Osho wings Osho waves

Featured Post

Saturday, April 15, 2023

ഉണർവിലേക്കുള്ള പടവുകൾ - 36


ആശയങ്ങളുടെ അധിനിവേശങ്ങൾ 


ഒരു ദിവസം മുല്ലാ നസിറുദീൻ വല്ലാതെ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. അയാളുടെ മുഖത്ത്, ഒരെത്തും പിടിയും കിട്ടാത്ത ഭാവങ്ങൾ. ഇടയ്ക്കിടെ അയാൾ ഓരോരോ സാധന സാമഗ്രികൾ പൊക്കിമാറ്റിയും മറ്റും എന്തോ പരതുന്നുണ്ട്. അതിനിടയിൽ ഒരു പരിചയക്കാരൻ മുറിയിലേക്ക് കയറിവന്നു. അയാൾ ചോദിച്ചു, 'എന്ത് പറ്റി മുല്ലാ? എന്തെങ്കിലും കാണാതെ പോയോ?' മുല്ലാ നസിറുദ്ദീൻ നിരാശയോടെ പറഞ്ഞു,'ജീവിതം വഴിമുട്ടി നില്ക്കുകയാടോ.' 'എന്തെങ്കിലും ആപത്തോ മറ്റോ ...?' അയാൾ ചോദിച്ചു. 'ഇതിലും വലിയ ആപത്ത് ഇനി എന്ത് സംഭവിക്കാനാണ്?', മുല്ല തുടർന്നു,'ജീവിത ലക്‌ഷ്യം എഴുതിവെക്കുന്ന ഒരു മരക്കഷ്ണമുണ്ടായിരുന്നു. അത് കാണാനില്ല. ജീവിതം ഇനി മുന്നോട്ടെങ്ങനെയാണെന്ന് ഒരു പിടിയുമില്ല !'

സദ് വചനങ്ങളും, പ്രചോദന വാക്യങ്ങളുമെല്ലാം (inspirational quotes) നമ്മുടെ ദൈനം ദിന ജീവിതത്തിലെ അവശ്യ ചേരുവകളിൽ ഒന്നായി മാറിയിരിക്കുന്നു. പത്രങ്ങളിലും മാസികകളിലും, വലിയ വലിയ ഓഫീസു കവാടങ്ങളിലും എന്നുവേണ്ട സമൂഹ മാധ്യമ പ്രൊഫൈലുകളിലടക്കം 'ഇന്നത്തെ ചിന്താ വിഷയ'ങ്ങളുടെ ബാഹുല്യമാണ്. ഉദ്ധരണികൾക്കു മാത്രമായി എത്രയാണ് വെബ്‌സൈറ്റുകൾ! അതെപ്പറ്റി മാത്രമുള്ള ആയിരക്കണക്കിന് പുസ്തകങ്ങളും. മനുഷ്യജീവിതത്തെ നയിക്കുന്നത് ആശകൾ (നിർഭാഗ്യവശാൽ) മാത്രമല്ല, ആശയങ്ങളും കൂടിയാണ്. മിക്കപ്പോഴും ആശകൾ പോലും കയറിക്കൂടിയിട്ടുള്ളത് ആശയങ്ങൾ വഴിയാണ്. 


ആശയങ്ങൾക്ക് ചിലപ്പോൾ വഴികാട്ടികളാകാൻ പറ്റിയെന്നു വരും. അതിനപ്പുറം അവ അശക്തമാണ്. അതിനപ്പുറം അവ നമ്മെ ഭരിക്കാൻ പാടുള്ളതുമല്ല. ഭൗതികേതരമായ കാര്യങ്ങളാണെങ്കിൽ വിശേഷിച്ചും. എന്തുകൊണ്ടെന്നാൽ ആശയങ്ങൾ എല്ലായ്പോഴും മറ്റാരുടേയോ ആണ്. അവ മറ്റാരുടേയോ മസ്തിഷ്കത്തിൽ ഉപസംഹരിക്കപ്പെട്ട വാക്കുകളാണ്. രൂപപ്പെടുന്ന നിമിഷത്തിൽ ആ ആശയത്തിന് അയാളുടെ ജീവിതത്തിൽ എന്തെങ്കിലും സാംഗത്യമുണ്ടായിട്ടുണ്ടാകാം, അല്ലെങ്കിൽ അയാൾ അത് ആ നിമിഷത്തിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ചതാകാം. അതിൽ അയാളുടെ ഭാഷാപ്രാവീണ്യമോ പരിമിതികളോ തീർച്ചയായും നിഴലിക്കുന്നുണ്ടാകും. മറ്റൊരാളുടെ ജീവിതത്തിൽ, മറ്റൊരു സന്ദർഭത്തിൽ ആ ആശയത്തിന് കാര്യമായ പ്രസക്തി ഉണ്ടാവണമെന്നില്ല, അയാൾ ആ ആശയത്തെ ജീവിക്കാൻ മെനക്കെടാതെ അതിന്റെ പുറം തോടായ വാക്കുകളെ മാത്രം കവർന്നെടുക്കുമ്പോൾ.

കേവലം വിവരമാത്ര പ്രസക്തമായ ആശയങ്ങളെപ്പറ്റിയല്ല ഇവിടെ

പരാമർശിക്കുന്നത്. ആ വിവരങ്ങളത്രയും ആശയങ്ങളേക്കാളുപരിവസ്തുതകളാണ് - informations. തികച്ചും ജൈവമായിട്ടുള്ള -spontaneous-

സന്ദർഭങ്ങളെ ആശയങ്ങളായി മൃതമാക്കി മസ്തിഷ്കത്തിലേക്ക് ഒരു

ശാഠ്യമായി സ്വാംശീകരിക്കുന്നതിനെപ്പറ്റിയാണ്, ആശയങ്ങളുടെ

അധിനിവേശങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചിത്രശലഭം

എന്ന ചേതോഹരമായ അനുഭവത്തെ നോട്ടുപുസ്തകത്തിനകത്തുവെച്ച്

കൊന്നുകളഞ്ഞതിനുശേഷം  മൃതമായ അതിന്റെ ചിറകുകൾ

കാണിച്ചുകൊണ്ട് 'ഇതാണ് ചിത്രശലഭം' എന്ന് പറയുന്നതുപോലെയാണ്

മസ്തിഷ്ക്കത്തിലേക്ക് വലിച്ചുകയറ്റപ്പെടുന്ന ആശയങ്ങൾ.


നാം അകത്തു കയറ്റിവെച്ചിരിക്കുന്ന സദ് വാക്യങ്ങളും

ഉപദേശസാരങ്ങളും മറ്റും ജീവനില്ലാത്ത ചിത്രശലഭങ്ങളാണ്.

ഉപയോഗശൂന്യമായ പുസ്തകത്താളുകൾ അലങ്കരിക്കുക എന്ന

വിഡ്ഢിത്തത്തിനേ അതുപകരിക്കൂ. അഹിംസ, ശത്രുവിനെ

സ്നേഹിക്കുക, പരസഹായം ചെയ്യുക, വിനയപൂർവ്വം പെരുമാറുക,

അന്യന്റെ മുതൽ ആഗ്രഹിക്കാതിരിക്കുക, എന്നിങ്ങനെ

നൂറുകണക്കിന് ആശയങ്ങൾ നിർദ്ദേശങ്ങളായും സന്മാർഗ

ശാഠ്യങ്ങളായും നിത്യജീവിതത്തിന്റെ കഴുത്തു ഞെരിക്കുന്നുണ്ട്.

സദാചാരപരമായ വിശ്വാസങ്ങളായും മതപരമായ

അനുശാസനങ്ങളായും മാത്രമല്ല ഇത്തരം ആശയങ്ങൾ

ഊട്ടിയുറപ്പിക്കപ്പെടുന്നത്. പുരോഗമന വാദികളെന്നും

അവിശ്വാസികളെന്നും അവകാശപ്പെടുന്നവർ പോലും

'സ്വാർത്ഥതയരുത്', ജീവിക്കുന്നതിനായി പോരാടുക,

പോരാടുന്നതിനായി ജീവിക്കുക’, 'സമത്വം, സാഹോദര്യം,

മതേതരത്വം’ എന്നിങ്ങനെയുള്ള ആശയങ്ങളിൽ

കടിച്ചുതൂങ്ങുന്നതു കാണാം. ഇപ്പറയുന്ന ആശയങ്ങൾക്കല്ല കുഴപ്പം.

ഇവയിലൊന്നും പറയത്തക്ക കുഴപ്പങ്ങളുണ്ടാവണമെന്നില്ല. എന്നാൽ

ഇപ്പറയുന്ന ആശയങ്ങളുടെ കൈയേറ്റങ്ങൾ, വ്യക്തി ജീവിതത്തിൽ

സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ഏറെ സൂക്ഷ്മങ്ങളാണ്. 

ഒന്നാമതായി, ഒരു സാധാരണ വ്യക്തി ഇങ്ങനെയൊന്നുമല്ല എന്നതാണ്
യാഥാർഥ്യം. അവനിൽ അക്രമവാസനയുണ്ട്, ചുരുങ്ങിയ പക്ഷം അക്രമങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കാനെങ്കിലുമുള്ള വാസനയുണ്ട്. അവനിൽ അഹങ്കാരമുണ്ട്. അവനിൽ ആർത്തിയുണ്ട്. അവനിൽ ആലസ്യമുണ്ട്. അവനിൽ അഭിനിവേശങ്ങളുണ്ട്. അവനിൽ ശത്രുവിനോട് അടങ്ങാത്ത ദേഷ്യമുണ്ട്. അവൻ സ്വാർത്ഥനാണ്. അവന് അവന്റേതെന്നു ധരിച്ചുവശായ ജാതിയോടും മതത്തിനോടുമുള്ളത്ര മമത മറ്റു മതങ്ങളോടുണ്ടായിരിക്കുന്നില്ല. എന്നാൽ, അവനിലെ സത്യാവസ്ഥക്കെതിരായ ഒരു ആശയത്തെ അവന്റെ മനോ-ശരീര വ്യവസ്ഥയിലേക്ക് നിർബന്ധപൂർവ്വം (അത് എത്ര തന്നെ സൂക്ഷ്മമായാലും സൗമ്യമായാലും) കയറ്റിവിടുമ്പോൾ, അവന്റെ സത്തയിൽ ഒരു വിള്ളൽ സംഭവിക്കുന്നുണ്ട്. അവന്റെ അന്തരംഗങ്ങളിൽ കലഹങ്ങൾ ആരംഭിക്കുകയായി. ആ കലഹങ്ങൾ പുറത്തുചാടാതിരിക്കാനാണ് പിന്നീടുള്ള അവന്റെ ശ്രമങ്ങളത്രയും. സദാ ഇങ്ങനെയൊരു കരുതലുള്ളതിനാൽ തനിച്ചായിരിക്കുമ്പോൾ പോലും അവന് സ്വതന്ത്രനാവാനോ സ്വസ്ഥനാവാനോ സാധിക്കുന്നില്ല, എന്തെന്നാൽ ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ അവനിലെ കലഹങ്ങളത്രയും പുറത്തറിയും. സാമൂഹികമായ സമ്മതിയെ അത്ര പെട്ടെന്ന് വേണ്ടെന്നു വെക്കാനാവില്ലല്ലോ.

വ്യക്തിപരവും സാമൂഹികവുമായ സ്വൈര ജീവിതത്തിന് ഇത്തരം ആശയങ്ങളെല്ലാം സഹായകമായെന്നു വരാം. വളർന്നുവരുന്ന കുട്ടികളിൽ ഇത്തരത്തിലുള്ള അവബോധം വളർന്നുവരേണ്ടത് ആവശ്യവുമാണ്. എന്നാൽ നാമമാത്രമായ ആശയങ്ങളായല്ല; അവബോധപരമായ വളർച്ചയുടെ പ്രതിഫലനമായി. അല്ലാത്തപ്പോൾ, ആശയങ്ങൾ ചെലുത്തുന്ന നിർബന്ധവും അവരുടെ സ്വാഭാവിക വളർച്ചയും തമ്മിൽ നിരന്തരമായ കലഹങ്ങളായിരിക്കും ഫലം. അതാണ് നാം അനുഭവിക്കുന്ന ഈ ലോകം ഇത്രയും കലുഷിതമായിരിക്കുന്നതിനു കാരണം. ജീവിതത്തിലെ ഓരോരോ ഇഷ്ടാനിഷ്ടങ്ങളിലും, സ്വന്തം ജീവിത പങ്കാളിയെ മുതൽ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിൽ വരെയും, നമ്മുടെ തീരുമാനങ്ങളത്രയും അപക്വമായിത്തീരുന്നത് പ്രധാനമായും ഇങ്ങനെയാണ്. ബോംബുകൾ നിർമ്മിക്കുന്ന കൈകൾ തന്നെ സമാധാനത്തിന്റെ അരിപ്രാവുകളെ പറത്തുമ്പോൾ, ബോംബുകളെ മറന്നുകൊണ്ട് നാം ഹർഷപുളകിതരാവുന്നത്, നമ്മിൽ കാരണമില്ലാതെ കയറിക്കൂടിയിട്ടുള്ള ഒരു ആശയത്തിന് സമ്മതി ലഭിക്കുന്നത് കൊണ്ടാണ്. വേണ്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ നമുക്ക് സാധിക്കാതെ പോകുന്നത് ഇടങ്കോലിട്ടു നില്ക്കുന്ന ആശയങ്ങൾ കാരണമാണ്. 

സദ്‌വചനങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്ന തിരുത്തലുകളൊക്കെയും, സ്വാഭാവികമായും ഒരു വ്യക്തിയിൽ സംഭവിക്കുമായിരുന്നു, ആശയങ്ങളുടെ ബാഹ്യമായ ഇടപെടലുകളില്ലായിരുന്നുവെങ്കിൽ. ഇതിപ്പോൾ, സ്വാഭാവികതയെ (spontaneous living), ബലികഴിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ്, ജീവിതം മുഴുവനും. ആശയങ്ങളുടെ ഇത്തരം അധിനിവേശങ്ങളുടെ ഉത്തരവാദിത്തം സമൂഹത്തിനാണെന്നു ധരിക്കുന്നതാണ് ഈ സന്ദർഭത്തിലെ ഒന്നാമത്തെ തെറ്റ്. സമൂഹമെന്നൊന്ന് ഇല്ലായിരുന്നെങ്കിൽ പോലും വളർന്നുവരുന്ന ഒരു വ്യക്തിയിൽ  ഒരുപാട് നിശ്ചിത വാക്യങ്ങൾ -conclusions-കുമിഞ്ഞുകൂടുമായിരുന്നു. 


'സ്വതന്ത്രമായ ഒരു മനസ്സ്' ഓരോ വ്യക്തിയുടേയും
ഉത്തരവാദിത്തമാണ്, ആത്യന്തികമായി. എത്ര വൈകിയ വേളയിൽ
പോലും, സ്വാതന്ത്ര്യത്തെപ്പറ്റി ഒരാൾ ബോധവാനാകുന്നതോടെ,
തന്റെ ചെയ്തികളിലും വാക്കുകളിലും പ്രതികരണങ്ങളിലും
പെരുമാറ്റങ്ങളിലുമെല്ലാം കടന്നുവരുന്ന മുൻധാരണകളെ
തിരിച്ചറിയാൻ തുടങ്ങുക, അവ നല്ലതെന്നോ ചീത്തയെന്നോ

ഭേദമില്ലാതെ. ആ ധാരണകളൊന്നും തന്റേതല്ലെന്നു

മനസ്സിലാക്കുന്നതോടെ അവയോരോന്നും

കൂടൊഴിഞ്ഞുപോവുകയായി. അവയോടു 'bye' പറയാനുള്ള

ആർജ്ജവമുണ്ടായിരിക്കണമെന്നു മാത്രം.

     
















Saturday, March 18, 2023

ഉണർവിലേക്കുള്ള പടവുകൾ - 35


                       കാലത്തിന്റെ ഉടമസ്ഥത അഥവാ സമകാലികം

പ്രാചീന മനുഷ്യൻ മുതൽ അത്യാധുനിക ശാസ്ത്രകാരന്മാർ വരെ കാലത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സകലർക്കും സമ്മതമായ ഒരു ഉപസംഹാരത്തിലെത്താൻ ഇനിയും സാധിച്ചിട്ടില്ല. കാലം ഇല്ലാത്തതാണെന്നും, നമ്മുടെ മാനസിക വ്യാപാരത്തിന്റെ ഭാഗമായുള്ള ഒരു മിഥ്യാഭ്രമം മാത്രമാണതെന്നുമുള്ള വാഗ്ധോരണികൾ ധാരാളമുണ്ടായെങ്കിലും, നമ്മുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കി നില്ക്കുന്ന ഒരു കാലത്തിന് യാതൊരു മാറ്റവും 'കാലം' വരുത്തിയിട്ടില്ല. കാലത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ജീവിതം നമ്മുടെ ചിന്തകളിൽ പോലും നമുക്ക് സാധ്യമല്ല തന്നെ. 'നല്ല കാല'വും 'കഷ്ടകാല'വുമെല്ലാം കാലത്തിനു നാം ചാർത്തിക്കൊടുക്കുന്ന വ്യക്തിത്വവിശേഷങ്ങളാണ്.

കാലം എന്ന സങ്കല്പത്തെ കേരളത്തിലെ സാധാരണക്കാരിലേക്കുപോലും കാവ്യാത്മകമായി ജനപ്രിയമാക്കിയ പ്രധാന വരികൾ ഒരുപക്ഷേ ഓ.എൻ.വി  യുടെ നാടകഗാനത്തിലേതായിരിക്കണം (നാടകം - ഡോക്ടർ (1961) :

‘വരിക ഗന്ധർവ ഗായകാ വീണ്ടും 

വരിക കാതോർത്തു നില്ക്കുന്നു കാലം’. 


കാതോർത്തു നില്ക്കുന്ന ഒരു കാലത്തെ, കാലാകാലങ്ങളായി മനുഷ്യൻ അനുഭവിച്ചുപോരുന്നുണ്ട്. കാലം ഉണക്കാത്ത മുറിവുകളില്ലെന്നും, കാലം എല്ലാത്തിനും സാക്ഷിയാണെന്നുമെല്ലാം നാം നിത്യേനയെന്നോണം പറഞ്ഞുപോരുന്നതാണ്. കാലം ഇടം വലം നോക്കാതെ പ്രവഹിക്കുകയാണെന്നും, കാലം ആർക്കും ഒന്നിനും വേണ്ടിയും കാത്തുനില്ക്കാറില്ലെന്നും മറ്റും നമ്മുടെ സംഭാഷണങ്ങൾക്ക് തത്വചിന്തയുടെ മേമ്പൊടിയിടാൻ നാം ശ്രദ്ധിക്കാറുമുണ്ട്. 'മാറ്റം മാത്രമാണ് മാറ്റമില്ലാതെ നില്ക്കുന്നത്' എന്ന് ഉരുവിട്ടുകൊണ്ട് കാലത്തെ മാറ്റാൻ തുനിഞ്ഞിറങ്ങിയ  രാഷ്ട്രീയ പാർട്ടികൾ പോലും, ഉറക്കപിച്ചിലെന്നോണം പറഞ്ഞുപോകുന്നു,'കാലം മാറിയിരിക്കുന്നു', 'ഇത് പഴയ കാലമല്ല' എന്നിങ്ങനെ. 


'കാലത്തിന്റെ ചവറ്റുകുട്ട' എന്നെല്ലാം നാം വെറുതേ പ്രയോഗിക്കാറുണ്ടെങ്കിലും, കാലത്തെ ഒരു ചവറ്റുകുട്ടയെപ്പോലെയാണ് നാം മിക്കപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം. വേണ്ടതും വേണ്ടാത്തതുമെല്ലാം നാം കാലത്തിനുമേലെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഉത്തരം കിട്ടാതെ വിസ്മയിച്ചു നില്ക്കുമ്പോഴെല്ലാം കാലം എന്ന പ്രഹേളികയെ നാം തോളിലേറ്റി കൊണ്ടുവരും. ദൈവം, വിധി, ഭാഗ്യം എന്നിങ്ങനെ കൃത്യമായി പറയാനാവാത്ത കാര്യങ്ങളുടെ നിരയിലാണ് കാലവും. അനിശ്ചിതത്വങ്ങളുടെ നടുക്ക്  കൂസലില്ലാതെ കടന്നുവരുന്നതുകൊണ്ടാകാം കാലത്തിന് അറുതിവരുത്തുന്നവനെ നാം 'കാലൻ' എന്ന് വിളിച്ചത്.


എല്ലാവരുടേയും 'കാലൻ' ഒന്നുതന്നെ (മരണം) എന്ന് നാം വിചാരിക്കുന്നെങ്കിലും, കാലം എല്ലാവർക്കും ഒരേപോലെയല്ല. എന്തിനധികം, ഒരാളുടെത്തന്നെ കാലം എല്ലായ്‌പ്പോഴും ഒരുപോലെയല്ല. രാവിലെ ഓഫീസിലേക്കിറങ്ങാൻ നില്കുമ്പോഴുള്ള കാലമല്ല തിരിച്ചു വീട്ടിലെത്തുമ്പോഴുള്ളത്. A T M-നു മുൻപിൽ കാത്തുനില്ക്കുന്നയാളുടെ കാലമല്ല അതിനകത്ത് കടന്ന് പണം എടുക്കുന്നയാളുടേത്. ഒരു നിമിഷം മുൻപ് പുറത്തു നിന്നിരുന്നയാൾ അതിനകത്തേക്ക് കയറുമ്പോൾ കാലത്തിന്റെ പ്രകൃതം പൊടുന്നനെ മാറിമറിയുന്നു. പെരുമാറ്റരീതികൾ (etiquettes), സംഭാഷണ ശൈലികൾ, വസ്ത്രധാരണ രീതികൾ എന്നിവയിലെല്ലാം, മാറിക്കൊണ്ടിരിക്കുന്ന 'കാലം' പ്രധാന ഘടകമാണ്. കാലത്തിനനുസരിച്ചാണത്രേ നാം കോലം കെട്ടേണ്ടത്! കാലത്തിനനുസരിച്ച് കോലം കെട്ടേണമോ വേണ്ടയോ എന്നത് ഓരോരുത്തരും തീരുമാനിക്കട്ടെ, എന്നാൽ കോലം കെട്ടുന്നതിനനുസരിച്ച് കാലവും മാറുന്നുണ്ടെന്ന് ഓർക്കാതെ പോകരുതെന്ന് മാത്രം.

കാലത്തെ മാറ്റിക്കൊണ്ടിരിക്കാൻ ആർക്കാണ് ഇത്ര ജാഗ്രത? മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തിനു പിന്നിൽ ശരിക്കും ആരാണ്? കച്ചവടക്കാർ? ശാസ്ത്രജ്ഞർ? ചെറുപ്പക്കാർ? പുതിയ തലമുറ അല്ലെങ്കിൽ ‘New G’? സിനിമാലോകം? എഴുത്തുകാർ? സാംസ്‌കാരിക നായകർ? പത്രങ്ങളും മാസികകളും? ടെലിവിഷൻ ചാനലുകൾ? സോഷ്യൽ മീഡിയ ഘോഷിക്കുന്നതുപോലെ 'ഇല്ല്യൂമിനേറ്റി'?

കാലത്തെ മാറ്റികൊണ്ടിരിക്കുന്നത് ആരാണ് എന്ന് ചോദിക്കേണ്ടത് ഒരൊറ്റ കാരണം കൊണ്ടാണ് - മാറുന്ന കാലത്തെ പ്രതിയാക്കിക്കൊണ്ടാണ് 

ദൈനം ദിന ജീവിതത്തിൽ നാം വശം കെടുന്നത്. കാലത്തിന് അനുസരിച്ച് ജീവിക്കാൻ വേണ്ടിയാണ് നമ്മുടെ തത്രപ്പാടുകളൊക്കെയും. നമ്മുടെ ടെൻഷനുകളും അസംതൃപ്തികളും തുടർന്നുണ്ടാകുന്ന ദുരിതങ്ങളുമെല്ലാം.


നമുക്ക് വേണ്ടി - നമ്മെ ബുദ്ധിമുട്ടിക്കാനും സന്തോഷിപ്പിക്കാനും - ആരും തന്നെ കാലത്തെ മാറ്റുന്നില്ല. നമുക്ക് വേണ്ടി മറ്റാരും തന്നെ പുതിയ കാലത്തെ സൃഷ്ടിക്കുന്നുമില്ല. നാം ഓരോരുത്തരുമാണ് അവരവരുടെ കാലത്തെ സൃഷ്ടിച്ചെടുക്കുന്നത്. തികച്ചും മാനസികമായ ഒരു പ്രബല ശീലം. എല്ലാവരിലും ഈ ശീലമുള്ളതിനാൽ, പരസ്പരം ഒരു ഏകദേശധാരണയിൽ എല്ലാവരും എത്തിച്ചേരുന്നതുകൊണ്ട് നമ്മുടെ തോന്നലുകൾ സത്യമാണെന്ന് നാം ധരിച്ചു വശാവുന്നു എന്ന് മാത്രം.

നമുക്ക് ചുറ്റിലും നിമിഷം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഓർമ്മപ്പാളിയെയാണ് നാം കാലം എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നത്. ഓർമ്മകളോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ചേർന്ന് കുത്തിമറിയുമ്പോൾ, താരതമ്യങ്ങൾക്ക് ജീവൻ കൈവന്നതുപോലെ

തോന്നിപ്പോകുന്നു. അങ്ങനെയാണ് നമുക്ക് മുന്നിൽ പൊയ്‌പ്പോയ നീണ്ട കാലവും വരാൻ പോകുന്ന മഹാകാലവുമെല്ലാം നിവർന്നുകിടക്കുന്നത്. കാലവും സമയവുമെല്ലാം അതീവ സങ്കീർണ്ണമായ ശാസ്ത്രസമസ്യകളാണ്, ഭൗതികത്തിൽ. നിത്യജീവിതത്തിൽ പക്ഷേ, അതെപ്പറ്റി മനസിലാക്കുക എന്നത് അത്രതന്നെ സങ്കീർണ്ണമല്ല തന്നെ.

നിത്യജീവിതത്തിൽ, സമകാലികം എന്നൊരു പ്രയോഗമുണ്ട്. സമകാലികമാവുക എന്നാൽ, കാലത്തിനോട് ചേർന്ന് പോവുക, ആധുനികനാവുക എന്നൊക്കെയാണ് നാം ശീലിച്ചു വന്ന അർത്ഥങ്ങൾ. കാലത്തിന് സമമായി നിലകൊള്ളുക എന്നാണ് അക്ഷരാർത്ഥം. കാലത്തിനു സമമായി നിലകൊള്ളുക എന്നാൽ, ഫലത്തിൽ കാലത്തിൽ നിന്നും സ്വതന്ത്രമായി നിലകൊള്ളുക എന്നാണ്. കാലത്തിൽ നിന്നും സ്വതന്ത്രമായിരിക്കുക എന്നാൽ, കാലമെന്ന തോന്നലുളവാക്കുന്ന 'ഭൂത- ഭാവി' താരതമ്യത്തിൽനിന്നും മാറി നില്ക്കുക എന്നാണ്; ഓർമ്മകളിൽ നിന്നും ആഗ്രഹങ്ങളിലേക്കുള്ള ചാഞ്ചാട്ടങ്ങൾ ഇല്ലാതിരിക്കൽ. കാലത്തിൽ നിന്നും മാറി നിന്നുകൊണ്ട്, സമകാലീനനായി, വീക്ഷിക്കുമ്പോൾ മാത്രമേ മാറ്റങ്ങളെ മാറ്റങ്ങളായി  അനുഭവിക്കാൻ പറ്റൂ. അല്ലാത്തപക്ഷം അത് കഴിഞ്ഞകാലത്തിന്റെ ഏച്ചുകെട്ടലായോ ആഗ്രഹങ്ങളുടെ ഭാഗമായുള്ള അത്യുക്തികളായോ (exaggerations) നമ്മുടെ മുന്നിൽ അഴിഞ്ഞാടും; വകതിരിവില്ലാത്ത താരതമ്യങ്ങൾ. അപ്പോഴാണ് ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നത് 'ഇപ്പോഴത്തെ ഫാഷൻ' ആയതിന്റെ ഭാഗമായാണോ അതോ കൂടുതൽ മിഴിവും സൗകര്യവും തരുന്നതുകൊണ്ടാണോ എന്ന് വ്യക്തമാവുക. അപ്പോഴാണ് താൻ പണിയുന്ന വീട് കേവലം ഒരു പ്രദർശനവസ്തുവാണോ, സ്നേഹോഷ്മളമായ ഒരു വാസഗൃഹമാണോ എന്ന് വ്യക്തമാവുക.



കാലത്തെ മറികടന്നു നിലകൊള്ളുക എന്നത് ഒരു വ്യക്തിക്ക് തന്നോടുതന്നെയുള്ള ആത്യന്തികമായ സത്യസന്ധതയാണ്; അടിസ്ഥാനപരമായതും. അത് personality യിൽ നിന്നും individuality യിലേക്കുള്ള പരിവർത്തനമാണ്. ഉണർവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതാണ്, അത് മാത്രമാണ്. മറ്റുള്ളവർ നമുക്കുവേണ്ടിയും നാം മറ്റുള്ളവർക്കുവേണ്ടിയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന / മാറ്റിക്കൊണ്ടിരിക്കുന്ന കാലം പൊള്ളയായ കാലമാണ്. A kind of virtual living. നമ്മുടെ കാലത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നമ്മിൽത്തന്നെയാകട്ടെ. ഒരു വ്യക്തിയും ആയാളുടെ കാലവും തമ്മിൽ ഭിന്നതകളില്ലാതിരിക്കട്ടെ - എല്ലായ്‌പ്പോഴും പുതുമയിറ്റുന്ന  'സമകാലികത'.








Wednesday, March 8, 2023

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 5


സ്വാത്മികത്തിൽ ഒരുപാട് പുസ്തകങ്ങൾ വരി നില്ക്കുമ്പോഴാണ് ഒരു പട്ടാളക്കാരി ഇടിച്ചുകയറി മുന്നോട്ടു വന്നത്. വരി തെറ്റിക്കുന്നതിൽ പട്ടാളക്കാരിയെന്ന നിലയ്ക്ക് സ്വതേ ഒരു ചേർച്ചക്കുറവുണ്ട്. അടക്കം കുറഞ്ഞാൽ പോലും അച്ചടക്കത്തിൽ വിട്ടുവീഴ്ച കാണിക്കാത്തവരാണ് പട്ടാളക്കാർ എന്നാണ് വെപ്പ്. അച്ചടക്കം പക്ഷേ അടക്കത്തോളം - inner discipline - പക്വമായിക്കഴിഞ്ഞാൽ, വരിയും അതിർത്തിയും ഔപചാരികതയുമെല്ലാം അവയുടെ ശാഠ്യങ്ങളഴിച്ചുവെക്കുന്നു; ഗ്രീൻറൂമിൽ തിരിച്ചെത്തി തന്റെ മേലാപ്പുകൾ അഴിച്ചുവെക്കുന്ന നടനെയോ നർത്തകിയെയോ പോലെ.

മാത്രവുമല്ല, വരി തെറ്റിച്ച് കടന്നുവന്നതിൽ ഈയുള്ളവന് എന്ത് ചെയ്യാൻ കഴിയും? സ്വാത്മികം 'എന്നെ' സ്നേഹിച്ച പുസ്തകങ്ങളുടെ കുശലം പറച്ചിലുകളാണ്; 'ഞാൻ' സ്നേഹിച്ച പുസ്തകങ്ങളേക്കാളുപരി. 


പുസ്തകങ്ങൾക്ക് അവരുടേത് മാത്രമായ രീതികളുണ്ട്; അവരുടേത് മാത്രമായ ജീവിതമുണ്ട്; അവരുടേതായ ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. വ്യത്യസ്തങ്ങളായ കാലാവബോധമുണ്ട് പുസ്തകങ്ങൾക്ക്. തങ്ങളുടേത് മാത്രമായ ഒരു space-time dimension-ലാണ് പുസ്തകങ്ങൾ ജീവിച്ചുപോകുന്നത്. പുസ്തകം അതിന്റെ സ്ഥലകാല തലത്തിലേക്ക് അനുവാചകനെ ആനയിച്ചുകൊണ്ടുപോകുമ്പോഴാണ് വായന എന്നത് ഒരു വർത്തമാന പ്രതിഭാസമാവുന്നത്. അല്ലാത്തേടത്തോളം എത്രവലിയ ആധുനിക ആഖ്യാനവും വെറും അയവിറക്കലായിരിക്കും - മുഷിഞ്ഞതും നിർജ്ജീവവും.

വർത്തമാനതലത്തിലല്ലാതെ സംഭവിക്കുന്ന ഏതു വലിയ വായനയും സമയം കൊല്ലികൾ മാത്രമാണ്. അല്ലെങ്കിൽ പിന്നെ, അതിന്റെ പിന്നിൽ മറ്റു വല്ല ഉദ്ദേശ്യങ്ങളുമുണ്ടാകണം.



                                        *                          *                         *


ജീവിതത്തിന്റെ ഉച്ചസ്ഥായികളിൽ, അപ്പോഴത്തെ വരിശകൾ മൗനത്തിന്റേതാണത്രേ, ഉണർവ്വോടെയിരിക്കുന്നുണ്ടെങ്കിൽ പിന്നെയെല്ലാം ഹൈകു സമാനമാണ്. സരളം. പൂർണ്ണചന്ദ്രനെപ്പോൽ ഉണർവ്വ്. തഥാത്വം. സമയാതീതം. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പോർക്കളത്തിൽ, ഭൂമിയിലെ ഏറ്റവും തണുപ്പു തിങ്ങിയ കാവല്മാടത്തിൽ, ഓരോ നിമിഷവും മരണത്തെ എതിർപ്പാത്തുകൊണ്ട് പദം വെക്കുക. ജാഗ്രത മുറ്റിയ ആ ശീതമുഹൂർത്തത്തെ ഒരു ഹൈകുവിനെപ്പോലെ അനുഭവിക്കാൻ സാധിക്കുക! സിയാച്ചിനിലെ സൈനികവൃത്തിക്കിടയിൽ ബാഷോ ഓർമ്മിക്കപ്പെടുക!


                          Wintry wind.

                          Patting a man

                          with a swollen face



ചീർത്ത മുഖമുള്ള ആ മനുഷ്യനെ തലോടിക്കടന്നുപോകുന്ന ശീതക്കാറ്റിൽ, അതീവ സൂക്ഷ്മമായ ജൈവ ശ്രുതികൾ (yes, Ancient music in the pines!) പിടിച്ചെടുക്കാൻ കഴിയുക. അഗാധമായ അനുഗീതികളാണവ - resonances deeper within. ദൈനം ദിന വ്യവഹാരങ്ങളും ജോലിഭാരങ്ങളും വ്യക്തിവൈകാരികതകളും ജീവന്മരണസമസ്യയുമെല്ലാം ശുദ്ധാവബോധമെന്ന ഒരൊറ്റ ബിന്ദുവിലേക്ക് ഉൾച്ചേർന്നുവരുന്ന അപൂർവ്വ നിമിഷങ്ങൾ. ഇത്തരം ധാരാളം നിമിഷങ്ങളെ വാക്കുകളിലേക്ക് സമാഹരിച്ച ഡോ. സോണിയ ചെറിയാനു മുൻപിൽ സല്യൂട്ട് ചെയ്യണോ നമസ്തേ പറയണോ എന്ന് നിശ്ചയമില്ല. ഏതായാലും സ്വാത്മികത്തിൽ നിന്നും ഒരു BIG CHEERS !!! നിറഞ്ഞ സന്തോഷത്തോടെ, നന്ദിപൂർവ്വം.

'ഭാരതത്തിന്റെ മാരിവില്ലി'നെ, ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകളെ, പരിചയപ്പെടുത്തുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ താളുകൾക്കകത്തെ വിശദാംശങ്ങളിലേക്കു പോകുന്നേയില്ല. എന്നിട്ടും പക്ഷേ, കത്തി പിടിച്ച്‌ കൊല്ലാനൊരുങ്ങി നിന്ന കശാപ്പുകാരന്റെ വിരലുകൾ നുണഞ്ഞ്‌കൊണ്ട് ജീവിതത്തിന്റെ വിഗതികളെ മാറ്റിപ്പിടിച്ച ഷേരു എന്ന മുട്ടനാടിനെ മറക്കുന്നതെങ്ങനെ? 32 വർഷം സൈനിക സേവനം അനുഷ്ഠിച്ച, വീർചക്ര ലഭിച്ച പെഡോങ്കി എന്ന കോവർകഴുത! പെഡോങ്കിയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അന്നേ ശ്രദ്ധയിൽ പെട്ടിരുന്നു. ഇവിടെ അതേപ്പറ്റി വിശദമായി വായിക്കാനാവുന്നതിൽ ഏറെ സന്തോഷം. നിത്യജീവിതത്തിൽ തങ്ങളോടൊപ്പം പങ്കുചേരുന്ന പക്ഷിമൃഗാദികൾ, കൃഷിയിടത്തിലെന്നപോലെ, രണഭൂമിയിലും അവനെ പിന്തുടരുന്നു. ഓർമ്മയിൽ തങ്ങി നില്ക്കുന്നത് സ്പീൽബെർഗിന്റെ War Horse എന്ന സിനിമയിലെ Joey എന്ന കുതിരയാണ്. നിസ്സഹായതയുടേയും നിവൃത്തിയില്ലായ്മയുടേയുമൊക്കെ നിഴലുകളുണ്ടെങ്കിലും, വ്യത്യസ്ത സ്പീഷിസുകൾ തമ്മിലുള്ള അവബോധ ഐക്യം അതീവ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാവേണ്ടതാണ്.


യുദ്ധം, സൈനികലോകം എന്നത് 'all inclusive' ആയിട്ടുള്ള മറ്റൊരു ജൈവപരിസ്ഥിതിയാണെന്ന വസ്തുത മനപ്പൂർവ്വം വിസ്മരിക്കപ്പെടാറുണ്ടെന്നു തോന്നുന്നു. യുദ്ധമുഖമെന്നത് കൊലയുടേതും നിലവിളികളുടേതും മാത്രമാണെന്ന് ധരിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ, അപക്വമായ, നിരുത്തരവാദപരമായ, സത്യസന്ധമല്ലാത്ത ഒരു ജനത അതിനുപിന്നിൽ കബ്ബളിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് അർത്ഥം. അത്തരമൊരു ജനത തന്നെയാണ് യുദ്ധങ്ങൾക്ക് കോപ്പുകൂട്ടികൊണ്ടിരിക്കുന്നത്- അത് എത്ര തന്നെ പരോക്ഷമായിരുന്നാലും- എന്ന് നാം ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വില്ലു കുലച്ചു കഴിഞ്ഞതിനു ശേഷം തന്റെ അഹിംസാവ്രതം ഉദ്ഘോഷിക്കുന്നവർ. ഏറെ പരിതാപകരവും പതിവായുമുള്ള ഒരു മനോഘടനയാണത്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ മനോഭാവത്തിന്റെ തിരയിളക്കങ്ങളുണ്ട്. അതുകൊണ്ടാണത്രേ, ജീവിതമെന്ന സങ്കീർണ്ണപ്രതിഭാസത്തെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുന്നതിന് ഗീതാകാരൻ യുദ്ധമുഖം തന്നെ തെരഞ്ഞെടുത്തത്. 

യുദ്ധത്തെ നാം സാധാരണ കണ്ടുപോരുന്നതിൽ നിന്നും എത്രയോ വ്യത്യസ്തമായ രീതിയിലായിരുന്നു രമണമഹർഷി നോക്കിക്കണ്ടതെന്ന് അതിശയിപ്പിക്കുന്ന ഒരുസംഭാഷണ ശകലം, അമേരിക്കയിലെ കവയിത്രിയും

ACOSTA

നാടകമെഴുത്തുകാരിയുമായിരുന്ന Mercedes de Acosta അവരുടെ ആത്മകഥയിൽ- HERE LIES THE HEART - പങ്കുവെച്ചിട്ടുണ്ട്: 'There will be what will be called a 'war', but which in reality, will be a great world revolution. Every country and every person will be touched by it. You must return to America. Your destiny is not in India at this time.' മൂന്നു പകലും രാത്രിയും മഹർഷിയോടൊപ്പം ചെലവഴിച്ച Acosta, തിരിച്ചുപോവുകയാണുണ്ടായത്, ഒരു വർഷത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോക മഹായുദ്ധത്തിലേക്ക്.

ഡോ. സോണിയ ചെറിയാൻ പ്രശംസ അർഹിക്കുന്നത് പ്രധാനമായും, അവർ ഒരുപക്ഷേ, മനഃപൂർവ്വമല്ലാതെ നിർവ്വഹിച്ചുപോന്ന മറ്റൊരു കാര്യത്തിലാണ്; അവരുടെ രചനാപാടവത്തിനു പുറമേ. പട്ടാളജീവിതം കേവലം ദുരിതങ്ങളുടേയും കർക്കശ്യങ്ങളുടേയും ധാർഷ്ട്യങ്ങളുടേയുമാണെന്ന പൊതുധാരണയെ എത്ര സൗമ്യമായാണ് അവർ തിരുത്തിക്കുറിക്കുന്നത്! നമ്മുടെ so called നിത്യജീവിതം പോലെത്തന്നെയാണ് സൈനിക ജീവിതവും. ഒരുപക്ഷേ നിത്യജീവിതത്തിനില്ലാത്ത ചില വൈശിഷ്ട്യങ്ങൾ ഉണ്ടുതാനും - കൂടുതൽ പങ്കാളിത്തം നിർബന്ധിക്കപ്പെടുന്നുണ്ടാകും, more intensity. പിന്നെ, ഉപരിപ്ലവമായെങ്കിലും 'dangerous living' എന്നതിനോട് കൂടുതൽ അടുത്തുനില്ക്കുന്ന ദിനചര്യകൾ, കൃത്യമായ ചിട്ടവട്ടങ്ങൾ പാലിക്കപ്പെടുമ്പോഴും ചുറ്റും കുമിഞ്ഞുകൂടി നില്ക്കുന്ന അപ്രവചനീയത, the very unpredictability. മനസ്സിനെ തീരെ കണക്കിലെടുക്കാതെ കടന്നുപോകുന്ന ആജ്ഞകളും തീരുമാനങ്ങളും. ബുദ്ധിയുണ്ടെങ്കിൽ, ഒരു zen ജീവിതമെന്നോണം ധ്യാനാത്മകമാക്കാം. 

(സാധാരണ ജീവിത സന്ദർഭങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്!). ഓഷോയുടെ ദർശൻ ഡയറികളിലും മറ്റും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന പലരോടും അദ്ദേഹം നടത്തിയിട്ടുള്ള സംഭാഷണങ്ങളിൽ, സൈനിക വൃത്തിയെ 'utilize to encounter the mind' എന്ന് പറഞ്ഞുകേൾക്കാറുള്ളതിന്റെ സാംഗത്യങ്ങൾ ഇപ്പോഴാണ് കൂടുതൽ തെളിഞ്ഞുവരുന്നത്. 


'വീരസ്വർഗ്ഗം' എന്നത് ഭാരതപശ്ചാത്തലത്തിലെങ്കിലും, യുദ്ധത്തിൽ മരണമടഞ്ഞതിനുശേഷമുള്ള ബഹുമതിയല്ല. 'totality' എന്ന ജീവിത സമീപനത്തിൽ 'സാക്ഷാത്കാരം സംഭവിച്ചേ തീരൂ; ശരിതെറ്റുകൾക്കതീതമായി' എന്ന് അടിവരയിട്ടുകൊണ്ടുള്ള ഒരു പ്രയോഗമാണത്. ഒരുപക്ഷേ ആ totality-യാകാം ദുര്യോധനനേയും സ്വർഗ്ഗത്തിലെത്തിച്ചത്. ‘BREAKING ALL BARRIERS’ എന്ന ബോധപരിണാമം, സീമാതീതമായിട്ടുള്ളത്.


സിയാച്ചിനിലെ മഞ്ഞിൻകിടങ്ങുകളിൽ ശരീരം ഉറഞ്ഞുപോയവരെപ്പറ്റി പറയുന്നേടത്ത് - വെടിമരുന്ന് മണക്കുന്ന ദൈവച്ചുമൽ - സോണിയ ചെറിയാൻ മുന്നോട്ടുവെക്കുന്ന ഒരു മനനമുണ്ട്: 

'മരിച്ചവർക്ക് പ്രായം വെക്കുമോ?' 

മരിച്ചവർക്ക് ഏതായാലും പ്രായം വെക്കുന്നില്ല എന്ന് തന്നെ തോന്നുന്നു; ഉണ്ടെങ്കിൽത്തന്നെയും അവരതു കണക്കാണുന്നില്ലല്ലോ. കണക്കാക്കുന്നുവെങ്കിലല്ലാതെ പ്രായമെന്നതിന് പ്രസക്തിയെന്ത്?

മരണത്തിനെന്നതുപോലെത്തന്നെ ജീവിതത്തിനും പ്രായം വെക്കുന്നില്ല എന്ന് തോന്നുന്നു. ജീവിതം, ജീവൻ സമായാതീതമായ ഒരു പ്രതിഭാസമായാണ് അനുഭവപ്പെടുന്നത്. It is so at least, intellectually. അപ്പോൾ പിന്നെ എവിടെയാണ് പ്രായം കടന്നുവരുന്നത്? ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള നടപ്പ് പ്രായത്തിന്റേതാകണം. ജീവിതം അതിന്റെ പൂർണ്ണതയിൽ (totality) സാർത്ഥകമാവാത്തേടത്തൊക്കെ സമയം വന്ന് ഇടങ്കോലിടും. Time is an inevitable human interference.

ഈ ഓർമ്മക്കുറിപ്പുകളത്രയും കേവലം ഓർമ്മകളല്ലാതാവുന്നത്, ഉടനീളം നിറഞ്ഞുനില്ക്കുന്ന watchfulness ഒന്നുകൊണ്ടു മാത്രമാണ്. ഉദാഹരണങ്ങൾ നിരത്തുന്നതിനേക്കാളുപരി watching-നെ പറ്റി ഓഷോ പങ്കുവെച്ചിട്ടുള്ള മനോഹരമായ ഒരു കഥ എടുത്തെഴുതട്ടെ:

HASIDISM - ത്തിന്റെ കാരണക്കാരനായ Baal Shem ഒരപൂർവ്വ വ്യക്തിത്വമായിരുന്നു. പാതിരാത്രിയിൽ അദ്ദേഹം നദീതീരത്തു നിന്നും വരികയാണ്- അദ്ദേഹത്തിന്റെ പതിവായിരുന്നുവത്രേ അത്. എന്തെന്നാൽ രാത്രിയിൽ വിജനമായിരിക്കും നദീതീരം, തികച്ചും ശാന്തം. അദ്ദേഹം അവിടെ വെറുതെ ഇരിക്കും, ഒന്നും ചെയ്യാതെ. തന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കും, നിരീക്ഷിക്കാൻ ഉദ്വേഗപ്പെടുന്ന ഉള്ളിനുള്ളിലെ നിരീക്ഷകനെ നോക്കിക്കൊണ്ട്. 


അദ്ദേഹം കടന്നുപോകാറുള്ളത്, ധനികനായ ഒരാളുടെ വീടിനു മുന്നിലൂടെയായിരുന്നു. അവിടത്തെ കാവൽക്കാരൻ എന്നും ഗേറ്റിൽ നോക്കിനില്ക്കാറുണ്ട്. അന്ന് ആ കാവൽക്കാരൻ ധൈര്യം സംഭരിച്ചുകൊണ്ട് മുന്നിൽ വന്ന് ചോദിച്ചു, 'നിങ്ങൾ എന്നും രാത്രിയിൽ നദീതീരത്തേക്കു പോകുന്നത് ഞാൻ കാണാറുണ്ട്. പലപ്പോഴും ഞാൻ നിങ്ങളെ പിന്തുടർന്നിട്ടുമുണ്ട്. നിങ്ങൾ പക്ഷേ എന്തെങ്കിലും ചെയ്യുന്നതായി കണ്ടിട്ടില്ല. നിങ്ങൾ വെറുതേ അങ്ങനെ കുത്തിയിരിക്കുന്നു. പാതിരാത്രിയാവുമ്പോൾ തിരിച്ചുപോരുന്നു. അത്രതന്നെ. സത്യത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?' 


Baal shem പറഞ്ഞു,'എനിക്കറിയാം പലപ്പോഴും നിങ്ങൾ എന്നെ പിന്തുടരാറുണ്ടെന്ന്. രാത്രി അത്രക്കും നിശ്ശബ്ദമായിരിക്കുമ്പോൾ നിങ്ങളുടെ കാൽപ്പെരുമാറ്റം ഞാൻ കേൾക്കാതിരിക്കുന്നതെങ്ങനെ? ഞാൻ തിരിച്ചുപോകുമ്പോൾ നിങ്ങൾ ഗേറ്റിൽ പമ്മിയിരിക്കുന്നതും ഞാൻ കാണാറുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ ജിജ്ഞാസുവായിരിക്കുന്നതുപോലെത്തന്നെ, ഞാനും അറിയാനാഗ്രഹിക്കുന്നു,'സത്യത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?' 


'ഞാനോ?', അയാൾ പറഞ്ഞു, 'ഞാൻ വെറുമൊരു വാച്ച്മാൻ'. 

'ദൈവമേ, നിങ്ങളെനിക്ക് കൃത്യമായ വാക്ക് പറഞ്ഞുതന്നിരിക്കുന്നു - വാച്ച്മാൻ', Baal Shem പറഞ്ഞു, 'ഞാനും ശരിക്കും അത് തന്നെയാണ് - വാച്ച്മാൻ'.


'ഞാൻ പക്ഷേ ഈ കെട്ടിടങ്ങളിൽ ആരെങ്കിലുമൊക്കെ അതിക്രമിച്ചു കയറുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ പക്ഷേ ആ മണൽതിട്ടയിൽ എന്താണ് നോക്കുന്നത്?', അയാൾ ചോദിച്ചു, 'നോക്കാനായി വേറെ എന്താണ് അവിടെയുള്ളത്? മാത്രവുമല്ല അതുകൊണ്ട് നിങ്ങൾക്ക്  എന്താണ് കിട്ടുന്നത്? എനിക്ക് ശംബളം കിട്ടുന്നുണ്ട്. നിങ്ങൾക്ക് പക്ഷേ ആര് എന്താണ് തരുന്നത്?'


Baal Shem പറഞ്ഞു, 'നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നത് പുറത്ത് ആരെങ്കിലും കടന്നുവരുന്നുണ്ടോ എന്നാണ്. എന്നാൽ ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് ഈ എന്നെത്തന്നെയാണ്. ഇതെല്ലാം നോക്കിക്കൊണ്ടിരിക്കുന്ന ഈ എന്നെ. നിങ്ങൾ പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ ഞാൻ അകത്തേക്ക് നോക്കുന്നു, അത്രതന്നെ. അതിൽ നിന്നും കിട്ടുന്ന ആനന്ദം ഒന്ന് വേറെത്തന്നെയാണ്. അതില്നിന്നുമുള്ള ഒരു നിമിഷത്തെ ആനന്ദത്തിനു മുൻപിൽ ലോകത്തെ മുഴുവൻ രത്‌നങ്ങളും ഒന്നുമല്ലാതാവും.'


വാച്ച്മാൻ പറഞ്ഞു, 'നാളെ മുതൽ ഞാനും നിങ്ങളുടെ കൂടെ വരുന്നുണ്ട്. എങ്ങനെയാണ് അകത്തേക്ക് നോക്കുക എന്ന് എനിക്കൊന്നു പഠിപ്പിച്ചുതരൂ. ചെറിയൊരു വ്യത്യാസമേ കാണുന്നുള്ളൂ. ഞാൻ പുറത്തേക്കു നോക്കുന്നു. നിങ്ങൾ അകത്തേക്ക് നോക്കുന്നു. ഇത്രനാൾ പുറത്തേക്കു നോക്കിയിട്ടും ഇതുപോലൊരനുഭവം എനിക്കുണ്ടായിട്ടില്ല. നോക്കുന്ന ദിശയുടെ പ്രശ്നം മാത്രമാണതെന്നു തോന്നുന്നു.'

ഓഷോ ഓർമ്മപ്പെടുത്തുന്നു,’There is only one step, and that step is of direction, of dimension’.

ഈ പട്ടാളക്കാരിയും നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്, അതീവ സരളമായി, സ്നേഹത്തോടെ, ശ്രദ്ധയോടെ. ആർക്കെങ്കിലുമൊക്കെ കൗതുകം തോന്നിയേക്കാം - ഒരു പട്ടാളക്കാരിയായി, ഒരു ദന്തഡോക്ടറായി, ഒരമ്മയായി, ഒരു സ്ത്രീയായി, ഇവർ നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പറഞ്ഞവയൊന്നുമല്ലാതിരുന്നാലും അവർ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. 


ജീവശാസ്ത്രകാരന്മാർ സമ്മതിച്ചില്ലേലും, ജീവൻ എന്നതിന്റെ പ്രാഥമിക ലക്ഷണമായി എണ്ണപ്പെടുന്നത് ഈ നിരീക്ഷണമാണ് -- the very witnessing quality. ആത്യന്തികമായി അത് ബോധപ്രകൃതമാണെന്നറിയേണ്ടിയിരിക്കുന്നു. മനുഷ്യന്റെ കാര്യത്തിൽ ഈ നിരീക്ഷണങ്ങൾ വാക്കുകളിലേക്കോ മറ്റു ഇന്ദ്രിയവിനിമയങ്ങളിലേക്കോ സന്നിവേശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു മാത്രം.

പതിനാലു വർഷത്തെ പട്ടാളജീവിതത്തിൽ നിന്നും വിരമിക്കുന്ന ഒരു ചടങ്ങിനെപ്പറ്റിയുള്ള ഹൃദ്യമായ പരാമർശമുണ്ട് അവസാന അധ്യായത്തിൽ. അവരുടെ ഐഡന്റിറ്റി കാർഡ് നുറുങ്ങുകളാക്കുന്നതും അതിനു ശേഷം അവയെ കത്തിക്കുന്നതും. അവരുടെ കണ്ണുകൾ നിറഞ്ഞത് പതിനാലു വർഷത്തെ ഐഡന്റിഫിക്കേഷന്റെ ഭാഗമായല്ല എന്ന് വിചാരിക്കാനാണിഷ്ടം. അത്രമേൽ സമ്പുഷ്ടമായിരുന്നു - life affirmative - തന്റെ പട്ടാളജീവിതം എന്ന് ഒരു നിമിഷം കൃതജ്ഞത പൂണ്ടതുമാകാം. ഐഡന്റിഫിക്കേഷനുകൾ ഒന്നൊന്നായി നുറുങ്ങിപ്പോകുന്നത് നല്ലതുതന്നെ. നിരീക്ഷണത്തിന് കൂടുതൽ കൂടുതൽ സ്വാതന്ത്ര്യത്തിന്റെ സൗരഭ്യം കൈവരും.




പട്ടാളത്തിലെ ഈ ചടങ്ങ് ഏതായാലും മനോഹരമായ ഒരു ഓർമ്മപ്പെടുത്തലാണ്, അവ്വിധം അതിനെ ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കിൽ. ഓരോ നിമിഷവും, ഓരോ ഇടപെടലുകളിൽ, ഓരോരോ ബന്ധങ്ങളിൽ - അവ വ്യക്തികളോടാവട്ടെ, വസ്തുവകകളോടാവട്ടെ, സ്ഥാനമാനങ്ങളോടാവട്ടെ, ഔദ്യോഗിക ഉത്തരവാദിത്തങ്ങളോടാവട്ടെ, അവനവനോടുള്ള പ്രതിച്ഛായകളോടാവട്ടെ - നാം എടുത്തണിയുന്ന ഐഡന്റിറ്റികളുണ്ട്. ജീവിതവ്യവഹാരങ്ങളിൽ അവ ഒഴിച്ചുനിർത്താൻ സാധ്യമല്ലാത്തതുമാണ്. കാലാവധി കഴിഞ്ഞാൽ അവയെ വെട്ടിനുറുക്കി കത്തിച്ചുകളയാൻ നാം പക്ഷേ ഓർക്കുന്നില്ല, അതിലുമുപരി നാം അതിഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ കത്തിച്ചുകളയാൻ മെനക്കെട്ടില്ലെങ്കിലും- വീണ്ടും വീണ്ടും ഒരേ ഐഡന്റിറ്റികൾ മാറി മാറി ധരിക്കേണ്ടി വരുന്നുണ്ട്- ആവശ്യം കഴിഞ്ഞാൽ അത് ഊരിമാറ്റി അടുത്തത് അണിയാനുള്ള ശ്രദ്ധയെങ്കിലും നാം കാണിക്കേണ്ടതില്ലേ? ഇതിപ്പോൾ പരശ്ശതം ഐഡന്റിറ്റികളുമണിഞ്ഞ്, അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു നാം!, ഒരെത്തും പിടിയുമില്ലാതെ, ആരെന്നും എന്തെന്നുമറിയാതെ.... 


പക്ഷേ ഇടക്കെങ്കിലും ആരെങ്കിലുമൊക്കെ ഇതേപ്പറ്റി തലപുകഞ്ഞിട്ടുണ്ട്, പണ്ടു മുതല്ക്കേ. അകത്താരാ? അകത്താരാ? (Who is in? Who is in?) എന്ന് ചിലരെങ്കിലും ചോദിച്ചുപോന്നിട്ടുണ്ട്. മിക്കപ്പോഴും പലരും അത് ചോദിക്കുന്നത് ഒട്ടു വളരെ അപരിചിതങ്ങളായ രീതികളിലായിരിക്കുമത്രേ! ഓർമ്മക്കുറിപ്പുകളെന്ന വ്യാജേന ഒരു പട്ടാളക്കാരിയും അതുതന്നെയാണ് ചോദിക്കുന്നത് - അകത്താരാ? അകത്താരാ? ഈ കുറിപ്പുകൾക്ക് 'മാരിവിൽമിഴിവു'ണ്ടായിരിക്കുന്നതും അതുകൊണ്ടുതന്നെ.


പട്ടാള ജീവിതത്തെക്കുറിച്ചും ഭാരതത്തിന്റെ സർവ്വവൈവിധ്യങ്ങളെ പറ്റിയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഷയിലുള്ള ഈ ഓർമ്മക്കുറിപ്പുകൾ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളായി തെരഞ്ഞെടുക്കപ്പെടട്ടെ എന്ന് ആശിക്കുകയാണ്. ഊർജ്ജസമ്പുഷ്ടങ്ങളായ നിരവധി മുഹൂർത്തങ്ങൾ കലാലയങ്ങളിൽ പങ്കുവെക്കപ്പെടട്ടെ. പ്രതികൂലമായ എല്ലാ സന്ദർഭങ്ങളേയും വിരൽ നൊടിയിലെന്നോണം തള്ളിക്കളഞ്ഞുകൊണ്ട് മുന്നേറിവന്ന ആ തമിഴ് പെൺകൊടി, ഇന്നവർ ഡോക്ടർ മേജർ നവിരാ അഗമേന്തി, എത്രയോ പേർക്ക് പ്രചോദനമാകാനുള്ളതാണ്! 'വൈകാശിമാസത്തിലെ കത്തിരിവെയിൽ പോലെ തെളിഞ്ഞ് ചിരിക്കുന്ന ആ തമിഴ് പൊണ്ണ്' ഇനിയുമിനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ. അവൾക്കു വേണ്ടി സോണിയ ചെറിയാൻ എടുത്തെഴുതിയ തിരുവള്ളുവർ പദങ്ങളിലൂടെ ഡോ. മേജർ നവിരാ അഗമേന്തി വീണ്ടും വീണ്ടും കടന്നുപോകട്ടെ. ഓരോ തവണ പോകുമ്പോഴും തിരുവള്ളുവർ ഉദ്ദേശിച്ച 'വിദ്യ'യുടെ അർത്ഥങ്ങൾ മാറി മാറി വരും, വരേണ്ടതുണ്ട്:


വിദ്യ നേടിയവന് ഏതു രാജ്യവും സ്വന്തം രാജ്യമത്രേ!

ഏതു നഗരവും സ്വന്തം നഗരമത്രേ!

....മറ്റുള്ള മുതലൊന്നും ധനമേയല്ല.

ഒരിക്കലും നശിക്കാത്ത ഒരേയൊരു ധനം വിദ്യയത്രേ!


തിരുവള്ളുവരുടെ 'വിദ്യ' knowing ആണ്; not knowledge. Pure knowing. അഭ്യസിച്ചെടുക്കുന്ന എല്ലാ വിദ്യകളും knowing-ലേക്ക് നയിക്കട്ടെ. എല്ലാ വിദ്യകളും knowing നെ കൂടുതൽ സമ്പന്നമാക്കാൻ ഉതകട്ടെ.


ഏത് അഗമേന്തിയാണ് പിന്നെ, നമ്മുടെ സ്വന്തം ഡോ. മേജർ നവിരാ അഗമേന്തിയല്ലാതാവുക?

ഏത് നഗരമാണ് നമ്മുടെ സ്വന്തം നഗരമല്ലാതാവുക?

ഏത് രാജ്യമാണ് നമ്മുടെ സ്വന്തം രാജ്യമല്ലാതാവുക?





Wednesday, December 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 33


click for english google translation


പുളിക്കുന്ന മുന്തിരി

ജീവിതത്തിൽ ഒരിക്കലെങ്കിലും തത്വചിന്തകരാവാത്തവർ ആരും തന്നെ ഉണ്ടാവാനിടയില്ല. പിടികിട്ടായ്മകളെപ്പറ്റി അഭിപ്രായപ്രകടനം നടത്താനുള്ള ത്വര അത്രക്കും പ്രബലമാണ് നാം എല്ലാവരിലും. ജീവിതത്തെക്കുറിച്ച്, ജനനവും മരണവും അതിനിടയിലുള്ള നിസ്സഹായതകളൂം ഒക്കെ ചേർന്നുള്ള ജീവിതമെന്ന മഹാപ്രതിഭാസത്തെക്കുറിച്ച്, ഒരു അഭിപ്രായമെങ്കിലും പറയാതെ, ഒരു ഉപസംഹാരവാക്യമെങ്കിലും ഉരുവിടാതെ ആരുടേയും ജീവിതത്തിലെ ഒരാഴ്ചയും കടന്നുപോകുന്നില്ല. നാം പറഞ്ഞു പോകുന്ന ഏതൊരു അഭിപ്രായവും തൊട്ടടുത്ത നിമിഷം നാം മാറ്റിയിട്ടുണ്ടാകും, ബുദ്ധിയുണ്ടെങ്കിൽ! (ഇനി കുറേക്കൂടി ബുദ്ധിയുണ്ടെങ്കിലോ, അപ്പോൾ പിന്നെ മുൻകൂട്ടിയുള്ള അഭിപ്രായങ്ങൾ തീരെ ഉണ്ടാവില്ലത്രേ!). എന്നിട്ടും വാക്കുമാറാതെ പിടിച്ചുനില്ക്കാനായുള്ള തത്രപ്പാട് കുറച്ചൊന്നുമല്ല. അഥവാ അഭിപ്രായം മാറ്റിയേ തീരൂ എന്ന് വന്നാൽ, ആ സാഹചര്യത്തെ തനിക്കനുകൂലമാകും വിധം വ്യാഖ്യാനിച്ച് വ്യഖ്യാനിച്ച്‌ ഒരു വഴിക്കാകും. ഇതൊന്നും കേൾക്കാൻ തയ്യാറായി ആരുമില്ലെങ്കിൽ പോലും സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ച് വശം കെടും.

ആരുടെയെങ്കിലും ഒരു മരണവാർത്ത എത്തിയാൽ മതി, നൊടിയിടയിൽ നാം 'സർവ്വസംഗ പരിത്യാഗിയും' 'വൈരാഗി'യുമൊക്കെയായി മാറും. 'ജീവിതം ഇത്രയേയുള്ളൂ' എന്നൊരു കമന്റും. അതോടെ നാം പക്വതയുടെ ഏതൊക്കെയോ ഔന്നത്യങ്ങളിലേക്ക് യോഗ്യരാവുകയായി. ഇത്തരം ഒരു പ്രവണതയുടെ ഭാഗമായാണ്, 'ദാർശനിക' പ്രസ്താവങ്ങളുള്ള രചനകൾക്ക് (പഴയകാല സിനിമ പാട്ടുകളാണ് മികച്ച ഉദാഹരണം) ജനപ്രീതി കൈവരുന്നത്. 


നിസ്സാരങ്ങളായ (നിസ്സാരങ്ങളല്ലാത്തവയും) നിത്യാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ മൊത്തത്തിൽ ഉപസംഹരിക്കാനുള്ള ത്വര നമ്മിലെ ധൃതിയുടേതാണ്; ഇല്ലാത്ത പ്രാധാന്യം ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള മനസ്സിന്റെ വെപ്രാളത്തിന്റേതാണ്. ഓരോ സന്ദർഭത്തിലും കൂടിക്കലർന്നു കിടക്കുന്ന സംഗതികൾ നമ്മുടെ പരിചിത യുക്തികൾക്കും നമ്മുടെ ആഗ്രഹങ്ങൾക്കും വഴങ്ങുന്നതായിരിക്കില്ല മിക്കപ്പോഴും. അവയെ നമ്മുടെ (മനസ്സിന്റെ) വരുതിക്കകത്താക്കാനുള്ള ഉദ്വേഗമാവാം നമ്മെ ഒരു conclusion-നിലേക്കു തള്ളി വിടുന്നത്. മാത്രവുമല്ല, തെറ്റായാലും ശരിയായാലും conclude ചെയ്യപ്പെട്ട ഒരു സന്ദർഭത്തെപ്രതി നാം ബോധവാന്മാരായി തുടരേണ്ടതില്ലല്ലോ; ആ പണി കഴിഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതുപോലെ. പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ രൂപപ്പെടുന്നത് തെറ്റായ കാരണങ്ങളിൽ നിന്നുമാണുതാനും.  

അഹന്ത - unnecessary neurological malfunctions or pop - up malware എന്നേ ഉദ്ദേശിക്കുന്നുള്ളൂ- യാണ് അനിശ്ചിതമായതിനെ സുനിശ്ചിതമാക്കാൻ പ്രേരിപ്പിക്കുന്നതും സുനിശ്ചിതവും നിസ്സാരവുമായതിനെ പിടികിട്ടാത്തതും സങ്കീർണ്ണവുമായി അവതരിപ്പിക്കുന്നതും.


അഹന്തയേയും അഭിപ്രായത്തിന്മേലുള്ള അള്ളിപ്പിടുത്തത്തേയുമെല്ലാം പരാമർശിക്കുന്ന ഒരു ഈസോപ്പുകഥയുണ്ട് - പുളിക്കുന്ന മുന്തിരിയുടെ കഥ. 


മുന്തിരി പഴുത്തു നില്ക്കുന്നതു കണ്ടപ്പോൾ കുറുക്കനൊരു മോഹം, അതൊന്ന് പറിച്ചു തിന്നണമെന്ന്. അവൻ ചാടി നോക്കി. എത്തുന്നില്ല. അവസാനം ആ ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞു നടക്കുമ്പോഴുണ്ട്, കാട്ടുമൊന്തയിൽ പതുങ്ങിയിരുന്ന മുയലിന്റെ ഒരു കുനുഷ്ട് ചോദ്യം, 'എന്തു പറ്റി ചേട്ടാ?'. കുറുക്കൻ പറഞ്ഞു,'ഓ, ആർക്കു വേണം ഈ പുളിക്കുന്ന മുന്തിരി?'

ഒരു പക്ഷേ, ഈസോപ്പിന്റെയും പഞ്ചതന്ത്രം കഥകളുടേയും കാലഘട്ടത്തിൽ മനുഷ്യന്റെ ഗർവ്വും പൊങ്ങച്ചങ്ങളുമെല്ലാം ഇപ്പോഴുള്ളത്ര  സങ്കീർണ്ണമായിരുന്നിരിക്കില്ല. പൊങ്ങച്ചങ്ങളിൽ പോലും നിഷ്കളങ്കതയുടെ ഒളിവെട്ടങ്ങൾ അവിടവിടെ തങ്ങി നിന്നിട്ടുണ്ടാകാം. തന്റെ അഹന്തകളെ ഒളിപ്പിക്കുന്നതിലും, അവയെ വിനയം, എളിമ, സൗഹൃദം, സഹായം, കാരുണ്യം എന്നീ പേരുകളിൽ പുറത്തെടുക്കുന്നതിലും ഇന്ന് നാം പക്ഷേ എത്രയോ മുന്നോട്ടു പോയിരിക്കുന്നു. ഇവിടെയാണ് കാലാനുസൃതമായി ഓഷോ പുതുക്കിപ്പണിഞ്ഞ അതേ കഥ, കൂടുതൽ മനോഹരവും ആനുകാലികവും മൂർച്ചയേറിയതുമാവുന്നത്. ഓഷോയുടെ അഭിപ്രായത്തിൽ ഈസോപ്പ് പറഞ്ഞ കഥ പകുതിയേ ആവുന്നുള്ളൂ. മാത്രവുമല്ല മനുഷ്യന്റെ ഈഗോ അത്രയെളുപ്പം പിടിതരുന്നതുമല്ലത്രേ. 


ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറം ഓഷോ പൂർത്തിയാക്കിയ ആ കഥ ഇങ്ങനെയാണ്:

“കുറുക്കൻ വീണ്ടും വീണ്ടും ചാടി നോക്കി. മുന്തിരിക്കുലയിലേക്ക് കയ്യെത്തുന്നില്ല. ഒരു ഒന്നൊന്നര ഇഞ്ച് കൂടി ഉയരമുണ്ടായിരുന്നെങ്കിൽ സംഗതി നടക്കുമായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം? എങ്ങനെയാണ് ഈ മുന്തിരിക്കുല കൈക്കലാക്കുക എന്നാലോചിച്ച് നടക്കുമ്പോഴായിരുന്നു മുയൽ മുന്നിൽ വന്നു പെട്ടത്. 

മുയലിനു സ്വതേയുള്ള ഒരു പരിഹാസച്ചിരിയുണ്ട്‌. മുയൽ ചോദിച്ചു,' എന്ത് പറ്റി ചേട്ടാ? മുന്തിരി കയ്യെത്തുന്നില്ലേ?'

'ഓ, അത് പുളിക്കുന്ന മുന്തിരിയാണന്നേ. ആർക്കുവേണം ഇതൊക്കെ?', കുറുക്കൻ പറഞ്ഞു.


അവന്റെ മനസ്സിൽ പക്ഷേ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, എങ്ങനേയും ആ മുന്തിരി കൈക്കലാക്കണം. ഉപായങ്ങളാലോചിച്ച് നടക്കുന്നതിനിടയിലാണ് വനാതിർത്തി അവസാനിക്കുന്നേടത്ത് ഒരു ജിംനേഷ്യം സെന്ററിന്റെ ബോർഡ് കണ്ടത്. 'ശരീരപുഷ്ടിക്കും ഉയരവും വണ്ണവും കൂട്ടുന്നതിനും - ജിംനേഷ്യത്തിലേക്ക് സ്വാഗതം.' കൈകളുയർത്തി രണ്ടു കാലിൽ മസിൽ വീർപ്പിച്ചു നില്ക്കുന്ന ഒരു കുറുക്കൻ, ബോർഡിൽ നിന്നും അവനെ നോക്കി പുഞ്ചിരിച്ചു. അവൻ നേരെ അകത്തേക്ക് കയറിച്ചെന്നു. 

'കഷ്ടി ഒരു ഒന്നര ഇഞ്ച് ഉയരം കൂട്ടാൻ സാധിക്കുമോ?', കുറുക്കൻ ചോദിച്ചു.

"അതിനെന്താണ്? അതൊക്കെ എളുപ്പമല്ലേ. ഒരു നാല് ദിവസം പണിയെടുത്താൽ ഒന്നരയല്ല, രണ്ടിഞ്ചും അതിലധികവും കൂട്ടാം. മാത്രവുമല്ല, ശക്തിയുമുണ്ടാകും", ജിംനേഷ്യം സെന്ററിന്റെ ഉടമ പറഞ്ഞു.


കുറുക്കൻ നാലഞ്ചു ദിവസം രാപ്പകൽ എക്സർസൈസ് ചെയ്തു. ഉയരം കൂടിയെന്ന് കണ്ടപ്പോൾ ഒരൊറ്റ പോക്ക് പോയി കാട്ടിലേക്ക്. നേരെ ചെന്ന് മുന്തിരിക്കുലയുടെ നേരെ ഒരൊറ്റ ചാട്ടം. ആദ്യ ചട്ടത്തിൽത്തന്നെ മുന്തിരി കൈയിൽ! ആർത്തിയോടെ മുന്തിരിയെടുത്തു വായിലിട്ടപ്പോഴുണ്ട്, മുന്തിരിക്ക് വല്ലാത്ത പുളി!

കുറുക്കൻ മുന്തിരി ചാടിപ്പറിക്കുന്നതു കാണാൻ കുറേ മൃഗങ്ങൾ ചുറ്റും കൂടി നിന്നിരുന്നു. തന്റെ പുളിച്ച മുഖം മറച്ചുവെച്ചുകൊണ്ട് കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു,'ഞാൻ ആദ്യം വിചാരിച്ചത് ഈ മുന്തിരിക്ക് വല്ലാത്ത പുളിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല. എന്തൊരു മധുരമാണ് ഈ മുന്തിരിക്ക്!' “


ജീവിതത്തെ സത്യസന്ധമായി സമീപിക്കാനും അനുഭവിക്കാനും നമ്മുടെ അഹന്ത നമ്മെ ഒരിക്കലും അനുവദിക്കില്ല. പുളിയെ പുളിയെന്നു സ്വീകരിക്കാനും മധുരത്തെ മധുരമെന്നു ആസ്വദിക്കാനും നമ്മുടെ മുൻവിധികൾ, നമ്മുടെ അഭിപ്രായ ശാഠ്യങ്ങൾ, നമ്മെ സമ്മതിക്കില്ല. സമൂഹത്തിൽ ഉണ്ടെന്നു വിചാരിക്കുന്ന പ്രതിച്ഛായ, സകലതിനേയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ച്‌ അവതരിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രതിച്ഛായയെ പ്രതി ജീവിച്ചുപോരുമ്പോൾ, ജീവിതം ഏറിയാൽ എരിവോ പുളിയോ മധുരമോ നിറഞ്ഞതു മാത്രമേ ആകൂ; വെറും ഒരു ബേക്കറി ഉത്പന്നത്തിന്റെ നിലവാരം. ജീവിതത്തിന് അതിനേക്കാൾ മൂല്യമുണ്ടെന്ന് അറിയണമെങ്കിൽ അത് സത്യസന്ധമായി (തന്നോടു തന്നെ) ജീവിച്ചുതന്നെയാകണം. അത് കേവലം രസമുകുളങ്ങളിലോ ചടുലവാക്യങ്ങളിലോ ഒതുങ്ങിനിൽക്കുന്നതല്ലെന്ന് അപ്പൊഴേ മനസ്സിലാവൂ. സാർത്ഥകമായ ഒരു ജീവിതം എന്നാൽ അവസാനമായി എത്തിച്ചേരുന്ന ഏതെങ്കിലും ഒരു രസബിന്ധുവല്ല; മുൻകൂട്ടി എത്തിച്ചേരുന്ന ഒരു ഉപസംഹാരവുമല്ല, നമ്മുടെയോ ചുറ്റുമുള്ളവരുടേയോ ഏതെങ്കിലും അഭിപ്രായവുമല്ല. ഒരോ നിമിഷവും ഉത്തരവാദിത്തത്തോടെ, അർത്ഥപൂർണ്ണമായി - meaningful - നിറവേറ്റേണ്ടുന്ന ചുവടുവെപ്പുകളാണ്, the very 'amness'.

നമുക്കകത്ത് അഭിപ്രായങ്ങളും ഉപസംഹാരങ്ങളും മുൻവിധികളും  ഉരുത്തിരിയുന്ന നിമിഷങ്ങളെ സൗമ്യമായി നിരീക്ഷിച്ചുനോക്കുക; അവയെ തിരുത്തേണ്ടിവരുമ്പോൾ നമുക്കകത്ത് സംഭവിക്കുന്ന സമ്മർദ്ദങ്ങളേയും. അസാധാരണമായ ഒരു ലാളിത്യവും വിശ്രാന്തിയും പൊടുന്നനെയെന്നോണം നമ്മെ വലയം ചെയ്യുന്നത് കാണാം; കടുത്ത പനി വന്ന് പൊടുന്നനെ ഒഴിഞ്ഞുപോകുന്നതുപോലെ. ഒരുപക്ഷേ, ഉണർവിലേക്കുള്ള പടവുകളിൽ ഒന്നാമത്തേതാകുമത്.


                                    




                                                        







Thursday, December 15, 2022

ഉണർവിലേക്കുള്ള പടവുകൾ - 34




ആദ്യമേ ഉടഞ്ഞ കപ്പ്

ഒരു തായ് ചി ഗുരു പറഞ്ഞ ഒരു വാക്യം ഈയിടെ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു - 'the glass is already broken'. അദ്ദേഹത്തിനോട് ചോദിക്കപ്പെട്ട ചോദ്യം ഇതാണ്: "സകലതും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സന്തോഷം എങ്ങനെയുണ്ടാവാനാണ്? വേർപാടും ദുഃഖവുമെല്ലാം, ഈ ലോകത്തേക്ക് വരുന്നതോടെ നമുക്കൊപ്പം കൂടുന്നു. സംഗതികളൊന്നുംതന്നെ നാം ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത് എന്ന് കാണുമ്പോൾ, നമുക്കെങ്ങനെ സുരക്ഷിതത്വം കണ്ടെത്താനാവും?” 

രാവിലത്തെ ചായ കുടിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ കയ്യിലെ ചില്ലുകോപ്പ  ഉയർത്തിക്കാണിച്ചുകൊണ്ട്, ചോദ്യം ഉന്നയിച്ച വ്യക്തിയോട് സ്നേഹപൂർവ്വം പറഞ്ഞു,"ഈ ചായക്കോപ്പ കണ്ടോ? എന്നെ സംബന്ധിച്ച് ഇത് ആദ്യമേ ഉടഞ്ഞതാണ്, already broken ". അദ്ദേഹം തുടർന്നു, "കാണാൻ ചന്തമുള്ള കപ്പാണിത്. ഞാൻ ഇതിൽ നിന്നുമാണ് കുടിക്കുന്നത്. എനിക്ക് കുടിക്കാനുള്ള പാനീയങ്ങൾ അത് നല്ലവണ്ണം ഉൾക്കൊള്ളുന്നു. ചിലപ്പോഴെല്ലാം ഇതിന്മേൽ സൂര്യപ്രകാശം വന്നു വീഴുമ്പോൾ, മനോഹരമായ മഴവിൽ ചിത്രങ്ങൾ ഉണ്ടായിവരുന്നു. ഇതിന്മേൽ വിരലുകളെക്കൊണ്ട് താളം പിടിക്കുമ്പോൾ, ദാ, നല്ല സ്വരങ്ങൾ ഉതിർന്നുവീഴുന്നു. എന്നാൽ, കാറ്റ് വന്ന്, ഷെൽഫിൽ നിന്നും അതിനെ തട്ടി താഴെയിടുമ്പോൾ, അല്ലെങ്കിൽ അബദ്ധത്തിൽ എന്റെ കൈ തട്ടി അത് നിലത്തു വീണുടയുമ്പോൾ, ഞാൻ പറയും,'അതെ, അതുതന്നെ' "

“ഈ ചില്ലു കപ്പ് ആദ്യമേ ഉടഞ്ഞതാണെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ ”, അദ്ദേഹം തുടർന്നു, "പിന്നീട് അതിനോടുത്തുള്ള ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെനിക്ക്. ഓരോ നിമിഷവും മറ്റൊന്നിനും ഇടയില്ലാത്ത വിധം സമൃദ്ധമായിരിക്കും, സമഗ്രമായിരിക്കും, പരിശുദ്ധമായിരിക്കും”.


ജീവിത നിഷേധിയായ ഒരു സമീപനമല്ല 'the glass is already broken' എന്നത്. അശുഭാപ്തിവിശ്വാസവുമല്ല. തികച്ചും സത്യസന്ധമായ ഒരു ഓർത്തെടുക്കൽ മാത്രമാണത്, a deep remembering. ഏറെ ആഴത്തിലുള്ള തിരിച്ചറിവ്. A deeper and wider perception of life. തീർച്ചയായും, നമുക്ക് ജീവിക്കാൻ സാധിക്കുക, കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങൾ കൊണ്ടുതരുന്ന ഇത്തിരിപ്പോന്ന ഒരു കളിത്തട്ടിലാണ്. അതാണ് നമ്മുടെ വർത്തമാനം, the working desktop of daily life. 

കടന്നുപോകുന്ന ഒരു ഘോഷയാത്രയെ, തുറന്നിട്ട ഒരു ജനൽപാളിയിലൂടെ നോക്കിക്കാണുകയാണ് നാം. ജനൽപാളിക്ക് മുന്നിൽ നാം കാണുന്നത് കൊട്ടും കുരവയും ഉല്ലാസവുമാണ്. അല്ലെങ്കിൽ, ഒരു ശവഘോഷയാത്രയിലേതുപോലെ മൂക മുഖങ്ങളും മന്ത്രോച്ചാരണങ്ങളും. നമുക്കറിയാം ആ ഘോഷയാത്ര അല്പനേരം കഴിഞ്ഞാൽ ഓരോരുത്തരായി പിരിഞ്ഞുപോകുമെന്ന്. നമുക്കറിയാം ആദ്യമേ അത് വ്യക്തികൾ മാത്രമാണെന്ന്. സവിശേഷമായ രീതിയിൽ അവർ ഒന്ന് ചേരുമ്പോൾ അതിനു താല്ക്കാലികമായ ഒരു അർത്ഥം കൈവരിക മാത്രമാണ്; കാലിഡോസ്കോപ്പിലെ ചിത്രചാതുരി പോലെ. ആ ഘോഷയാത്ര വ്യക്തികളായി പിരിഞ്ഞു പോകുമ്പോൾ നാം ആശ്ചര്യപ്പെടുന്നില്ല. പിരിഞ്ഞുപോകുമെന്ന് അറിയാമെങ്കിലും ആ ഘോഷയാത്രയെ നമുക്ക് ആസ്വദിക്കാനാവുന്നുണ്ട്. സത്യത്തിൽ, താല്ക്കാലികമായ ഒരു ഒത്തുച്ചേരലാണ് എന്ന് അറിയുന്നതുകൊണ്ടാണ് നാം അതിനെ സവിശേഷമായി ആസ്വദിക്കുന്നത്. 

കണ്ണുകളെക്കൊണ്ട് കാണുന്നത് ജനൽപ്പാളിയിലൂടെയുള്ള ഒരു ചെറിയ ദൃശ്യമാണെങ്കിലും ആ ദൃശ്യത്തിന്റെ ഇടത്തും വലത്തും, അതിനു മുൻപും അതിനു ശേഷവും എന്തായിരിക്കുമെന്ന് ധാരണയുണ്ടാവുകയാണെങ്കിൽ, ആ ദൃശ്യത്തിനോടുള്ള നമ്മുടെ പ്രതികരണം തീർത്തും വ്യത്യസ്തമായിരിക്കും. ദൃശ്യങ്ങളോടും ശബ്ദങ്ങളോടും മറ്റ് ഇന്ദ്രിയചോദനകളോടുമുള്ള നിരന്തരമായ പ്രതികരണങ്ങളെയാണ് മൊത്തമായെടുത്ത് നാം ജീവിതമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിനജീവിതത്തിലെ ഒരു നിസ്സാര പ്രതികരണം പോലും ശീലത്തിൽക്കവിഞ്ഞ ഗഹനതയാവശ്യപ്പെടുന്നുണ്ട്. 


  
The first X-ray image,
“Hand mit Ringen” by Wilhelm Conrad Roentgen, 1895.
WELLCOME LIBRARY, LONDONCC BY 4.0
വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ചത് അത്തരം ഗഹനമായ ഒരു നിമിഷമായിരുന്നു. കൃത്യമായി പറഞ്ഞാൽ 1895 നവംബർ 8 ന്. ജെർമൻകാരനായിരുന്ന വിൽഹെം കോൺറാഡ് റോന്റ്‌ജെൻ എക്സ്-റേ കണ്ടെത്തിയ നിമിഷം. തന്റെ ഭാര്യയുടെ സുന്ദരമായ കൈത്തലം, എല്ലിൻ കഷ്ണങ്ങൾ തൊട്ടുതൊടാതെ വെച്ചുണ്ടാക്കിയ, പുല്ലുമാന്തിപോലുള്ള ഒരു അവയവമാണെന്ന് അദ്ദേഹം തന്റെ എക്സ്-റേ ഫിലിമിൽ നിന്നും തിരിച്ചറിഞ്ഞു (ഒരു വിരലിൽ താൻ പ്രേമപൂർവ്വം അണിയിച്ച വിവാഹമോതിരത്തിന്റെ നിഴൽ പോലുമുണ്ടായിരുന്നു!). വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് അത് വിപ്ലവകരമായ ഒരു മുഹൂർത്തമായിരുന്നെങ്കിലും, റോന്റ്‌ജെന്റെ ജീവിതകാഴ്ചപ്പാടുകളിൽ അതെത്ര അവഗാഹമുണ്ടാക്കി എന്നറിയില്ല. എന്നന്നേക്കുമായെന്നോണം നാം ഏറെ പണിപ്പെട്ട് പരിപാലിച്ചുകൊണ്ടുവരുന്ന നമ്മുടെ ഈ ശരീരം 'already broken' ആയിട്ടുള്ള (വേറിട്ട പോത്തിനെപ്പോലെ) ഒരു എല്ലിൻ കൂടാണെന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്. 'remembering' എന്ന X-RAY കടത്തിവിടണമെന്നു മാത്രം. അത് ഇനിയും നാം കാണാത്ത വിധം 'already broken' ആണ് താനും. ആദ്യമേ ഉടഞ്ഞുപൊടിഞ്ഞിരിക്കുന്ന അവസ്ഥയിലേക്ക് ഈ ശരീരം തിരിച്ചുപോകുമ്പോൾ, അത് ആദ്യമേ മനസ്സിലാക്കിയിട്ടുള്ള ഒരാളിൽ അത്രയൊന്നും വെപ്രാളമോ അതിശയമോ ഉണ്ടാകാനിടയില്ല. കാലാവധി തീർന്ന ഒരു കെട്ടിടത്തിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും, എൻജിനീയറിങ് ധാരണയുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ആ കെട്ടിടം 'ആദ്യമേ തകർന്നതാണ്'. പിന്നീട് 'ആ കെട്ടിടം തകർന്നുവീണു' എന്ന് കേൾക്കുമ്പോൾ അയാളിൽ ആശ്ചര്യം തോന്നാനിടയില്ലല്ലോ.

Wilhelm Conrad Roentgen
ഒരു രസതന്ത്രജ്ഞൻ, ചുരുങ്ങിയ പക്ഷം അയാളുടെ ലബോറട്ടറിയിലെങ്കിലും, പദാർത്ഥങ്ങളെ കാണുന്നത് നാം കാണുന്നത് പോലെയായിരിക്കില്ല. ഒരു ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന രോഗിയെ കാണുന്നത് നാം കാണുന്ന കണ്ണുകളെക്കൊണ്ടായിരിക്കില്ല. അയാൾ പക്ഷേ മറ്റു സന്ദർഭങ്ങളിൽ വ്യക്‌തികളോട് ഇടപഴകുന്നത് സാധാരണപോലെയാകും. ഒരു റോഡിലൂടെ ആദ്യമായി ഡ്രൈവ് ചെയ്യുന്നയാൾ, ഒരു പക്ഷേ റോഡിന്റെ സൗകുമാര്യതയിലും വഴിയോരകാഴ്ചകളിലും മുഴുകിയിരിക്കുമ്പോൾ, ആ റോഡിന്റെ മുന്നോട്ടുള്ള സ്ഥിതിയെപ്പറ്റി ധാരണയുള്ള പരിചിതനായ ഒരു ഡ്രൈവർ ആ വഴി തെരഞ്ഞെടുത്തേക്കില്ല, അയാളറിയുന്നു ആ റോഡ് 'already broken' ആണെന്ന്.

വൈരാഗികളായിട്ടുള്ളവർ 'ഏദൻ മാംസ വസാദി' വിചാരം ചെയ്യുന്നത് എന്തിനെയെങ്കിലും അടിച്ചമർത്താൻ വേണ്ടിയല്ല, 'already broken' ആണെന്ന് ഓർമ്മിക്കുക മാത്രമാണ്. ബുദ്ധൻ തന്റെ ശിഷ്യന്മാരെ ശ്മശാനത്തിലേക്കയക്കാറുണ്ടായിരുന്നുവത്രെ. ബുദ്ധൻ ഉദ്ദേശിച്ചിട്ടുണ്ടാവുക ഇതു തന്നെയാകണം, അഭിനിവേശം കാണിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരം 'already broken' ആയിട്ടുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണെന്ന് മനസ്സിലാക്കാൻ അവർക്ക് അവസരമാവട്ടെ എന്ന്. 



എന്നാൽ ഈ സമീപനം ഒരു തരം ഓടിയൊളിക്കലിലേക്കും (escapism), ജീവിത നിഷേധത്തിലേക്കും പലപ്പോഴും വഴുതിപ്പോകുന്നുണ്ടെന്ന വസ്തുത കാണാതെ പോകരുത് പക്ഷേ. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം വേണ്ട വിധത്തിലല്ല ആ ഉൾക്കാഴ്ച സംഭവിച്ചിട്ടുള്ളതെന്നാണ്. 'ഇങ്ങനെയാണെങ്കിൽ പിന്നെ ഒന്നും വേണ്ട' എന്ന രീതിയിലുള്ള ബാലിശമായ പ്രതിഷേധമാണ് അത്തരം 'so called' വൈരാഗികളിൽ സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഉണർന്നുവരേണ്ടത് ഓരോ നിമിഷവും അതീവ മൂല്യവത്താണ് എന്നറിഞ്ഞുകൊണ്ടുള്ള സ്നേഹവും ജാഗ്രതയും ഉണർവുമാണ്. അതിനെയാണ് ജീവിതാഘോഷമെന്നറിയേണ്ടത്. ജീവിതമെന്നതിന് മറ്റെന്തെങ്കിലും അർത്ഥം നാം കല്പിക്കുന്നുണ്ടെങ്കിൽ, അത് യാഥാർഥ്യത്തിൽ നിന്നും ഓടിയൊളിക്കലാണ്, ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടൽ. 'already broken' എന്നറിയുന്നവർക്ക് 'ജീവിതത്തിലേക്ക് രക്ഷപ്പെടുക' എന്നേ ഉദ്ബോധിപ്പിക്കാനാവൂ.