറുണ്ടെന്നു മാത്രം.


IGNOU യുടെ മനോഹരങ്ങളായ സ്റ്റഡി മെറ്റീരിയൽസിനോടൊപ്പം രാമകൃഷ്ണൻ സാറിന്റെ നിർദേശം കൂടിയായപ്പോൾ ഈയുള്ളവനും ഒരു ഓക്സ്ഫോർഡ് ഡിക്ഷണറി വാങ്ങാൻ തീരുമാനിച്ചു. (രാമകൃഷ്ണൻ സർ മറ്റു പ്രലോഭനങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹമായിരുന്നു ആദ്യമായി മോഹിപ്പിച്ചത്, മുംബൈ

പുസ്തകങ്ങളുടെ ഒരു ലോകമാണെന്ന് - വിശേഷിച്ചും സെക്കന്റ് ഹാൻഡ് ബുക്സ്. മുംബൈയിലെ വഴിയോരത്തെല്ലാം പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുകയാണത്രേ. ലോകത്തിറങ്ങിയിട്ടുള്ള ഏതു പുസ്തകവും. അതും ചുളുവിലക്ക്! പുസ്തകങ്ങൾ വാങ്ങാൻ തീരെ കാശില്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ അല്പം അതിശയോക്തിയോടെ കേട്ടതായിരുന്നു. അദ്ദേഹം പറഞ്ഞതിൽ സത്യമില്ലാതില്ല. പണ്ടുകാലത്ത് ബുദ്ധിജീവി-പുസ്തകങ്ങൾക്ക് പുകഴ്‌പെറ്റ കൽക്കത്തയെക്കാളും എത്രയോ സമ്പന്നമായിരുന്നു മുംബൈ തെരുവുകൾ. രണ്ടു തവണ കൽക്കത്തയിൽ ചുറ്റിക്കറങ്ങിവന്നപ്പോഴായിരുന്നു മനസ്സിലായത് മുംബൈ തെരുവുകൾ എത്രയോ മുന്നിലാണെന്ന്. ചർച്ഗേറ്റ് പരിസരങ്ങളിലും മറ്റു റെയിൽവേ സ്റ്റേഷൻ ഫുട്പാത്തുകളിലും പുസ്തകക്കൂമ്പാരങ്ങളുണ്ടാവാറുണ്ട്. ഏറെ ആഹ്ളാദിപ്പിച്ചിരുന്നത് വില്പനക്കു നിന്നിരുന്ന ചെറുപ്പക്കാരായിരുന്നു. ലോകത്തെ ഏതെഴുത്തുകാരുടെ പേരും അവർക്ക് പരിചിതമായിരുന്നു. അവരുടെ കയ്യിൽ കോപ്പികൾ ഇല്ലാതിരുന്നാൽ പോലും അന്നൊക്കെ അവർ അത് എത്തിച്ചുതരാൻ ഉത്സാഹം കാട്ടിയിരുന്നു. മുംബൈ നഗരത്തിൽ കാലുകുത്തിയപ്പോൾ മനസ്സിൽ ആദ്യം ഉയർന്നുവന്നത് രാമകൃഷ്ണൻ സാറിന്റെ മന്ദസ്മിതം നിറഞ്ഞ മുഖമായിരുന്നു, എന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നത് കുറഞ്ഞ വിലക്ക് കിട്ടുന്ന ഗമണ്ടൻ പുസ്തകങ്ങളുടെ കൂമ്പാരങ്ങളും. അത് വേറെ കഥ.)

ഓക്സ്ഫോർഡ് അഡ്വാൻസ്ഡ് ലേർണേഴ്‌സ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ (CONCISE- പേപ്പർ ബാക് എഡിഷൻ) അന്നത്തെ വില ഏകദേശം ഇരുനൂറു രൂപ! എന്നെ സംബന്ധിച്ച് അത്യാവശ്യം ഒരു വലിയ തുക - വിശേഷിച്ചും വെറും പുസ്തകമെന്ന ഒരു ആർഭാടത്തിന്! 

ഇരുനൂറു രൂപയെന്ന കാണാക്കാശിനു വേണ്ടി കുറച്ചു മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു.


ധനശേഖരാർത്ഥം ഒരു ഘോഷയാത്ര 


ആയിടക്ക് ഓണത്തോടനുബന്ധിച്ച് നാട്ടിൻപുറത്തെ ക്ലബ് വക ഒരു സാംസ്കാരിക ഘോഷയാത്ര. സാംസ്കാരികം എന്നുവച്ചാൽ രണ്ടുമൂന്നു കാര്യങ്ങളാണുണ്ടാവുക. ശിങ്കാരിമേളം പോലുള്ള ഏതെങ്കിലും വാദ്യക്കാർ. കുറച്ചു നാടൻ പാട്ട്. പിന്നെ ചില പ്രച്ഛന്ന വേഷങ്ങൾ. തെയ്യക്കിരീടം തട്ടിക്കൂട്ടിയാൽ പിന്നെ ഉയർന്ന സംസ്കാരമായി. മൊത്തത്തിൽ കെട്ടും മട്ടും കണ്ടാൽ ഈ സംസ്കാരമെന്നത് കയ്യിൽ പാങ്ങില്ലാത്തവരുടെ കുത്തകയാണോ എന്ന് തോന്നും. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പരിപാടിയുടെ കാര്യക്കാരൻ. പ്രച്ഛന്നവേഷ മത്സരത്തിന് ആളെണ്ണം തികയ്ക്കാൻ നമ്മുടെ പിന്നാലെ കൂടിയപ്പോൾ, ഒരല്പം പുച്ഛമുണ്ടായിരുന്നിട്ടും ഡിക്ഷണറി വാങ്ങാൻ വേണ്ട ഇരുനൂറു രൂപ ഉള്ളിലിരുന്നു മിന്നിയതിനാൽ യെസ് മൂളുക തന്നെ ചെയ്തൂന്ന് വെച്ചോളൂ. സംഘാടകനായ സുഹൃത്ത് തന്നെ പ്രച്ഛന്ന വേഷത്തിനുള്ള വിഷയം പറഞ്ഞു തന്നു. ചുമ്മാ ഒരു കാളവണ്ടിയിൽ കയറിയിരിക്കുക. ഒരു വിധം ആക്രി സാധനങ്ങളൊക്കെ വണ്ടിയിൽ കുത്തി നിറക്കുക. മുതലാളിത്ത സമൂഹത്തിന്റെ പൊള്ളയായ വികസനത്തള്ളിച്ചയിൽ പിടിച്ചുനില്ക്കാനാവാതെ പുറന്തള്ളപ്പെടുന്ന ഒരു അടിയാള കുടുംബം! ഉത്തരേന്ത്യക്കാർ ഖവാലി കേൾക്കുമ്പോൾ ചെയ്യുന്നതുപോലെ 'വാഹ്, വാഹ്' എന്ന് വിളിക്കാൻ തോന്നി.

മത്സര ദിവസം ഇപ്പറഞ്ഞതുപോലെയൊക്കെ പ്ലാൻ ചെയ്തു. കുടുംബാംഗങ്ങളെ തികയ്ക്കാൻ അയല്പക്കത്തുള്ള രണ്ടു പിള്ളേരെ ചട്ടം കെട്ടി. (അവന്മാരൊക്കെ ഇന്ന് വലിയ നിലയിലും വിലയിലുമാണ്. ആ ഘടികൾക്കുള്ള താങ്ക്സ് ദാ ഇപ്പോൾ, ഇവിടെ.) അവരുടെ മുഖത്ത് അടിയാള ചിഹ്നങ്ങളായ കരിയും മൊടയും വാരി തേച്ചു. ഈയുള്ളവന് പിന്നെ വിശേഷിച്ചൊരു മേക്കപ്പും വേണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു! അടിയൻ! അങ്ങനെയാവട്ടെ. എന്നാലും ഒന്നാം സമ്മാനം കിട്ടാൻ മാത്രം പൊലിമയില്ല. അപ്പോഴാണ് മറ്റൊരു സുഹൃത്ത് ഒരു പരിപാടിയൊപ്പിച്ചത്. അവനല്ലെങ്കിലും 'മണ്ട മറി' കുണ്ടാമണ്ടികളിൽ ഉസ്താദാണ്. അവൻ ഒരു പ്ലക്കാർഡുണ്ടാക്കി അതിൽ ഇങ്ങനെ എഴുതിവെച്ചു, “SABARMATI IS FAR OFF, NOAKHALI IS NEAR”


കാളവണ്ടിയുടെ പിന്നിൽ ഈ പ്ലക്കാർഡ് വച്ചതോടു കൂടി പ്രച്ഛന്നവേഷമത്സരത്തിന്റെ 'സാംസ്കാരിക മൂല്യം' ഒരൊറ്റ കുതിപ്പായിരുന്നു; ഏതാണ്ടൊരു sensex high jump പോലെ. വഴിയരികിൽ ഘോഷയാത്ര കണ്ട് കലപില പറഞ്ഞു നിന്ന നാട്ടുകാർ ഞങ്ങളുടെ കാളവണ്ടി കടന്നുപോകുന്നതോടു കൂടി 'ഒരു ജാതി സംഭവം തന്നെ ട്ടാ' എന്ന് സമ്മതിച്ചുകൊണ്ട് ഒന്നും പിടികിട്ടാതെ ഒരു നിമിഷം നിശ്ശബ്ദരായി. അതിലുമുപരി നാട്ടിലെ സാംസ്‌കാരിക പുലികളായിരുന്ന ജഡ്‌ജസ് അവർക്കതു മനസ്സിലായില്ലെന്ന് ആർക്കും തോന്നാതിരിക്കാൻ ഒന്നാം സമ്മാനം ഇവർക്ക് തന്നെ എന്ന മട്ടിൽ പ്രസന്നവദനരായി തലയാട്ടി. കാളവണ്ടിക്കാരനായിരുന്ന 'തറവാടി ജോസേട്ടൻ' മാത്രം 'എന്റെ വണ്ടീടെ പിന്നില് എന്തൂട്ട് കോപ്പണ്ടാ എഴുതിവെച്ചേക്ക്ണ്?' എന്ന് പിറുപിറുത്തു. ഞങ്ങൾ ഊര് നഷ്ടപ്പെട്ട കുടുംബക്കാർ, മുന്നിലുള്ള ജോസേട്ടനേയും മറികടന്ന് അങ്ങ് അനന്തതയിലേക്ക് കണ്ണുകൾ നട്ട് മൂകരായി നിലകൊണ്ടു.


എന്നാലും ബാക്കിയുള്ളവന്റെ ചിന്ത മുഴുവനും പ്ലക്കാർഡിലെ ആ വരികളെപ്പറ്റിയായിരുന്നു. സബർമതി എന്നുള്ളതുകൊണ്ട് ഗാന്ധിയുമായി എന്തെങ്കിലും ബന്ധം കാണും എന്നുറപ്പാണ്. ഈ നവ്ഖാലി (അത് അങ്ങനെത്തന്നെയാണോ ഉച്ചരിക്കുക എന്ന് സംശയമായിരുന്നു) എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. എല്ലാം കഴിഞ്ഞ് ഒന്നാം സമ്മാനം കിട്ടിയതിനു ശേഷമാണ് (ഡിക്ഷണറിക്കുള്ള കാശൊത്തു എന്ന് മാത്രമേ അതിനർത്ഥമുണ്ടായിരുന്നുള്ളൂ. അഞ്ഞൂറ് രൂപയുടെ കാഷ് പ്രൈസ് എന്നാണോർമ്മ) ആ പഹയൻ രഹസ്യം വെളിവാക്കിയത്. ആഗസ്ത് 15 ന് സ്വാതന്ത്ര്യം കിട്ടാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ, സന്തോഷം പങ്കുവെച്ച ഒരു സുഹൃത്തിന് - ഹരിപ്രസാദ് ദേശായ് - ഗാന്ധി അയച്ച കത്തിലെ വരികളായിരുന്നു അവ. നവ്ഖാലിയിൽ അന്ന് ലഹളയും

പകർച്ചവ്യാധികളും നിറഞ്ഞിരിക്കുകയായിരുന്നുവത്രേ.

ഈ കാരണവര് എന്നും ഇങ്ങനെയാണ്. താൻ ആള് പുലിയാണ് എന്ന് കാണിച്ചുകൊണ്ടിരിക്കാൻ ഏത് അവസരവും കുളമാക്കുന്നതിൽ മൂപ്പർക്കൊരു  മടിയുമില്ല. കണ്ണ് തെറ്റിയാൽ അഹിംസ വരും, എന്നിട്ടെന്താ, വാശിയും വൈരാഗ്യവും ഒഴിഞ്ഞ നേരമില്ല. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയന്ന് അസ്സംബ്ലിയിൽ വന്ന് സംസാരിക്കണമെന്ന് ഒരുപാടാളുകൾ ചേർന്ന് ഗാന്ധിയോട് അപേക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം നവ്ഖാലിയെന്ന നമ്പരിറക്കി ഇടം തടിച്ചു നില്ക്കുകയാണുണ്ടായത്. 


ചില്ലറയൊത്തെങ്കിലും ഗാന്ധിയുടെ ആ പരിപാടി അത്രക്കങ്ങട് പിടിച്ചില്ലാന്ന് അടിയിൽ വരച്ചിട്ടു. 


വാക് - പർവ്വം 


പിറ്റേന്നു തന്നെ തൃശൂർ കറന്റ് ബുക്സിൽ നിന്ന് ഡിക്ഷണറി വാങ്ങുകയുണ്ടായി. സാംസ്കാരിക ഘോഷയാത്രാ സംഘാടകനായ എന്റെ പ്രിയ സുഹൃത്ത് ഈ ഡിക്ഷണറി കാണുമ്പോഴെല്ലാം 'ഞാൻ നാട് മുഴുവനും നടന്ന് പിരിവെടുത്ത് വാങ്ങിത്തന്ന ഡിക്ഷണറി' എന്ന് ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കാറുണ്ട്. അവൻ പറഞ്ഞതിലും സത്യമുണ്ട്. എന്നാലും ഞാൻ വിചാരിക്കും, ഡിക്ഷണറി ആരുടെയെങ്കിലുമാവട്ടെ, അതിനകത്തെ വാക്കുകൾ ആരുടേതാണ്? വാക്കുകൾക്ക് ഉടമസ്ഥനുണ്ടോ? ‘വാക്കേ വാക്കേ കൂടെവിടെ?’ അതിനുത്തരം നല്കാൻ പറ്റിയ വാക്കുകളേതെങ്കിലും ആ ഡിക്ഷണറിയിൽ ഉണ്ടായിരുന്നുവോ ആവോ ?


വാക്കുകൾക്ക് നേരെ ഫൊണെറ്റിക് സിംബലുകൾ തുടങ്ങിയവ കാണുമ്പോൾ രാമകൃഷ്ണൻ സാറിന്റെ ചുണ്ടുകൾ പലവിധ രൂപങ്ങൾ പ്രാപിക്കുന്നത് മനസ്സിൽ തെളിയും. അപൂർവ്വമായി കണ്ടിട്ടുള്ള ഏതെങ്കിലും ഇംഗ്ലീഷ് സിനിമകളിലെ നടന്മാർ സംസാരിക്കുമ്പോൾ മുഖത്തുവരുന്ന ഭാവങ്ങൾ, നേരെ ചൊവ്വേ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തനിയെ സംഭവിക്കുന്നതാണെന്നൊക്കെ തോന്നിയിരുന്നു. പ്രൈമറി, സെക്കന്ററി എന്നിത്യാദി സ്‌ട്രെസ്സുകളും ഇന്റോനേഷനുമൊപ്പിച്ചു ഒരു വാക്യം പറഞ്ഞു തീരുമ്പോഴേക്കും മുഖത്തെ ഒട്ടുമിക്കവാറും പേശികൾ പ്രയോഗത്തിൽ വന്നു കാണും. അതാണ് ഇംഗ്ളീഷ് സംസാരിക്കുമ്പോഴത്തെ ഒരിത്.

കണ്ണിൽ കാണുന്ന വാക്കുകളൊക്കെയും ഡിക്ഷണറിയിൽ നോക്കുമായിരുന്നു. അർത്ഥത്തേക്കാളുപരി അവയുടെ ഉച്ചാരണശുദ്ധി, അവ ഉപയോഗിച്ചിട്ടുള്ള മറ്റു സന്ദർഭങ്ങൾ എന്നിവ. ഏതെങ്കിലും ഒരു വാക്കിന്റെ അർത്ഥം തെരയാൻ പോയാൽ തൊട്ടുതൊട്ടുള്ള മറ്റു വാക്കുകളിൽ കയറിപ്പിടിച്ച് കുറേ നേരം പോകും; ഫേസ് ബുക്കിൽ കയറിയതുപോലെയാണ്. ഇവയേക്കാളൊക്കെ, ആ ഡിക്ഷണറി ഒരുക്കിയിരിക്കുന്നതിന്റെ ഭംഗി അന്നും ലഹരി പിടിപ്പിച്ചിരുന്നു. അത്രക്കും കനം കുറഞ്ഞ ഏടുകൾ, അത്രയെളുപ്പം മഞ്ഞച്ചു പോകാത്തവ, അതിന്റെ ബയന്റിങ്, വാക്കുകളും അർത്ഥങ്ങളും ഉദാഹരണങ്ങളുമെല്ലാം വിശദീകരിച്ചിരിക്കുന്നതിലെ കൃത്യത...the way they presented was so meaningful. വെറുതെ ഒരു കൂട്ടം വാക്കുകൾ തപ്പിയെടുത്ത് അച്ചടിച്ചു വിട്ടതായിരുന്നില്ല ആ ഡിക്ഷണറി. 


ഒന്നര വർഷത്തിന് ശേഷം കേരളവർമ്മയിലേക്കുള്ള പോക്കും രാമകൃഷ്ണൻ സാറിന്റെ ക്‌ളാസ്സുമെല്ലാം നിലച്ചുപോയെങ്കിലും ജോലിസംബന്ധമായി ചുറ്റിക്കറങ്ങിയേടത്തെല്ലാം ഈ ഡിക്ഷണറിയും കൂടെയുണ്ടായിരുന്നു. പിന്നെപ്പിന്നെ മറ്റു പല ഡിക്ഷണറികളും കൂടെ വന്നു- ഇംഗ്ലീഷ് -ഇംഗ്ലീഷ് - മലയാളം ഡിക്ഷണറി, ഹിന്ദി- ഇംഗ്ലീഷ്- ഡിക്ഷണറി, ഹിന്ദി- ഇംഗ്ലീഷ്- മലയാളം ഡിക്ഷണറി, ശബ്ദ താരാവലി, തിസോറസ്, അമരകോശം എന്നിങ്ങനെ. അമരകോശം വാങ്ങാൻ പ്രേരണയായത് ആഷാമേനോന്റെ ഒരു കത്തായിരുന്നു. വാക്കുകളെ അവയുടെ പ്രാചീനതയിൽ പ്രണയിക്കുന്ന ഒരാൾ അമരകോശത്തെപ്പറ്റി എഴുതിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.


ഈ ഡിക്ഷണറികളൊക്കെയും ഒരു തരം റിട്ടയർമെന്റ് ജീവിതം ജീവിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അപൂർവ്വമായേ അവരെ പുറത്തെടുത്ത് തുറന്നുനോക്കാറുള്ളൂ. ബാക്കിയുള്ള ആവശ്യങ്ങൾ ഇവരുടെ ന്യൂ- ജെൻ തലമുറയിലെ ഓൺലൈൻ സൈറ്റുകൾ നിറവേറ്റുന്നുണ്ട്. എന്നാലും തൊട്ടരികിൽ അവർ നിശബ്ദരായി ഇരിക്കുന്നത് കാണുമ്പോൾ…...ഇത്രയധികം വാക്കുകളും അവയുടെ അർത്ഥങ്ങളും പേറി എന്ന് തുടങ്ങിയ ഇരിപ്പാണ്? അവരെന്നോട് പരിഭവിക്കുന്നുണ്ടാവും. അവരുടെ മൗനത്തിനു മുൻപിൽ എന്റെയീ ശബ്ദകോലാഹലങ്ങൾ...  അവരും ചുവാങ്ത്സുവിനൊപ്പം കൂടുന്നോ?-

               'എവിടെയാണ് 

     വാക്കുകൾ മറന്നുപോയ ഒരുവനെ 

              കാണാൻ കിട്ടുക? 

അയാളോടാണ് ഞങ്ങൾ സംസാരിക്കാനാഗ്രഹിക്കുന്നത്.' 

ശബ്ദതാരാവലി ഉണ്ടാക്കിയെടുത്ത ശ്രീ കണ്ഠേശ്വരം പദ്മനാഭപിള്ളയെ പ്രണമിക്കാതെ വയ്യ. ശബ്ദതാരാവ്വലി കണ്ടപ്പോൾ ചട്ടമ്പി സ്വാമികൾ വെറുതെയൊന്നു മറിച്ചുനോക്കിയതിനു ശേഷം,'ആർഭാടമില്ലെങ്കിലും കൊള്ളാം' എന്ന് പറഞ്ഞ് തിരിച്ചുകൊടുത്തത്രേ. കുറേക്കഴിഞ്ഞാണ് പദ്മനാഭപ്പിള്ള മനസ്സിലാക്കിയത് 'ആർഭാടം' എന്ന വാക്ക് വിട്ടുപോയിരിക്കുന്നുവെന്ന്! സംഭവം സത്യമാണോ എന്നറിയില്ല. കേട്ടുകേഴ്വിയാണ്. അതുപോലെത്തന്നെ ബഹുമാനവും വിസ്മയവും തോന്നിയ മറ്റൊരാളുണ്ട്: നിഘണ്ടുവല്ലെങ്കിലും, മറ്റൊരു മഹാ സമാഹാരം, പുരാണിക് എൻസൈക്ലോപീഡിയ തയ്യാറാക്കിയ ശ്രീ.വെട്ടം മാണി.

വാക്കുകളുടെ ഉല്പത്തി 'ദൈവ കല്പന'യേക്കാളും പ്രാചീനമായിട്ടുള്ളതാണ്. ദൈവമൊക്കെ സൃഷ്ടിക്കപ്പെട്ടത് വാക്കുകൾ ഉണ്ടായതിനു ശേഷമാണല്ലോ. ന്യൂറോളജിക്കാരും വാക്കുകളുടെ ഉത്ഭവത്തെ തേടി സങ്കീർണ്ണമായ നാഡീ ശൃംഖലകളിൽ നഷ്‌ടപ്പെടുന്നു. വാക്യപദീയകാരനായ ഭർത്തൃഹരിയുടെ അഭിപ്രായത്തിൽ വാക്കിന്റെ ഉല്പത്തി പ്രപഞ്ചത്തിന്റെ പ്രായത്തോളം നീണ്ടുചെല്ലുന്നുവെന്നാണ്. അതായത്, ഈ പ്രപഞ്ചം ആദിയും അന്തവുമില്ലാത്തതാണെങ്കിൽ, വാക്കും അങ്ങനെത്തന്നെയെന്നു സാരം.

ഒരു പക്ഷേ, വാക്കുകൾ ലക്കും ലഗാനുമില്ലാതെ പ്രയോഗിച്ചുകൂട്ടുന്നതിനേക്കാൾ, ഏറെ സാർത്ഥകമാകാം വാക്കുകളുടെ സമാഹരണം. വാക്കുകൾ സമാഹരിക്കാൻ തുടങ്ങുമ്പോഴാകാം അവയുടെ വേരുകളുടെ സൂക്ഷ്മപടലങ്ങൾ, അർത്ഥങ്ങളുടെ ആദിമ ഗന്ധങ്ങളുണർത്തുന്നത്. എറ്റിമോളജിയിൽ കടന്നുവരാത്ത പരിണാമശാസ്ത്രങ്ങളുണ്ടാവുമോ? എറ്റിമോളജിയിൽ കടന്നുവരാത്ത ചരിത്രഗാഥകളുണ്ടാവുമോ? അതിൽ കടന്നുവരാത്ത ഭാവനകളും ഉൾക്കാഴ്ചകളുമുണ്ടാവുമോ? അതിവേഗം വികസിച്ചുകൊണ്ടേയിരിക്കുന്ന ഈ കാഴ്ചപ്രപഞ്ചത്തിന്റെ അരികുപിടിച്ച് പിന്നിലേക്ക് നടന്നുചെന്നാൽ, ഭൗതിക ശാസ്ത്രജ്ഞർ ഊഹിക്കുന്നതുപോലെ, സിംഗുലാരിറ്റി എന്ന് വിളിക്കുന്ന ഊർജ്ജകണത്തെ തൊടാമെങ്കിൽ, 'ധ്വനിമയമായ്' വികസിച്ചുകൊണ്ടേയിരിക്കുന്ന വാക്‌പ്രപഞ്ചത്തിന്റെ പിന്നാമ്പുറത്തേക്ക് ഇറങ്ങിനടന്നാൽ മൗനത്തിന്റെ അനാദികണത്തോട് വിലയിക്കാനാവുമോ? അത്തരമൊരു നിമിഷത്തെയാകണം കബീർ തിരുത്തിയത് - സമുദ്രത്തിലേക്ക് ഒരു തുള്ളി വിലയിക്കുകയല്ല; തുള്ളിയിലേക്ക് സമുദ്രം വിലയിക്കുകയായിരുന്നുവെന്ന്.

വാക്കുകൾ പെറുക്കിക്കൂട്ടിയവർ, അവയുടെ വ്യംഗ്യാർത്ഥങ്ങളുടെ ഗന്ധത്തെ പിന്തുടർന്നവർ, അവരുടെ ജീവിതത്തിൽ ഏതെല്ലാം തലങ്ങളിൽ വിസ്മയാധീനരായി വിറങ്ങലിച്ചു നിന്നിട്ടുണ്ടാവാമെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ലോകത്ത് ഉണ്ടായിട്ടുള്ള നിഘണ്ടുക്കളുടെ പിന്നിൽ - വിശേഷിച്ചും കമ്പ്യൂട്ടർ യുഗത്തിന് മുൻപ്- അവിശ്വസനീയമായ കുറെയെങ്കിലും ജീവിതങ്ങളുണ്ടായിട്ടുണ്ട്. മലയാളത്തിന് ആദ്യത്തെ നിഘണ്ടു സമ്മാനിച്ച ഗുണ്ടർട്ടായാലും ശ്രീ കണ്ഠേശ്വരം പദ്മനാഭപിള്ളയായാലും വെട്ടം മാണിയായാലും മറ്റു ദേശങ്ങളിൽ സംഭവിച്ച കൂട്ടായ സമാഹരണങ്ങളായാലും അവരെല്ലാവരും ഏതെല്ലാമോ തലത്തിൽ കൂട്ടത്തിൽ നിന്നും മാറി നടന്നിട്ടുള്ളവരാണ്.




ഉന്മാദത്തിന്റെ അർത്ഥാന്തരങ്ങൾ 


ഈയടുത്ത് ഡോ. രാജശേഖരൻ നായർ എഴുതിയ ഒരു ലേഖനത്തിൽ അത്തരമൊരു ജീവിതം വീണ്ടും കടന്നുവന്നു - ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി തയ്യാറാക്കുന്നതിൽ പതിനായിരത്തിലധികം വാക്കുകൾ സമാഹരിച്ച് സംഭാവന ചെയ്ത ഒരു ഡോ. വില്യം ചെസ്റ്റർ മൈനറെ പറ്റി. അങ്ങനെയാണ് പിന്നെയാകാമെന്നു വെച്ചിരുന്ന ഈ ലേഖനം തിക്കിത്തിരക്കി കയറിവന്നത്. 

ഡോ. രാജശേഖരൻ നായർക്ക് നന്ദി.


ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി (OED) എന്ന ഈ മഹാനിഘണ്ടു (1989 ലെ റിവൈസ്ഡ് എഡിഷനിൽ ഏകദേശം ആറുലക്ഷത്തി പതിനയ്യായിരം വാക്കുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്! - BRILL BYSON - Mother Toungue) തയ്യാറാക്കാൻ തുടങ്ങിയത് 1870 നു ശേഷമായിരുന്നു. അതിന്റെ എഡിറ്ററായി നിയമിക്കപ്പെട്ട ഡോ. ജെയിംസ് മുറേ ആ പ്രോജെക്റ്റുമായി സഹകരിക്കാൻ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ഒരു പത്രപരസ്യം നല്കുകയുണ്ടായി. കുറേ മാസങ്ങൾക്കു ശേഷം ആ പരസ്യം ഡോ. മൈനറുടെ കൈവശം ആകസ്മികമായി എത്തിച്ചേരുന്നു. ഡോ. മൈനർ അപ്പോൾ ബ്രിട്ടനിലെ   ക്രോതോൺ എന്ന സ്ഥലത്തുള്ള ഭ്രാന്താലയത്തിൽ  തടവിലാണ്. 


അമേരിക്കൻ കൃസ്ത്യൻ മിഷനറിമാരായ   മാതാപിതാക്കളുടെ മകനായി ഡോ. മൈനർ ജനിച്ചത്   സിലോണിലായിരുന്നു,1834 ൽ. (ചില പാതിരി സമുദായത്തെ   സംബന്ധിച്ച് പാപികളുടെ പറുദീസയായിരുന്നുവത്രേ സിലോൺ. അവർ വിശ്വസിച്ചിരുന്നത് പാപം ചെയ്യപ്പെട്ടതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ആദവും ഹവ്വയും വന്നു വീണത് ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്നറിയപ്പെട്ടിരുന്ന ഈ പച്ചപ്പിലായിരുന്നുവെന്നാണ്!) പതിനാലാം വയസ്സിലാണ് വില്യം മൈനറെ അവന്റെ മാതാപിതാക്കൾ അമേരിക്കയിലേക്കയക്കുന്നത്. ബാല്യം മുതല്‌ക്കേ അയാളുടെ മനസ്സിൽ ലൈംഗികതയും ആവശ്യത്തിൽ കവിഞ്ഞ കുറ്റബോധവും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവത്രേ. 

അമേരിക്കയിലെ വൈദ്യ പഠനത്തിന് ശേഷം, കവിതയിലും ചിത്രകലയിലുമെല്ലാം കമ്പക്കാരനായിരുന്ന വില്യം മൈനർ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത് സൈന്യത്തിൽ ചേർന്നു. മൈനർക്ക് ചെയ്യേണ്ടി വന്ന പണി, പട്ടാളത്തിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടിപ്പോയവരെ, അവരിലധികവും ഐറിഷുകാരായിരുന്നു, തിരികെ പിടിച്ചുകൊണ്ടുവരുമ്പോൾ അവരുടെ ചന്തിക്കോ, പള്ളയിലോ, കവിളിലോ ഇരുമ്പ് പഴുപ്പിച്ച് ‘D’ എന്ന് (D for desertion) ചാപ്പ കുത്താനായിരുന്നു. പണ്ടേ ഒരല്പം മനോ വികല്പങ്ങളുണ്ടായിരുന്ന മൈനർ ഇതോടെ രണ്ടു മൂന്നു നാൾക്കകം മുഴുഭ്രാന്തനായിപ്പോയി. ഭ്രാന്തിന്റെ ഭാഗമായി പട്ടാളത്തിൽ നിന്നും പുറത്തുവന്ന മൈനർ കടുത്ത വിഭ്രാന്തിയിലായിരുന്നു ജീവിച്ചുവന്നത്. 

ഐറിഷുകാരായവരൊക്കെ തക്കം പാർത്തിരുന്ന് തന്നെ കൊല്ലാൻ വരുന്നുവെന്നും മറ്റും തോന്നിയിരുന്ന മൈനറെ രോഗശാന്തിക്കുവേണ്ടി ബന്ധുക്കൾക്കൊപ്പം ഇംഗ്ലണ്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയുണ്ടായി. ഒരു ദിവസം വീടിനു പുറത്തു ചാടിയ മൈനർ, ജോർജ് മെറിറ്റ് എന്ന ഒരു ഐറിഷ്‌കാരനെ, തന്നെ കൊല്ലാൻ വന്നവനെന്നു സംശയിച്ച് വെടിവെച്ചു കൊന്നു. അങ്ങനെയാണ് അയാൾ ക്രോതോണിലെ ഭ്രാന്താശുപത്രിയിൽ തടവിലാകുന്നത്.

കുറേ നാളുകൾക്കു ശേഷം, താൻ ചെയ്തുപോയ കൊലപാതകത്തെ പ്രതി വില്യം മൈനർ വല്ലാതെ പശ്ചാത്തപിക്കുകയും പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അയാൾ, അമേരിക്കൻ എംബസി വഴി, കൊല്ലപ്പെട്ട മെറിറ്റിന്റെ ഭാര്യക്ക് എഴുതുകയുണ്ടായി. സംഭവിച്ചതിലെല്ലാം  വല്ലാത്ത ദുഃഖമുണ്ടെന്നും അവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അയാൾ മെറിറ്റിന്റെ ഭാര്യ എലിസയെ അറിയിച്ചു. കുടുബം പോറ്റാൻ ബുദ്ധിമുട്ടുകയായിരുന്ന ആ സ്ത്രീ സഹായം സ്വീകരിക്കാൻ സമ്മതിച്ചുവെന്നു മാത്രമല്ല, വില്യം മൈനറെ സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവർ മനസ്സിലാക്കിയിരുന്നു, കടുത്ത മാനസിക വിഭ്രാന്തിയിൽ സംഭവിച്ചുപോയ ഒരബദ്ധമായിരുന്നു തന്റെ ഭർത്താവിന്റെ കൊലപാതകമെന്ന്. 


അങ്ങനെ, ഭർത്താവിന്റെ മരണത്തിന് ഏഴു വർഷങ്ങൾക്കു ശേഷം ആ സ്ത്രീ ഈ പാവം അമേരിക്കകാരനെ ഭ്രാന്താലയത്തിൽ സന്ദർശിച്ചു. വില്യം മൈനറിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായത്തിന്റെ തുടക്കമായി ഭവിച്ചു ആ സന്ദർശനം. ഒരു വലിയ സൗഹൃദത്തിലേക്കു വളർന്നില്ലെങ്കിലും, അവർ മൈനറിനു വേണ്ടി ലണ്ടനിലെ പുസ്തക വില്പനക്കാരിൽ നിന്നും പഴയകാല പുസ്തകങ്ങൾ വാങ്ങി എത്തിച്ചുകൊടുക്കാമെന്നേറ്റു. നിരക്ഷരയായിരുന്ന എലിസ മെറിറ്റിന് പുസ്തകങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാതിരുന്നതിനാൽ, വില്യം മൈനർ നിർദേശിക്കുന്ന പുസ്തകങ്ങൾ സംഘടിപ്പിച്ച് പൊതിഞ്ഞ് പാർസലുകളാക്കി അയാൾക്ക് എത്തിച്ചുകൊണ്ടിരുന്നു. അതിനിടയിൽ അധികം വൈകാതെ ആ സ്ത്രീ മദ്യത്തിനടിപ്പെടുകയും കിറുക്കനായ ഈ ഡോക്ടറിലുള്ള താല്പര്യങ്ങൾ തീരെ ഇല്ലാതാവുകയും ചെയ്‌തെങ്കിലും, ആ പാർസലുകൾ അതുവരേക്കും വിഷാദമഗ്നമായി കടന്നുപോയിരുന്ന ഡോ. മൈനറിന്റെ ജീവിതത്തെ പ്രസന്നമാക്കാൻ പോന്ന ആകസ്മികതകൾക്കു വഴിയൊരുക്കുകയുണ്ടായി. അവർ പാഴ്സലുകൾ പൊതിയാനുപയോഗിച്ചത്, പ്രൊഫസർ ജെയിംസ് മുറേ  ഡിക്ഷനറിക്ക് വേണ്ടി പ്രവർത്തിക്കാൻ വോളന്റീയർമാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യക്കടലാസുകൾ കൊണ്ടായിരുന്നു. പിന്നീടങ്ങോട്ടുള്ള നീണ്ട പതിനെട്ടു വർഷങ്ങൾ വില്യം മൈനറുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ അർത്ഥസമ്പൂർണ്ണമാക്കുകയുണ്ടായി, വാക്കുകളുടെ സമാഹരണത്തിലൂടെ.

ഡോ. മൈനർ പരസ്യത്തിൽ കണ്ട വിലാസത്തിൽ ബന്ധപ്പെടുന്നതും ഡോ. ജെയിംസ് മുറേയുമായി നടത്തുന്ന കാത്തിടപാടുകളും തുടർന്ന് ഓക്സ്ഫോർഡ് ഡിക്ഷണറിക്കുവേണ്ടി വാക്കുകൾ ശേഖരിക്കാൻ തുടങ്ങിയതുമെല്ലാം ചരിത്രമാണിന്ന്. ആദ്യമാദ്യം ഡോ. മുറേയുടെ ശൈലി പിന്തുടർന്ന വില്യം മൈനർ, വാക്കുകൾ ക്രമപ്പെടുത്തുന്നതിനായി തന്റേതായ ഒരു ശൈലി വികസിപ്പിച്ചെടുക്കുകയും പിന്നീട് അത് എല്ലാവർക്കും സ്വീകാര്യമാവുകയും പൊതുവായ രീതിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഓക്സ്ഫോർഡ് ഡിക്ഷനറിയുടെ മൂന്നാം വോള്യം പ്രസിദ്ധീകരിച്ച സമയത്തായിരുന്നു വിക്ടോറിയ രാജ്ഞിയുടെ അമ്പതാം ഭരണ വാർഷികാഘോഷങ്ങൾ ലോകമെങ്ങും സംഘടിപ്പിക്കപ്പെട്ടത്. കൂട്ടത്തിൽ ഡിക്ഷണറി പ്രവർത്തകരേയും ആദരിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഡോ. മൈനറിന് പ്രത്യേക ക്ഷണമുണ്ടായിട്ടും വരാതായപ്പോഴാണ് ഡോ. മുറേ അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമം നടത്തുന്നത്. അതിനു ശേഷമാണ് അദ്ദേഹം ക്രോതോണിലെ ഭ്രാന്താലയത്തിൽ എത്തുന്നതും മൈനറെ കാണുന്നതുമെല്ലാം.


james murrey & w c minor, a scene from movie


വായനയും വാക്കുകളുടെ സമാഹരണവുമെല്ലാം നടക്കുന്നതിനിടയിലും ഡോ. മൈനർ ഒരുപാട് വിഭ്രാന്തികളിലൂടെ കടന്നുപോകുന്നുണ്ട്. അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെറിയ വിടവുകളിലൂടെ നുഴഞ്ഞു കയറുന്ന മറ്റ് അന്തേവാസികൾ, അദ്ദേഹം കേൾക്കുന്ന വിചിത്രമായ ശബ്ദങ്ങൾ, രാത്രികാലങ്ങളിൽ ആരൊക്കെയോ പതുങ്ങിവന്ന് അയാളുടെ പുസ്തകത്താളുകൾ അലങ്കോലപ്പെടുത്തുവത്രേ! റൈറ്റ് സഹോദരന്മാർ അവരുടെ വൈമാനിക പരീക്ഷണങ്ങൾ നടത്തുന്ന കാലമായിരുന്നതിനാൽ, വിമാനം പോലുള്ള ഒരു യന്ത്രം വന്ന് തന്നെ നിർബന്ധപൂർവ്വം കയറ്റിക്കൊണ്ടുപോകുന്നതായെല്ലാം അയാൾ ഭാവനയിൽ കണ്ടു. ഇടക്കെങ്കിലും താൻ അംഗീകരിക്കപ്പെടണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. മറ്റു ചിലപ്പോൾ അയാൾ കടുത്ത വിഷാദത്തിലേക്കും കുറ്റബോധത്തിലേക്കും വീണുപോയി. അങ്ങനെയിരിക്കേ ഒരു രാത്രി അയാൾ സ്വന്തം  ലിംഗം ഛേദിച്ചു കളയുകപോലുമുണ്ടായി. 

ഇക്കാലയളവിൽ ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ചില വാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ഡോ. ജെയിംസ് മുറേയിലൂടെ വില്യം മൈനറുടെ സഹതാപാർഹമായ ജീവിത പശ്ചാത്തലവും ഇംഗ്ലീഷ് ഭാഷയ്ക്ക് അയാൾ നല്കിയ സംഭാവനയും ചില പത്രങ്ങളിൽ വാർത്തയാവുകയും ചെയ്‌തെങ്കിലും,  വാർത്തകളുടെ സ്വഭാവമെന്നോണം വളരെ പെട്ടെന്ന് തന്നെ അവ വിസ്മരിക്കപ്പെടുകയായിരുന്നു.


james murrey

ഡിക്ഷണറി പ്രവർത്തകർ, വിശേഷിച്ച്‌ ഡോ. മുറേ, വില്യം മൈനറെ അയാളുടെ സ്വദേശത്തേക്ക് മോചിപ്പിക്കുന്നതിന് അനുമതിക്കായി ശ്രമിക്കുകയും ഒടുവിൽ വിൻസ്റ്റൺ ചർച്ചിലിന്റെ ഇടപെടലിനെത്തുടർന്ന് അത് സാധ്യമാവുകയും ചെയ്തു. അമേരിക്കയിൽ തിരിച്ചെത്തിയ വില്യം മൈനർ കുറച്ചു വർഷങ്ങൾ കൂടി ചില മനോരോഗകേന്ദ്രങ്ങളിൽ കഴിഞ്ഞു. അവസാനം അയാളുടെ ഒരു ബന്ധു വന്ന് താരതമ്യേന സ്വസ്ഥമായ ഒരു വിശ്രമകേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും 1920 മാർച്ച് 26 നു തന്റെ എൺപത്തിയാറാമത്തെ വയസ്സിൽ മരണമടയുകയുമുണ്ടായി.


ലോകം അറിയാതെപോവുമായിരുന്ന ഈ 'പശ്ചാത്തല ജീവിതങ്ങൾ'പുറത്തുവരുന്നത് 1980-ൽ സൈമൺ വിൻചെസ്റ്റർ എന്ന ഒരാൾ യാദൃശ്ചികമായി ചില പ്രിന്റിങ് പ്ലേറ്റുകൾ കണ്ടെത്തുന്നതോടെയാണ്. ലോഹനിർമ്മിതമായ ആ പ്ലേറ്റുകൾ 1928-ൽ ഓക്സ്ഫോർഡ് ഡിക്ഷണറി അച്ചടിക്കാനായി ഉപയോഗിച്ചവയായിരുന്നു. പുതിയ സാങ്കേതികവിദ്യകൾ വന്നതോടെ ഉപേക്ഷിക്കപ്പെട്ട ആക്രിസാധനകളായിരുന്നു അവ. എന്തുകൊണ്ടോ അവയിൽ കൗതുകം തോന്നിയ സൈമൺ വിൻചെസ്റ്റർ അവയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചതോടെയാണ് ഏറെ മനോഹരമായ ‘The Professor and the Madman‘ എന്ന അസാധാരണമായ ഈ കൃതി പിറന്നത്. (ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഇതേ പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്).


എല്ലാ നിഘണ്ടുക്കൾക്കും ഹൃദയസ്പർശിയായ ചില രഹസ്യജീവിതങ്ങൾ - ഈ പേരിൽ മറ്റൊരു പുസ്തകമുണ്ട്:The Secret Life of Dictionaries by KORY STAMPER- ഉണ്ട്. ഒരു പക്ഷേ സൈമൺ വിൻചെസ്റ്റർ ആകണം ഇത്രക്കും സത്യസന്ധമായി അത് ലോകത്തെ ബോധ്യപ്പെടുത്തിയത്. ഒരുപാട് വിശദമായാണ് വിൻചെസ്റ്റർ കഥ പറയുന്നത്, ഓക്സ്ഫോർഡ് ഡിക്ഷണറിയുടേയും, അതിൽത്തന്നെ വില്യം മൈനറുടേയും, കൂട്ടത്തിൽ ഡോ.ജെയിംസ് മുറേയുമായുണ്ടായ സൗഹൃദത്തിന്റേയും. തുടക്കത്തിൽ വളരെ ഇഴഞ്ഞു നീങ്ങുന്നുവെന്ന് തോന്നിപ്പിച്ച ഈ പേജുകൾ, അധികം വൈകാതെ വില്യം മൈനറുടെ വിഷാദജീവിതത്തിന്റെ സ്വാഭാവിക വേഗത്തിലേക്ക് നമ്മെ റീസെറ്റ് ചെയ്യുന്നു. ഈ കൃതി മുഴുവനും ഒരു പശ്ചാത്തലമാണെന്നു വേണമെങ്കിൽ പറയാം. 

ലോകം ബഹളമയമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുമ്പോൾ, ആരുമറിയാതെ പൊയ്‌ക്കൊണ്ടിരിക്കുന്ന ചില ഒച്ചുവേഗങ്ങൾ. ഒരുപക്ഷേ, എല്ലാ പാച്ചിലുകളും സംഗതമാവുന്നത് പിന്നാമ്പുറത്തുള്ള ഇത്തരം സാവധാനങ്ങളെക്കൊണ്ടല്ലെന്നു പറയാനാകുമോ?


വില്യം മൈനർ കടന്നുപോകുന്ന സന്ദർഭങ്ങൾ വളരെ വിശദമായിത്തന്നെവിൻചെസ്റ്റർ പങ്കുവെക്കുന്നുണ്ട്. അയാൾ അനുഭവിക്കുന്ന കടുത്ത ഏകാന്തതയും മറ്റു വിഭ്രാന്തികളും. അയാളുടെ മനോരോഗത്തെപ്പറ്റിയുള്ള സ്നേഹപൂർവ്വമുള്ള ചില സന്ദേഹങ്ങൾ. ഒരുപക്ഷേ കൂടുതൽ കരുതലും സ്നേഹപരിചരണങ്ങളും ലഭ്യമായിരുന്നെങ്കിൽ വില്യം മൈനർ കുറേക്കൂടി സ്വസ്ഥമായ ഒരു ജീവിതം നയിക്കുമായിരുന്നു. അതേസമയം, തന്നിലെ വിഭ്രാന്തികളോടുള്ള ഏറ്റുമുട്ടലുകളിൽ നിന്നാണ് ജീവിതത്തിന്റെ ഒരു വലിയ കാലയളവ് നീണ്ടുനിന്ന സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ മുഴുകാൻ മൈനറിനു കഴിഞ്ഞതെന്ന് അദ്ദേഹം സംശയിക്കുമ്പോൾ, എളുപ്പം വിട്ടുകളയാൻ സാധ്യമാകാത്ത ചില ചോദ്യങ്ങൾക്ക് അയാൾ മരുന്നിടുന്നു: സ്വസ്ഥതയുടേയും സാർത്ഥകതയുടേയും മൂല്യവിചിന്തനങ്ങൾക്ക്.


തീരെ മറക്കാൻ കഴിയാത്ത നിരവധി മുഹൂർത്തങ്ങളുണ്ട് ഈ പുസ്തകത്തിൽ. പിടിച്ചുകൊണ്ടുവരപ്പെട്ട പട്ടാളക്കാരെ, പഴുപ്പിച്ച ഇരുമ്പുദണ്ഡുപയോഗിച്ച് ചാപ്പ കുത്തേണ്ടി വരുമ്പോൾ, വൈദ്യപഠനത്തിന്റെ അവസാനം താനെടുത്ത ഹിപ്പോക്രറ്റിക് പ്രതിജ്ഞ ലംഘിക്കപ്പെടുന്നതിൽ വിറകൊള്ളുന്ന ഒരു ഡോക്ടർ.   ചിത്രകാരനും കവിതാകമ്പക്കാരനുമായിരുന്ന ഒരു സർജന്റെ എഴുത്തുമുറി. വാക്കുകളും അവയുടെ അർത്ഥങ്ങളുമെഴുതിയ ആയിരക്കണക്കിന് കാർഡുകൾക്കിടയിൽ മുങ്ങിക്കിടക്കുന്ന വിഷാദവും കുറ്റബോധവും നിറഞ്ഞ ഒരു താടിക്കാരൻ. മനസ്സ് കടന്നുപോകുന്ന ഭ്രമാത്മകതകൾക്കിടയിലും തന്റെ നിസ്സഹായാവസ്ഥയെപ്പറ്റി ബോധവാനാകുന്ന മൂകനായ ഒരു മനുഷ്യൻ.

 

ഡോ. മുറേയുമായുണ്ടായ സൗഹൃദം മൈനറെ സംബന്ധിച്ച് ഏറെ സമാധാനം കൊണ്ടുവന്നെങ്കിലും, താൻ രക്ഷപ്പെട്ടു പോന്ന ക്രിസ്ത്യൻ മത ബോധന ങ്ങളുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലിന് ആ സൗഹൃദം വഴി വെച്ചത്രേ. മതവിശ്വാസത്തിന്റെ നീരാളിക്കൈകളിൽ നിന്നും ഒരു വിധം രക്ഷപ്പെട്ടെന്ന് കരുതിയ വില്യം മൈനർ, കുറ്റബോധത്തിന്റെ പൈശാചികതയിലേക്ക് വീണ്ടും വീണുപോകുന്നതും ലിംഗച്ഛേദനം നടത്തുന്നതും മറ്റും ഡോ. മുറേയുമായുള്ള സൗഹൃദം അയാളിലെ വിശ്വാസങ്ങളെ പ്രകോപിപ്പിച്ചതിനാലെന്ന് സൈമൺ വിൻചെസ്റ്റർ സംശയിക്കുന്നുണ്ട്. (ഡോ. മുറേ തികഞ്ഞ ഒരു വിശ്വാസിയായിരുന്നു).  എന്നിട്ടും ഒരുപാട് വർഷത്തെ പരിചയത്തിനു ശേഷം വില്യം മൈനറും ജെയിംസ് മുറേയും പിരിയുന്ന രംഗം കണ്ണ് നനയിക്കുന്നതാണ്.


1998 സെപ്റ്റംബറിലാണ് സൈമൺ വിൻചെസ്റ്ററുടെ പുസ്തകംപുറത്തുവരുന്നത്. അത്രയും വർഷങ്ങളെടുത്തത്, വില്യം മൈനറിനെപറ്റിയുള്ള വിവരശേഖരണ ത്തിനായിരുന്നു. അദ്ദേഹം അയച്ചു കൊടുത്ത കുറിപ്പുകൾ വീണ്ടെടുക്കുന്നതിനും അദ്ദേഹത്തിന്റെ ഭ്രാന്താലയ വാസത്തിന്റേയും ചികിത്സയുടേയും വിശദാംശങ്ങൾ അറിയുന്നതിനുമായി വേണ്ടി വന്ന നിയമ വ്യവഹാരങ്ങൾക്കും മറ്റും. ഒരുപാട് വ്യക്തികളുമായുള്ള കൂടിക്കാഴ്ചകൾ എന്നിങ്ങനെ ….

വില്യം മൈനറുടെ മനോരോഗത്തെ പരാമർശിക്കുന്നേടത്തെല്ലാം കടന്നുവരുന്ന ധാരാളം മനഃശ്ശാസ്ത്രപദങ്ങളുണ്ട്: പാരനോയിയ, മോണോമാനിയ, ഡില്യൂഷൻ, ഡിമെൻഷ്യ പ്രീകോക്സ്, സ്കിസോഫ്രീനിയ എന്നിങ്ങനെ. ഇത്തരത്തിലുള്ള കുറേ ഊഹാപോഹങ്ങളും അവക്കുള്ള മരുന്നുകളുമായാണ് മൈനർ ജീവിച്ചുപോയത്. ഈ ഭൂമിയിലേക്ക് കടന്നുവന്നപ്പോൾ അയാൾക്ക് കിട്ടിയ ശരീരമെന്ന ശകടം അല്പം ഏടാകൂടം പിടിച്ചതായിപ്പോയെന്നേ അതിനർത്ഥമുള്ളൂ. ശകടമേതുമാകട്ടെ എങ്ങനെയുള്ളതുമാകട്ടെ, യാത്ര മുഴുമിച്ചോ എന്നത് മാത്രമാണ് പ്രസക്തമാകുന്നത്. പതിനായിരത്തിലധികം വാക്കുകളും അവയുടെ ഉത്ഭവങ്ങളും അർത്ഥഭേദങ്ങളും ശേഖരിക്കാൻ സാധിച്ചെങ്കിലും, ഇതിനിടയിൽ അദ്ദേഹം സവിശേഷമായ ഏതെങ്കിലും ഒരു പദത്തെ തേടിക്കൊണ്ടിരുന്നിരിക്കുമോ? വാക്കുകളും അർത്ഥങ്ങളും തെരഞ്ഞു തെരഞ്ഞ്, ഡോ. വില്യം മൈനർ സ്വാസ്ഥ്യത്തിന്റെ അജ്ഞാത തീരങ്ങളെ തൊട്ടിട്ടുണ്ടാകുമോ? അവയെ ദൂരെ നിന്ന് ദർശിക്കയെങ്കിലും ചെയ്തുകാണുമെന്ന് ഉറപ്പ്.


കൃതജ്ഞതയുടെ വെണ്മേഘങ്ങൾ 

.

പ്രിയ വില്യം മൈനർ, 'സ്വാത്മികം' എന്ന പദം നിങ്ങൾക്കിരിക്കട്ടെ. ഒരു ദിവസം പൊടുന്നനെയെന്നോണം വീണുകിട്ടിയതാണിത്. നിലാവ് നിറഞ്ഞ ഒരു രാത്രിയിൽ, നിബിഢമായ ഏതോ വനാന്തരത്തിലെ, ഏതോ ഒരിലയിലേക്കു വീണ ഒരൊറ്റ മഞ്ഞിൻകണത്തെപ്പോലെ. ഞാൻ അതിന്റെ അർത്ഥം ഇങ്ങനെ നിരൂപിക്കുന്നു- That which I am. ‘That which I am not’ എന്ന 'നേതി നേതി'കളിലൂടെ നാളുകളെടുത്ത് ഊറിക്കൂടിയതാകാം. 

ഓക്സ്ഫോർഡ് ഡിക്ഷണറിക്കു പിന്നിൽ, വില്യം മൈനർ എന്ന ഒരു നിഴലനക്കം പോലെ, ഏതൊരു വാക്കിനു പിന്നിലും ബോധത്തിന്റെ ഒരു വെണ്മേഘം തങ്ങിനിൽപ്പുണ്ട്, എല്ലായ്‌പ്പോഴും. ആ മേഘത്തെ കൃതജ്ഞത എന്നറിയാനാണ് ഞാനിഷ്ടപ്പെടുന്നത് - the white cloud of deep gratitude. ആ മേഘത്തിനു കീഴെ ഒരു നിമിഷനേരം മൗനമായി നിന്നാൽ, അത് പെയ്തുകൊണ്ടേയിരിക്കുമത്രേ!


വാക്കുകളുടെ വിശ്വരേഖകളെ - The World Lines of Words- അങ്കനം ചെയ്യുകയും, എവിടെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും ഒരു പദത്തേയോ അതിന്റെ അർത്ഥത്തേയോ സ്പർശിക്കുന്നുവെങ്കിൽ അതറിയാനായി മൺതരിയോളം പോന്ന മിന്നാമിന്നി ബൾബുകളെക്കൊണ്ട് ബന്ധിപ്പിക്കുകയും ചെയ്‌താൽ എങ്ങനെയിരിക്കുമെന്ന് ഭാവനയിൽ കാണാൻ ശ്രമിച്ചിട്ടുണ്ടോ?. അങ്ങനെയെങ്കിൽ നിവർത്തിവച്ച നിഘണ്ടുക്കളൊക്കെയും ദീപപ്രഭയിൽ കുളിച്ചു നില്ക്കുന്ന ഭൂമിയുടെ ആകാശ ദൃശ്യം പോലെ ചേതോഹരമായി തിളങ്ങിക്കൊണ്ടിരിക്കും. അതിനേക്കാൾ ഭംഗിയുള്ള മറ്റൊരു ദൃശ്യം ഓർമ്മയിലുണ്ട് - ഏറെ വർഷങ്ങൾക്കു മുൻപ്, സെപ്റ്റംബറിലെ ഒരു രാത്രിയിൽ, നെല്ലിയാമ്പതിയിലെ കാടുകൾ മുഴുവനും മിന്നാമിനുങ്ങുകളെക്കൊണ്ട് പൊതിഞ്ഞു നിന്നിരുന്ന ഒരു ദൃശ്യം. ഇടയ്ക്കു തോന്നും ആ മിന്നാമിന്നികൾ അത്രയും ഇപ്പോഴും ശിരസ്സിനകത്ത് മിന്നിക്കൊണ്ടേയിരിക്കുകയാണെന്ന്. ആ ദൃശ്യം അനുഭവിച്ചവർക്കെല്ലാവർക്കും അതങ്ങനെയാവാനേ തരമുള്ളൂ.

 

നിഘണ്ടുക്കളൊക്കെയും ആരണ്യകങ്ങളാണ്;

നിശബ്ദമായി മിന്നിക്കൊണ്ടിരിക്കുന്ന 

പ്രജ്ഞാവനങ്ങൾ.