Osho wings Osho waves

Featured Post

Wednesday, July 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 39


image credit - agsandrew / Adobe Stock
വിഷാദം : പുതിയ കാഴ്ചപ്പാടുകൾ

'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്?' എന്ന പരസ്യവാചകം പോലെ ചോദിക്കാവുന്ന ഒന്നാണ്, 'ആരാണ് ഡിപ്രെഷൻ ആഗ്രഹിക്കാത്തത്?'. കേൾക്കുന്ന മാത്രയിൽ ഒരുപക്ഷേ സംശയത്തോടെ നെറ്റി ചുളിച്ചേക്കാമെങ്കിലും രണ്ടു കാര്യങ്ങൾ അങ്ങനെയൊരു ചോദ്യത്തിന് സാധുത നല്കുന്നുണ്ട്, വേണ്ടുവോളം.

ഒന്ന്, ഡിപ്രെഷൻ അനുഭവിക്കുന്നവരുടെ, അല്ലെങ്കിൽ ഡിപ്രെഷനിലൂടെ കടന്നുപോകുന്നവരുടെ എണ്ണത്തിലുള്ള അവിശ്വസനീയമായ വർദ്ധനവ്- ലോക ജനസംഖ്യയുടെ 4.3 % പേരും ഡിപ്രെഷനിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോൾ, 2015- 16 ലെ ദേശീയ മാനസികാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ ഇരുപതുപേരിൽ ഒരാൾ കാര്യമായ ഡിപ്രെഷൻ അനുഭവിക്കുന്നവരാണ്. 


രണ്ട്, ഡിപ്രെഷനെപ്പറ്റി ഏറ്റവും പുതിയ പഠനങ്ങൾ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ. ഡിപ്രെഷനെപ്പറ്റിയുള്ള ഏറ്റവും പുതിയ തീർപ്പുകൾ പ്രകാരം, 'ഡിപ്രെഷൻ എന്നത് വ്യത്യസ്തമായ ഒരു ബോധാവസ്ഥ മാത്രമാണ്' - an altered state of consciousness. British Journal for the Philosophy of Science ഈയിടെ പ്രസിദ്ധീകരിച്ച പഠനങ്ങളും, London School of Economics ലെ  Cecily Whiteley യുടെ  പ്രബന്ധങ്ങളും മുന്നോട്ടു വെക്കുന്നത് ഇത്തരം നിഗമനങ്ങളാണ്. 


ബോധവാനായ കാലം മുതൽ, വ്യത്യസ്തമായ ഒരു ബോധതലം ഏവരും എല്ലായ്പോഴും ആഗ്രഹിച്ചുപോരുന്നുണ്ട്. അതൊരുപക്ഷേ ബോധമെന്ന പ്രതിഭാസത്തിന്റെത്തന്നെ പ്രകൃതമാകാം. അതിന്റെ ഭാഗമായാണ് മനുഷ്യൻ എല്ലായ്‌പ്പോഴും ലഹരി പദാർത്ഥങ്ങൾക്കും ലഹരിക്ക്‌ സമമായ അവസരങ്ങൾക്കും പുറകെ ഓടിക്കൊണ്ടിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ നാം ചെയ്തുകൂട്ടുന്ന സകലതും, സർഗ്ഗാത്മക പ്രവർത്തികളും (ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾ അടക്കം) ഒരു പുതിയ ബോധതലത്തെ അനുഭവിക്കാനുള്ള അഭിവാഞ്ഛയല്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. 

ഈ അഭിവാഞ്ഛ ഏതെല്ലാം തരത്തിൽ നിറവേറ്റപ്പെടുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഭാവനകളിലൂടെയാകാം, താൻ ഏർപ്പെടുന്ന പ്രവൃത്തികളിൽ വൈകാരികമായി തന്മയപ്പെട്ടുകൊണ്ടാകാം. ലഹരി പദാർത്ഥങ്ങളുടെ സഹായത്താലാകാം. അതേസമയം, താൻ ഇഷ്ടപ്പെടാത്ത ഒരു സന്ദർഭത്തിൽ നിന്നും മാറിയൊളിക്കാനുള്ള പ്രവണത ഒരു പുതിയ ബോധതലത്തെ സ്വയമേ സൃഷ്ടിച്ചെടുക്കുന്നതുമാകാം. ഈ പ്രവണതയാകട്ടെ ഒരാളുടെ നാഡീമണ്ഡലത്തിൽ പ്രബലപ്പെടുമ്പോൾ, അത് ചാക്രികമായി ആവർത്തിക്കപ്പെടാം, അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷത്തിന്റെ ലാഞ്ചനകളെങ്കിലും ഉണ്ടായിവന്നാൽ, ഉടനെ അയാൾ അത്തരം അവസ്ഥയിലേക്ക് വീണുപോവുകയായി. (അതുകൊണ്ടാണ് സന്ധ്യയായിക്കഴിഞ്ഞാൽ പലരും 'ഡിപ്രെസ്സ്ഡ്' ആകുന്നത്. മൂടിക്കെട്ടിയ മഴക്കാലം പലരേയും ഡിപ്രെഷനിലേക്ക് തള്ളിയിടുന്നുണ്ട്.) ഡിപ്രെഷൻ എന്ന മാനസികാവസ്ഥയെ ഈ രീതിയിൽ മനസ്സിലാക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. 

‘ഒരു പരിധിവരേക്കും ഒരു 'learned emotional habit' ആണ് വിഷാദരോഗം’ എന്ന് കേൾക്കുമ്പോൾ അതിനെതിരെ എത്രയോ യുക്തികളും തെളിവുകളും നമുക്ക് മുന്നിൽ തെളിഞ്ഞുവന്നാലും, ഒന്നോർക്കുക, ആ വസ്തുതയാണ് ഡിപ്രെഷനെ മറികടക്കാനുള്ള സാധ്യതയായി മുന്നിൽ അവതരിക്കുന്നത്.


വിഷാദം മുറ്റി നില്ക്കുന്ന മാനസികാവസ്ഥ, യാതൊന്നിലും ഒരു താല്പര്യവും തോന്നാതിരിക്കുക, യാതൊരു പ്രവൃത്തിയിലും ഏർപ്പെടാൻ സാധിക്കാതിരിക്കുക, തുടർന്ന് വിശപ്പില്ലായ്മ, ഉറക്കത്തിൽ വരുന്ന അസ്വാസ്ഥ്യങ്ങൾ, അനാവശ്യമായ കുറ്റബോധം, ഒന്നിനും കൊള്ളാത്തയാളാണെന്നു തോന്നാൻ തുടങ്ങുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക, ആത്മഹത്യയോട്‌ സവിശേഷമായ മമത തോന്നാൻ തുടങ്ങുക എന്നിവയൊക്കെയാണ് Diagnostic Statistical Manual പ്രകാരമുള്ള ഡിപ്രെഷൻ ലക്ഷണങ്ങൾ. ഒരു കാര്യം ഉറപ്പാണ് വിഷാദം ബാധിക്കുമ്പോൾ, ലോകത്തെ നാം വേറൊരു വിധത്തിലാണ് അനുഭവിക്കുന്നത്- feeling ‘blue’. 

1960 മുതൽക്കേ മനോരോഗ ചികിത്സകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് വിഷാദരോഗമെന്നത് മസ്തിഷ്കത്തിലെ രാസപദാർത്ഥങ്ങളിലെ ഏറ്റക്കുറച്ചിൽ കൊണ്ട് സംഭവിക്കുന്നതാണെന്നാണ്. മനസ്സമ്മർദ്ദം കൂടിയ ജീവിതരീതികളും മറ്റും ആ രാസപദാർത്ഥങ്ങളുടെ സമതുലനാവസ്ഥയെ അവതാളത്തിലാക്കുന്നതിൽ കൂടുതൽ പങ്കുവഹിക്കുന്നു എന്ന സംഗതി പിൻബലമാവുകയും ചെയ്തു. അങ്ങനെയാണ് ഇന്നും, ലക്കും ലഗാനുമില്ലെന്നവണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന serotonin ആന്റി ഡിപ്രെസെന്റുകൾ പ്രചരിച്ചത്. ഇന്ന് ഏറ്റവും പുതിയ പഠനങ്ങൾ ഏറ്റു പറയുന്നു, serotonin സിദ്ധാന്തങ്ങൾക്ക് വേണ്ടത്ര ശാസ്ത്രസമ്മതിയില്ലെന്ന് !


വേറെയും ധാരാളം തിയറികളുണ്ട്, ketamine-ചികിത്സ, കൂടുതൽ അന്നജം നിറഞ്ഞ ഭക്ഷണം - carbo rich diet- കഴിക്കുന്നതിലൂടെ ഡിപ്രെഷനെ അകറ്റാം എന്നിങ്ങനെ. ഡിപ്രെഷനെ തടയുന്നതിനായി മയക്കുമരുന്നുകൾ വരെ പരീക്ഷണത്തിലുണ്ട്. എന്നാൽ മയക്കു മരുന്നുകൾ മറ്റൊരു ബോധാവസ്ഥക്കു കാരണമാവുകയേ ചെയ്യുന്നുള്ളൂ എന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ അബദ്ധവശാൽ ഒരുവൻ തന്റെ സ്വാഭാവിക ബോധാവസ്ഥയിലേക്ക് തിരിച്ചുവീഴാം എന്നു മാത്രമേയുള്ളൂവെന്നുമാണ്‌ ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാലിലേയോ കയ്യിലേയോ കോച്ചിപ്പിടിച്ച പേശികൾ എങ്ങനെയെങ്കിലുമൊക്കെ പഴയ സ്ഥിതിയിലേക്ക് വരും പോലെ. എല്ലാ പരീക്ഷണങ്ങളും, താല്ക്കാലികമായി 'തലവേദനകൾ' ഒഴിവാക്കിയേക്കാം എന്നല്ലാതെ ഡിപ്രെഷൻ എന്ന അവസ്ഥയെ മനസ്സിലാക്കുന്നതിലോ അതിനെ ബോധപൂർവ്വം മറികടക്കുന്നതിലോ കാര്യമായി സഹായകമാവുന്നില്ല.



ഒരു കാലിഡോസ്കോപ്പിലൂടെയുള്ള കാഴ്ചയെപ്പോലെയാണ് നമ്മുടെ മനോ-ശരീര വ്യവസ്ഥയുടെ വിളയാട്ടങ്ങൾ. വെറുതെയൊന്നു അനങ്ങിയാൽ മതി, കാലിഡോസ്കോപ്പിനകത്ത് വിസ്മയിപ്പിക്കും വിധം വ്യത്യസ്തമായ വർണ്ണചിത്രങ്ങൾ! ജീവിതത്തിന്റെ പ്രകൃതമനുസരിച്ച് കാലിഡോസ്കോപ്പിനെ അനങ്ങാതെ സൂക്ഷിച്ചു കൊണ്ടുനടക്കാനുമാവില്ല. ചില നേരങ്ങളിൽ അതിനകത്ത് തെളിയുന്ന വർണ്ണാഭമായ ചിത്രങ്ങളിൽ നാം സന്തോഷഭരിതരാകുന്നു, ചില നേരങ്ങളിൽ ചില ചിത്രങ്ങളിൽ നാം വിഷണ്ണരാകുന്നു. അത്ര തന്നെ. നിർഭാഗ്യവശാൽ, ഈ രണ്ടു സന്ദർഭങ്ങളിലും പക്ഷേ, ചിത്രങ്ങൾ കാണുന്നതാരാണെന്ന കാര്യം മാത്രം നാം ഓർക്കാറേയില്ല. പണ്ട് 'കള്ളനെ പിടി കിട്ടി, കള്ളനെ പിടി കിട്ടി' എന്ന് ജനകൻ ചാടിത്തുള്ളിയാനന്ദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'എല്ലാ കണ്ണുകൾക്കും പിന്നിലിരുന്ന് കാണുന്ന കണ്ണേത്?' എന്ന് ഉപനിഷത്തുക്കൾ ചോദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'നാൻ യാർ?' എന്ന് കേൾവിപ്പെട്ടതും ഇയാളെപ്പറ്റിയായിരുന്നു.

വിഷാദത്തിലേക്ക് വീണുപോകുന്നവർ വിശേഷിച്ചും ചെയ്യേണ്ടത്– വീണുപോകുന്നതാണെങ്കിൽ, നമ്മുടെ സന്തോഷം പോലും ശുഭകരമല്ല എന്നതാണ് വാസ്തവം. അത്തരം നിമിഷങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു ആൽഡസ് ഹക്സിലി പറഞ്ഞത്, 'ആളുകൾ കാട്ടിക്കൂട്ടുന്ന ആഹ്‌ളാദങ്ങളിൽ മുഷിപ്പിക്കുന്ന എന്തോ ഉണ്ട്, കാര്യമായിത്തന്നെ.'-- സ്വയം നിരീക്ഷിക്കാൻ പഠിക്കുക എന്നതാണ്. കുറേക്കൂടി കൃത്യമായ പ്രയോഗം ഓഷോ മുന്നോട്ടുവെക്കുന്ന 'witnessing' ആണ്, സാക്ഷിയാവൽ. 


നമ്മുടെ ശരീരത്തിലും മനസ്സിലുമൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥകളെ ഒരു സാക്ഷിയെപ്പോലെ അറിഞ്ഞുകൊണ്ടേയിരിക്കുക. പ്രധാനപ്പെട്ട ഒരു സംഗതിയെന്തെന്നാൽ, ഈ സാക്ഷിയാവൽ ജീവിതത്തിൽ നിന്നും മാറിനിന്നുകൊണ്ട് സാധ്യമാവുന്ന ഒന്നല്ല; ജീവിതത്തിൽ ഊഷ്മളമായി പങ്കെടുത്തുകൊണ്ടേ അത് സാധിക്കൂ. ഒരാൾ താൻ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിനുത്തന്നെ സാക്ഷിയാവാൻ തുടങ്ങുമ്പോൾ, ഡിപ്രെഷൻ എന്ന് പറയുന്നപോലുള്ള അവസ്ഥകളിലേക്കു വീണു പോകില്ല എന്നല്ല, വീണുപോവുക എന്ന അബോധപ്രവണതയെ അയാൾക്ക് മറികടക്കാനാകും. അഥവാ വീണുപോയാൽത്തന്നെയും അപ്പോഴും അയാളുടെ witnessing തുടരുന്നുണ്ടെങ്കിൽ, അതിന്റെ തിക്തഫലങ്ങളിൽ പെട്ടുപോകാതെ കഴിവതും വേഗം തന്റെ സഹജതയിലേക്ക് തിരിച്ചുവരികയും ചെയ്യും.


ഓർക്കുക, ഉണർവിലേക്ക് - സാക്ഷിയാവുക എന്ന് തന്നെ - വീണുപോകാനാവില്ല; കടന്നുചെല്ലാനേ സാധിക്കൂ. ഇപ്പോൾ, ഈ നിമിഷം.


                                                          










Tuesday, June 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 38


                      രഹസ്യ ജീവിതം അഥവാ ദുരിതപർവ്വം

രഹസ്യങ്ങളോട് മനുഷ്യനുള്ള സവിശേഷമായ താല്പര്യം മനുഷ്യനാവുന്നതിനു മുൻപേ കിട്ടിയിട്ടുള്ളതാണെന്നാണ് വെപ്പ്. ഭക്ഷണപദാർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന ചെറു ജീവികളുണ്ട്. മൂഷികവംശത്തിൽപ്പെട്ടവ ഭക്ഷണങ്ങൾക്കു പുറമേ ഒരാവശ്യമില്ലാത്തവയും വെറുതേ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കാറുണ്ട്. സകലതും ഒളിപ്പിച്ചുകൊണ്ട്, അവയ്ക്കിടയിൽ ആരുമറിയാതെ ഒളിച്ചു കഴിയുക എന്നത്- സുരക്ഷിതത്വത്തെ പറ്റിയുള്ള ആകാംക്ഷകൾ തലയ്ക്കു പിടിച്ചതാകാം- ഹരമാണവക്ക്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മനുഷ്യശിശുക്കളും ഇതേ പ്രവണത തുടരുന്നുണ്ടത്രേ. ആരും കാണാത്തിടത്ത് ചെന്ന് ചുരുണ്ടുകൂടിയിരിക്കുക, ഇരുണ്ട മുക്കിലും മൂലയിലും മറ്റും മൂത്രമൊഴിക്കുകയോ അപ്പിയിട്ടുവെക്കുകയോ ചെയ്യുക എന്നതെല്ലാം പരിണാമയാത്രയിൽ നിന്നും കിട്ടിയ ശീലക്കേടുകളത്രേ.

രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ഹവ്വ ആദാമിന്റെ തൊണ്ടയിൽ പിടിച്ച് അമർത്തിയതാണ് പുരുഷന്മാരിൽ മാത്രം കാണുന്ന Adam’s apple എന്ന് ഒരു കഥയുണ്ട്. മറ്റൊരു സങ്കല്പമുണ്ട്-ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കു വരുന്നതിന് തൊട്ടു മുൻപ്, എല്ലാ രഹസ്യങ്ങളും അകത്താക്കിയതിനു ശേഷം (data inception) ഏതോ മാലാഖ വിരൽ വെച്ച് സീൽ ചെയ്തതാണ് നമ്മുടെ മൂക്കിന് താഴെ, മേൽചുണ്ടിലുള്ള ആ അടയാളം- philtrum. ലോകമെമ്പാടുമുള്ള പുരാവൃത്തങ്ങളിൽ ഇനിയും ധാരാളമുണ്ടാകും മനുഷ്യന്റെ രഹസ്യാഭിവാഞ്ഛകളെ സൂചിപ്പിക്കുന്ന കഥനങ്ങൾ.

  

An Egyptian sculpture kept in British Museum
 

കൊച്ചുകുട്ടികളുടെ കാതിൽ സ്വകാര്യം പറയുക എന്നത് അവരെ ഓമനിക്കുന്നതിന്റെ ഭാഗമായി മുതിർന്നവർ ചെയ്തുപോരാറുണ്ട്. വാക്കുകളും അർത്ഥങ്ങളുമൊന്നും അറിയാറായിട്ടില്ലെങ്കിലും അവർ കുഞ്ഞുങ്ങൾ രഹസ്യാത്മകതയുടെ ആദിമധുരം നുണയുന്നുണ്ടെന്നുള്ളത് നാം കാണാറുള്ളതാണ്. അതെന്തുമാകട്ടെ, ഈ വെളിപ്രപഞ്ചത്തിൽ, എല്ലാർക്കുമിടയിൽ, ഈ നൻപകൽനേരത്ത്, രഹസ്യമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്നുള്ളത്, ശുഭകരമല്ലാത്ത ഒരു വസ്തുതയാണ്. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ രഹസ്യങ്ങളിൽ മധുരം നുണയുകയല്ല അവർ ചെയ്യുന്നത് പക്ഷേ, തങ്ങളുടെ ജീവിതത്തെ അനാവശ്യമായി രഹസ്യാത്മകമാക്കിക്കൊണ്ട് വിമ്മിട്ടപ്പെടുകയാണവർ. വാതായനങ്ങളും വാതിലുകളുമെല്ലാം കൊട്ടിയടച്ചുകൊണ്ട് ശുദ്ധവായുവിനുവേണ്ടി വെപ്രാളപ്പെടുകയാണവർ.  


ഒരാവശ്യവുമില്ലാതെ, നിസ്സാരമായ ഒരു കാര്യത്തെപ്പറ്റിപ്പോലും, ഏറ്റവും അടുപ്പമുള്ളവരോടുപോലും നുണ പറയുന്നവർ; സന്തോഷവും ദുഃഖവും മൂടിവെക്കുന്നവർ, സാമ്പത്തികമായ ക്ലേശങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് വിചാരിച്ച് അതിനെ മറികടക്കാൻ താങ്ങാവുന്നതിലപ്പുറമുള്ള ബാങ്കുലോണും മറ്റുമായി കഷ്ടപ്പെട്ടു ജീവിക്കുന്നവർ (കേരളം ഇത്തരക്കാരുടെ ഏറ്റവും വലിയ താവളമാണ്), രോഗങ്ങൾ മൂടിവെച്ച് ക്ലേശിച്ചു കഴിയുന്നവർ. മാനസിക രോഗങ്ങൾ പുറത്തറിയരുതെന്ന് വിചാരിക്കുന്നവരാണ് അഭ്യസ്തവിദ്യർ പോലും.   


രഹസ്യങ്ങളുടെ രഹസ്യങ്ങളെപ്പറ്റി ഈയിടെ ഒരു പുസ്തകമിറങ്ങിയിട്ടുണ്ട് - THE SECRET LIFE OF SECRETS by MICHEAL SLEPIAN. നാം സാധാരണ മനുഷ്യർ രഹസ്യങ്ങളോട് കാണിക്കുന്ന ശുഷ്കാന്തികളെപ്പറ്റിയുള്ള ഒരു നല്ല ഗവേഷണം. നിത്യജീവിതത്തിലെ രഹസ്യങ്ങളെ തരം തിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, പൊതുവെ 38 തരം രഹസ്യങ്ങളാണ് നാം പാലിച്ചുപോരുന്നതെന്ന്. 13 തരം രഹസ്യങ്ങളെങ്കിലും ഇല്ലാത്തവരില്ലത്രേ!- മയക്കു മരുന്നിന്റെ ഉപയോഗം മുതൽ അനാശാസ്യ ലൈംഗിക ബന്ധങ്ങൾ, മനോ വൈകൃതങ്ങൾ, അങ്ങനെയങ്ങനെ ഔദ്യോഗിക കാര്യങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ തുടങ്ങി ചായയോ കാപ്പിയോ ഇഷ്ടം എന്നത് വരെ രഹസ്യമായി സൂക്ഷിക്കുന്നവരുണ്ട്.


രഹസ്യങ്ങൾ മനുഷ്യന്റെ അന്തരംഗത്തിൽ ഇത്രക്കും സ്ഥാനം പിടിച്ചതെങ്ങനെയാണ്? ഒരു പരിധിവരേക്കും അതൊരു 'caveman hangover' ആകാനാണ് സാധ്യത. രഹസ്യങ്ങളുള്ളയാൾക്കു കൈവരുന്ന പ്രാധാന്യം, ഒരുപക്ഷേ അതായിരിക്കാം അയാൾ ആ കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടാതിരിക്കാനുള്ള ഏക കാരണം.  രഹസ്യങ്ങൾ പരസ്പരം പങ്കുവെക്കപ്പെടുമ്പോൾ (പങ്കുവെക്കാനല്ലെങ്കിൽ പിന്നെന്തിനാണ് രഹസ്യം!) ഉണ്ടായിവരുന്ന അടുപ്പം, intimacy.


രഹസ്യാത്മകമായ ജീവിതം പ്രധാനമായും അപകർഷതയുടെ ഭാഗമാണ്. ഒരു സവിശേഷ സാഹചര്യത്തിൽ ഒരാൾ പോലീസിൽ നിന്നോ മറ്റോ നാല് ദിവസം ഒളിച്ചു ജീവിക്കുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. താൻ ഒളിച്ചും പാത്തും പതുങ്ങിയും കഴിയുന്നതിന് ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തുന്നവരുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ട് അവരുടെ സ്വകാര്യതകളെ രഹസ്യങ്ങളാക്കി കൊണ്ട് നടക്കുന്നവരുണ്ട്. ആവശ്യത്തിൽക്കവിഞ്ഞ ലജ്ജകൊണ്ടും സാമൂഹികമായ സദാചാര സങ്കല്പങ്ങളെ മറികടക്കാൻ ശേഷിയില്ലാത്തതുകൊണ്ടും രഹസ്യമായി ജീവിക്കുന്നവരുണ്ട്. ശിക്ഷകളെ ഭയന്നുകൊണ്ട് രഹസ്യാത്മകതയെ ആർജ്ജിക്കുന്നവരുണ്ട് - learned secrets. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ മുതൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണിത്. രക്ഷിതാക്കളും അധ്യാപകരും മറ്റും ചുറ്റും സൃഷ്ടിച്ചെടുക്കുന്ന ഭീകരാന്തരീക്ഷം ആ കുഞ്ഞിനെ സകലതും മറച്ചുവെക്കാൻ പ്രേരിപ്പിച്ചേക്കാം.


കാരണങ്ങൾ എന്തുമാകട്ടെ, ഒരു വ്യക്തി രഹസ്യാത്മകതയിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ, അയാൾ കുറേ വാചികമായ രഹസ്യങ്ങൾ സൂക്ഷിക്കുന്നു എന്നല്ല, അയാളിലെ വൈകാരികതക്ക് പോലും അത്തരമൊരു സ്വഭാവം കൈവരുന്നുവെന്നാണ്. വൈകാരികമായി അയാളിൽ അത്തരമൊരു ഭാവമില്ലെങ്കിൽ, വാചികമായ രഹസ്യങ്ങളെ മാനസികമായ യാതൊരു ഭാരവുമില്ലാതെ സൂക്ഷിക്കാൻ ശക്തിയാർജ്ജിക്കുന്നു എന്ന് പറയാം. താല്ക്കാലികമായെങ്കിലും, രഹസ്യങ്ങളായി സൂക്ഷിക്കേണ്ട വസ്തുതകളുണ്ടാകാം. രഹസ്യങ്ങളോട് അന്ധമായി എതിർപ്പ് കാണിക്കേണ്ടതില്ല. തൊട്ടതും പിടിച്ചതുമെല്ലാം എല്ലായിടത്തും വാരിവലിച്ച് വിതറേണ്ടതുമില്ല. പബ്ലിക് ടോയ്‌ലറ്റിൽ നിന്നും ഇറങ്ങി വന്ന്, 'മൂത്രമൊഴിക്കാനുള്ള ഒരു രൂപയും ചേർത്ത് ഇതാ മൂന്നു രൂപ' എന്ന് പറഞ്ഞതുപോലുള്ള വിഡ്ഢിത്തമാകുമത്. 


ജീവിതത്തിൽ, സാമൂഹ്യജീവിതത്തിൽ വിശേഷിച്ചും, രഹസ്യങ്ങൾ നല്ല ചില ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ആളുകളെ ഒരുമിപ്പിച്ചു നിർത്തുന്നത് അവർക്കിടയിൽ നില നില്ക്കുന്ന രഹസ്യങ്ങളാകാം. പലപ്പോഴും, നല്ലതായാലൂം ചീത്തയായാലും ചില സംഗതികൾ രഹസ്യങ്ങളായി സൂക്ഷിക്കേണ്ടതുമുണ്ടാകാം. രഹസ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതോ ചീത്തയോ എന്നല്ല വാസ്തവത്തിൽ ചോദിക്കേണ്ടത്- ജീവിതമെന്ന പ്രഹേളികയിൽ അവ ഉണ്ടായിരിക്കുക തന്നെ ചെയ്യും- നിങ്ങളെയത് ബുദ്ധിമുട്ടിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. അവിടം മുതലാണ് ഒരാൾക്ക് തന്നിൽത്തന്നെ ബോധപൂർവ്വം പ്രവർത്തിക്കേണ്ടതായി വരുന്നത്. 


രഹസ്യാത്മകമായ ജീവിതം ഒരു വ്യക്തിയെ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നു, പതുക്കെപ്പതുക്കെ. ഒറ്റപ്പെടൽ അനുഭവിക്കുന്ന മനുഷ്യൻ -loneliness, not aloneness- ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റു വലിച്ചുതീർക്കുന്നതിനു തുല്യമായ ഹാനിയാണ് തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതത്രേ! നമുക്കിടയിൽ വിഷാദരോഗങ്ങൾക്കടിപ്പെടുന്ന ഒരു വലിയ ശതമാനം ആളുകളും രഹസ്യ പ്രകൃതത്തിൽ ജീവിക്കുന്നവരോ, അല്ലെങ്കിൽ ധാരാളം രഹസ്യങ്ങൾ പേറിക്കൊണ്ടു നടക്കുന്നവരോ ആയിരിക്കും. മറ്റൊരു കൂട്ടരുണ്ട്, അവർ മൊത്തത്തിൽ തുറന്ന പ്രകൃതക്കാരായിരിക്കും, എന്നാൽ അപൂർവ്വം ചില വൈകാരികമായ രഹസ്യങ്ങളുണ്ടാകും, അത് അവർക്കു പോലും അറിയണമെന്നില്ല, ആ രഹസ്യമേഘങ്ങൾ സാവധാനം ഉരുണ്ടുകൂടി മൂടിക്കെട്ടും. ആ മഴക്കാറുകളെ പെയ്തൊഴിയാൻ അനുവദിക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. അതിനുള്ള ഉപായങ്ങളാണ് ചായപ്പീടിക മുതൽ കൗൺസിലിങ് തൊട്ട് സോഷ്യൽ മീഡിയ വരെ.


അമേരിക്കയിലും മറ്റും മനശാസ്ത്രജ്ഞർ മുൻകയ്യെടുത്ത ചില പരീക്ഷണങ്ങളെ പറ്റി MICHEAL SLEPIAN പറയുന്നുണ്ട് - രഹസ്യങ്ങൾ തുറന്ന് ഉള്ളൊഴിയാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ടെലിഫോൺ ബൂത്തുകൾ, “Subway Therapy”, Fast Friends Procedure, എല്ലാം എഴുതി നിറച്ച് അയക്കാൻ സാധിക്കുന്ന സ്റ്റാമ്പൊട്ടിച്ച കവറും കടലാസുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയ കഫേകൾ എന്നിങ്ങനെ. ഇന്റർനെറ്റ് ഒരു പരിധി വരെ അത്തരം ധർമ്മങ്ങൾ നിറവേറ്റിയിരുന്നു, ജീവനുള്ള ഒരു വ്യക്തിയോട് പങ്കുവെക്കുന്ന ഫലം ലഭ്യമാവില്ലെന്നു മാത്രം.

തന്നോടുതന്നെ ഹൃദയം തുറക്കുന്നതിനുള്ള ആർജ്ജവം കാണിക്കേത്തേടത്തോളം ഏതൊരു വ്യക്തിയും

രഹസ്യാത്മകതയുടെ ദുരിതം അനുഭവിക്കുക തന്നെ ചെയ്യും. 'എന്തോന്നാണ് ഇത്ര വലിയ രഹസ്യമായിരിക്കാനുള്ളത്?' എന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഉണ്ടാവുമ്പോൾ, അവനിൽ രഹസ്യമായി വിരിയുന്ന ഒരു മന്ദസ്മിതമുണ്ട്. അവനപ്പോൾ loneliness-നെ വിട്ടുകൊണ്ട് aloneness-ന്റെ അൾത്താരയിലേക്ക് പ്രവേശിക്കുകയായി. ഹൃദയം തുറന്നിടുമ്പോൾ രഹസ്യമൊന്നും അവനിൽ ഏശാതെ പോകുന്നു, അത് എത്ര വലിയതായായാലും. ഒരു പക്ഷേ, secret എന്നതിന് പകരം അവനു മുന്നിൽ 'mystery' എന്ന പദത്തിന്റെ ഒളിമിന്നലുണ്ടായേക്കാം. രത്‌നങ്ങളാണെന്നു കണ്ടാൽ, കയ്യിലുള്ള വെള്ളാരങ്കല്ലുകളെ വിട്ടുകളയാൻ ആരാണ് സമയമെടുക്കുക!  

        





Monday, May 29, 2023

ഉണർവിലേക്കുള്ള പടവുകൾ - 37


ജീവിതത്തിന്റെ പ്രതിഭാവങ്ങൾ

ജീവിതം ഒരൊഴുക്കാണ്, ജീവിതം ഒരു നൈരന്തര്യതയാണ്, ജീവിതം ജനനത്തിനു മുൻപേ തുടങ്ങുന്നതും മരണത്തിനു ശേഷവും നീണ്ടുപോകുന്നതുമാണെന്നൊക്കെ നാം പറഞ്ഞുപോകാറുണ്ടെങ്കിലും, ജീവിക്കുന്നയാളുടെ പ്രതിപ്രവർത്തനങ്ങൾ - reactions - അതിന്റെ ഗതിവിഗതികളെ സ്വാധീനിക്കാറുണ്ടെന്നതാണ് സത്യം. ചുരുങ്ങിയപക്ഷം ജീവിതത്തിന്റെ അനുഭവസാന്ദ്രതകളെങ്കിലും നമ്മുടെ ഇടപെടലുകളുടെ സ്വഭാവത്തെ ആശ്രയിക്കുന്നുണ്ട്. 

ജീവിതത്തിനോടുള്ള ഇടപെടലുകളിൽ രണ്ടു രീതികളാണ് സാധ്യമായിട്ടുള്ളത് - പ്രതിപ്രവർത്തനവും പ്രതികരണവും; reactions and responses. നിർഭാഗ്യവശാൽ നമ്മുടെ ഒട്ടുമിക്കവാറും ജീവിതവും കത്തിത്തീരുന്നത് റിയാക്ഷനുകളിലാണത്രേ. പ്രതികരണങ്ങൾ - responses - ഇടക്ക് വല്ലപ്പോഴും സംഭവിച്ചാലായി, അബദ്ധത്തിലെന്നോണം. ബാല്യത്തിന്റെ തിക്താനുഭവങ്ങളോട് റിയാക്ട് ചെയ്തുകൊണ്ട് യുവത്വം കടന്നുപോകുന്നു. യുവത്വത്തിലെ ദാരിദ്ര്യമോ ധാരാളിത്തമോ മധ്യവയസ്സിനെ മുഴുവനായും റിയാക്ഷനുകൾ കൊണ്ട് നിറക്കുന്നു. വാർദ്ധക്യം മുഴുവനും അതുവരേക്കുമുള്ള ജീവിതത്തിലെ തീരുമാനങ്ങളോട് പ്രതിപ്രവർത്തിച്ചുകൊണ്ട് കടന്നുപോകുന്നു. ബാല്യത്തിലെ അനാഥത്വത്തിനോടുള്ള റിയാക്ഷനുകൾ ഒരാൾ ഒരുപക്ഷേ മരണം വരേയ്ക്കും തുടർന്നുകൊണ്ടുപോകുന്നു; യുവത്വത്തിലുണ്ടായ ഒരു പ്രണയ നിരാസത്തിന്റെ നിഴൽ ഒട്ടു വളരെക്കാലം നീണ്ടു നില്ക്കുന്നതുപോലെ. എന്തിനോടെന്നില്ലാത്ത കാലുഷ്യങ്ങൾ ജീവിതായുസ്സു് മുഴുവനും പേറി നടക്കുന്ന എത്രയോ പേരുണ്ട്!


റിയാക്ഷനുകളിൽ പെട്ടുപോകുന്നത് മിക്കപ്പോഴും നാം അറിയാറേയില്ല. ഒരാൾ ദാരിദ്ര്യം അനുഭവിച്ചു വളർന്നയാളാണെങ്കിൽ, എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് അയാളുടെ ജീവിതത്തിന്റെ  പ്രഥമ സ്വഭാവമായിത്തീർന്നേക്കാം. ഇവിടെ, പണമുണ്ടാക്കുക എന്ന പ്രവൃത്തിയിലല്ല പ്രശ്‌നമിരിക്കുന്നത്; അത് അയാളുടെ ജീവിതപശ്ചാത്തലത്തിലെ ഒരു റിയാക്ഷൻ മാത്രമാണെന്നതാണ്. പട്ടിണിയിലൂടെ കടന്നുവന്ന ഒരാൾ ഭക്ഷണത്തിന് അമിത പ്രാധാന്യം നല്കിപ്പോരുകയാണെങ്കിൽ (പൊതുവെ) അത് അയാളുടെ ഒരു റിയാക്ഷനാണ്. കുടുംബപരമായി സസ്യാഹാരം മാത്രം കഴിച്ചുവരുന്ന പശ്ചാത്തലത്തിൽ വളർന്നുവന്ന വ്യക്തി ഒരു സസ്യാഹാരിയായി ശഠിക്കുന്നുണ്ടെങ്കിൽ അത് വെറുമൊരു റിയാക്ഷനാണ്. അവഗണനകളിലൂടെ കടന്നുപോന്ന ഒരാൾ ശ്രദ്ധനേടുന്നതിനോ പ്രശസ്തിക്കു വേണ്ടിയോ ത്വര കാണിക്കുന്നുണ്ടെങ്കിൽ, അത് അയാളിലെ റിയാക്ഷനാണ്. അങ്ങനെയല്ലാതെ വളർന്ന ഒരാൾ പ്രശസ്തിയുടെ പിന്നാലെ പോകുന്നുണ്ടെങ്കിൽ, അതും അയാളിലെ റിയാക്ഷനാണ്; അയാൾക്കുള്ളിൽ എവിടെയോ കടന്നുകൂടിയിട്ടുള്ള അപകർഷതയോടുള്ള റിയാക്ഷൻ, അയാളുടെ

അഭിലാഷങ്ങളോടുള്ള റിയാക്ഷൻ. ഒരു മതവിശ്വാസിയോ സംഘടനാ പ്രവർത്തകനോ മനപ്പൂർവ്വം പാലിക്കുന്ന നന്മകളോ പരോപകാരപ്രവർത്തനങ്ങളോ വെറും റിയാക്ഷന്റെ വരുതിയിൽ വരാവുന്നതാണ്; അയാൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊള്ളിവെപ്പുകളും പോലെത്തന്നെ. നല്ലതും ചീത്തയുമെല്ലാം റിയാക്ഷനുകളായി കടന്നുവരാവുന്നതാണ്.

നല്ലതായാലും ചീത്തയായാലും റിയാക്ഷനുകൾ ഫലത്തിൽ ചീത്ത തന്നെ; ജീവിതത്തിലെ `ജീവോന്മുഖത`- life affirmation- കണക്കിലെടുക്കുകയാണെങ്കിൽ. ജീവോന്മുഖമല്ലാത്ത ജീവിതം വെറും `successful wastage` എന്നതിനപ്പുറം പോകുന്നേയില്ല. അത് നിശ്ചയിക്കുന്നത് ജീവിത സംതൃപ്തിയാണ് - contentment; not satisfaction. 

satisfaction എന്നത് സമൂഹം അംഗീകരിച്ചിട്ടുള്ള ചിലമാനദണ്ഡങ്ങളോടുള്ള റിയാക്ഷൻ മാത്രമാണ്. (ഒരു വ്യക്തി അനുമതി കൊടുക്കുന്നേടത്തോളമേ ഇത്തരം സമൂഹ മാനദണ്ഡങ്ങൾക്ക് അയാളിൽ പ്രവർത്തനസാദ്ധ്യതയുള്ളൂ  എന്നോർക്കുക). പരിചയത്തിലുള്ള മിക്കവരും സ്വന്തമായി വാങ്ങിയ കാറിൽ യാത്ര ചെയ്യുമ്പോൾ, അവരോടൊപ്പം പിടിച്ചുനിൽക്കാൻ തനിക്കും ഒരു കാർ ആവശ്യമുണ്ടെന്ന് ഒരാൾക്കു തോന്നുന്നു. അതിൽ യാത്ര ചെയ്യുമ്പോൾ (താങ്ങാവുന്നതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെങ്കിലും) ഉണ്ടാവുന്നു എന്ന് വിചാരിക്കുന്ന പൊള്ളയായ ഒരു വിചാരത്തെ satisfaction എന്നതിന് ഉദാഹരണമായി പറയാവുന്നതാണ്. അതേസമയം ഇതേ കാർ വാങ്ങൽ contentment-ന്റെ തലത്തിലേക്കും കടന്നുപോകാവുന്നതാണ്; ഒരാൾ അതിനു തുനിയുന്നത് കാർ യാത്ര അയാളെ സംബന്ധിച്ച് അത്രക്കും ആവശ്യമായി മാറുകയും അയാളത് ഒരുവിധം പണിപ്പെട്ട് സാധിച്ചെടുക്കുകയും ചെയ്യുമ്പോൾ; കാർ ഡ്രൈവ് ചെയ്യുന്നതും പരിപാലിക്കുന്നതും മറ്റും അയാളെ സംബന്ധിച്ച് അത്രക്കും ആകർഷകമായ ഒരു പ്രവൃത്തിയാകുമ്പോൾ - അതിന് സാമൂഹിക സമ്മതിയുമായി ബന്ധമൊന്നുമില്ലെന്ന് അയാൾക്ക് മാത്രമേ ഉറപ്പാക്കാനാവുകയുള്ളൂ. അത് അയാളുടെ സ്വകാര്യമായ ഒരു passion ആണ്.


തീർത്തും സ്വകാര്യമായ, വൈയക്തികമായ (individual), യാതൊരു ഗൂഢ ലക്ഷ്യങ്ങളുമില്ലാത്ത, ഭൂതകാലത്തെ ഒരു വിധത്തിലും കണക്കിലെടുക്കാതെയുള്ള പ്രവൃത്തികളെയാണ് പ്രതികരണം- response എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിത്യജീവിതത്തിൽ നാം ചെയ്തുപോരുന്ന ഏതൊരു പ്രവൃത്തിയും പ്രതിപ്രവർത്തനവുമാകാം, പ്രതികരണവുമാകാം. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ ആ വ്യക്തിക്ക് മാത്രമേ അതിൽ തീർപ്പു വരുത്താനാവൂ. അയാൾ പക്ഷേ അതിനു തീർപ്പു വരുത്തേണ്ടതുണ്ട്, അയാൾ ജീവിത സംതൃപ്തിക്ക് - contentment- എന്തെങ്കിലും പ്രാധാന്യം നല്കുന്നുണ്ടെങ്കിൽ. 

പ്രതികരണം സ്വാതന്ത്ര്യത്തിലൂന്നിയതാണ്. അത് അപ്പുറത്തുള്ള എന്തെങ്കിലുമൊന്നിനെ ആശ്രയിച്ചുനിൽക്കുന്നില്ല. പ്രതിപ്രവർത്തനത്തിലൂന്നിയ ഒരു വ്യക്തി ഒരു ശത്രുവിനെ, ഒരു അപരനെ - the other -ആശ്രയിച്ചുകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. തമാശയെന്തെന്നാൽ, ആ ശത്രു ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവണമെന്നു പോലുമില്ല. ഉണ്ടായാൽ പോലും അയാൾ ഗോദയിൽ ഉണ്ടായിരിക്കണമെന്നില്ല. അയാൾ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒരുപക്ഷേ എപ്പോഴേ കളം വിട്ടിരിക്കാം. നാം പക്ഷേ അയാൾ ഉണ്ടെന്നുള്ള ധാരണയിൽ മല്ലടിച്ചുകൊണ്ടേയിരിക്കുകയാണ്! ഇല്ലാത്ത ശത്രുവിനോടെന്നപോലെത്തന്നെയാണ്, ഉണ്ടായിരിക്കുന്ന ശത്രുവിനേയും നാം കണക്കിലെടുക്കണോ വേണ്ടയോ എന്നത്. ഇനിയൊരുപക്ഷേ ജീവിതം നമ്മെ രണമുഖത്ത്‌ കൊണ്ടെത്തിച്ചിരിക്കുകയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ നമ്മുടെ ഓരോ പോരാട്ടവും കേവലം പ്രതിപ്രവർത്തനേക്കാളുപരി പ്രതികരണമായിരിക്കാൻ- response- ശ്രദ്ധിക്കാവുന്നതാണ്.


ജീവിതം റിയാക്ഷനുകളിൽ ഹോമിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ കണ്ടെത്താനാവുക വിവാഹ ബന്ധങ്ങളിലും പ്രണയങ്ങളിലുമൊക്കെയാണ്. ബന്ധം വേർപ്പെടുത്തപ്പെട്ട പങ്കാളി ഇനിയും മറ്റേയാളുടെ ജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് (അത് എത്ര തന്നെ അപരോക്ഷമായാലും) ഒരേ സമയം സഹതാപാർഹവും വിഡ്ഢിത്തവുമല്ലാതെന്താണ്? അപരനോടെന്നപോലെത്തന്നെ തന്നോടുതന്നെയും പെരുമാറിപ്പോരുന്നവരുണ്ട്. അവർ അവരവരോടുതന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം റിയാക്ക്ടുചെയ്‌തുകൊണ്ട് ആത്മപീഡ അനുഭവിക്കുന്നവരാണ്.

വലിയ വലിയ കാര്യങ്ങളിലല്ലാതെത്തന്നെ, തീരെ നിസ്സാരങ്ങളായ ചെയ്തികളിൽ പോലും റിയാക്ട് ചെയ്യുന്നവരാണ് നാം. മേശയുടെ ഒരു മൂലയോടോ, തുറക്കാൻ ആയാസപ്പെടുന്ന വാതിലിനോടോ, ചോറ്റുപാത്രത്തിന്റെ മൂടിയോടൊ പോലും ആക്രോശിക്കുന്നവർ. അവിടെനിന്നുതന്നെ വേണം പ്രതികരണത്തിന്റെ പാഠങ്ങളും തുടങ്ങേണ്ടത്. 


ജീവിതം ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവുകൾ പ്രതികരണങ്ങളാണ് - the very responses. അല്ലാത്തപ്പോഴൊക്കെയും നാം പ്രതിപ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഉണർവില്ലല്ലാത്തപ്പോൾ നാം  പ്രതിപ്രവർത്തിക്കാനുള്ള കാരണങ്ങൾക്ക് വേണ്ടി ഉറ്റുനോക്കുകയാണ്. പ്രതികരിക്കുന്നയാളാകട്ടെ കാരണങ്ങൾക്ക് കാത്തിരിക്കുന്നില്ല, അയാൾ അതിന്റെ ഫലങ്ങളിൽ വിറളിപിടിക്കുകയോ പരിതപിക്കുകയോ അമിതമായി ആഹ്ളാദിക്കുകയോ ചെയ്യുന്നില്ല. പ്രതികരണം, വിടർന്നു പരിലസിക്കുന്ന ഒരു പുഷ്പത്തിന്റെ സൗരഭ്യത്തെപ്പോലെയാണ്, കാറ്റിനൊപ്പം എങ്ങോട്ടെല്ലാമോ അത് ഒഴുകിപ്പോകുന്നു, ആരെന്നോ എന്തെന്നോ നോക്കാതെ. അത്ര തന്നെ.                                                     



Wednesday, April 19, 2023

FAB VIBES - an inceptional glimpse

        (Visiting a fabric shop, many rolls of curtain fabric rolls 
are seen stacked in the corner.
 All these are edited pieces of their end elevation. 
   They resemble silent ripples in an unknown pool.)



              CALL TO THE OTHER END

              It was not a call from the other end,

              was it heard from within?

              Or, was it the very vibratory space,

              calling itself 

               to itself?!



        MEMORY ROLLS

      Oh! I was wrong again.

      There was no this end or that end as such.

     It was like memory rolls unfurled and unfurled...

       I was wrong again...

       Not memory, only remembering on itself

         Or, re-membering to the everlasting vibes

dancing around.



THE PASSAGE

I guessed so, not sure.

I was invoked into a dancing field.

Of course, of vibes.

Did the movements, created a mirage

of time and space,

and of a passing too!



COMING IN, GOING OUT

It was an enduring gestalt, seems so.

Whenever I was adorned with another dimension,

I was overwhelmed with awe, that

I counted it going out or coming in.

I knew a I was bubbled up with playfulness, but

I felt somebody else was playing tricks on me.



GUIDANCE

A drop of light to follow

a crescent of radiance to rise up...

That's what I learned later to call

'the smile'.



THE MOVE

Concerned

apprehensive

fearful

uneasy

perturbed

disquieted

fretful...


But had to move...

with no directions...no dimensions...



JOURNEY

Each step creates the path.

And for every struggle around the path,

do not forget to bring a gift.

Is there any present more valuable than

the joy of being present?


Ultimately, it's a journey of a single step, may be,

from nowhere to nowhere.



MEANING

There happened one skill-

yes, another vibe-

the meaning to be absorbed 

around anything.

It made everything connected to everything,

crossing all the boundaries,

but later,

all boundaries cramped into boundaries, I am afraid.



THE WOMB

A word was conceived in the end.



THE PANG

All these were just crazy vibes,

not pregnant vibes,

pregnant with significance or insight.

The pangs were joyful,

though they were merciless to push into a rebirth.



INTUITION

A back door 

kept ready,

but opened in emergency only.

But for the vibes who danced dangerously,

that was the only open gate, for

always and ever.



DREAM GATE

There were hundreds of dream gates,

closed upon hundreds, or

opened again and again endlessly.

But, whenever I was smashed on the gates,

I was falling back into my own lap, like a falling star.

Did I take everything seriously?!



ENTANGLEMENT

I was just a snoring vibe, knowing not

of the ongoing fest around.

Whenever I was immersed in the dreams,

I mumbled endlessly in entanglements...

But on waking up,

I just cheered up and danced.

Once the vibe dances itself into a freedom vibe,

one always forgets to ask, 'who is in?', 'who is in?'


Love & gratitude to Punya

published in OSHONEWS in April '23




Saturday, April 15, 2023

ഉണർവിലേക്കുള്ള പടവുകൾ - 36


ആശയങ്ങളുടെ അധിനിവേശങ്ങൾ 


ഒരു ദിവസം മുല്ലാ നസിറുദീൻ വല്ലാതെ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. അയാളുടെ മുഖത്ത്, ഒരെത്തും പിടിയും കിട്ടാത്ത ഭാവങ്ങൾ. ഇടയ്ക്കിടെ അയാൾ ഓരോരോ സാധന സാമഗ്രികൾ പൊക്കിമാറ്റിയും മറ്റും എന്തോ പരതുന്നുണ്ട്. അതിനിടയിൽ ഒരു പരിചയക്കാരൻ മുറിയിലേക്ക് കയറിവന്നു. അയാൾ ചോദിച്ചു, 'എന്ത് പറ്റി മുല്ലാ? എന്തെങ്കിലും കാണാതെ പോയോ?' മുല്ലാ നസിറുദ്ദീൻ നിരാശയോടെ പറഞ്ഞു,'ജീവിതം വഴിമുട്ടി നില്ക്കുകയാടോ.' 'എന്തെങ്കിലും ആപത്തോ മറ്റോ ...?' അയാൾ ചോദിച്ചു. 'ഇതിലും വലിയ ആപത്ത് ഇനി എന്ത് സംഭവിക്കാനാണ്?', മുല്ല തുടർന്നു,'ജീവിത ലക്‌ഷ്യം എഴുതിവെക്കുന്ന ഒരു മരക്കഷ്ണമുണ്ടായിരുന്നു. അത് കാണാനില്ല. ജീവിതം ഇനി മുന്നോട്ടെങ്ങനെയാണെന്ന് ഒരു പിടിയുമില്ല !'

സദ് വചനങ്ങളും, പ്രചോദന വാക്യങ്ങളുമെല്ലാം (inspirational quotes) നമ്മുടെ ദൈനം ദിന ജീവിതത്തിലെ അവശ്യ ചേരുവകളിൽ ഒന്നായി മാറിയിരിക്കുന്നു. പത്രങ്ങളിലും മാസികകളിലും, വലിയ വലിയ ഓഫീസു കവാടങ്ങളിലും എന്നുവേണ്ട സമൂഹ മാധ്യമ പ്രൊഫൈലുകളിലടക്കം 'ഇന്നത്തെ ചിന്താ വിഷയ'ങ്ങളുടെ ബാഹുല്യമാണ്. ഉദ്ധരണികൾക്കു മാത്രമായി എത്രയാണ് വെബ്‌സൈറ്റുകൾ! അതെപ്പറ്റി മാത്രമുള്ള ആയിരക്കണക്കിന് പുസ്തകങ്ങളും. മനുഷ്യജീവിതത്തെ നയിക്കുന്നത് ആശകൾ (നിർഭാഗ്യവശാൽ) മാത്രമല്ല, ആശയങ്ങളും കൂടിയാണ്. മിക്കപ്പോഴും ആശകൾ പോലും കയറിക്കൂടിയിട്ടുള്ളത് ആശയങ്ങൾ വഴിയാണ്. 


ആശയങ്ങൾക്ക് ചിലപ്പോൾ വഴികാട്ടികളാകാൻ പറ്റിയെന്നു വരും. അതിനപ്പുറം അവ അശക്തമാണ്. അതിനപ്പുറം അവ നമ്മെ ഭരിക്കാൻ പാടുള്ളതുമല്ല. ഭൗതികേതരമായ കാര്യങ്ങളാണെങ്കിൽ വിശേഷിച്ചും. എന്തുകൊണ്ടെന്നാൽ ആശയങ്ങൾ എല്ലായ്പോഴും മറ്റാരുടേയോ ആണ്. അവ മറ്റാരുടേയോ മസ്തിഷ്കത്തിൽ ഉപസംഹരിക്കപ്പെട്ട വാക്കുകളാണ്. രൂപപ്പെടുന്ന നിമിഷത്തിൽ ആ ആശയത്തിന് അയാളുടെ ജീവിതത്തിൽ എന്തെങ്കിലും സാംഗത്യമുണ്ടായിട്ടുണ്ടാകാം, അല്ലെങ്കിൽ അയാൾ അത് ആ നിമിഷത്തിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ചതാകാം. അതിൽ അയാളുടെ ഭാഷാപ്രാവീണ്യമോ പരിമിതികളോ തീർച്ചയായും നിഴലിക്കുന്നുണ്ടാകും. മറ്റൊരാളുടെ ജീവിതത്തിൽ, മറ്റൊരു സന്ദർഭത്തിൽ ആ ആശയത്തിന് കാര്യമായ പ്രസക്തി ഉണ്ടാവണമെന്നില്ല, അയാൾ ആ ആശയത്തെ ജീവിക്കാൻ മെനക്കെടാതെ അതിന്റെ പുറം തോടായ വാക്കുകളെ മാത്രം കവർന്നെടുക്കുമ്പോൾ.

കേവലം വിവരമാത്ര പ്രസക്തമായ ആശയങ്ങളെപ്പറ്റിയല്ല ഇവിടെ

പരാമർശിക്കുന്നത്. ആ വിവരങ്ങളത്രയും ആശയങ്ങളേക്കാളുപരിവസ്തുതകളാണ് - informations. തികച്ചും ജൈവമായിട്ടുള്ള -spontaneous-

സന്ദർഭങ്ങളെ ആശയങ്ങളായി മൃതമാക്കി മസ്തിഷ്കത്തിലേക്ക് ഒരു

ശാഠ്യമായി സ്വാംശീകരിക്കുന്നതിനെപ്പറ്റിയാണ്, ആശയങ്ങളുടെ

അധിനിവേശങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചിത്രശലഭം

എന്ന ചേതോഹരമായ അനുഭവത്തെ നോട്ടുപുസ്തകത്തിനകത്തുവെച്ച്

കൊന്നുകളഞ്ഞതിനുശേഷം  മൃതമായ അതിന്റെ ചിറകുകൾ

കാണിച്ചുകൊണ്ട് 'ഇതാണ് ചിത്രശലഭം' എന്ന് പറയുന്നതുപോലെയാണ്

മസ്തിഷ്ക്കത്തിലേക്ക് വലിച്ചുകയറ്റപ്പെടുന്ന ആശയങ്ങൾ.


നാം അകത്തു കയറ്റിവെച്ചിരിക്കുന്ന സദ് വാക്യങ്ങളും

ഉപദേശസാരങ്ങളും മറ്റും ജീവനില്ലാത്ത ചിത്രശലഭങ്ങളാണ്.

ഉപയോഗശൂന്യമായ പുസ്തകത്താളുകൾ അലങ്കരിക്കുക എന്ന

വിഡ്ഢിത്തത്തിനേ അതുപകരിക്കൂ. അഹിംസ, ശത്രുവിനെ

സ്നേഹിക്കുക, പരസഹായം ചെയ്യുക, വിനയപൂർവ്വം പെരുമാറുക,

അന്യന്റെ മുതൽ ആഗ്രഹിക്കാതിരിക്കുക, എന്നിങ്ങനെ

നൂറുകണക്കിന് ആശയങ്ങൾ നിർദ്ദേശങ്ങളായും സന്മാർഗ

ശാഠ്യങ്ങളായും നിത്യജീവിതത്തിന്റെ കഴുത്തു ഞെരിക്കുന്നുണ്ട്.

സദാചാരപരമായ വിശ്വാസങ്ങളായും മതപരമായ

അനുശാസനങ്ങളായും മാത്രമല്ല ഇത്തരം ആശയങ്ങൾ

ഊട്ടിയുറപ്പിക്കപ്പെടുന്നത്. പുരോഗമന വാദികളെന്നും

അവിശ്വാസികളെന്നും അവകാശപ്പെടുന്നവർ പോലും

'സ്വാർത്ഥതയരുത്', ജീവിക്കുന്നതിനായി പോരാടുക,

പോരാടുന്നതിനായി ജീവിക്കുക’, 'സമത്വം, സാഹോദര്യം,

മതേതരത്വം’ എന്നിങ്ങനെയുള്ള ആശയങ്ങളിൽ

കടിച്ചുതൂങ്ങുന്നതു കാണാം. ഇപ്പറയുന്ന ആശയങ്ങൾക്കല്ല കുഴപ്പം.

ഇവയിലൊന്നും പറയത്തക്ക കുഴപ്പങ്ങളുണ്ടാവണമെന്നില്ല. എന്നാൽ

ഇപ്പറയുന്ന ആശയങ്ങളുടെ കൈയേറ്റങ്ങൾ, വ്യക്തി ജീവിതത്തിൽ

സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ഏറെ സൂക്ഷ്മങ്ങളാണ്. 

ഒന്നാമതായി, ഒരു സാധാരണ വ്യക്തി ഇങ്ങനെയൊന്നുമല്ല എന്നതാണ്
യാഥാർഥ്യം. അവനിൽ അക്രമവാസനയുണ്ട്, ചുരുങ്ങിയ പക്ഷം അക്രമങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കാനെങ്കിലുമുള്ള വാസനയുണ്ട്. അവനിൽ അഹങ്കാരമുണ്ട്. അവനിൽ ആർത്തിയുണ്ട്. അവനിൽ ആലസ്യമുണ്ട്. അവനിൽ അഭിനിവേശങ്ങളുണ്ട്. അവനിൽ ശത്രുവിനോട് അടങ്ങാത്ത ദേഷ്യമുണ്ട്. അവൻ സ്വാർത്ഥനാണ്. അവന് അവന്റേതെന്നു ധരിച്ചുവശായ ജാതിയോടും മതത്തിനോടുമുള്ളത്ര മമത മറ്റു മതങ്ങളോടുണ്ടായിരിക്കുന്നില്ല. എന്നാൽ, അവനിലെ സത്യാവസ്ഥക്കെതിരായ ഒരു ആശയത്തെ അവന്റെ മനോ-ശരീര വ്യവസ്ഥയിലേക്ക് നിർബന്ധപൂർവ്വം (അത് എത്ര തന്നെ സൂക്ഷ്മമായാലും സൗമ്യമായാലും) കയറ്റിവിടുമ്പോൾ, അവന്റെ സത്തയിൽ ഒരു വിള്ളൽ സംഭവിക്കുന്നുണ്ട്. അവന്റെ അന്തരംഗങ്ങളിൽ കലഹങ്ങൾ ആരംഭിക്കുകയായി. ആ കലഹങ്ങൾ പുറത്തുചാടാതിരിക്കാനാണ് പിന്നീടുള്ള അവന്റെ ശ്രമങ്ങളത്രയും. സദാ ഇങ്ങനെയൊരു കരുതലുള്ളതിനാൽ തനിച്ചായിരിക്കുമ്പോൾ പോലും അവന് സ്വതന്ത്രനാവാനോ സ്വസ്ഥനാവാനോ സാധിക്കുന്നില്ല, എന്തെന്നാൽ ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ അവനിലെ കലഹങ്ങളത്രയും പുറത്തറിയും. സാമൂഹികമായ സമ്മതിയെ അത്ര പെട്ടെന്ന് വേണ്ടെന്നു വെക്കാനാവില്ലല്ലോ.

വ്യക്തിപരവും സാമൂഹികവുമായ സ്വൈര ജീവിതത്തിന് ഇത്തരം ആശയങ്ങളെല്ലാം സഹായകമായെന്നു വരാം. വളർന്നുവരുന്ന കുട്ടികളിൽ ഇത്തരത്തിലുള്ള അവബോധം വളർന്നുവരേണ്ടത് ആവശ്യവുമാണ്. എന്നാൽ നാമമാത്രമായ ആശയങ്ങളായല്ല; അവബോധപരമായ വളർച്ചയുടെ പ്രതിഫലനമായി. അല്ലാത്തപ്പോൾ, ആശയങ്ങൾ ചെലുത്തുന്ന നിർബന്ധവും അവരുടെ സ്വാഭാവിക വളർച്ചയും തമ്മിൽ നിരന്തരമായ കലഹങ്ങളായിരിക്കും ഫലം. അതാണ് നാം അനുഭവിക്കുന്ന ഈ ലോകം ഇത്രയും കലുഷിതമായിരിക്കുന്നതിനു കാരണം. ജീവിതത്തിലെ ഓരോരോ ഇഷ്ടാനിഷ്ടങ്ങളിലും, സ്വന്തം ജീവിത പങ്കാളിയെ മുതൽ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിൽ വരെയും, നമ്മുടെ തീരുമാനങ്ങളത്രയും അപക്വമായിത്തീരുന്നത് പ്രധാനമായും ഇങ്ങനെയാണ്. ബോംബുകൾ നിർമ്മിക്കുന്ന കൈകൾ തന്നെ സമാധാനത്തിന്റെ അരിപ്രാവുകളെ പറത്തുമ്പോൾ, ബോംബുകളെ മറന്നുകൊണ്ട് നാം ഹർഷപുളകിതരാവുന്നത്, നമ്മിൽ കാരണമില്ലാതെ കയറിക്കൂടിയിട്ടുള്ള ഒരു ആശയത്തിന് സമ്മതി ലഭിക്കുന്നത് കൊണ്ടാണ്. വേണ്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ നമുക്ക് സാധിക്കാതെ പോകുന്നത് ഇടങ്കോലിട്ടു നില്ക്കുന്ന ആശയങ്ങൾ കാരണമാണ്. 

സദ്‌വചനങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്ന തിരുത്തലുകളൊക്കെയും, സ്വാഭാവികമായും ഒരു വ്യക്തിയിൽ സംഭവിക്കുമായിരുന്നു, ആശയങ്ങളുടെ ബാഹ്യമായ ഇടപെടലുകളില്ലായിരുന്നുവെങ്കിൽ. ഇതിപ്പോൾ, സ്വാഭാവികതയെ (spontaneous living), ബലികഴിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ്, ജീവിതം മുഴുവനും. ആശയങ്ങളുടെ ഇത്തരം അധിനിവേശങ്ങളുടെ ഉത്തരവാദിത്തം സമൂഹത്തിനാണെന്നു ധരിക്കുന്നതാണ് ഈ സന്ദർഭത്തിലെ ഒന്നാമത്തെ തെറ്റ്. സമൂഹമെന്നൊന്ന് ഇല്ലായിരുന്നെങ്കിൽ പോലും വളർന്നുവരുന്ന ഒരു വ്യക്തിയിൽ  ഒരുപാട് നിശ്ചിത വാക്യങ്ങൾ -conclusions-കുമിഞ്ഞുകൂടുമായിരുന്നു. 


'സ്വതന്ത്രമായ ഒരു മനസ്സ്' ഓരോ വ്യക്തിയുടേയും
ഉത്തരവാദിത്തമാണ്, ആത്യന്തികമായി. എത്ര വൈകിയ വേളയിൽ
പോലും, സ്വാതന്ത്ര്യത്തെപ്പറ്റി ഒരാൾ ബോധവാനാകുന്നതോടെ,
തന്റെ ചെയ്തികളിലും വാക്കുകളിലും പ്രതികരണങ്ങളിലും
പെരുമാറ്റങ്ങളിലുമെല്ലാം കടന്നുവരുന്ന മുൻധാരണകളെ
തിരിച്ചറിയാൻ തുടങ്ങുക, അവ നല്ലതെന്നോ ചീത്തയെന്നോ

ഭേദമില്ലാതെ. ആ ധാരണകളൊന്നും തന്റേതല്ലെന്നു

മനസ്സിലാക്കുന്നതോടെ അവയോരോന്നും

കൂടൊഴിഞ്ഞുപോവുകയായി. അവയോടു 'bye' പറയാനുള്ള

ആർജ്ജവമുണ്ടായിരിക്കണമെന്നു മാത്രം.

     
















Saturday, March 18, 2023

ഉണർവിലേക്കുള്ള പടവുകൾ - 35


                       കാലത്തിന്റെ ഉടമസ്ഥത അഥവാ സമകാലികം

പ്രാചീന മനുഷ്യൻ മുതൽ അത്യാധുനിക ശാസ്ത്രകാരന്മാർ വരെ കാലത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സകലർക്കും സമ്മതമായ ഒരു ഉപസംഹാരത്തിലെത്താൻ ഇനിയും സാധിച്ചിട്ടില്ല. കാലം ഇല്ലാത്തതാണെന്നും, നമ്മുടെ മാനസിക വ്യാപാരത്തിന്റെ ഭാഗമായുള്ള ഒരു മിഥ്യാഭ്രമം മാത്രമാണതെന്നുമുള്ള വാഗ്ധോരണികൾ ധാരാളമുണ്ടായെങ്കിലും, നമ്മുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കി നില്ക്കുന്ന ഒരു കാലത്തിന് യാതൊരു മാറ്റവും 'കാലം' വരുത്തിയിട്ടില്ല. കാലത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ജീവിതം നമ്മുടെ ചിന്തകളിൽ പോലും നമുക്ക് സാധ്യമല്ല തന്നെ. 'നല്ല കാല'വും 'കഷ്ടകാല'വുമെല്ലാം കാലത്തിനു നാം ചാർത്തിക്കൊടുക്കുന്ന വ്യക്തിത്വവിശേഷങ്ങളാണ്.

കാലം എന്ന സങ്കല്പത്തെ കേരളത്തിലെ സാധാരണക്കാരിലേക്കുപോലും കാവ്യാത്മകമായി ജനപ്രിയമാക്കിയ പ്രധാന വരികൾ ഒരുപക്ഷേ ഓ.എൻ.വി  യുടെ നാടകഗാനത്തിലേതായിരിക്കണം (നാടകം - ഡോക്ടർ (1961) :

‘വരിക ഗന്ധർവ ഗായകാ വീണ്ടും 

വരിക കാതോർത്തു നില്ക്കുന്നു കാലം’. 


കാതോർത്തു നില്ക്കുന്ന ഒരു കാലത്തെ, കാലാകാലങ്ങളായി മനുഷ്യൻ അനുഭവിച്ചുപോരുന്നുണ്ട്. കാലം ഉണക്കാത്ത മുറിവുകളില്ലെന്നും, കാലം എല്ലാത്തിനും സാക്ഷിയാണെന്നുമെല്ലാം നാം നിത്യേനയെന്നോണം പറഞ്ഞുപോരുന്നതാണ്. കാലം ഇടം വലം നോക്കാതെ പ്രവഹിക്കുകയാണെന്നും, കാലം ആർക്കും ഒന്നിനും വേണ്ടിയും കാത്തുനില്ക്കാറില്ലെന്നും മറ്റും നമ്മുടെ സംഭാഷണങ്ങൾക്ക് തത്വചിന്തയുടെ മേമ്പൊടിയിടാൻ നാം ശ്രദ്ധിക്കാറുമുണ്ട്. 'മാറ്റം മാത്രമാണ് മാറ്റമില്ലാതെ നില്ക്കുന്നത്' എന്ന് ഉരുവിട്ടുകൊണ്ട് കാലത്തെ മാറ്റാൻ തുനിഞ്ഞിറങ്ങിയ  രാഷ്ട്രീയ പാർട്ടികൾ പോലും, ഉറക്കപിച്ചിലെന്നോണം പറഞ്ഞുപോകുന്നു,'കാലം മാറിയിരിക്കുന്നു', 'ഇത് പഴയ കാലമല്ല' എന്നിങ്ങനെ. 


'കാലത്തിന്റെ ചവറ്റുകുട്ട' എന്നെല്ലാം നാം വെറുതേ പ്രയോഗിക്കാറുണ്ടെങ്കിലും, കാലത്തെ ഒരു ചവറ്റുകുട്ടയെപ്പോലെയാണ് നാം മിക്കപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം. വേണ്ടതും വേണ്ടാത്തതുമെല്ലാം നാം കാലത്തിനുമേലെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഉത്തരം കിട്ടാതെ വിസ്മയിച്ചു നില്ക്കുമ്പോഴെല്ലാം കാലം എന്ന പ്രഹേളികയെ നാം തോളിലേറ്റി കൊണ്ടുവരും. ദൈവം, വിധി, ഭാഗ്യം എന്നിങ്ങനെ കൃത്യമായി പറയാനാവാത്ത കാര്യങ്ങളുടെ നിരയിലാണ് കാലവും. അനിശ്ചിതത്വങ്ങളുടെ നടുക്ക്  കൂസലില്ലാതെ കടന്നുവരുന്നതുകൊണ്ടാകാം കാലത്തിന് അറുതിവരുത്തുന്നവനെ നാം 'കാലൻ' എന്ന് വിളിച്ചത്.


എല്ലാവരുടേയും 'കാലൻ' ഒന്നുതന്നെ (മരണം) എന്ന് നാം വിചാരിക്കുന്നെങ്കിലും, കാലം എല്ലാവർക്കും ഒരേപോലെയല്ല. എന്തിനധികം, ഒരാളുടെത്തന്നെ കാലം എല്ലായ്‌പ്പോഴും ഒരുപോലെയല്ല. രാവിലെ ഓഫീസിലേക്കിറങ്ങാൻ നില്കുമ്പോഴുള്ള കാലമല്ല തിരിച്ചു വീട്ടിലെത്തുമ്പോഴുള്ളത്. A T M-നു മുൻപിൽ കാത്തുനില്ക്കുന്നയാളുടെ കാലമല്ല അതിനകത്ത് കടന്ന് പണം എടുക്കുന്നയാളുടേത്. ഒരു നിമിഷം മുൻപ് പുറത്തു നിന്നിരുന്നയാൾ അതിനകത്തേക്ക് കയറുമ്പോൾ കാലത്തിന്റെ പ്രകൃതം പൊടുന്നനെ മാറിമറിയുന്നു. പെരുമാറ്റരീതികൾ (etiquettes), സംഭാഷണ ശൈലികൾ, വസ്ത്രധാരണ രീതികൾ എന്നിവയിലെല്ലാം, മാറിക്കൊണ്ടിരിക്കുന്ന 'കാലം' പ്രധാന ഘടകമാണ്. കാലത്തിനനുസരിച്ചാണത്രേ നാം കോലം കെട്ടേണ്ടത്! കാലത്തിനനുസരിച്ച് കോലം കെട്ടേണമോ വേണ്ടയോ എന്നത് ഓരോരുത്തരും തീരുമാനിക്കട്ടെ, എന്നാൽ കോലം കെട്ടുന്നതിനനുസരിച്ച് കാലവും മാറുന്നുണ്ടെന്ന് ഓർക്കാതെ പോകരുതെന്ന് മാത്രം.

കാലത്തെ മാറ്റിക്കൊണ്ടിരിക്കാൻ ആർക്കാണ് ഇത്ര ജാഗ്രത? മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തിനു പിന്നിൽ ശരിക്കും ആരാണ്? കച്ചവടക്കാർ? ശാസ്ത്രജ്ഞർ? ചെറുപ്പക്കാർ? പുതിയ തലമുറ അല്ലെങ്കിൽ ‘New G’? സിനിമാലോകം? എഴുത്തുകാർ? സാംസ്‌കാരിക നായകർ? പത്രങ്ങളും മാസികകളും? ടെലിവിഷൻ ചാനലുകൾ? സോഷ്യൽ മീഡിയ ഘോഷിക്കുന്നതുപോലെ 'ഇല്ല്യൂമിനേറ്റി'?

കാലത്തെ മാറ്റികൊണ്ടിരിക്കുന്നത് ആരാണ് എന്ന് ചോദിക്കേണ്ടത് ഒരൊറ്റ കാരണം കൊണ്ടാണ് - മാറുന്ന കാലത്തെ പ്രതിയാക്കിക്കൊണ്ടാണ് 

ദൈനം ദിന ജീവിതത്തിൽ നാം വശം കെടുന്നത്. കാലത്തിന് അനുസരിച്ച് ജീവിക്കാൻ വേണ്ടിയാണ് നമ്മുടെ തത്രപ്പാടുകളൊക്കെയും. നമ്മുടെ ടെൻഷനുകളും അസംതൃപ്തികളും തുടർന്നുണ്ടാകുന്ന ദുരിതങ്ങളുമെല്ലാം.


നമുക്ക് വേണ്ടി - നമ്മെ ബുദ്ധിമുട്ടിക്കാനും സന്തോഷിപ്പിക്കാനും - ആരും തന്നെ കാലത്തെ മാറ്റുന്നില്ല. നമുക്ക് വേണ്ടി മറ്റാരും തന്നെ പുതിയ കാലത്തെ സൃഷ്ടിക്കുന്നുമില്ല. നാം ഓരോരുത്തരുമാണ് അവരവരുടെ കാലത്തെ സൃഷ്ടിച്ചെടുക്കുന്നത്. തികച്ചും മാനസികമായ ഒരു പ്രബല ശീലം. എല്ലാവരിലും ഈ ശീലമുള്ളതിനാൽ, പരസ്പരം ഒരു ഏകദേശധാരണയിൽ എല്ലാവരും എത്തിച്ചേരുന്നതുകൊണ്ട് നമ്മുടെ തോന്നലുകൾ സത്യമാണെന്ന് നാം ധരിച്ചു വശാവുന്നു എന്ന് മാത്രം.

നമുക്ക് ചുറ്റിലും നിമിഷം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഓർമ്മപ്പാളിയെയാണ് നാം കാലം എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നത്. ഓർമ്മകളോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ചേർന്ന് കുത്തിമറിയുമ്പോൾ, താരതമ്യങ്ങൾക്ക് ജീവൻ കൈവന്നതുപോലെ

തോന്നിപ്പോകുന്നു. അങ്ങനെയാണ് നമുക്ക് മുന്നിൽ പൊയ്‌പ്പോയ നീണ്ട കാലവും വരാൻ പോകുന്ന മഹാകാലവുമെല്ലാം നിവർന്നുകിടക്കുന്നത്. കാലവും സമയവുമെല്ലാം അതീവ സങ്കീർണ്ണമായ ശാസ്ത്രസമസ്യകളാണ്, ഭൗതികത്തിൽ. നിത്യജീവിതത്തിൽ പക്ഷേ, അതെപ്പറ്റി മനസിലാക്കുക എന്നത് അത്രതന്നെ സങ്കീർണ്ണമല്ല തന്നെ.

നിത്യജീവിതത്തിൽ, സമകാലികം എന്നൊരു പ്രയോഗമുണ്ട്. സമകാലികമാവുക എന്നാൽ, കാലത്തിനോട് ചേർന്ന് പോവുക, ആധുനികനാവുക എന്നൊക്കെയാണ് നാം ശീലിച്ചു വന്ന അർത്ഥങ്ങൾ. കാലത്തിന് സമമായി നിലകൊള്ളുക എന്നാണ് അക്ഷരാർത്ഥം. കാലത്തിനു സമമായി നിലകൊള്ളുക എന്നാൽ, ഫലത്തിൽ കാലത്തിൽ നിന്നും സ്വതന്ത്രമായി നിലകൊള്ളുക എന്നാണ്. കാലത്തിൽ നിന്നും സ്വതന്ത്രമായിരിക്കുക എന്നാൽ, കാലമെന്ന തോന്നലുളവാക്കുന്ന 'ഭൂത- ഭാവി' താരതമ്യത്തിൽനിന്നും മാറി നില്ക്കുക എന്നാണ്; ഓർമ്മകളിൽ നിന്നും ആഗ്രഹങ്ങളിലേക്കുള്ള ചാഞ്ചാട്ടങ്ങൾ ഇല്ലാതിരിക്കൽ. കാലത്തിൽ നിന്നും മാറി നിന്നുകൊണ്ട്, സമകാലീനനായി, വീക്ഷിക്കുമ്പോൾ മാത്രമേ മാറ്റങ്ങളെ മാറ്റങ്ങളായി  അനുഭവിക്കാൻ പറ്റൂ. അല്ലാത്തപക്ഷം അത് കഴിഞ്ഞകാലത്തിന്റെ ഏച്ചുകെട്ടലായോ ആഗ്രഹങ്ങളുടെ ഭാഗമായുള്ള അത്യുക്തികളായോ (exaggerations) നമ്മുടെ മുന്നിൽ അഴിഞ്ഞാടും; വകതിരിവില്ലാത്ത താരതമ്യങ്ങൾ. അപ്പോഴാണ് ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നത് 'ഇപ്പോഴത്തെ ഫാഷൻ' ആയതിന്റെ ഭാഗമായാണോ അതോ കൂടുതൽ മിഴിവും സൗകര്യവും തരുന്നതുകൊണ്ടാണോ എന്ന് വ്യക്തമാവുക. അപ്പോഴാണ് താൻ പണിയുന്ന വീട് കേവലം ഒരു പ്രദർശനവസ്തുവാണോ, സ്നേഹോഷ്മളമായ ഒരു വാസഗൃഹമാണോ എന്ന് വ്യക്തമാവുക.



കാലത്തെ മറികടന്നു നിലകൊള്ളുക എന്നത് ഒരു വ്യക്തിക്ക് തന്നോടുതന്നെയുള്ള ആത്യന്തികമായ സത്യസന്ധതയാണ്; അടിസ്ഥാനപരമായതും. അത് personality യിൽ നിന്നും individuality യിലേക്കുള്ള പരിവർത്തനമാണ്. ഉണർവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതാണ്, അത് മാത്രമാണ്. മറ്റുള്ളവർ നമുക്കുവേണ്ടിയും നാം മറ്റുള്ളവർക്കുവേണ്ടിയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന / മാറ്റിക്കൊണ്ടിരിക്കുന്ന കാലം പൊള്ളയായ കാലമാണ്. A kind of virtual living. നമ്മുടെ കാലത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നമ്മിൽത്തന്നെയാകട്ടെ. ഒരു വ്യക്തിയും ആയാളുടെ കാലവും തമ്മിൽ ഭിന്നതകളില്ലാതിരിക്കട്ടെ - എല്ലായ്‌പ്പോഴും പുതുമയിറ്റുന്ന  'സമകാലികത'.